അന്ന് വളരെ സന്തോഷത്തോടുകൂടെയാണ് ഏകദിനധ്യാനം കഴിഞ്ഞ് വീട്ടിലേക്ക് വന്നത്. ക്ലാസ് എടുത്ത അച്ചന്‍ സംസാരിച്ചത് ദൈവസ്‌നേഹത്തെക്കുറിച്ചും വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചും ആയിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും നിലത്ത് നിന്ന് ഇല എടുത്ത് മാറ്റുമ്പോള്‍പോലും ഈശോയോടുള്ള സ്‌നേഹത്തെപ്രതി എന്ന് പറയുമായിരുന്നുവത്രേ. അതുകൊണ്ട് അന്ന് വൈകുന്നേരം തുണി മടക്കിക്കൊണ്ടിരുന്നപ്പോള്‍ ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ പെട്ടെന്ന് ഈശോ എന്റെ അടുത്ത് വന്ന് പറഞ്ഞു:
”കൊച്ചുത്രേസ്യായുടെ സ്‌നേഹം എനിക്കറിയാം. പക്ഷേ നിന്റെ സ്‌നേഹം എനിക്കറിയത്തില്ല.”
ഞാന്‍ ഒന്നും മിണ്ടിയില്ല. ഈശോ പറഞ്ഞത് ശരിയാണ്, ഞാന്‍ പാപിയും കൊച്ചുത്രേസ്യ വിശുദ്ധയും അല്ലേ. പിന്നെ എന്ത് പറയാന്‍. ഈശോ പറഞ്ഞു: ”സാരമില്ല, നീ ഒരു കാര്യം ചെയ്യ്. എന്റെ ഹൃദയത്തിലെ സ്‌നേഹം നീ പിതാവിന് കാഴ്ചവച്ചോ. ആ സ്‌നേഹത്തെ വെല്ലുവാന്‍ ഒരു സ്‌നേഹത്തിനും സാധിക്കുകയില്ല. ഈ സ്‌നേഹത്തെപ്രതി നീ എന്തു ചോദിച്ചാലും പിതാവ് നിനക്ക് തരും. ആത്മാക്കളുടെ രക്ഷയ്ക്കായി യാചിക്കുക. അങ്ങനെ നീ എന്റെ മുറിവേറ്റ ഹൃദയത്തെ ആശ്വസിപ്പിച്ചേക്കും. അതുകൊണ്ട് നീ ഇങ്ങനെ പ്രാര്‍ത്ഥിക്കണം:
”പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ ഈശോയുടെ തിരുഹൃദയത്തിലെ അനന്തമായ സ്‌നേഹം ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. എന്റെ സ്‌നേഹത്തെ വര്‍ധിപ്പിക്കണമേ. ആത്മാക്കളെ രക്ഷിക്കണമേ.” ഈ പ്രാര്‍ത്ഥന നീ എപ്പോഴും ചൊല്ലണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം പ്രാര്‍ത്ഥന എന്നത് ഒരു സ്‌നേഹപ്രവൃത്തിയാണ്. ഈ പ്രാര്‍ത്ഥനയുടെ പ്രത്യേകത എന്നത് ഇത് കല്പനകളുടെ പൂര്‍ത്തീകരണമാണ്. ഇതില്‍ ദൈവസ്‌നേഹവും പരസ്‌നേഹവും അടങ്ങിയിരിക്കുന്നു. ഈ സ്‌നേഹപ്രാര്‍ത്ഥന നിരവധി പാപങ്ങളെ മറയ്ക്കുന്നു (1 പത്രോസ് 4:8). പാപകടങ്ങള്‍ വീട്ടാന്‍ ഉപകരിക്കുന്നു. അതായത് സ്‌നേഹം സ്‌നേഹത്താല്‍ മാത്രമേ വീട്ടപ്പെടുന്നുള്ളൂ. എന്നോടുള്ള നിന്റെ സ്‌നേഹം (ദൈവസ്‌നേഹം) വര്‍ധിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക. ദൈവസ്‌നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് സകല ദൈവികപുണ്യങ്ങളും സ്വാഭാവികമായി നിന്നില്‍ വന്നുചേര്‍ന്നുകൊള്ളും. കാരണം സകല ദൈവികപുണ്യങ്ങളുടെയും ഉറവിടം ഞാനാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ് ഞാന്‍ സകലതും വാഗ്ദാനം ചെയ്തിരിക്കുന്നത്.
”നല്ല ദൈവത്തിന്റെ പിന്തുണ കൂടാതെ നന്മ ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ബോ ധ്യമായതുമുതല്‍ യേശുവിനോട് സ്‌നേഹത്തില്‍ അധികമധികം ഒന്നായിത്തീരുക എന്നതാണ് അത്യന്താപേക്ഷിതമായ ഏകസംഗതിയെന്നും ശേഷമെല്ലാം അതില്‍നിന്ന് സിദ്ധിക്കുമെന്നും ഞാന്‍ ഗ്രഹിച്ചു” എന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ ഒരു പുസ്തകത്തില്‍ വായിച്ചത് ഓര്‍ത്തു. ഇത്രയൊക്കെ യേശുവില്‍നിന്ന് കേട്ടിട്ടും എന്റെ മുഖം വാടിയിരിക്കുന്നത് കണ്ടിട്ട് യേശു ചോദിച്ചു: ”നിനക്ക് എന്തുപറ്റി?” ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം കൊച്ചുത്രേസ്യയുടെ സ്‌നേഹം എനിക്കറിയാം. നിന്റെ സ്‌നേഹം എനിക്കറിയത്തില്ല എന്നു പറഞ്ഞില്ലേ. എന്റെ മനസ് മനസിലാക്കിയിട്ടെന്നവണ്ണം യേശു പറഞ്ഞു, നീ പുതുതായി മേടിച്ച സ്‌നേഹയജ്ഞം എന്ന പുസ്തകം എടുത്ത് വായിക്ക്. ഞാന്‍ പുസ്തകം എടുത്ത് തുറന്നതേ എനിക്ക് കിട്ടിയ വാചകം ഇതാണ്: ”അങ്ങെന്നെ സ്‌നേഹിക്കുന്നതിനോടൊപ്പം അങ്ങേക്ക് പ്രതിസ്‌നേഹം നല്‍കുവാന്‍ അങ്ങയുടെ സ്‌നേഹംതന്നെ എനിക്ക് വേണ്ടിയിരിക്കുന്നു” – വിശുദ്ധ കൊച്ചുത്രേസ്യ (പേജ് 140).
ഇത് വായിച്ച് ഞാന്‍ യേശുവിനെ നോക്കി ചിരിച്ചു. യേശു എന്നെയും. സത്യത്തില്‍ ഇപ്പോഴാണ് എനിക്ക് മനസിലായത് വിശുദ്ധ കൊച്ചുത്രേസ്യ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ദൈവത്തിന് സമര്‍പ്പിച്ചിരുന്നത് യേശുവിന്റെ സ്‌നേഹംതന്നെയായിരുന്നുവെന്നത്. അങ്ങനെയാണ് വിശുദ്ധ കൊച്ചുത്രേസ്യായ്ക്ക് ഒരുപാട് ആത്മാക്കളെ രക്ഷിക്കാന്‍ സാധിച്ചതും.
പ്രാര്‍ത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ, യേശുവിന്റെ തിരുഹൃദയത്തിലെ അനന്തമായ സ്‌നേഹം ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ സ്‌നേഹത്തെ വര്‍ധിപ്പിക്കണമേ, ആത്മാക്കളെ രക്ഷിക്കണമേ ആമ്മേന്‍.