മുന്‍പേ പോയ ദൈവം

ആഫ്രിക്കയിലെ ഒരു അവധിക്കാലം. ഞാന്‍ ശുശ്രൂഷ ചെയ്യുന്ന ധ്യാനകേന്ദ്രം വൃത്തിയാക്കാന്‍ വരാറുള്ള സ്ത്രീയോടൊപ്പം ആ ദിവസങ്ങളില്‍ മൂന്നു മക്കളും വന്നു. ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങവേ അവര്‍ തന്റെ വിഷമം പങ്കുവച്ചു. മൂത്ത രണ്ടുപേരെയും സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു നല്ല സ്‌കൂളില്‍ ചേര്‍ക്കണം. എന്നാല്‍ തന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് അതിനു നിര്‍വാഹമൊന്നുമില്ല. ആഫ്രിക്കയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വളരെ ചെലവേറിയതാണെന്ന് അറിയാം. എങ്കിലും ഏശയ്യാ 45: 2-3 ”ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും” എന്ന വചനം 9 തവണ പറഞ്ഞു പ്രാര്‍ത്ഥിക്കാനും 9 തവണ എത്രയും ദയയുള്ള മാതാവേ ചൊല്ലാനും നിര്‍ദ്ദേശിച്ചു. രണ്ടു മാസം പ്രാര്‍ത്ഥന തുടരാനും പറഞ്ഞു.
അവര്‍ അപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം അവിടത്തെ മികച്ച സ്‌കൂളിലേക്ക് അഡ്മിഷന്‍ ക്ഷണിക്കുന്ന പരസ്യം കവലയില്‍ കണ്ടു. അത് അവര്‍ക്കു സ്വപ്‌നം കാണാനാവാത്തത്ര ഉന്നതമായ സ്‌കൂളാണ്. എങ്കിലും സ്‌കൂളിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നേരില്‍ച്ചെല്ലാനാണ് ആവശ്യപ്പെട്ടത്. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച അധികൃതര്‍ അവരുടെ പഠനമികവു കണ്ട് അവരുടെ പഠനം സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി.
അപ്പോള്‍ അമ്മ ചോദിച്ചു, ”എനിക്ക് ഇളയ ഒരു പെണ്‍കുട്ടികൂടിയുണ്ട്. അവള്‍ പഠനത്തില്‍ അത്ര മുന്‍പന്തിയിലല്ല. അവളുടെ കാര്യംകൂടി പരിഗണിക്കുമോ?” സ്‌കൂളധികൃതരുടെ മറുപടി അവിശ്വസനീയമായിരുന്നു. മൂത്തവര്‍ രണ്ടുപേരും പഠനത്തില്‍ സമര്‍ത്ഥരായതിനാല്‍ അവളും പഠനത്തില്‍ ഉയരുമെന്നും അവളെയും തങ്ങള്‍ ഏറ്റെടുത്തുകൊള്ളാമെന്നുമാണ് അവര്‍ പറഞ്ഞത്. പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി മൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും ഇതെല്ലാം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരുന്നു. സന്തോഷത്തോടെ ആ കുടുംബം കര്‍ത്താവിന് നന്ദിയര്‍പ്പിച്ചു.

ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി, ആഫ്രിക്ക

Leave a Reply

Your email address will not be published. Required fields are marked *