വേദപാഠക്ലാസില്‍ വരുമ്പോള്‍ ഒരു വചനം പഠിച്ച് ധ്യാനിച്ചുകൊണ്ട് വരണമെന്ന് എത്ര പറഞ്ഞാലും മനു അനുസരിക്കുകയില്ല. മനു ചോദിക്കുന്നത് ഈ വചനം പഠിച്ചതുകൊണ്ട് എന്താണ് പ്രയോജനം എന്നാണ്?
മനുവിനുവേണ്ടി സാറ് ഒരു കഥ പറഞ്ഞു:
പണ്ടു പണ്ട് ധീരജ് എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അയല്‍രാജ്യവുമായി അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. യുദ്ധം വര്‍ഷങ്ങള്‍ നീണ്ടു. രാജ്യം വളരെ കഷ്ടതയിലായി.
ധീരജ് രാജാവ് യുദ്ധത്തില്‍ തോല്‍ക്കുമെന്നായപ്പോള്‍ രാജാവിന്റെ സൈന്യത്തില്‍ പരിശീലനത്തിനായി ചേര്‍ന്ന വീരു എന്ന യുവാവ് രാജാവിനോട് പറഞ്ഞു: ”രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാന്‍ എന്നെ അയച്ചാലും.” വീരുവിന് കൊടുക്കാന്‍ രാജാവിന്റെ കൈയില്‍ ഒരു വില്ലുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
വീരു കിട്ടിയ വില്ലുമായി യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു. കുറെ ദിവസത്തെ യാത്രവേണം യുദ്ധഭൂമിയിലെത്താന്‍. അമ്പുകളില്ലാതെ വില്ലു മാത്രമായി യുദ്ധത്തിന് പോയാല്‍ മരണം ഉറപ്പ്. വളരെ ഭയത്തോടെ വീരു അതിര്‍ത്തിയിലേക്ക് യാത്ര തുടര്‍ന്നു.
യാത്രാമധ്യേ മുമ്പ് സൈന്യാധിപനായിരുന്ന ഒരു വൃദ്ധനെ കണ്ടു. തന്റെ അവസ്ഥ പറഞ്ഞപ്പോള്‍ വൃദ്ധന്‍ താന്‍ പല യുദ്ധങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുള്ള വിവിധതരം അമ്പുകള്‍ വീരുവിന് നല്കി. എന്നിട്ട് പറഞ്ഞു, ”മകനെ, ഈ അമ്പുകള്‍ പഴയതാണ്. പക്ഷേ ഞാന്‍ അവയെ ദിവസവും തേച്ചു മിനുക്കി ഉപയോഗിക്കുന്നതുകൊണ്ട് അതിന്റെ ഫലം വളരെ കൂടുതലാണ്. നീ ഈ അമ്പുകള്‍ ഉപയോഗിച്ച് എത്രയധികം പരിശീലിക്കുന്നുവോ അത്രയും വേഗത്തില്‍ ശത്രുവിനെ കീഴ്‌പ്പെടുത്തി വിജയം നേടാനാകും.
യുദ്ധഭൂമിയിലെത്തുന്നതിനുമുമ്പ് തന്നെ കഠിനപരിശ്രമംകൊണ്ട് വീരു തന്റെ വില്ലില്‍നിന്ന് അമ്പുകളെയ്യാന്‍ പഠിച്ചു. യുദ്ധക്കളത്തിലെത്തിയ വീരു തന്റെ സൈന്യത്തോടൊപ്പം ചേര്‍ന്ന് ശത്രുസൈന്യത്തെ കീഴടക്കി.
രാജ്യത്തിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച വീരുവിന് രാജാവ് ധാരാളം പാരിതോഷികങ്ങള്‍ നല്‍കി. പടയാളിക്ക് അമ്പുകള്‍ വിജയത്തിന് ആവശ്യമായതുപോലെ ജീവിതവിജയത്തിന് വചനം ആവശ്യമാണ്. വചനം സ്വന്തമാക്കാത്തവരുടെ ജീവിതം ആയുധമില്ലാതെ യുദ്ധത്തിനു പോകുന്ന പടയാളിയുടേതുപോലെയാണ്. പാപത്തിനെതിരെ, തിന്മയ്‌ക്കെതിരെ പോരാടാന്‍ വചനമെന്ന ആയുധം എപ്പോഴും നമ്മുടെ കൂടെയുണ്ടായിരിക്കണം. വചനം ധ്യാനിക്കുമ്പോഴും ജീവിതത്തില്‍ പ്രായോഗികമാക്കുമ്പോഴും വചനത്തിന്റെ ശക്തി കൂടിക്കൊണ്ടിരിക്കും. കഴിഞ്ഞ ക്ലാസില്‍ നാം പഠിച്ച വചനം ജറെമിയ 23:29 നിങ്ങള്‍ ഓര്‍ക്കുന്നില്ലേ: ”എന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ?”
ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ സാറിനോട് മനു പറഞ്ഞു, ”സാര്‍, ഞാന്‍ ഒരു ബൈബിള്‍ ഇന്നുതന്നെ വാങ്ങും. എല്ലാ ദിവസവും വചനം പഠിക്കും.”
ടാനി പാറേക്കാട്ട്