കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നതെന്തിന്?

ഒരിക്കല്‍ ഒരു ശുശ്രൂഷയില്‍ പങ്കെടുത്തുകൊണ്ടിരിക്കവെ, അതു നയിച്ചിരുന്ന വ്യക്തി ‘കര്‍ത്താവ് മഹത്വപ്പെടട്ടെ’ എന്ന് ആവര്‍ത്തിച്ച് പറയുന്നതു കേട്ടു. പക്ഷേ എനിക്കത് മനസ്സിലാക്കാന്‍ പ്രയാസം തോന്നി. ‘കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും, ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും’ ചെയ്യാന്‍ കഴിവുള്ളവനാണ് അവിടുന്ന്. അതെ, കര്‍ത്താവ് മഹത്വപൂര്‍ണനാണ്. പിന്നെന്തുകൊണ്ടായിരിക്കാം വീണ്ടും വീണ്ടും അവിടുത്തേക്കു മഹത്വമുണ്ടാകണം എന്നു പറയുന്നത്? പലപ്പോഴും ഈ ചിന്ത മനസ്സില്‍ തികട്ടി വന്നിരുന്നു. എന്നാല്‍ കര്‍ത്താവിന്റെ വെളിച്ചം മനസ്സില്‍ നിറഞ്ഞപ്പോള്‍ എനിക്കതിന്റെ പൊരുള്‍ വ്യക്തമായി.

ധ്യാനശുശ്രൂഷകളിലും മറ്റും പങ്കെടുക്കവേ അത്ഭുതങ്ങളും രോഗസൗഖ്യങ്ങളുമെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ പലപ്പോഴും അവിടെ പെയ്തിറങ്ങിയ ദൈവസ്‌നേഹത്തെയും ശക്തിയെയുംകാള്‍ ഉപരിയായി അതു നയിച്ച ശുശ്രൂഷകരിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയാം. അവരുടെ വസ്ത്രത്തിലെങ്കിലും ഒന്ന് സ്പര്‍ശിക്കാന്‍പോലും പിന്നെ തിരക്കായിരിക്കും. കര്‍ത്താവിന്റെ ഇടപെടല്‍ തിരിച്ചറിയാതെ അത് ആ വ്യക്തികളുടെ കഴിവാണെന്നു ജനങ്ങള്‍ കരുതിപ്പോയാല്‍, നാളെ മറ്റൊരു പ്രതിസന്ധിയിലും രോഗാവസ്ഥയിലും അദ്ദേഹത്തെയാകും അവര്‍ ആദ്യം അന്വേഷിക്കുക. ജനങ്ങളുടെ എല്ലാ നിസ്സഹായതകളിലും പ്രതിസന്ധികളിലും ഓടിയെത്താന്‍ കഴിവുള്ള അത്ഭുതപ്രവര്‍ത്തകരോ ശുശ്രൂഷകരോ ഈ ലോകത്തിലെവിടെയും ഇല്ല.

മറിച്ച് കര്‍ത്താവ് മഹത്വപ്പെട്ടാല്‍, നാളെ ഒരു ജയിലറയ്ക്കുള്ളിലോ ഒരു ഇന്റെന്‍സിവ് കെയര്‍ യൂണിറ്റിന്റെയോ ഉള്ളിലോ, ഏതു കഠിന വേദനയില്‍പോലും അവര്‍ ‘എന്റെ ദൈവമേ’ എന്നാകും ആദ്യം വിളിക്കുക. കാരണം ‘എന്റെ രോഗശാന്തി ശുശ്രൂഷകാ’ എന്നു വിളിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് അവര്‍ക്കറിയാം. ‘പ്രാര്‍ത്ഥിച്ചാല്‍ ഉത്തരമരുളുകയും, നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് മറുപടി തരികയും ചെയ്യുന്ന കര്‍ത്താവാണ്’ (ഏശയ്യാ 58:9) അന്ന് ശുശ്രൂഷയില്‍ സംബന്ധിക്കവേ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് എന്ന ഓര്‍മ്മ ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും കര്‍ത്താവിനെ വിളിക്കാനും അവിടുത്തെ സന്നിധിയിലേക്ക് ഓടിയണയാനും അവരെ പ്രേരിപ്പിക്കും.

പലപ്പോഴും ശുശ്രൂഷകര്‍ക്ക് തങ്ങളുടെ പ്രസംഗങ്ങളും ശുശ്രൂഷകളും നന്നാകണമെന്നും ആളുകള്‍ തങ്ങളെ ശ്രദ്ധിക്കണമെന്നും തോന്നിപ്പോകാം. തങ്ങളിലേക്കുതന്നെ ജനങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവണതയും കടന്നുവരാം. എന്നാല്‍ ഒരു വ്യക്തിയുടെയെങ്കിലും ആത്മീയവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലേക്കും കടന്നുചെന്ന് സഹായിക്കുക എന്നു പറയുന്നത് അസാധ്യമായ കാര്യമാണ്. അതിനു സാധിക്കുന്ന ഏക ദൈവത്തെയും അവിടുത്തെ ശക്തിയെയും മഹത്വത്തെയും തങ്ങളുടെ ശുശ്രൂഷകളിലൂടെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന എളിയ ദൗത്യമാണ് ശുശ്രൂഷകരില്‍ നിക്ഷിപ്തമായിരിക്കുന്നത്.

വിശുദ്ധ കുര്‍ബാനയെക്കുറിച്ചു ക്ലാസ്സെടുക്കാന്‍ വന്ന വൈദികന്‍ ഒരു അനുഭവം പങ്കുവയ്ക്കുകയുണ്ടായി. ഒരിക്കല്‍ ഒരു അമ്മച്ചി അദ്ദേഹത്തിന്റെ അടുത്തു വന്നു പറഞ്ഞു. ”അച്ചന്റെ പ്രസംഗം ഗംഭീരമാകുന്നുണ്ട്. സത്യം പറഞ്ഞാല്‍ അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍വേണ്ടി മാത്രമാണ് ഞാന്‍ കുര്‍ബാനയ്ക്കു വരുന്നതുതന്നെ.” ഇതു പറഞ്ഞതിനുശേഷം ആ വൈദികന്‍ വേദനയോടെ പറഞ്ഞു: ”ഞാനിത്രയുംകാലം പ്രസംഗിച്ചതെല്ലാം വെറുതെയായി”….

ക്രിസ്തുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനു പകരം നമ്മളിലേക്കും നമ്മുടെ ശുശ്രൂഷകളിലേക്കും മാത്രമാണ് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതെങ്കില്‍ നമ്മുടെ ശുശ്രൂഷയുടെ മൂല്യം നഷ്ടപ്പെട്ടുപോകും. എല്ലാ സുവിശേഷശുശ്രൂഷകളുടെയും ലക്ഷ്യം ദൈവത്തിന്റെ മഹത്വം മാത്രമായിരിക്കാന്‍ നമുക്ക് ശ്രദ്ധയുള്ളവരാകാം. കാരണം നമ്മളിലെ പാപപ്രകൃതി എപ്പോഴും സ്വന്തം മഹത്വം തേടുവാന്‍ നമ്മളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ആത്മീയമായി എത്ര വളര്‍ന്ന വ്യക്തിയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും ഈ ബലഹീനതയ്ക്ക് നമ്മള്‍ അടിമപ്പെട്ടുപോകും. അതിനാല്‍ അവന്‍ വളരുകയും ഞാന്‍ കുറയുകയും ചെയ്യണമെന്ന സ്‌നാപകയോഹന്നാന്റെ മനസ്സ് സ്വന്തമാക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

സ്‌നേഹ ജോസ്

Leave a Reply

Your email address will not be published. Required fields are marked *