ഇങ്ങനെയും ഒരാള്‍ക്ക് വിശുദ്ധയാകാം എന്നറിഞ്ഞത്, വിശുദ്ധ ഫൗസ്റ്റീനയെ ഒരിക്കല്‍കൂടി വായിച്ചപ്പോഴാണ്. വിശുദ്ധരാകാന്‍ മാരകവിശുദ്ധിയുടെ വഴികളൊന്നും തേടണമെന്നില്ല. ഏല്‍പിക്കപ്പെട്ടിരിക്കുന്നവ ഏറെ വിശ്വസ്തതയോടെ നിറവേറ്റിയാല്‍ മാത്രം മതി. അതിസ്വാഭാവിക കൃപാവരങ്ങളെ തേടുന്നതിനിടയില്‍ ദൈവഹിതപ്രകാരം ജീവിക്കാന്‍ മറന്നുപോകരുത്.
അന്ന് കുട്ടികളുടെ ഭക്ഷണശാലയുടെ ചുമതലയായിരുന്നു സിസ്റ്റര്‍ ഫൗസ്റ്റീനയ്ക്ക്. വലിയ പാത്രങ്ങള്‍ എടുത്തുമാറ്റണം. അടുപ്പില്‍ വയ്ക്കണം. തീ പൂട്ടണം. ശാരീരിക വേദനകള്‍ക്കിടയിലും എല്ലാം മനോഹരമായി ചെയ്തുതീര്‍ത്തു. പക്ഷേ ഒരു കാര്യം മാത്രം ശരിയാകുന്നില്ല. ഉരുളക്കിഴങ്ങിന്റെ പാത്രം ഊറ്റുക. അത് ഊറ്റുമ്പോള്‍ പകുതിയിലധികം കിഴങ്ങും താഴെ വീഴുന്നു. ചുറ്റും നിന്ന് മറ്റു സിസ്റ്റേഴ്‌സും സഹോദരിമാരും നോക്കുമ്പോള്‍ വിഷയം കൂടുതല്‍ വഷളാകുന്നു. മാറിനിന്ന് പ്രാര്‍ത്ഥിച്ചു. കാര്യങ്ങള്‍ക്ക് എന്നിട്ടും വലിയ മാറ്റമില്ല. കിഴങ്ങ് ഊറ്റല്‍ മറ്റു സിസ്റ്റേഴ്‌സിനെ ഏല്‍പിച്ചു. ആത്മീയ ഗുരുവിനോട് ഈ കാര്യം പങ്കുവച്ചു. അദ്ദേഹം പറഞ്ഞു, സിസ്റ്റര്‍തന്നെ ഈ കാര്യം ചെയ്യണം. മറ്റാരെയും ഏല്‍പിക്കേണ്ടതില്ല. പിറ്റേദിവസവും പതിവുപോലെ കിഴങ്ങ് ഊറ്റേണ്ട സമയമായി. പാത്രം ചെരിച്ച് ഊറ്റുമ്പോള്‍ പകുതിയിലധികം പുറത്തുവീഴുന്നുണ്ട്. പക്ഷേ ഒരു കാര്യം അവള്‍ കണ്ടു. പാത്രത്തില്‍ ശേഷിച്ച കിഴങ്ങ് റോസാപുഷ്പങ്ങളാണ്. കണ്ണു നിറഞ്ഞു. ദൈവഹിതം നിറവേറ്റുമ്പോള്‍ കൈവെള്ളയില്‍ വരേണ്ട ദൈവത്തിന്റെ റോസാപുഷ്പങ്ങളെ താന്‍ തള്ളിമാറ്റിയതെന്തേ? ദൈവഹിതം നടത്തുമ്പോള്‍, അതെത്ര എളിയതെങ്കിലും നിങ്ങളുടെ കണ്ണില്‍ അനുഗ്രഹ പുഷ്പങ്ങള്‍ പൂത്തുലയും, അതാണ് വിശുദ്ധി.
രഹസ്യവിശുദ്ധര്‍
ഈഡിത്ത് സ്റ്റെയ്ന്‍ എന്ന വിശുദ്ധയുടെ വാക്കുകള്‍ എത്രയോ സത്യം: ‘ലോകത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്ന ചിലരുടെ പേരുകള്‍ ചരിത്രപുസ്തകം രേഖപ്പെടുത്തും. എന്നാല്‍ ചരിത്രഗ്രന്ഥങ്ങള്‍ക്ക് കണ്ടെത്താനാവാത്ത എത്രയോ ആത്മാക്കള്‍ ലോകത്തിന്റെ നിര്‍ണായക മാറ്റങ്ങള്‍ക്കായി രഹസ്യമായി നിലകൊണ്ടിട്ടുണ്ട്. ദൈവം വെളിവാക്കുന്ന ദിനങ്ങളിലാകും അവരുടെ പേരുകള്‍ നാമറിയുക.’ പാത്രം കഴുകിയും കുഞ്ഞിനെ നോക്കിയും രോഗിണിയായ അമ്മയെ പരിചരിച്ചും അപ്പന്റെ വിയര്‍പ്പു തുടച്ചും ദൈവഹിതം നിറവേറ്റുന്ന എത്രയോ പേരുണ്ടാകണം, ഈ ലോകത്ത്. അതിഥികളെ സ്വാഗതം ചെയ്തും പരിചരണമുറികള്‍ ശുദ്ധിയാക്കിയും തിരിക്കാലുകള്‍ വൃത്തിയാക്കിയും ദിനങ്ങള്‍ തീര്‍ക്കുന്ന എത്രയോ വിശുദ്ധരുണ്ട് ആശ്രമങ്ങളില്‍. വേദിയില്‍ കൃപയുടെ സമൃദ്ധിയൊഴുക്കാന്‍ പ്രാര്‍ത്ഥനയുടെ നിലവിളി ഒരുക്കുന്നവരും മൈലുകള്‍ വാഹനമോടിച്ച് കര്‍തൃദാസരെ പൊതിഞ്ഞു പിടിക്കുന്നവരുമെല്ലാം ചെയ്യുന്നത് ദൈവഹിതത്തിന്റെ നിര്‍വഹണമെന്ന് നാമറിയണം.
എപ്പോഴും ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ വേദോപദേശവും പിടിക്കുന്നവര്‍ മാത്രമല്ല വിശുദ്ധര്‍. ഇതു ചെയ്തിട്ട് ദൈവഹിതം ചെയ്യാതെ വന്നാലോ? എന്തിനെങ്കിലും അധികപ്രാധാന്യം കല്‍പിക്കുന്നതില്‍ വിശുദ്ധി ഉണ്ടാകണമെന്നില്ല എന്നുമറിയണം. മറിയം പറഞ്ഞുതന്ന ആദ്യവചനമാണ് ശരി: അവന്‍ പറയുന്നതു ചെയ്യുക. ദൈവം പറയുന്നു എന്ന ഒരൊറ്റ കാരണംകൊണ്ട് ചിലതു ചെയ്യാനും മറ്റു ചിലത് ഒഴിവാക്കാനും നമുക്കാകണം, അതാണ് വിശുദ്ധി. ബൃഹത്തായ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ ദൈവഹിതപ്രകാരമുള്ള ഒരു കൊച്ചുപ്രവൃത്തിയില്‍ നാം വിശുദ്ധരാകും.
നിങ്ങള്‍ക്കൊരു എളുപ്പവഴിയുണ്ട്
ചില മാതൃകകള്‍ നമുക്കേറ്റവും പ്രിയങ്കരമാണ്, അനുകരണീയവുമാണ്. ഫ്രാന്‍സിസ് പാപ്പ അടുത്തയിടെ പുറത്തിറക്കിയ വിശുദ്ധിയെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രബോധനത്തില്‍ (‘ആനന്ദിച്ചാഹ്ലാദിക്കുവിന്‍’) ഇതെക്കുറിച്ച് പറയുന്നുണ്ട്: ‘ധീരോത്തരമായ ചില മാതൃകകള്‍ അനുകരണീയങ്ങളാണ്. എന്നാല്‍ നാം അതേപടി കോപ്പിയടിക്കേണ്ടതില്ല. അങ്ങനെ ചെയ്താല്‍ ദൈവഹിതത്തിന്റെ വഴിയില്‍നിന്നും നിങ്ങള്‍ വഴിമാറും. അന്ധമായ അനുകരണങ്ങളില്‍ നിങ്ങള്‍ ദൈവത്തിന്റെ വഴിയെന്തെന്ന് അറിയാതെപോകും. അപകടമാണിത്. ദൈവത്തെ സാക്ഷ്യപ്പെടുത്താന്‍ വ്യത്യസ്തതയാര്‍ന്ന വഴികളുണ്ടെന്ന് അറിയുക’ (നമ്പര്‍ 11). എത്രയോ വാസ്തവമാണിത്. ആരൊക്കെയോ ആകാനും എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയില്‍ നാം എന്തായിത്തീരാനാണോ ദൈവം നമ്മെ പറഞ്ഞുവിട്ടത്, അതു നാം കൈവിട്ടു കളഞ്ഞേക്കും. ദൈവത്തിലേക്ക് എത്ര വഴികള്‍ ഉണ്ടെന്ന ചോദ്യത്തിന് മഹാനായ ബെനഡിക്ട് പാപ്പ നല്‍കിയ മറുപടി: എത്ര മനുഷ്യര്‍ ഭൂമിയിലുണ്ടോ അത്രത്തോളം വഴികളുണ്ട്. അനുകരിച്ച് തകരുന്നവരുണ്ട് നമ്മില്‍ ചിലര്‍. ചിന്തിക്കുക, നിന്നെക്കുറിച്ചുള്ള സ്വര്‍ഗപിതാവിന്റെ ഹിതം നീ തേടിയിട്ടുണ്ടോ? വലിയ ചില പദ്ധതികളുടെ ആരംഭത്തില്‍ തേടിയിട്ടുണ്ടാകാം. ഇന്നും അതു തുടരുന്നുണ്ടോ? ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലധികം എന്തു വേണം നമുക്കീ ജീവിതത്തില്‍. ”അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക മാത്രമാണെന്റെ ലക്ഷ്യം” (2 കോറിന്തോസ് 5:9) എന്ന പൗലോസിന്റെ വാക്കുകളെ ധ്യാനിക്കാം.
ദൗത്യം മറന്ന് ഞാനെന്തു ചെയ്താലും, അതെത്ര മനോഹരമെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞാലും, അതെത്ര വിശുദ്ധമെങ്കിലും ഞാന്‍ തിരസ്‌കൃതനായേക്കും. പ്രസംഗിക്കാന്‍ ഏല്‍പിക്കപ്പെട്ടവന്‍ വിഷയം മാറ്റി പ്രസംഗിച്ചാല്‍, പ്രസംഗം ചിലപ്പോള്‍ നന്നായേക്കും. പക്ഷേ പിന്നീടൊരിക്കല്‍ നാമയാളെ ക്ഷണിക്കില്ല. ദൗത്യം പ്രധാനമാണ്. അതു കണ്ടെത്തുക. വൃക്ഷം ഫലം ചൂടണം, ഇലകള്‍ നല്‍കിയാല്‍ പോരാ. പൂക്കള്‍ നിറച്ചാലും പോരാ. അല്ലെങ്കില്‍ തീയില്‍ എറിയപ്പെടും. പ്രയോജനമില്ലാത്ത വസ്തു, അതെത്ര വലുതെങ്കിലും നശിപ്പിക്കപ്പെടണം. ദൗത്യം മറന്ന് വല്ലതുമൊക്കെ ചെയ്യുന്നതാണ് ഇന്നത്തെ ഗതികേട്. വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറഞ്ഞു: ‘ഞാന്‍ എന്തിനാണ് മഠങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നറിയാമോ? അവരിലൂടെ ലോകത്തെ വിശുദ്ധീകരിക്കാനാണ്. അവരില്‍നിന്നുവേണം സ്‌നേഹത്തിന്റെയും ബലിയുടെയും ശക്തമായ തീനാളം ഉത്ഭവിക്കാന്‍.’ ദൈവഹിതം നിറവേറിയില്ലെങ്കില്‍ കോണ്‍വെന്റിലേക്ക് ദൈവം അര്‍ത്ഥിനികളെ ക്ഷണിക്കില്ല. തന്റെ ലക്ഷ്യം സാധ്യമാക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളും ദൈവത്തിന് ബാധ്യതയാണ്, തന്റെ പേരില്‍ പലതും ചെയ്തുകൂട്ടുന്നതിന്റെ ബാധ്യത. അതു ദൈവത്തിന് താങ്ങാനാവില്ല.
വിശുദ്ധനാകാന്‍ ദൈവഹിതം ചെയ്താല്‍ മതി. കുശിനിക്കാരിയായും തോട്ടക്കാരിയായും മഠത്തില്‍ വരുന്ന അതിഥികളെ സ്വീകരിക്കുന്നവളായും മാത്രം കഴിഞ്ഞിട്ട് ഫൗസ്റ്റീന വിശുദ്ധയായി. കന്നുകാലികളെ കുളിപ്പിച്ച് നടന്ന ജോസഫ് കുപ്പര്‍ത്തീനോ വിശുദ്ധനായി. തലമുടിവെട്ടുകാരായ മാര്‍ട്ടിന്‍ ഡി പോറസും വിശുദ്ധനായി. ദെവുറ്റ്‌ലിനും ലിമായിലെ റോസും വീടിനു പുറത്തിറങ്ങാതെ മാതാപിതാക്കളെ ശുശ്രൂഷിച്ച് കഴിഞ്ഞവരാണ്. അവരും വിശുദ്ധരായി. ഈ നിരയില്‍ നമ്മുടെ മാതാപിതാക്കളുള്‍പ്പെടെ ലളിതജീവിതത്തിന്റെ ഉടമകളായ പലരും പെടുന്നുണ്ട്, തീര്‍ച്ചയായും.
നെറ്റിപ്പട്ടങ്ങളോ മേലാപ്പുകളോ വചനവേദികളോ ജനാരവങ്ങളോ ഒന്നും വേണ്ട വിശുദ്ധരാകാന്‍. ഇവയൊന്നും വിശുദ്ധിക്ക് തടസങ്ങളല്ല എന്നുമറിയുക. എളിയ ജോലികള്‍ സ്‌നേഹത്തോടെ ചെയ്ത്, കൂടുതല്‍ സ്‌നേഹം സഹജര്‍ക്ക് നല്‍കിയാല്‍ നിങ്ങളുടെ ജീവിതപാത്രങ്ങളില്‍ കൃപയുടെ റോസാപുഷ്പങ്ങള്‍ വിരിയുമെന്നതില്‍ സംശയം വേണ്ട. ബാക്കിയെല്ലാം കടന്നുപോകുമ്പോഴും ദൈവഹിതം നിറവേറ്റുന്നവന്‍ എന്നേക്കും നിലനില്‍ക്കും. (1 യോഹന്നാന്‍ 2:17). അവന്‍ എന്തിനെന്നെ വിളിച്ചു? എവിടേക്ക് എന്നെ വിളിച്ചു? ഈ സ്ഥാപനം എന്തിനായി ഉയിര്‍ത്തപ്പെട്ടു? ആര്‍ക്കായി നിലകൊള്ളുന്നു? ഈ വിധം ചോദ്യങ്ങള്‍ നിരന്തരം നാം ചോദിക്കണം. എന്നെ ഏല്‍പിച്ചത് പൂര്‍ത്തിയാക്കാന്‍ എനിക്കാവണമേ, ദൈവമേ!
റവ. ഡോ. റോയി പാലാട്ടി സി.എം.ഐ