തമാശക്ക് കളിയാക്കാമോ?

മറ്റുള്ളവരെ കളിയാക്കുന്നത് നമുക്ക് പലപ്പോഴും ഒരു തമാശയാണ്. എന്നാല്‍ നമ്മുടെ തമാശ മറ്റുള്ളവരുടെ ഹൃദയത്തിനേല്‍പിക്കുന്ന മുറിവു വഴി പാപമായിത്തീരുന്നുണ്ട് എന്ന് നാം ഓര്‍ക്കാറില്ല. ഒരു വ്യക്തിയെ അയാളുടെ കുറവുകളുടെ പേരില്‍ കളിയാക്കുമ്പോള്‍ ആ വ്യക്തിയെ സൃഷ്ടിച്ച ദൈവത്തെയും ഞാന്‍ നിന്ദിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസ് നമുക്ക് വളരെയധികം നല്ല പാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്.
ആരെങ്കിലും പരിഹസിക്കപ്പെടുന്നതായി കേട്ടാല്‍, അതു തനിക്കു വളരെ അനിഷ്ടകരമാണെന്നു മുഖഭാവംകൊണ്ടു വിശുദ്ധ ഫ്രാന്‍സിസ് സാലസ് വ്യക്തമാക്കിയിരുന്നു. തന്നെയല്ല, സംഭാഷണവിഷയം മാറ്റി മറ്റൊന്നിലേക്കു കടക്കുന്നതിന് അദ്ദേഹം ശ്രമിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വിജയം കൈവരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അതു നിറുത്തുവാന്‍ അദ്ദേഹം ആവശ്യപ്പെടും.
ഈ വിഷയത്തെപ്പറ്റി അദ്ദേഹം ഇപ്രകാരം പറയുന്നു: ”മനസ്സിന്റെ ഏറ്റവും ദുഷിച്ച സ്ഥിതിയാണ് അന്യരെ കളിയാക്കുവാനും പരിഹസിക്കുവാനുമുള്ള ചാച്ചില്‍. ദൈവം ഇതു വളരെയധികം വെറുക്കുന്നു. അവിടുന്നു പലപ്പോഴും അതിക്രൂരമായ ശിക്ഷകളാല്‍ ഈ പാപത്തെ ശിക്ഷിച്ചിട്ടുമുണ്ട്. നമ്മുടെ അയല്‍ക്കാരനെ നിന്ദിക്കുകയും അപലപിക്കുകയും ചെയ്യുന്നതിനെക്കാള്‍ പരസ്‌നേഹത്തിനും ഭക്തിക്കും വിപരീതമായി മറ്റൊന്നില്ല. പരിഹാസവും കളിയാക്കലും നിന്ദ്യമാണ്. അതുകൊണ്ടത്രേ അറിവുള്ളവര്‍ പറയുന്നത്, വാക്കുകൊണ്ടു നമ്മുടെ അയല്‍ക്കാരനു ചെയ്യാവുന്നതില്‍ ഏറ്റവും വലിയ ദ്രോഹമാണു പരിഹാസം എന്ന്.”
മറ്റുള്ളവരെ നിന്ദിക്കുന്നവരെ വേദപുസ്തകം ശപിക്കുകയും അവര്‍തന്നെ നിന്ദിതരാകുമെന്നു ഭയപ്പെടുത്തുകയും ചെയ്യുന്നു. ദൈവം എല്ലായ്‌പോഴും നിന്ദിക്കപ്പെടുന്നവരുടെ ഭാഗം പിടിച്ചുകൊണ്ട് നിന്ദിക്കുന്നവനെതിരായി നിലകൊള്ളുന്നു. നമ്മുടെ കര്‍ത്താവ് പറയുന്നു: ”നിങ്ങളെ നിന്ദിക്കുന്നവന്‍ എന്നെ നിന്ദിക്കുന്നു” (ലൂക്കാ 10:16). കൊച്ചുകുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞുകൊണ്ട് അവിടുന്നു തുടരുന്നു: ”അവരില്‍ ഒരാളെപ്പോലും നിന്ദിക്കാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍.”(മത്തായി 28: 4). തങ്ങളുടെ നിയമദാതാവായ മോശയോട് ഇസ്രായേല്‍ ജനത കാണിച്ച നിന്ദനത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടു സര്‍വ്വശക്തനായ ദൈവം പറയുന്നു: ”അവര്‍ നിന്നെയല്ല എന്നെയാണു നിന്ദിക്കുന്നത്.”
ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ മുമ്പില്‍വച്ച് ഒരു യുവതി അംഗവൈകല്യമുള്ള ഒരാളെ കൂട്ടുകാരുമൊന്നിച്ചു കളിയാക്കുകയുണ്ടായി. നമ്മെയെല്ലാം സൃഷ്ടിച്ചതു ദൈവമാണെന്നും അവിടുത്തെ വേല സദാ പൂര്‍ണമാണെന്നും ആ യുവതിയെ അദ്ദേഹം അനുസ്മരിപ്പിച്ചു. ഇതു കേട്ടിട്ടും അവള്‍ കൂടുതലായി പരിഹാസച്ചിരി മുഴക്കുകയാണു ചെയ്തത്. അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു: ”എന്നെ വിശ്വസിച്ചാലും; എനിക്കറിയാം, അവളുടെ ആത്മാവു നിങ്ങള്‍ക്ക് ഊഹിക്കുവാന്‍ സാധിക്കുന്നതിനെക്കാള്‍ വളരെയധികം അഴകുള്ളതും അലംകൃതവുമാണെന്ന്”. അത് ആ യുവതിയെ നിശ്ശബ്ദയാക്കി.
മറ്റൊരവസരത്തില്‍ സ്ഥലത്തില്ലായിരുന്ന ഒരു കൂനനെ ചിലര്‍ കളിയാക്കുന്നതായി അദ്ദേഹം കേട്ടു. ഉടനെ, വിശുദ്ധന്‍ ”ദൈവത്തിന്റെ വേലകള്‍ പരിപൂര്‍ണങ്ങളാണ്” എന്നു വിശുദ്ധലിഖിതം ഉദ്ധരിച്ചുകൊണ്ട് അവരോടെതിര്‍ത്തു. ”പരിപൂര്‍ണമാണെങ്കിലും ചൊവ്വില്ലാത്തത്” എന്നു കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മന്ത്രിച്ചു. അതിന് അദ്ദേഹത്തിന്റെ മറുപടി ഫലിതപൂര്‍വകമായ ഒരു ചോദ്യമായിരുന്നു: ”മറ്റുള്ളവര്‍ സുമുഖരും നട്ടെല്ലു വളയാത്തവരുമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു പൂര്‍ണരായിരിക്കുന്നതുപോലെ പൂര്‍ണരായ കൂനന്മാരുണ്ടാകുവാന്‍ പാടില്ലെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?” ആന്തരികമോ ബാഹ്യമോ ആയ ഏതു പൂര്‍ണ്ണതയെപ്പറ്റിയാണു സംസാരിക്കുന്നതെന്നു വിശദമാക്കുവാന്‍ അദ്ദേഹത്തെ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം ശാന്തമായി പ്രതിവചിച്ചു: ”മതി, ഞാന്‍ പറയുന്നതു വാസ്തവമാണ്. നമുക്ക് കുറേക്കൂടി നല്ല കാര്യത്തെപ്പറ്റി സംസാരിക്കാം.’

അനു ജസ്റ്റിന്‍

Leave a Reply

Your email address will not be published. Required fields are marked *