കര്‍ത്താവ് എന്നു പറഞ്ഞാല്‍…

”നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്നവ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?” (ലൂക്കാ 6:46).
കര്‍ത്താവ് എന്നു പറഞ്ഞാല്‍ അധിനാഥന്‍, ഉടയവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ബൈബിളില്‍ ദൈവത്തിനുവേണ്ടി ഉപയോഗിച്ചുപോരുന്ന ഒരു നാമമാണത്. ഉത്ഥാനം ചെയ്ത യേശുവിനെ ആദിമസഭ കര്‍ത്താവ് ആയി കാണുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. വിശുദ്ധ തോമാശ്ലീഹാ തന്റെ വിശ്വാസം പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞ വാക്കുകള്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സംശയാലുവായ വിശുദ്ധ തോമാശ്ലീഹാ പ്രഖ്യാപിച്ചു: ”എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!” (യോഹന്നാന്‍ 20:28). വിശുദ്ധ ശ്ലീഹായുടെ ഈ പ്രസ്താവം യേശുവിനെപ്പറ്റിയുള്ള ഏറ്റവും വ്യക്തവും ശക്തവുമായ വിശ്വാസപ്രഖ്യാപനമാണ്. ഇവിടെ പഴയനിയമത്തില്‍ ദൈവം സ്വന്തനാമമായി പ്രഖ്യാപിച്ച ‘യാഹ്‌വേ’, കര്‍ത്താവ് (പുറപ്പാട് 3:15) ദൈവം എന്നീ സംജ്ഞകള്‍ ഈശോയ്ക്ക് നല്‍കിയിരിക്കുന്നു.

അത്ഭുതകരമായ മീന്‍പിടുത്തത്തില്‍ ഈശോയുടെ ഇടപെടല്‍ മനസിലാക്കിയ വിശുദ്ധ യോഹന്നാന്‍, പത്രോസിനോട് പറഞ്ഞു: ”അത് കര്‍ത്താവാണ്” (യോഹന്നാന്‍ 21:7). അത് കര്‍ത്താവാണെന്നു പറഞ്ഞപ്പോള്‍ വിശുദ്ധ യോഹന്നാന്‍ എന്താണ് ഉദ്ദേശിച്ചത്? ഈ കടലിന്റെയും ഈ വഞ്ചിയുടെയും ഈ വലയുടെയും ഈ മത്സ്യത്തിന്റെയും ശിഷ്യരുടെയുമെല്ലാം ഉടയവനാണ് യേശുക്രിസ്തു.

രക്ഷപ്പെടാന്‍ യേശു കര്‍ത്താവാണെന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ”അതിനാല്‍ യേശു കര്‍ത്താവാകുന്നുവെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം മരിച്ചവരില്‍നിന്ന് അവിടുത്തെ ഉയിര്‍പ്പിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്പെടും” (റോമാ 10:9). കാവല്‍ക്കാരന്‍ പൗലോസിനോടും സീലാസിനോടും ചോദിച്ചു: ”യജമാനന്മാരേ, രക്ഷ പ്രാപിക്കുന്നതിന് എന്താണ് ഞാന്‍ ചെയ്യേണ്ടത്?” അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16:30-31). ചുരുക്കത്തില്‍ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി നില്ക്കുന്ന കര്‍ത്താവായ യേശുവിന്റെ മഹത്വവും ശക്തിയും നാം മനസിലാക്കിയിരിക്കണം.

യേശു നമ്മുടെ കര്‍ത്താവാണെങ്കില്‍ എന്തുകൊണ്ട് നാം അവിടുത്തെ ബഹുമാനിക്കുവാന്‍, അനുസരിക്കുവാന്‍ താല്പര്യം കാണിക്കുന്നില്ല. ഒരു ചെറിയ ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. നിങ്ങള്‍ക്ക് ഒരു നായ ഉണ്ടെന്ന് വിചാരിക്കുക. നിങ്ങള്‍ അതിനെ ദിവസവും കുളിപ്പിക്കുന്നു. വൈകുന്നേരം നടക്കാന്‍ കൊണ്ടുപോകുന്നു. പക്ഷേ, അത് നിങ്ങള്‍ പറയുന്നത് അനുസരിക്കുകയില്ല. അടുത്തവീട്ടിലെ ചേട്ടന്‍ ‘ടിറ്റോ’ എന്ന് വിളിക്കുമ്പോള്‍ അങ്ങോട്ട് പോകുന്നു. വഴിയില്‍ കിടക്കുന്ന പത്രം എടുത്തുകൊണ്ടുവരാന്‍ പറയുമ്പോള്‍ അനുസരിക്കുന്നു. ‘ടിറ്റോ’യുടെ ഉടമസ്ഥന്‍ നിങ്ങളാണെങ്കിലും അനുസരിക്കുന്നത് മറ്റൊരുവനെയാണ്. ഇതുതന്നെയാണ് യേശുവും പറയുന്നത്. ഞാനാണ് നിന്റെ ഉടയവന്‍. പക്ഷേ നീ അനുസരിക്കുന്നത് വേറൊരുവനെയാണ്, അതായത് സാത്താനെ. ഇത് ശരിയാകുമോ?

കര്‍ത്താവ് ഒരുവനില്‍ വന്ന് വസിച്ചു കഴിയുമ്പോള്‍ അവന്‍ അനുഗൃഹീതനായി മാറും. അവനും ദൈവവുമായുള്ള ബന്ധം വളരെ ദൃഢമാകും. പരിശുദ്ധ അമ്മയുടെ ജീവിതം നമുക്ക് നല്ലൊരു സാക്ഷ്യമാണ് (ലൂക്കാ 2:28, 42,43,45). വിശുദ്ധ പൗലോസ് ശ്ലീഹായുടെ മുന്നറിയിപ്പ് നമുക്കോര്‍ക്കാം: ”കര്‍ത്താവിനെ സ്‌നേഹിക്കാത്തവന്‍ ശപിക്കപ്പെട്ടവനാകട്ടെ” (1 കോറിന്തോസ് 16:22). അതിനാല്‍ നമ്മുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും സഭയിലേക്കും കടന്നുവരാന്‍വേണ്ടി ആദിമസഭയോടൊപ്പം നിലവിളിച്ച് പ്രാര്‍ത്ഥിക്കാം: ‘മാറാനാതാ’ കര്‍ത്താവേ വന്നാലും
(1 കോറിന്തോസ് 16:22, വെളിപാട് 22:20).

Leave a Reply

Your email address will not be published. Required fields are marked *