അന്ന് ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയതേ ഭാര്യ പറഞ്ഞു, ‘പുന്നാരമോള് ഒരു പണി ഒപ്പിച്ചാ വന്നിരിക്കുന്നത്.’ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മൂത്ത മകള്‍ ഇത്രമാത്രം വലിയ എന്തു തെറ്റാണാവോ ചെയ്തത് എന്നോര്‍ത്ത് ഞാന്‍ തെല്ല് പരിഭ്രമിച്ചു. സാധാരണഗതിയില്‍ എന്റെ സ്വരം കേള്‍ക്കുമ്പോള്‍ത്തന്നെ ഓടിവന്ന് പോക്കറ്റ് പരിശോധിക്കാറുള്ള അവളെ കാണാതിരുന്നപ്പോള്‍ ഞാന്‍ അവളുടെ പേര് ചൊല്ലി വിളിച്ചു. ‘നീ എവിടെയാ മോളേ?’ വീടിന്റെ മൂലയിലിരുന്ന് അവള് മറുപടിയായി ഞരങ്ങിയപ്പോള്‍ വീണ്ടും വലിയ വാത്സല്യത്തോടെ ‘മോളേ നീ ഇങ്ങോട്ടുവന്നേ, പപ്പ വന്നത് കണ്ടില്ലേ’യെന്ന് പറഞ്ഞ് അവളുടെ അടുത്തേക്ക് നടന്നു. എന്റെ മുഖത്തേക്ക് നോക്കാതെ മുഖം താഴ്ത്തി വരുന്ന മകളുടെ അടുത്തേക്ക് ചെന്ന് അവളെ മാറോട് ചേര്‍ത്തുപിടിച്ച് കാര്യം ചോദിച്ചപ്പോള്‍ അവള് വിങ്ങി വിങ്ങി പറഞ്ഞു. കണക്കിന് മൂന്നു മാര്‍ക്കേ കിട്ടിയിട്ടുള്ളൂവെന്ന്.
‘അത്രയേയുള്ളോ, സാരമില്ല മോളേ’ എന്നുപറഞ്ഞ് അവളെ ആശ്വസിപ്പിച്ച് തലമുടിയിഴയിലൂടെ തഴുകിയപ്പോള്‍ അവള് ഏങ്ങലടിച്ചു കരയുകയാണ്. ഒരുപക്ഷേ പപ്പ വഴക്കുപറയും എന്നവള്‍ ചിന്തിച്ചുകാണും. പക്ഷേ സ്നേഹംകൊണ്ട് തഴുകിയപ്പോള്‍ അവള് ഏറെ കരഞ്ഞു. എന്റെ കുഞ്ഞ് പരീക്ഷയില്‍ പരാജയപ്പെട്ട് എന്റെ മാറില്‍ കിടന്ന് കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുകളും നനഞ്ഞു. സ്നേഹമുള്ള ഏത് പിതാവാണ് തന്റെ മക്കളുടെ വേദനകളിലും പരാജയങ്ങളിലും വേദനിക്കാതിരിക്കുന്നത്. സത്യത്തില്‍ എന്റെ മകള്‍ എന്റെ മാറില്‍ കിടന്ന് വേദനയോടെ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഒരു നിമിഷം ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴം ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു. ഇതുപോലെതന്നെ ജീവിതത്തിലെ പരാജയങ്ങളില്‍ തളരുമ്പോള്‍ എന്നെ കുറ്റപ്പെടുത്താതെ മാറോടണയ്ക്കുന്ന ഈശോയുടെ സ്നേഹം എത്രയോ വലുതാണെന്ന് ഞാനോര്‍ത്തു.
തകര്‍ച്ചകളിലൂടെയും പരാജയങ്ങളിലൂടെയും കടന്നുപോകാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഈ പരാജയങ്ങള്‍ നമ്മുടെ മുഖം താഴ്ത്തി ജീവിതത്തെ നശിപ്പിക്കുവാനുള്ളതല്ല. മറിച്ച് ഓരോ പരാജയങ്ങളും ദൈവത്തിന്റെ പുതിയ സ്നേഹം അനുഭവിച്ചറിയുവാനുള്ള സമയങ്ങളാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഒരുപക്ഷേ ചുറ്റുപാടുകളും നമ്മെ സ്നേഹിക്കുന്നുവെന്ന് നാം ചിന്തിക്കുന്നവരും നമ്മുടെ പരാജയങ്ങളെ നോക്കി കുറ്റം വിധിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യനെ രക്ഷിക്കുവാന്‍വേണ്ടി സ്വയം അപമാനം ഏറ്റുവാങ്ങിയ ഈശോ, സാരമില്ല മോനേ, മോളേയെന്ന് വിളിച്ചുകൊണ്ട് അവര്‍ നിന്നെ തള്ളിയാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നമ്മെ നോക്കി പറയുന്നുണ്ട്.
എത്ര വലിയ പരാജയത്തില്‍പെട്ട വ്യക്തിയാണ് നാമെങ്കിലും ആരും നമ്മെ മനസിലാക്കിയില്ലെങ്കിലും എന്റെ ഈശോ എന്നെ സ്നേഹിക്കുന്നുവെന്ന് മനസിലാക്കി പിതാവിന്റെ മാറോട് ചേര്‍ന്നു കിടന്ന് ഒന്നു കരഞ്ഞാല്‍ ജീവിതത്തില്‍ നാം തകരില്ല. അന്നെന്റെ മകള്‍ക്ക് മൂന്നു മാര്‍ക്ക് കിട്ടിയതിനെയോര്ത്ത് കരഞ്ഞെങ്കില്‍ പത്താംക്ലാസ് പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അവള് ജയിച്ചത്. നമ്മുടെ സ്നേഹവും പരിഗണനയും ആശ്വാസവാക്കുകളും എത്രയോ വ്യക്തികള്‍ക്ക് ഉയരാനും ദൈവസ്നേഹം അനുഭവിച്ചറിയാനും കാരണമാകുമെന്നതില്‍ സംശയമില്ല.
പരാജയങ്ങള്‍ സ്വാഭാവികമായി മനുഷ്യനെ അപകര്‍ഷതയിലേക്കും നിരാശയിലേക്കും ആത്മഹത്യയിലേക്കുമൊക്കെ നയിക്കും. മനുഷ്യരില്‍നിന്നും ദൈവത്തില്‍നിന്നും ഒറ്റപ്പെടുത്തി നമ്മുടെ മുഖം താഴ്ത്തും, ഏകാന്തതയിലേക്ക് നയിക്കും. എന്നാല്‍ നമ്മുടെ മുഖം താഴ്ന്നു നില്ക്കുവാന് സ്നേഹമുള്ള പിതാവ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. നമ്മുടെ മുഖം ഉയര്‍ത്തുവാന്‍ സ്വന്തം പുത്രനെ കുരിശില്‍ ലോകത്തിന് നല്കുവാന് തക്കവിധം പിതാവ് നമ്മെ സ്നേഹിക്കുന്നതിനാല്‍ ഇന്നുതന്നെ തീരുമാനമെടുക്കാം, ‘പരാജയങ്ങളില്‍ ഞാനെന്റെ പിതാവിന്റെ അടുക്കല്‍ ചെല്ലും.’
ഡൊമിനിക് സാവിയോ