ശുക്കരിയാമാം!

സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് മദര്‍ തെരേസ ഓസ്‌ളോവില്‍ നടത്തിയ ഒരു പരാമര്‍ശം ഇവിടെ കുറിക്കട്ടെ: ”ഒരു വൈകുന്നേരം പുറത്തുപോയ ഞങ്ങള്‍ മടങ്ങുമ്പോള്‍ തെരുവില്‍നിന്ന് കിട്ടിയ അവശരായ നാലാളുകള്‍ ഒപ്പം ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ അത്യാസന്ന നിലയിലായിരുന്ന ഒരു സ്ത്രീ ആയിരുന്നു. എന്നിലുള്ള സ്‌നേഹംകൊണ്ട് ചെയ്യാവുന്നതൊക്കെ അവര്‍ക്കുവേണ്ടി ഞാന്‍ ചെയ്തു. അവരുടെ അധരങ്ങളില്‍ ഒരു പുഞ്ചിരി മാത്രം. ‘വേദനിക്കുന്നു, വിശക്കുന്നു, ആരുമില്ല സഹായിക്കാന്‍’ എന്നിങ്ങനെ ഒരു പരാതിയും ഇല്ലായിരുന്നു. എന്റെ കൈകളില്‍ അമര്‍ത്തി പിടിച്ച് ഒരു വാക്ക് മാത്രം അവര്‍ വ്യക്തമായി പറഞ്ഞു ‘ശുക്കരിയാ മാം’ (അമ്മേ നന്ദി). അന്ത്യനിമിഷത്തിലും കൃതജ്ഞതാഭരിതയായി പുഞ്ചിരിയോടെ മരിക്കുന്ന സ്ത്രീയുടെ മനോഭാവം മദര്‍ തെരേസയുടെ ജീവിതത്തെ വല്ലാതെ സ്പര്‍ശിച്ചതായിരുന്നു.
യേശു തന്റെ ജീവിതത്തിലുടനീളം എല്ലാ കാര്യങ്ങളിലും നന്ദിയുടെ ഈ മനോഭാവം പുലര്‍ത്തി പിതാവിനെ മഹത്വപ്പെടുത്തുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. താന്‍ ചെയ്ത അത്ഭുതങ്ങളുടെയെല്ലാം കീര്‍ത്തി സ്വന്തമായി കരുതാതെ പിതാവിന് നല്കി. വിശന്നു വലഞ്ഞ അയ്യായിരം പേര്‍ക്ക് അഞ്ചപ്പം വര്‍ധിപ്പിക്കുന്നതിനുമുമ്പായി അവിടുന്ന് പരസ്യമായി പിതാവിന് നന്ദി പറഞ്ഞു. മരിച്ച ലാസറിനെ ഉയിര്‍പ്പിക്കുന്നതിന് മുമ്പും യേശു കൃതജ്ഞതാ നിര്‍ഭരനായി പറഞ്ഞു, ”പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു” (യോഹന്നാന്‍ 11:41).
മറ്റുള്ളവരെക്കാള്‍ മെച്ചമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് നമുക്ക് നല്കപ്പെട്ടിരിക്കുന്ന കഴിവുകൊണ്ടാണ് – മറ്റ് പലര്‍ക്കും നല്കപ്പെടാത്ത കഴിവുകൊണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഇവയുടെയെല്ലാം ദാതാവിന് നന്ദി ചൊല്ലുവാന്‍ കടപ്പെട്ടവരല്ലേ നാം?
മുള്ളുകള്‍ക്കായും നന്ദി
നമ്മുടെ ഒക്കെ ജീവിതത്തില്‍ സുഖകരവും സന്തോഷകരവുമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന് നന്ദി പറയുക സാധാരണമാണ്. എന്നാല്‍ സന്തോഷം നല്കുന്ന വരദാനങ്ങളായ റോസാപ്പൂക്കള്‍ക്കായി ദൈവത്തോട് നന്ദി പ്രകടിപ്പിച്ചാല്‍ പോര, പനിനീര്‍ച്ചെടിയിലെ മുള്ളുകള്‍ക്കുവേണ്ടിയും നന്ദി പറയേണ്ടതുണ്ട്. പക്ഷേ ദുഃഖവും വേദനയും നിരാശയും സൃഷ്ടിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടുത്തെ സ്തുതിക്കുവാന്‍ സാധിക്കുന്നവര്‍ വിരളമാണ്. ഇത് യഥാര്‍ത്ഥ ആത്മീയ മനുഷ്യര്‍ക്കേ സാധ്യമാകൂ. തന്റേതായ എല്ലാം നഷ്ടമായി എന്നറിഞ്ഞിട്ടും ജോബ് പറഞ്ഞു ”ദൈവം തന്നു, ദൈവം എടുത്തു. ദൈവത്തിന്റെ തിരുനാമം മഹത്വപ്പെടട്ടെ” (ജോബ് 1:21).
നന്ദി ഇല്ലാത്ത ജനം
അന്ധനായിരുന്ന ബര്‍തിമേയൂസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇംഗ്ലീഷ് സിനിമയാണ് ‘നന്ദിയില്ലാത്ത ലോകം.’ ഈ സിനിമയില്‍ കാഴ്ച ലഭിച്ച ബര്‍തിമേയൂസ് സന്തോഷംകൊണ്ട് തുള്ളിച്ചാടി നടക്കുകയാണ്. തുടര്‍ന്ന് അയാള്‍ അന്ധനായ മറ്റൊരുവനെ കാണുന്നു. തനിക്ക് ലഭിച്ച ഭിക്ഷയെല്ലാം അയാള്‍ക്കു നല്കിക്കൊണ്ട് യേശു തന്നെ സുഖപ്പെടുത്തിയ കാര്യം ബര്‍തിമേയൂസ് പറഞ്ഞു. ”നിങ്ങള്‍ക്കും കാഴ്ച കിട്ടാന്‍ നമുക്ക് ശ്രമിക്കാം” എന്നാല്‍ അയാള്‍ പറഞ്ഞു: ”വേണ്ട, എനിക്കിനിയും കാഴ്ച വേണ്ട. ഞാന്‍ അടുത്ത നാള്‍വരെയും കാഴ്ചയുള്ളവനായിരുന്നു. നന്ദിയില്ലാത്തവരുടെ ഈ ലോകത്ത് ഇനി എനിക്ക് കാഴ്ച വേണ്ട” അയാള്‍ തുടര്‍ന്ന് ചോദിച്ചു: ആകട്ടെ, നിനക്ക് കാഴ്ച തന്നവന്‍ എവിടെ?” ബര്‍തിമേയൂസിന്റെ ചങ്കിലാണ് ആ ചോദ്യം വന്നു തറച്ചത്. തനിക്ക് കാഴ്ച തന്ന യേശുവിനോട് ഒരു നന്ദിവാക്കുപോലും പറയാതെ പോന്നതില്‍ അയാള്‍ക്ക് കുറ്റബോധം തോന്നി.
ബര്‍തിമേയൂസ് അതിവേഗം അവിടെനിന്നും ഓടി. യേശു ഊട്ടുശാലയില്‍നിന്ന് ഒടുവിലത്തെ അത്താഴം കഴിച്ചതായി കേട്ട് അവിടെ എത്തി. എന്നാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് അയാള്‍ പീലാത്തോസിന്റെ അരമനയിലേക്ക് പാഞ്ഞു. പക്ഷേ ദൈവപുത്രനെ അവിടെയും കാണാനായില്ല. ഉടനെ അവന്‍ കാല്‍വരിയിലേക്ക് കുതിച്ചു. അവിടെ എത്തിയപ്പോള്‍ ബര്‍തിമേയൂസ് കേള്‍ക്കുന്നത് യേശുവിന്റെ അന്തിമമൊഴിയാണ്: ”പിതാവേ, എന്റെ ആത്മാവിനെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ ഏല്പിക്കുന്നു” ”ഗുരോ നന്ദി” എന്ന ഒരു വാക്ക് പറയാന്‍ സാധിക്കാത്തതിനാല്‍ തകര്‍ന്ന ഹൃദയത്തോടെ ബര്‍തിമയൂസ് അവിടെ നിന്ന് തേങ്ങിക്കരഞ്ഞു. യേശു പത്ത് കുഷ്ഠരോഗികളെ സുഖപ്പെടുത്തിയ സംഭവത്തില്‍ (ലൂക്കാ 17:5) വിജാതീയനായ ഒരുവനൊഴികെ ബാക്കി ഒന്‍പതു പേരും നന്ദി പ്രകടിപ്പിക്കാതെ പോയതില്‍ യേശുവിന് നൊമ്പരമുണ്ടായി.
നിങ്ങളെങ്ങനെ നിങ്ങളായി?
നമ്മള്‍ കടപ്പാടിന്റെ കണക്കുപുസ്തകത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ കണ്ണീരിന്റെ നനവുള്ള നന്ദിയുമായി, അലിവുള്ള ഹൃദയവുമായി ഓര്‍ക്കേണ്ട രണ്ടു പദങ്ങളാണ് ‘അപ്പനും അമ്മയും’. മക്കള്‍ കൃതജ്ഞതയോടെ ഓര്‍ക്കണം, തങ്ങളുടെ മാതാപിതാക്കളുടെ അധ്വാനത്തിലൂടെ, ത്യാഗത്തിലൂടെ കെട്ടിപ്പൊക്കിയ ജീവിതമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നതെന്ന്. ഈ കടങ്ങള്‍ ഹോം നഴ്‌സിനോ വൃദ്ധമന്ദിരങ്ങള്‍ക്കോ വീട്ടിത്തീര്‍ക്കാന്‍ പറ്റാത്ത കടങ്ങളാണെന്ന്.
”ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1 കോറിന്തോസ് 15: 10) മാതാപിതാക്കളും ബന്ധുമിത്രാദികളും അധ്യാപകരും അയല്‍ക്കാരും ആത്മീയ ഗുരുക്കന്‍മാരുമൊക്കെ ചേര്‍ന്നല്ലേ നമ്മെ നാമാക്കിയത്. അവരിലൂടെയാണ് നമ്മെ നാമാക്കിയ ദൈവകൃപ പ്രവര്‍ത്തിച്ചതെന്ന് മറന്നുപോകരുത്.
കൃതജ്ഞതയുടെ കൂദാശ
വിശുദ്ധ കുര്‍ബാനയിലൂടെ യേശു ആഗ്രഹിച്ച ഏറ്റവും പ്രധാന കാര്യമാണ് കൃതജ്ഞതാപ്രകാശനം. ഇതിന്റെ യഥാര്‍ത്ഥചൈതന്യം നമുക്ക് ബോധ്യമാകണമെങ്കില്‍ യേശുവിനുണ്ടായിരുന്ന മനോഭാവം നാം മനസ്സിലാക്കണം. അത് തന്റെ ഒടുവിലത്തെ അത്താഴമാണെന്നും യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും കൂടെയുള്ള ശിഷ്യഗണം തന്നെ വിട്ട് ഓടിപ്പോകുമെന്നും അതിക്രൂരമായ പീഡനങ്ങളും അവസാനം കുരിശുമരണവും താന്‍ നേരിടേണ്ടി വരുമെന്നും അറിയാമായിരുന്ന യേശുവാണ് ഈ സന്ദര്‍ഭത്തിലും പിതാവിന് കൃതജ്ഞത അര്‍പ്പിക്കുന്നതെന്ന് നാം ഓര്‍ക്കണം.
കൃതജ്ഞത സമര്‍പ്പിക്കാനുള്ള യേശുവിന്റെ ആഹ്വാനത്തെ ഉള്‍ക്കൊണ്ടിട്ടായിരിക്കാം സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ വിശുദ്ധ കുര്‍ബാനയെ നന്ദിപറച്ചില്‍ എന്നര്‍ത്ഥമുള്ള ‘യൂക്കരിസ്തിയാ’ എന്നു വിശേഷിപ്പിച്ചത്. വിശുദ്ധ കുര്‍ബാന യഥാര്‍ത്ഥമായ നന്ദിപ്രകാശനമാണെന്നത് ‘സഭയും കുര്‍ബാനയും’ എന്ന തന്റെ ചാക്രികലേഖനത്തിലും ‘നാഥാ കൂടെ വസിച്ചാലും’ എന്ന അപ്പസ്‌തോലികലേഖനത്തിലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. വിശുദ്ധ കുര്‍ബാനയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ അര്‍ത്ഥം വെളിപ്പെടുത്തുന്ന വിധമാണ് കുര്‍ബാനയിലെ പ്രാര്‍ത്ഥനകളില്‍ ”ഞങ്ങള്‍ അങ്ങേക്ക് സ്തുതിയും ആരാധനയും കൃതജ്ഞതയും അര്‍പ്പിക്കുന്നു’ എന്ന് പല പ്രാവശ്യം ആവര്‍ത്തിക്കുന്നത്.
ആയുസും ആരോഗ്യവും സമ്പത്തും സമയവും അധികാരവും പദവിയുമെല്ലാം അവിടുത്തെ ദാനങ്ങളാണെന്ന് ഓര്‍ക്കണം. ജീവിതം എന്നത് ബന്ധങ്ങളുടെ സമാഹാരമാണ്. അതുകൊണ്ട് നമ്മെ നാമാക്കിയ മാതാപിതാക്കളോടും ബന്ധുക്കളോടും അയല്‍ക്കാരോടും സുഹൃത്തുക്കളോടും സമൂഹത്തോടും സര്‍വോപരി ദൈവത്തോടും കടപ്പാടും നന്ദിയും ഉള്ളവരായി വര്‍ത്തിക്കാം. പൗലോസ് ശ്ലീഹാ എഴുതുന്നു, ”ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍.” (1 തെസലോനിക്കാ 5: 18)

പ്രഫ. വി.പി. ജയിംസ്‌

Leave a Reply

Your email address will not be published. Required fields are marked *