കരുണയൊഴുകുന്ന ഡയറിക്കുറിപ്പുകള്‍

പേജ് 30: ഒരിക്കല്‍ പരിശുദ്ധ ത്രിത്വത്തെപ്പറ്റി, ദൈവത്തിന്റെ സത്തയെപ്പറ്റി, ഞാന്‍ ധ്യാനിക്കുകയായിരുന്നു. ദൈവം ആരാണെന്ന് അറിയാനും ആ അറിവില്‍ ആഴപ്പെടാനും ഞാന്‍ തീവ്രമായി ആഗ്രഹിച്ചു…. പെട്ടെന്ന് എന്റെ ദേഹി മറ്റൊരു ലോകത്തില്‍ എനിക്ക് മനസിലാക്കാന്‍ സാധിക്കാത്ത പ്രകാശത്തിന്റെ മൂന്ന് സ്രോതസുകള്‍ പ്രത്യക്ഷമായി. ആ പ്രകാശത്തില്‍നിന്ന് സ്വര്‍ഗത്തെയും ഭൂമിയെയും വലയം ചെയ്യുന്ന മിന്നലിന്റെ രൂപത്തില്‍ വചനങ്ങള്‍ പുറപ്പെട്ടു. ഒന്നും മനസിലാക്കാന്‍ പറ്റാതിരുന്നതുകൊണ്ട്, ഞാന്‍ ദുഃഖിതയായി. പെട്ടെന്ന് അപ്രാപ്യമായ പ്രകാശത്തിന്റെ സാഗരത്തില്‍നിന്ന് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട രക്ഷകന്‍ വര്‍ണനാതീതമായ സൗന്ദര്യത്തോടെ കടന്നുവന്നു. പ്രകാശിക്കുന്ന മുറിപ്പാടുകളോടുകൂടിയ അവിടുത്തേക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ശോഭയായിരുന്നു. ഈ പ്രകാശത്തില്‍നിന്ന് ഈ സ്വരം ഞാന്‍ ശ്രവിച്ചു: ദൈവം തന്റെ സത്തയില്‍ ആരാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുകയില്ല, മാലാഖമാര്‍ക്കോ മനുഷ്യനോ അതു ഗ്രഹിക്കാന്‍ സാധിക്കുകയില്ല. ഈശോ എന്നോടു പറഞ്ഞു: ദൈവത്തിന്റെ വിശേഷണങ്ങളെപ്പറ്റി ധ്യാനിച്ച് അവിടുത്തെ അറിയുക. ഒരു നിമിഷത്തിനുശേഷം, അവിടുന്ന് കൈകൊണ്ട് കുരിശടയാളം വരച്ചശേഷം അപ്രത്യക്ഷനായി.

പേജ് 31: ഒരിക്കല്‍ ഞങ്ങളുടെ ചാപ്പലില്‍ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. ചാപ്പലിന്റെ മുമ്പിലും വഴിയിലും അവര്‍ നിന്നിരുന്നു. അകത്തു നില്‍ക്കാന്‍ അവര്‍ക്ക് സ്ഥലമില്ലായിരുന്നു. ഒരു തിരുനാളിനുവേണ്ടിയെന്നപോലെ ചാപ്പല്‍ അലങ്കരിച്ചിരുന്നു. അള്‍ത്താരയുടെ സമീപം ധാരാളം വൈദികര്‍ നിന്നിരുന്നു. ഞങ്ങളുടെയും മറ്റു സഭാസമൂഹങ്ങളിലെയും സിസ്റ്റേഴ്‌സ് അതിനടുത്തായി നില്‍പുണ്ടായിരുന്നു. അവരെല്ലാവരും അള്‍ത്താരയില്‍ ഇരിക്കാനുള്ള വ്യക്തിയെ കാത്തുനില്‍ക്കുകയായിരുന്നു. പെട്ടെന്ന് അള്‍ത്താരയില്‍ ഇരിക്കേണ്ട വ്യക്തി ഞാനാണെന്ന ഒരു ശബ്ദം കേട്ടു. ചാപ്പലിലേക്ക് പ്രവേശിക്കാന്‍, ഇടനാഴിവിട്ട് എന്നെ ക്ഷണിക്കുന്ന ശബ്ദത്തെ ഞാന്‍ പിന്‍തുടര്‍ന്നപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ അവരുടെ കൈയിലുണ്ടായിരുന്ന മാലിന്യം, കല്ല്, മണ്ണ്, ചൂല് എന്റെ നേര്‍ക്ക് എറിയാന്‍ തുടങ്ങി. അതിനാല്‍ ഞാന്‍ മുമ്പോട്ടുപോകാന്‍ മടിച്ചു. പക്ഷേ ആ ശബ്ദം കൂടുതല്‍ നിഷ്‌ക്കര്‍ഷയോടെ എന്നെ വിളിച്ചുകൊണ്ടിരുന്നു, അതിനാല്‍ ഞാന്‍ ധൈര്യപൂര്‍വം നടന്നു.

ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍, സുപ്പീരിയേഴ്‌സും സിസ്റ്റേഴ്‌സും വിദ്യാര്‍ത്ഥികളും എന്റെ മാതാപിതാക്കള്‍പോലും അവര്‍ക്ക് പറ്റുന്ന വിധത്തില്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. അതിനാല്‍ എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി ഞാന്‍ വേഗം അള്‍ത്താരയില്‍ എന്റെ സ്ഥലത്തിരുന്നു. ഞാന്‍ അവിടെ ഇരുന്ന ഉടനെ, ഈ ജനംതന്നെ വിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്‌സ്, സുപ്പീരിയേഴ്‌സ്, എന്റെ മാതാപിതാക്കള്‍ തുടങ്ങി എല്ലാവരും കൃപകള്‍ക്കായി എന്റെ നേരെ കൈകളുയര്‍ത്താന്‍ തുടങ്ങി. ഇപ്രകാരം അവര്‍ എന്നോടു പ്രവര്‍ത്തിച്ചതിന് യാതൊരു വിരോധവും എനിക്ക് തോന്നിയില്ല. മാത്രമല്ല, എനിക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് വേഗം എന്നെ എത്തിച്ച ഇവരോട് എനിക്ക് ഒരു പ്രത്യേക സ്‌നേഹം തോന്നുകയും ചെയ്തു. ആ സമയത്തുതന്നെ എന്റെ ആത്മാവ് അവര്‍ണനീയമായ ആനന്ദത്താല്‍ നിറഞ്ഞു. ഞാന്‍ ഈ വാക്കുകള്‍ കേട്ടു: നിന്റെ ആഗ്രഹംപോലെ ചെയ്യുക. നീ ആഗ്രഹിക്കുന്നവര്‍ക്കും നീ ആഗ്രഹിക്കുന്ന സമയത്തും നിന്റെ ഇഷ്ടംപോലെ കൃപകള്‍ വിതരണം ചെയ്യുക. പെട്ടെന്ന് ആ ദര്‍ശനം അപ്രത്യക്ഷമായി.

 


ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ് ഹോളി മേരി പ്രസിദ്ധീകരിച്ച ‘എന്റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാല്‍സ്‌കയുടെ ഡയറി മലയാളവിവര്‍ത്തനത്തിന്റെ ശ്രാവ്യരൂപമാണ് ഈ ഓഡിയോ സി.ഡി. ആദ്യഭാഗങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *