മുന്‍പേ നടക്കുന്നു ദൈവം

മനുഷ്യന്റെ കൂടെ വസിക്കുകയും ഒരു സഹചാരിയായി കൂടെ നടക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചുള്ള ചിത്രം നമുക്ക് സുപരിചിതമാണ്. എന്നാല്‍ അതിനെക്കാള്‍ ഹൃദയസ്പര്‍ശിയായ ഒരു വാങ്ങ്മയചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. അത് മനുഷ്യനെ അത്യധികം മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ദൈവത്തിന്റെ ഛായാചിത്രമാണ്: വഴിയൊരുക്കുവാനായി, കാര്യങ്ങള്‍ ക്രമീകരിക്കുവാനായി, തടസങ്ങള്‍ മാറ്റുവാനായി മനുഷ്യന്റെ മുമ്പേ പോകുന്ന ദൈവത്തെക്കുറിച്ചാണ്: ”അവന്‍ നിങ്ങള്‍ക്ക് മുമ്പേ ഗലീലിയിലേക്ക് പോകുന്നു. അവന്‍ നിങ്ങളോട് പറഞ്ഞിരുന്നതുപോലെ അവിടെവച്ച് നിങ്ങള്‍ അവനെ കാണും” (മര്‍ക്കോസ് 16:7). ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശം.

എത്ര മനോഹരമായ ഒരു ചിത്ര മാണിത്! വഴിയൊരുക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്ന ദൈവം! മനുഷ്യന്റെ നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടി വിനീതനായി സ്വയം താഴ്ത്തുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ ഇവിടെയുണ്ട്. മുന്‍പേ പോകുക, തടസങ്ങള്‍ മാറ്റിക്കൊടുക്കുക തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നത് ദൂതന്മാരാണ്. പിന്നാലെ വരുന്ന അതിവിശിഷ്ട വ്യക്തിക്കുവേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഉന്നതരായ ഭരണാധികാരികള്‍ക്ക് മുന്‍പില്‍ പോകുന്ന പൈലറ്റ് വാഹനങ്ങളുടെ ചിത്രം നമുക്ക് സുപരിചിതമാണല്ലോ.
സര്‍വശക്തനായ ദൈവം തന്നെ നമുക്ക് വഴിയൊരുക്കുവാന്‍ മുന്‍പേ പോകുന്നുവെന്ന ചിന്ത എത്രയോ ആശ്വാസപ്രദമാണ്. അവിടുത്തേക്ക് എല്ലാം സാധ്യമാണ്. മനുഷ്യന്‍ പകച്ച് വീണുപോകുന്ന പ്രതിബന്ധങ്ങളാകുന്ന കോട്ടകള്‍ ദൈവം മുമ്പില്‍ പോകുമ്പോള്‍ തകര്‍ന്ന് തരിപ്പണമാകും. ദൈവത്തെ പൂര്‍ണമായും വിശ്വസിച്ചുകൊണ്ട് അനുഗമിക്കുന്ന ഒരു വിശ്വാസിയുടെ യാത്ര എത്രയോ ആയാസരഹിതവും ആനന്ദകരവുമാണ്. കണ്ണീരിന്റെ താഴ്‌വരയിലൂടെ നടക്കുന്നവരെ വീണ്ടെടുത്ത് ഒരു നിമിഷംകൊണ്ട് വിജയത്തിന്റെ ഉന്നതശൃംഗത്തില്‍ നിര്‍ത്തുവാന്‍ കെല്പുള്ളവനാണ് ദൈവം.

ശക്തി പ്രാപിക്കുക

അവിടുത്തെ കരം കുറുകിപ്പോയിട്ടില്ല. ഏശയ്യാ പ്രവാചകനിലൂടെ ദൈവം നല്കുന്ന പ്രത്യാശയുടെ ദൂത് ശ്രദ്ധിക്കുക: ”കര്‍ത്താവ് വീണ്ടെടുത്തവര്‍ സീയോനിലേക്ക് ഗാനാലാപത്തോടെ തിരിച്ചുവരും. നിത്യമായ ആനന്ദം അവര്‍ ശിരസില്‍ ചൂടും. സന്തോഷവും ആഹ്ലാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും” (ഏശയ്യാ 51:11). അതിനാല്‍ പ്രശ്‌നങ്ങളില്‍നിന്ന് മുഖമുയര്‍ത്തി പ്രശ്‌നപരിഹാരകനിലേക്ക് നോക്കുകയാണ് സര്‍വപ്രധാനമായ കാര്യം. കര്‍ത്താവില്‍ പൂര്‍ണമായി ആശ്രയിക്കുന്നവര്‍ ഒരു കാലത്തും ലജ്ജിക്കേണ്ടി വരുകയില്ല. ”നിങ്ങള്‍ക്ക് ഒരിക്കലും ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരികയില്ല” (ഏശയ്യാ 45:17) എന്ന തിരുവചനം ഏറ്റുപറഞ്ഞ് ശക്തി പ്രാപിക്കുക.

പക്ഷേ ഇവിടെ ഒരു പ്രശ്‌നമുണ്ട്. മനുഷ്യന്‍ അവന്റെ സ്വഭാവത്താല്‍ത്തന്നെ അക്ഷമനാണ്. ചോദിക്കുന്ന കാര്യങ്ങള്‍ ഉടനെ കിട്ടണമെന്നാണ് അവന്റെ ആഗ്രഹം. അത് ഉടനെ ലഭിച്ചില്ലെങ്കില്‍ അവന്‍ അസ്വസ്ഥനും നിരാശനുമാകും. അവന്റെ വിശ്വാസവും ക്ഷയിച്ചുപോകും. ഇവിടെ ദൈവം നല്കുന്ന ഒരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: ”നിങ്ങള്‍ തിടുക്കം കൂട്ടേണ്ട; വേഗം ഓടുകയും വേണ്ട. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും” (ഏശയ്യാ 52:12).
അതിനാല്‍ ദീര്‍ഘക്ഷമയോടെ കാത്തിരിക്കുവാന്‍ നാം പരിശീലിക്കണം. ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് എന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് ദീര്‍ഘക്ഷമയുണ്ടാകുന്നത്. അത് പരിശുദ്ധാത്മാവിന്റെ ദാനമാണ്. നമ്മുടെ ജീവിതയാത്രയില്‍ ഈ കൃപ സമൃദ്ധമായി ലഭിക്കുവാനായി പ്രാര്‍ത്ഥിക്കാം. ഓരോ അനുഗ്രഹവും നല്കുവാനായി ദൈവം കണ്ടെത്തിയിരിക്കുന്ന ഒരു സമയമുണ്ട്. ആ സമയംവരെ ക്ഷമാപൂര്‍വം കാത്തിരിക്കുവാന്‍ സാധിക്കുന്ന ഒരു വിശ്വാസിക്ക് ദൈവസ്‌നേഹത്തിന്റെ മാധുര്യം ഓരോ ദിവസവും അനുഭവിക്കുവാന്‍ സാധിക്കും. അദ്ദേഹത്തിന് ഒരിക്കലും പരാതിയോ പരിഭവമോ ഉണ്ടാവുകയില്ല. എന്നു മാത്രമല്ല ലഭിച്ച അനുഗ്രഹങ്ങളെയോര്‍ത്ത് അനുദിനം നന്ദി പറയുവാനും സാധിക്കും. സമയത്തിന്റെ തികവില്‍ ഏറ്റവും നല്ലതുതന്നെ നല്കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കും.

കാത്തിരിക്കുക

ഒരു വ്യക്തിയുടെ ജീവിതാനുഭവം കുറിക്കട്ടെ. സ്വന്തമായി ഒരു വീട് ലഭിക്കണമെന്നത് അയാളുടെ ആഗ്രഹമാണ്. ടൗണില്‍ ദൈവാലയത്തിന് തൊട്ടടുത്തുള്ള ഒരു സ്ഥലം വാങ്ങുവാന്‍ ആശിച്ച അദ്ദേഹം ആ സ്ഥലം വാങ്ങുവാനായി പ്രാര്‍ത്ഥന ആരംഭിച്ചു. സമയമായപ്പോള്‍ ആ സ്ഥലം വാങ്ങുവാന്‍ ദൈവം അയാള്‍ക്ക് കൃപ നല്കി. കൈയിലുണ്ടായിരുന്ന പണംകൊണ്ട് അവിടെ വീടിനുള്ള തറ കെട്ടി. അത് കുറെ നാള്‍ അങ്ങനെ കിടന്നു. ആളുകള്‍ ചോദിക്കുവാന്‍ തുടങ്ങി ‘എന്തേ പണി പൂര്‍ത്തിയാക്കാത്തത്? വീടിന് തടസമുണ്ടോ?
ചോദ്യശരങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. ക്ഷമയോടെ കാത്തിരിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു ബാങ്ക് ലോണ്‍ എടുക്കുവാനുള്ള സാഹചര്യം ലഭിച്ചു. അതുപയോഗിച്ച് വീടിന്റെ താഴത്തെ നിലയുടെ പണി മുക്കാല്‍ഭാഗവും തീര്‍ത്തു. അമിതപലിശക്ക് വായ്പ വാങ്ങി വീടുപണി പൂര്‍ത്തിയാക്കുവാനുള്ള പ്രലോഭനത്തെ അയാള്‍ ചെറുത്തു. ഇന്ന് പലരും തകര്‍ന്ന് പോകുന്നത് ഇല്ലാത്ത പണം കടം വാങ്ങി വീട് പണിതിട്ടാണല്ലോ. പ്രതികൂലസാഹചര്യങ്ങളെ നേരിടുവാനുള്ള കരുത്ത് അയാളുടെ ദൈവത്തിലുള്ള വിശ്വാസം അയാള്‍ക്ക് നല്കിയിരുന്നു. മുന്‍പേ നടക്കുന്ന ദൈവത്തെ അനുനിമിഷം കണ്ടുകൊണ്ടിരുന്നതിനാല്‍ പ്രയാസങ്ങളില്‍ അദ്ദേഹം പതറിയില്ല. മുന്നിലും പിന്നിലും വാതിലുകള്‍വച്ച് അദ്ദേഹം വീട്ടില്‍ കേറിത്താമസിച്ചു. ആഘോഷമായ ‘പുരയില്‍ക്കൂടല്‍’ വയ്ക്കാത്തതിനാല്‍ പലരും അദ്ദേഹത്തെ പരിഹസിച്ചു. ലുബ്ധന്‍ എന്ന് വിളിച്ച് അയാളെ അവര്‍ ആക്ഷേപിച്ചു. എന്നാല്‍ ശാന്തമായ മനസോടെ അതെല്ലാം നേരിട്ട അദ്ദേഹത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താഴത്തെ നിലയുടെ പണി പൂര്‍ത്തിയാക്കുവാന്‍ ദൈവം കൃപ നല്കി.
അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ജോലി ചെയ്തിരുന്ന എല്‍.ഐ.സി ഭവനവായ്പ വിഭാഗത്തിന്റെ ഉദ്യോഗസ്ഥര്‍ വന്നു. പുതിയ ഭവനവായ്പാപദ്ധതി പരിചയപ്പെടുത്തുവാനാണവര്‍ വന്നത്. ഒറ്റ ഗഡുവായി അഞ്ചുലക്ഷം രൂപ നല്കുമത്രേ. പേപ്പറുകളെല്ലാം വേഗം ശരിയായി. അതുപയോഗിച്ച് രണ്ടാം നിലയുടെ പണി അദ്ദേഹം മനോഹരമായി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അയല്‍പക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും മുമ്പേ അത് ചെയ്യുവാന്‍ ദൈവം കൃപ നല്കി. നോക്കണേ, മുമ്പേ നടക്കുന്ന ദൈവത്തിന്റെ പിന്നാലെ തിടുക്കം കൂട്ടാതെ ക്ഷമയോടെ നടക്കുന്ന ഒരു ദൈവപൈതലിന് ലഭിക്കുന്ന കൃപ!

തീര്‍ന്നില്ല

അതുകൊണ്ടും തീര്‍ന്നില്ല. അദ്ദേഹവും ഭാര്യയും സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്ത വര്‍ഷം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഗവണ്‍മെന്റ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. അതുപയോഗിച്ച് താഴത്തെ നില ഒന്നുകൂടി മനോഹരമാക്കി. ഇപ്പോള്‍ കാണുന്നവര്‍ ചോദിക്കുന്നു: ”ഏത് ആര്‍ക്കിടെക്റ്റിനെക്കൊണ്ടാണ് പ്ലാന്‍ വരപ്പിച്ചത്? പുതിയ ഒരു വീടുതന്നെ. ഇവിടെ അടുത്തെങ്ങും ഇത്രയും സൗകര്യമുള്ള, മനോഹരമായ ഒരു വീടില്ല.” അതെ, കാത്തിരിക്കുന്നവന് ദൈവം സമയത്തിന്റെ തികവില്‍ നല്കുന്നത് ഏറ്റവും നല്ലതുതന്നെയാണ്. മുന്‍പേ നടക്കുന്ന ദൈവത്തെ കണ്ട് ക്ഷമയോടെ അവിടുത്തെ അനുഗമിക്കുവാനുള്ള കൃപയ്ക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം:
കര്‍ത്താവേ, അവിടുന്ന് എന്റെ മുന്‍പേ നടക്കുന്നുവെന്ന് തിരുവചനത്തിലൂടെ എന്നോട് പറഞ്ഞത് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. അങ്ങേക്ക് എന്നോടുള്ള കരുതലും സ്‌നേഹവും എത്ര വലുതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അങ്ങയെ എപ്പോഴും കാണുവാന്‍ എന്റെ വിശ്വാസത്തിന്റെ കണ്ണുകളെ തുറന്നുതന്നാലും. ക്ഷമയോടെ കാത്തിരുന്ന് ഞാന്‍ ദൈവപൈതലിന്റെ അവകാശമായ ഏറ്റവും നല്ല അനുഗ്രഹങ്ങള്‍ പ്രാപിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ക്ഷമയോടെ കാത്തിരിക്കുവാനും മുന്‍പില്‍ നടക്കുന്ന കര്‍ത്താവിനെ കാണുവാനുള്ള കൃപ ലഭിക്കുവാനും എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *