ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടായിരുന്നു വിശ്വാസികള്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വന്നിരുന്നത്. മാമ്മോദീസായിലൂടെ ലഭിച്ച വിശുദ്ധിയുടെ വെള്ളവസ്ത്രത്തിന്റെ പ്രതീകമായിരുന്നു അത്. കൂടാതെ വെളിപാടിന്റെ പുസ്തകത്തില്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ച വിശുദ്ധരുടെ ഗണവും വെള്ളവസ്ത്രധാരികളായിരുന്നു. ”ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രത്തിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ള അങ്കിയണിഞ്ഞ് കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിനു മുമ്പിലും നിന്നിരുന്നു (വെളിപാട് 7: 9, 13, 14)
ദൈവത്തിന്റെ സന്നിധിയിലേക്കും വിശുദ്ധ സ്ഥലത്തേക്കുമാണ് താന്‍ കടന്നുവരുന്നത് എന്ന അവബോധം വിശുദ്ധിയുടെ അടയാളമായ വെളുത്ത വസ്ത്രം ധരിക്കുന്നതിലൂടെ അവര്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ കാലത്തിന്റെ പ്രയാണത്തില്‍ ദൈവാലയത്തിന്റെ പരിശുദ്ധിയെക്കുറിച്ചും വിശുദ്ധ കുര്‍ബാനയിലൂടെ കണ്ടുമുട്ടുന്ന കര്‍ത്താവിന്റെ മഹത്വം നിറഞ്ഞ സാന്നിധ്യത്തെക്കുറിച്ചും ഉള്ള ബോധ്യങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ദൈവാലയത്തിലെത്തുന്ന നമ്മുടെ വസ്ത്രധാരണത്തില്‍ അശ്രദ്ധയും അപാകതകളും സംഭവിക്കാനാരംഭിച്ചു. ഞായറാഴ്ചകളില്‍ അണിഞ്ഞൊരുങ്ങി തങ്ങളുടെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ജനങ്ങളെ കാണിക്കുവാന്‍ പരിശ്രമിക്കുന്നവരുണ്ട്. അവര്‍ ദൈവാലയത്തെ ഒരു പ്രദര്‍ശനനഗരിയായി തരം താഴ്ത്തുകയാണ് അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്.
എല്ലാ ഓഫീസുകള്‍ക്കും പ്രത്യേക ഡ്രസ് കോഡുകളുണ്ട്. മാന്യമായ വസ്ത്രം ധരിച്ചേ ജീവനക്കാര്‍ ജോലിക്കു വരാവൂ എന്ന് എല്ലാ പ്രമുഖസ്ഥാപനങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. മറ്റു ചില സ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ പേരും അടയാളങ്ങളുമുള്ള യൂണിഫോം ധരിച്ചുകൊണ്ടുമാത്രമേ ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. സ്‌കൂളുകളും കോളജുകളും ഇത്തരത്തില്‍ യൂണിഫോമുകളും ഡ്രസ് കോഡുകളും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നതും നമുക്കറിയാം. ഹൈന്ദവ, മുസ്ലീം ആരാധനാലയങ്ങളിലും ആരാധനയ്‌ക്കെത്തുന്നവര്‍ക്ക് വസ്ത്രധാരണത്തിന് നിബന്ധനകളുണ്ട്. എന്നാല്‍, ക്രൈസ്തവ ദൈവാലയങ്ങളിലെ ആരാധനയ്ക്കണയുന്നവര്‍മാത്രമാണ് ഇന്ന് ദൈവാലയത്തിന്റെ പരിശുദ്ധിക്ക് ചേരാത്ത വസ്ത്രധാരണരീതി പുലര്‍ത്തുന്നത്.
ക്ലബുകളില്‍ പോകുന്നതുപോലെയും വിനോദയാത്രാ ശൈലിയിലും അലസമായും അശ്രദ്ധമായും വസ്ത്രങ്ങള്‍ ധരിച്ചു വരുന്നവര്‍ വിശുദ്ധ കുര്‍ബാനയോടും ദൈവാലയത്തിന്റെ പരിശുദ്ധിയോടുമുള്ള അനാദരവാണ് യഥാര്‍ത്ഥത്തില്‍ പ്രകടമാക്കുന്നത്. മറ്റുള്ളവരുടെ ശ്രദ്ധയെ പ്രാര്‍ത്ഥനയില്‍നിന്നും ദൈവത്തില്‍നിന്നും വ്യതിചലിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ഞായറാഴ്ചകളില്‍ ദൈവാലയത്തിലെത്തുന്നവരുടെ എണ്ണവും വളരെയാണ്. പരസ്യങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ഭീകരരൂപികളുടെയും റോബോട്ടുകളുടെയും പ്രിന്റുകള്‍, സ്‌പോര്‍ട്‌സ് – സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍, ക്രൈസ്തവ അരൂപിക്കു ചേരാത്ത വാചകങ്ങള്‍ ഇതൊക്കെ രേഖപ്പെടുത്തിയ വസ്ത്രങ്ങളുമായൊരാള്‍ ദൈവാലയത്തില്‍ വരുമ്പോള്‍ ചുറ്റുമുള്ളവരുടെ ശ്രദ്ധ വ്യതിചലിക്കാന്‍ കാരണമാവുന്നു. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച നല്‍കത്തക്കവിധത്തില്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് പാപകരമായ പ്രവൃത്തിയാണ് എന്നുള്ളത് നാം വിസ്മരിച്ചു പോകുന്നു.
ജോലിക്കുവേണ്ടിയുള്ള ഒരു ഇന്റര്‍വ്യൂവിനുപോകുമ്പോള്‍ നാം നമ്മുടെ വസ്ത്രത്തെക്കുറിച്ച് എത്രമാത്രം ശ്രദ്ധയുള്ളവരായിരിക്കും. മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ കാണാന്‍ പോകുകയാണെങ്കിലും നാം ഏറ്റവും നല്ല രീതിയില്‍ വസ്ത്രം ധരിക്കും. എന്നാല്‍ സര്‍വ്വശക്തനും സ്രഷ്ടാവുമായ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നുവരുമ്പോള്‍ എത്രയോ ലാഘവബുദ്ധിയോടെയാണ് നാം അണിഞ്ഞൊരുങ്ങുന്നത്. ദൈവവിചാരമില്ലാതെ ദൈവാരാധനയ്ക്കു വരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചുപോകുന്നത്. ഈയവസ്ഥയില്‍ ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ആന്തരിക വ്യക്തിത്വം, ആധ്യാത്മികത ഇതെല്ലാം വസ്ത്രധാരണത്തില്‍ പ്രതിഫലിക്കും. സമൂഹത്തെ മാനിക്കാത്തവരും ദൈവത്തെ മാനിക്കാത്തവരും സ്വയംകേന്ദ്രീകൃതരുമായ മനുഷ്യരാണ് പലപ്പോഴും തങ്ങള്‍ക്കു തോന്നിയതുപോലെ വസ്ത്രങ്ങള്‍ ധരിക്കുക. സമൂഹത്തെയും സാഹചര്യങ്ങളെയും മാനിക്കാന്‍ പഠിക്കുന്നത് പക്വതയുടെ ലക്ഷണമാണ്.
വെളുത്ത വസ്ത്രങ്ങളോ കടുംനിറങ്ങളില്ലാത്ത, നേരിയ നിറങ്ങളുള്ള, വസ്ത്രങ്ങളോ ഞായറാഴ്ചകളിലെ ദിവ്യബലിക്കു വരുമ്പോള്‍ ധരിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്‍ ഒരു ജോഡി വസ്ത്രം അതിനായി വാങ്ങുന്നത് അഭിലഷണീയമാണ്. എന്നാല്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവര്‍ അടുത്ത പ്രാവശ്യം വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ദൈവാലയത്തിന്റെ പവിത്രതയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിച്ചാല്‍ മതി.
ഏതു വസ്ത്രം ധരിച്ചുചെന്നാലും ദൈവം സ്വീകരിക്കും. യാതൊരു സംശയവും ഇല്ല. എന്നാല്‍ സമൂഹത്തിന്റെ നന്മയും നല്ല പാരമ്പര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിലൂടെ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളും സംസ്‌കാരങ്ങളുമാണ് ഇവിടെ പ്രസക്തമാകുന്നത്. കൂടാതെ ആരാധനയ്ക്കുള്ള ഒരു മാനസിക ഒരുക്കവും പ്രത്യേകമായ വസ്ത്രധാരണത്തിലൂടെ ലഭിക്കും. നമുക്ക് മാത്രമല്ല നമ്മളെ കാണുന്നവര്‍ക്കുമുള്ള ഒരു ഓര്‍മപ്പെടുത്തലാകും നാം ധരിക്കുന്ന ശുഭ്രവസ്ത്രങ്ങള്‍.
ലൂക്കായുടെ സുവിശേഷം 9:28-30-ല്‍ നാം ഇങ്ങനെ വായിക്കുന്നു. ”പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ മുഖഭാവം മാറി. വസ്ത്രം വെണ്മയോടെ ശോഭിച്ചു.” താബോര്‍ മലയില്‍വച്ച് യേശു രൂപാന്തരപ്പെട്ടപ്പോള്‍ അവിടുത്തെ വസ്ത്രങ്ങളുടെ നിറവും രൂപാന്തരപ്പെട്ട് പ്രകാശംപോലെ ധവളമായി. നമ്മളും പ്രാര്‍ത്ഥനയില്‍ വളര്‍ന്ന്, ആന്തരികമായി രൂപാന്തരപ്പെടുമ്പോള്‍ നമ്മുടെ വസ്ത്രധാരണരീതിയിലും നമ്മള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങളിലും മാറ്റം ഉണ്ടാകും. മറ്റുള്ളവര്‍ ശ്രദ്ധിക്കുവാനും നാം ആകര്‍ഷിക്കപ്പെടുവാനുമുള്ള ആഗ്രഹം കുറയുമ്പോള്‍ സ്വാഭാവികമായും വസ്ത്രധാരണത്തില്‍ ലാളിത്യവും മാന്യതയും വിശുദ്ധിയും രൂപപ്പെടും. നമ്മുടെ പ്രാര്‍ത്ഥനകള്‍ ഈ ആന്തരികസ്വാതന്ത്ര്യത്തിലേക്ക് നമ്മളെ നയിക്കട്ടെ.
ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍