ദൈവത്തിന്റെ ഭൂതക്കണ്ണാടികള്‍

നിങ്ങള്‍ വഴിയില്‍ ഗര്‍ഭിണിയായ ഒരു യുവതിയുടെ അരികിലൂടെ കടന്നുപോകുന്നു എന്നിരിക്കട്ടെ. അവളുടെ കുഞ്ഞിനെ അനുഗ്രഹിക്കണമേയെന്നും സുഖപ്രസവം നല്കണമേയെന്നും അപ്പോള്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നു. ഒരു ആശുപത്രിയുടെ സമീപത്തുകൂടി കടന്നുപോകുമ്പോള്‍ അവിടെ മാരകരോഗങ്ങളാല്‍ വേദനയില്‍ കഴിയുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. വഴിയരികില്‍ കിടക്കുന്ന ഭിക്ഷാടകനെ കാണുമ്പോള്‍ അയാള്‍ക്ക് എന്തെങ്കിലും നല്കുകമാത്രമല്ല. ദൈവമേ, ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്കി ഇദ്ദേഹത്തെ അനുഗ്രഹിക്കണമേ എന്നും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ക്ക് ഭാരമനുഭവപ്പെടുന്നു. കൂട്ടായ്മകളില്‍ നാം ഉയര്‍ത്തുന്ന ഇത്തരം പ്രാര്‍ത്ഥനകള്‍ യാചനാപ്രാര്‍ത്ഥനകളാണ്. ഇത്തരത്തില്‍ ഒറ്റത്തവണ ചെയ്യുന്ന ചെറിയ പ്രാര്‍ത്ഥനകളെക്കാള്‍ ഉപരിയായ ഒന്നാണ് മധ്യസ്ഥപ്രാര്‍ത്ഥന.

എന്താണ് മധ്യസ്ഥപ്രാര്‍ത്ഥന?

എന്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കാറുള്ളത് എന്ന ചോദ്യത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മറുപടിയായി പറഞ്ഞത് ആ കാലഘട്ടത്തില്‍ ജീവിക്കുന്ന ജനങ്ങളുടെ ആനന്ദവും പ്രത്യാശയും വേദനയുമാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാവിഷയം എന്നാണ്. ഇതാണ് മധ്യസ്ഥപ്രാര്‍ത്ഥനയുടെ ഉള്ളടക്കം. യോഹന്നാന്‍ 11:1-44 മധ്യസ്ഥപ്രാര്‍ത്ഥനയെക്കുറിച്ച് മനോഹരമായി വരച്ചുകാട്ടുന്നു. ജറുസലെമില്‍നിന്നും 2 മൈല്‍ ദൂരെയുള്ള ബെഥനി എന്ന ഗ്രാമത്തിലാണ് സംഭവം. കുടുംബത്തില്‍ ലാസര്‍, മറിയം, മാര്‍ത്ത എന്നിവരാണുള്ളത്. ലാസര്‍ രോഗിയായിരുന്നു. യേശു നൂറ് കിലോമീറ്റര്‍ അകലെയാണ്. അതിനാല്‍ അവര്‍ സന്ദേശമയച്ചു, ”കര്‍ത്താവേ, അങ്ങ് സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു”
യേശു എത്തിയപ്പോഴേക്കും അടക്കം ചെയ്യപ്പെട്ടിട്ട് നാലു ദിവസമായിക്കഴിഞ്ഞിരുന്നു. വളരെപ്പേര്‍ സഹോദരന്റെ വിയോഗത്തില്‍ ആ സഹോദരിമാരെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. യേശു എത്തിയെന്നറിഞ്ഞപ്പോള്‍ മര്‍ത്താ അവിടുത്തെ പക്കലേക്കു ചെന്ന് അഭിവാദനം ചെയ്തു. മറിയം വീട്ടിലായിരുന്നു. മര്‍ത്താ യേശുവിനോടു പറഞ്ഞു, ”കര്‍ത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.” (യോഹന്നാന്‍ 11: 21). യേശു വന്നിരിക്കുന്നുവെന്ന് മര്‍ത്താ ചെന്ന് മറിയത്തെ അറിയിച്ചു. അവളും അവിടുത്തെ പക്കല്‍ ചെന്ന് അവിടുത്തെ പാദത്തിങ്കല്‍ മുട്ടുകുത്തി പറഞ്ഞു, ”കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല.’

അവളും അവള്‍ക്കൊപ്പം വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശുവിന്റെ ആത്മാവ് അസ്വസ്ഥമായി. കബറിടത്തിലേക്കു ചെന്ന് അവിടുന്ന് കണ്ണീര്‍ പൊ ഴിച്ചു. തുടര്‍ന്ന് ലാസറിനെ ഉയിര്‍പ്പിക്കുന്ന അത്ഭുതമാണ് അവിടെ നടന്നത്. ഇവിടെ ലാസറിനുവേണ്ടി മര്‍ത്തായും മറിയവും ചെയ്തതെന്താണോ അതാണ് മധ്യസ്ഥപ്രാര്‍ത്ഥന. കരുതലിന്റെ ഒരു പ്രവൃത്തിയും ദൈവികശക്തിയിലുള്ള വിശ്വാസവും ദൈവസ്തുതി ഉയര്‍ത്തുന്ന പ്രാര്‍ത്ഥനയും അത്ഭുതത്തിന്റെ സാക്ഷിയാകലുമാണത്.
മധ്യസ്ഥപ്രാര്‍ത്ഥന ഒരു രഹസ്യശുശ്രൂഷയാണ്. അത് സ്‌നേഹത്തിന്റെ പ്രവൃത്തിയാണ്. ആവിലായിലെ വിശുദ്ധ ത്രേസ്യ പറയുന്നത് അധികം സ്‌നേഹിക്കുന്നവന്‍ അധികം പ്രാര്‍ത്ഥിക്കുന്നു എന്നത്രേ. മധ്യസ്ഥപ്രാര്‍ത്ഥന ചെയ്യുന്നയാള്‍ പ്രാര്‍ത്ഥിക്കുന്നത് ഹൃദയം സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നതിനാലാണ്. മറ്റുള്ളവരെയും അവരുടെ ആവശ്യങ്ങളെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ സംവഹിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് സ്‌നേഹമാണ്. (യോഹന്നാന്‍ 4:14). ഒരുവന്‍ സ്‌നേഹിക്കുന്നില്ലായെങ്കില്‍ അവന് മധ്യസ്ഥപ്രാര്‍ത്ഥന സാധ്യമല്ല.

ദൈവത്തിനുമുന്നില്‍
ഭൂതക്കണ്ണാടികളാകുക

ഒരിക്കല്‍ എന്റെ ശ്രദ്ധയില്‍പെട്ട ഒരു പ്രസന്റേഷനില്‍ ”My soul magnifies the Lord” ”എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” (ലൂക്കാ 1:46) എന്ന മറിയത്തിന്റെ സ്തുതികീര്‍ത്തനത്തെ ആസ്പദമാക്കി ഒരു മധ്യസ്ഥപ്രാര്‍ത്ഥനക്കാരന്റെ മനോഭാവം വിശദമാക്കിയിരുന്നു. ‘മാഗ്നിഫൈ’ എന്ന വാക്കിന്റെ അര്‍ത്ഥം വലുതാക്കുക, വ്യക്തമാക്കുക, പുറത്തുകൊണ്ടുവരിക എന്നൊക്കെയാണ്. ഒരു മാഗ്നിഫൈയിംഗ് ഗ്ലാസ് അഥവാ ഭൂതക്കണ്ണാടി നാം പുസ്തകത്താളില്‍ ചേര്‍ത്തുവച്ചാല്‍ അതിലെ അക്ഷരങ്ങളും വാക്കുകളും നമുക്ക് കൂടുതല്‍ വ്യക്തമായി കാണുവാന്‍ കഴിയുന്നു. ഈ ഭൂതക്കണ്ണാടിയിലൂടെ ഒരു കടലാസു കഷണത്തിലേക്ക് അല്‍പനേരം സൂര്യപ്രകാശം കടത്തിവിടാന്‍ ശ്രമിച്ചാലോ? കുറച്ചുസമയം കഴിയുമ്പോള്‍ അതില്‍ കേന്ദ്രീകരിക്കുന്ന ചൂടിലൂടെ കടലാസുകഷണത്തിന്റെ നിറം മാറുകയും അത് കത്തുകയും ചെയ്യുന്നു.

മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്ന ഓരോ വ്യക്തിയും ഇതുപോലെ പ്രാര്‍ത്ഥനയാകുന്ന ഭൂതക്കണ്ണാടിയിലൂടെ ദൈവത്തിന്റെ പ്രകാശം ഒരു വ്യക്തിയിലേക്കോ സാഹചര്യത്തിലേക്കോ കടത്തിവിടുന്നവരാണ്; ദൈവത്തിന്റെ ശക്തി വലുതാക്കി കാണിക്കുന്നവരുമാണ്. അവര്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ കാരുണ്യമുള്ള ഇടപെടലിനായി വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു. അവരെ രക്ഷിക്കുവാനായി കൈനീട്ടിയ ദൈവത്തിന് അവര്‍ സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുകയും ചെയ്യുന്നു. മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്ന വ്യക്തി തന്റെ പിതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമര്‍പ്പിക്കുന്നു; ക്രിസ്തുവുമായി തന്നെത്തന്നെ ഐക്യപ്പെടുത്തുന്നു (മത്തായി 15:36, ലൂക്കാ 10:21, ലൂക്കാ 22:17-19).

മധ്യസ്ഥപ്രാര്‍ത്ഥന വ്യക്തിപരമായ ആവശ്യങ്ങളെക്കാള്‍ ഉപരിയാണ്. അത് പ്രാര്‍ത്ഥന ആവശ്യമുള്ള സഭയെയും നഗരത്തെയും രാജ്യത്തെയും ലോകം മുഴുവനെയും ഉള്‍ക്കൊള്ളുന്നു. യാചനപ്രാര്‍ത്ഥനയില്‍ ദൈവം നമുക്കായി എന്തെങ്കിലും ചെയ്യുന്നു. മധ്യസ്ഥപ്രാര്‍ത്ഥനയില്‍ ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കുന്നു. ഏറ്റവും വലിയ മധ്യസ്ഥനായ ക്രിസ്തുവിന്റെ ലോകത്തിനു മുഴുവനായും വേണ്ടിയുള്ള പ്രാര്‍ത്ഥനയിലൂടെ ദൈവം നമ്മെ ഒന്നാക്കുന്നു.
സാധാരണഗതിയില്‍ സ്തുതിപ്പും യാചനയും കൃതജ്ഞതയര്‍പ്പണവും തമ്മില്‍ വ്യത്യാസമുണ്ട്. സ്തുതിയും കൃതജ്ഞതയും ആത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ദൈവം മനുഷ്യന്റെ നന്മയ്ക്കായി ചെയ്യുന്ന മഹത്തായ പ്രവൃത്തികളിലൂടെ സ്വയം സ്തുതിക്കര്‍ഹനാണെന്ന് വെളിപ്പെടുത്തുന്നു, സ്തുതിപ്പ് സ്വഭാവികമായി നന്ദിപ്രകടനവും അനുഗ്രഹവുമായി മാറുന്നു. അത് സന്തോഷത്തോടെയും പ്രകടിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ചും പൊതുവായുള്ള ആരാധനയില്‍. യാചനയും മധ്യസ്ഥപ്രാര്‍ത്ഥനയും നേരെമറിച്ച് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു വ്യക്തി ലോകത്തിന് മുഴുവനും ദൈവത്തിന്റെ രക്ഷ നല്‍കപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതാണത്. എല്ലാ ക്രൈസ്തവരുടെയും കടമയാണ് മധ്യസ്ഥ പ്രാര്‍ത്ഥന. കാരണം അവിടുത്തെ ദൈവികപദ്ധതിയനുസരിച്ച് അവനില്‍/അവളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണത്.

സിറില്‍ ജോണ്‍


സിറില്‍ ജോണ്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ നാഷനല്‍ സര്‍വീസ് ടീമിന്റെയും ഇന്റര്‍നാഷനല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസ് സബ് കമ്മിറ്റി ഫോര്‍ ഏഷ്യ- ഓഷ്യാനിയയുടെയും ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു. Spurred by the Holy Spirit(മലയാള വിവര്‍ത്തനം: ദൈവാത്മാവിനാല്‍ ജ്വലിപ്പിക്കപ്പെട്ടവര്‍), Pray Lifting up the Holy Hands (മലയാള വിവര്‍ത്തനം: പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കുന്ന ദൈവം) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *