എതിര്‍ക്രിസ്തുവിന്റെ തന്ത്രങ്ങള്‍

1. മഹാനായ മനുഷ്യസ്‌നേഹിയായി വേഷം ധരിക്കും. സമാധാനത്തെക്കുറിച്ചും ഐശ്വര്യത്തെക്കുറിച്ചും സമൃദ്ധിയെക്കുറിച്ചും സംസാരിക്കും. എന്നാല്‍ അത് ദൈവത്തിലേക്കു നയിക്കുന്ന രീതിയിലായിരിക്കുകയില്ല, അവനവനില്‍ത്തന്നെ എത്തിച്ചേരുന്ന വിധത്തിലായിരിക്കുമെന്നുമാത്രം.

2. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നോ അതിനനുസരിച്ച് ദൈവത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ എഴുതും.

3. ജ്യോതിഷത്തില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് നമ്മുടെ ഇച്ഛാശക്തിയല്ല നക്ഷത്രങ്ങളാണ് നമ്മുടെ പാപങ്ങള്‍ക്ക് കാരണം എന്ന് വരുത്തിത്തീര്‍ക്കും.

4. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് പാപബോധമെന്നു മനഃശാസ്ത്രപരമായി വിശദീകരിക്കും. അതുവഴി ഒരാള്‍ വിശാലമനസ്‌കനും സ്വതന്ത്രചിന്തകനുമല്ല എന്നു കൂടെയുള്ളവര്‍ പറയുമ്പോള്‍ അയാള്‍ ലജ്ജകൊണ്ട് ചുരുങ്ങിപ്പോകാന്‍ ഇടയാകും.

5. സഹിഷ്ണുത എന്നാല്‍ ശരിയോടും തെറ്റിനോടുമുള്ള നിസ്സംഗതയാണെന്ന് പറയും.

6. യഥാര്‍ത്ഥ ജീവിതപങ്കാളിയെ കൂടാതെ മറ്റൊരു പങ്കാളികൂടി ‘അത്യാവശ്യ’മാണെന്ന ധാരണ സൃഷ്ടിച്ചുകൊണ്ട് വിവാഹമോചനങ്ങള്‍ പെരുകാന്‍ ഇടയാക്കും.
7. സ്‌നേഹത്തിനായുള്ള ദാഹം കൂട്ടുകയും മനുഷ്യരോടുള്ള സ്‌നേഹം കുറയ്ക്കുകയും ചെയ്യും.

8. ക്രൈസ്തവമതവിശ്വാസത്തെ തകര്‍ക്കാന്‍ ക്രൈസ്തവമതത്തെത്തന്നെ ഉപയോഗിക്കും.

9. ക്രിസ്തു ഈ ലോകത്തില്‍ ജീവിച്ചിരുന്ന ഏറ്റവും മഹാനായ മനുഷ്യനായിരുന്നു- ദൈവം അല്ല – എന്ന മട്ടില്‍ ക്രിസ്തുവിനെപ്പറ്റി സംസാരിക്കും.

10. അന്ധവിശ്വാസത്തിന്റെയും ഫാസിസത്തിന്റെയും അടിമത്തത്തില്‍നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് പറയും. എന്നാല്‍ അന്ധവിശ്വാസവും ഫാസിസ (സ്വേച്ഛാധിപത്യം) വും എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരിക്കലും വ്യക്തമാക്കുകയില്ല.

11. മാനവികതയോട് വ്യാജസ്‌നേഹം പ്രകടിപ്പിക്കും. സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ച് ആത്മാര്‍ത്ഥതയില്ലാതെ വാചാലമായി പ്രസംഗിക്കും. എന്നാല്‍ തനിക്ക് ദൈവവിശ്വാസമില്ലെന്ന കാര്യം അവന്‍ എല്ലാവരില്‍നിന്നും മറച്ചുവയ്ക്കും. ദൈവപിതാവിന്റെ പിതൃത്വം അംഗീകരിക്കാതെ സാഹോദര്യമാണ് തന്റെ മതമെന്ന് തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും അവന്‍ വഞ്ചിക്കും.

12. അവന്‍, സാത്താന്‍, ദൈവത്തിന്റെ വികൃതാനുകരണമാണ് എന്നതിനാല്‍ തിരുസഭയുടെ വികൃതാനുകരണമായ ഒരു എതിര്‍ സഭ അവന്‍ സ്ഥാപിക്കും. അത് എതിര്‍ക്രിസ്തുവിന്റെ മൗതിക ശരീരമായിരിക്കുകയും ബാഹ്യപ്രകടനങ്ങളില്‍ കര്‍ത്താവിന്റെ മൗതികശരീരമായ തിരുസഭയോട് അതിന് എല്ലാത്തരത്തിലും സാമ്യമുണ്ടായിരിക്കുകയും ചെയ്യും. ദൈവത്തിനായി ദാഹിച്ചുകൊണ്ട് ഏകാന്തതയിലും നിരാശയിലും കഴിയുന്ന ആധുനിക മനുഷ്യനെ തന്റെ കൂട്ടായ്മയിലേക്ക് അവന്‍ ആകര്‍ഷിക്കും. സ്വന്തം കുറ്റങ്ങളും കുറവുകളും അംഗീകരിക്കുകയോ തിരുത്തുകയോ ചെയ്യാതെതന്നെ മനുഷ്യനെ അവരുടെ ആവശ്യങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നതിലേക്ക് അവന്‍ ആനയിക്കും. പിശാചിന്റെ കയറിന് വളരെ നീളം കൂടുതലുള്ള കാലഘട്ടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *