ജപമാല വിരസമാകുന്നെങ്കില്‍

ജപമാല നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി ധ്യാനിച്ചാല്‍ കൂടുതല്‍ അനുഗ്രഹകരവും ആകര്‍ഷകവുമായി അനുഭവപ്പെടും. ഓരോ ദിവ്യരഹസ്യങ്ങളിലും ആന്തരികസൗഖ്യത്തിലേക്ക് നയിക്കുന്ന ധ്യാനചിന്തകള്‍ ചേര്‍ത്താല്‍ ജപമാലയെ ആന്തരികസൗഖ്യജപമാലയാക്കി മാറ്റാം.

സന്തോഷകരമായ ദൈവരഹസ്യങ്ങള്‍
1. പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചു എന്ന് ധ്യാനിക്കുക.
പരിശുദ്ധ ദൈവമാതാവേ, ഞാനെന്ന ശിശു ജനിക്കണമെന്ന മംഗളവാര്‍ത്ത എന്റെ മാതാപിതാക്കള്‍ ശ്രവിച്ച, അവര്‍ ആലോചിച്ച, തീരുമാനമെടുത്ത ആ നിമിഷത്തിലേക്ക്, ആ ദിവസത്തിലേക്ക് അമ്മ കടന്നുവരണമേ. അമ്മയെപ്പോലെ, ഇതാ കര്‍ത്താവിന്റെ ദാസര്‍ എന്ന് പറയുവാന്‍ അവര്‍ക്ക് ഒരുപക്ഷേ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇന്നു ഞാന്‍ ഒന്നിനെയും ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കാന്‍ കഴിയാതെ കുഴയുന്ന ഒരു പ്രകൃതത്തിന് ഉടമയായി കഴിയുകയാകാം. ആ മേഖലകളില്‍ വിടുതല്‍ കിട്ടാന്‍ മാധ്യസ്ഥം വഹിച്ച്, എന്നെ പുതിയ സൃഷ്ടിയാക്കാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

2. പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നുമാസംവരെ അവള്‍ക്കു ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
പരിശുദ്ധ ദൈവമാതാവേ, ഞാന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവായ ആ നിമിഷത്തിലേക്ക്, ആ ദിവസങ്ങളിലേക്ക്, ആ മാസങ്ങളിലേക്ക് അമ്മ ഒന്നു വരണേ. ആ കാലഘട്ടങ്ങളിലെ എന്റെ അമ്മയുടെ അധ്വാനങ്ങളും ക്ലേശങ്ങളും തിടുക്കത്തിലുള്ള നിരവധി യാത്രകളും അമ്മയുടെ ആകുലതകളും അസ്വസ്ഥതകളും നൊമ്പരങ്ങളും എല്ലാമെല്ലാം ഞാന്‍ വലിച്ചെടുത്തും ഒപ്പിയെടുത്തും കഴിയുകയായിരുന്നു. അതിന്റെ ഫലമായി ഇന്നു ഞാന്‍ എപ്പോഴും തിടുക്കം കൂട്ടുന്ന അവസ്ഥയോ അതുമല്ലെങ്കില്‍ ഒന്നിനോടും ഒരു താല്‍പര്യവുമില്ലാത്ത ഉറക്കച്ചടവുള്ള സ്വഭാവമുള്ളതോ യാത്ര എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മടുപ്പുള്ള അവസ്ഥയോ അല്ലെങ്കില്‍ അമിതമായ യാത്രയോ ഒക്കെ കൈമുതലായിട്ടുണ്ട്. ആ മേഖലകളില്‍ ആവശ്യമായ സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

3. പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാന്‍ കാലമായപ്പോള്‍ ബെത്‌ലെഹം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടില്‍ കിടത്തി എന്നു ധ്യാനിക്കുക.
പരിശുദ്ധ ദൈവമാതാവേ, ഞാന്‍ ഈ ഭൂമിയില്‍ ജനിച്ച ആ സമയത്തേക്ക്, സ്ഥലത്തേക്ക്, സാഹചര്യങ്ങളിലേക്ക് അമ്മ വരണമേ. ഉണ്ണീശോ പിറന്ന സ്ഥലത്തിന് ‘അപ്പത്തിന്റെ വീട്’ എന്ന അര്‍ത്ഥം ഉണ്ടായതുപോലെ എന്റെ പിറവിക്കും സ്ഥലത്തിനുമൊക്കെ ഒരര്‍ത്ഥം ഉണ്ടെന്ന് ഇതുവരെയും ഞാന്‍ മനസിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇടമില്ലായ്മ എന്റെ ഒരു പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. ഈ വീട്ടില്‍ എനിക്ക് ഒരു സ്ഥാനവുമില്ല. ആരുടെയും മനസിലും ഹൃദയത്തിലും എനിക്ക് ഇടമില്ല. ആരും എന്നെ മനസിലാക്കുന്നില്ല. ഇങ്ങനെയുള്ള രോദനം എന്റെ എടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും സംസാരത്തിലും പ്രതിഫലിക്കുന്നു, പ്രതിധ്വനിക്കുന്നു. ഈ മേഖലകളില്‍ പരിപൂര്‍ണ സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

4. പരിശുദ്ധ ദൈവമാതാവ്, തന്റെ ശുദ്ധീകരണത്തിന്റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവച്ച് ശിമയോന്‍ എന്ന മഹാത്മാവിന്റെ കരങ്ങളില്‍ ഏല്പിച്ചുവെന്നു ധ്യാനിക്കുക.
പരിശുദ്ധ ദൈവമാതാവേ, ആദ്യമായി ഞാന്‍ ദൈവാലയത്തില്‍പോയ ദിവസത്തിലേക്ക് വരണമേ. ഒരുപക്ഷേ മാമോദീസവേളയില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ആഘോഷമായി കൊണ്ടുപോയ ആ നാളില്‍ ദൈവാലയത്തിന്റെ പ്രധാന കവാടത്തില്‍ ഏറെനേരം നിന്നപ്പോള്‍ ഏറ്റ ഏതെങ്കിലും മുറിവുകള്‍ എന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടാകാം. ഈ ഉടുപ്പാണോ, ഇത്ര ചെറുതാണോ കുഞ്ഞ്, നിറം കുറവാണല്ലോ എന്നൊക്കെയുള്ള സംഭാഷണമോ സ്പര്‍ശനമോ ഒക്കെ. ഇന്നും ദൈവാലയത്തില്‍ എത്തിയാല്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചശേഷം മാത്രം അകത്തു കടക്കുകയുള്ളൂ എന്നത് ഒരു ശീലമായിത്തീര്‍ന്നിരിക്കുന്നു. ഇതില്‍നിന്നും മോചനം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരന് പന്ത്രണ്ടു വയസായിരിക്കെ, മൂന്നുദിവസം അവിടുത്തെ കാണാതെ, അന്വേഷിച്ച് മൂന്നാംനാള്‍ ദൈവാലയത്തില്‍വച്ചു വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക.
പരിശുദ്ധ ദൈവമാതാവേ, എന്റെ സാബത്താചരണത്തിലേക്കും ബലിയര്‍പ്പണത്തിലേക്കും വരണമേ. പന്ത്രണ്ടു വയസുമുതല്‍ ഇന്നോളമുള്ള എന്റെ കാലഘട്ടം. ആദ്യകുര്‍ബാന സ്വീകരണത്തിനും അതിനുശേഷവുമുള്ള എന്റെ കുര്‍ബാനകള്‍. പെരുന്നാളിനും ആഘോഷങ്ങള്‍ക്കും മാത്രം പോകുന്ന ഒരു വ്യക്തിയായിത്തീര്‍ന്നിരിക്കുന്നു. ഈശോയെപ്പോലെ ആഘോഷങ്ങള്‍ക്കിടയില്‍നിന്നും മാറി വേദശാസ്ത്രികളുമായി, ദൈവികകാര്യങ്ങള്‍ പ്രബോധനവിഷയമാക്കാന്‍, സഭയുടെ പരസ്യങ്ങളോ ആനുകാലികമായ പഠനങ്ങളോ ഇല്ലാതെ കഴിയുകയാണ്. ദൈവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്കും ബലിയര്‍പ്പണത്തിനും ശേഷം തനിച്ചിരുന്ന് വചനം വായിക്കാനും ധ്യാനിക്കാനും സമയം കണ്ടെത്തുന്ന ഒരു വളര്‍ച്ച ഇതുവരെയും സ്വന്തമാക്കിയിട്ടില്ല. ഈ മേഖലകളിലൊക്കെ വേണ്ടിടത്തോളം സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

സിസ്റ്റര്‍ മേരി മാത്യു എം.എസ്.എം.ഐ


സിസ്റ്റര്‍ മേരി മാത്യു എം.എസ്.എം.ഐ ഇരിഞ്ഞാലക്കുട രൂപതയിലെ ആളൂര്‍ ബി.എല്‍.എം. ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *