ഒന്നു ‘സോറി’ പറഞ്ഞിരുന്നെങ്കില്‍

സാത്താന്‍ ഒരിക്കല്‍ പരാതിയുമായി ദൈവത്തിന്റെ മുന്നിലെത്തി. ”ദൈവമേ, അങ്ങ് നീതിമാന്‍ ആണെന്ന് എല്ലാവരും പറയുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അത് ശരിയാണെന്ന് തോന്നുന്നില്ല.”

”എന്താ അങ്ങനെ തോന്നാന്‍?”

”ഈ മനുഷ്യര്‍ എന്തെല്ലാം തെറ്റു ചെയ്യുന്നു. എന്നിട്ടും അവരോടെല്ലാം അങ്ങ് കരുണ കാണിക്കുന്നു. ഒരേ തെറ്റുതന്നെ എത്ര പ്രാവശ്യം ചെയ്താലും അതേറ്റു പറഞ്ഞ് കുമ്പസാരിച്ചാല്‍ അവരോടെല്ലാം അങ്ങ് ക്ഷമിക്കും. പക്ഷേ ഞാന്‍ ഒരു പ്രാവശ്യം തെറ്റു ചെയ്തപ്പോഴേക്കും അങ്ങ് എന്നെ നിത്യനരകത്തിന് വിധിച്ചു. മനുഷ്യര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷമ എന്തുകൊണ്ട് എനിക്ക് നല്കുന്നില്ല? അങ്ങ് എന്നോട് വിവേചനമല്ലേ കാണിക്കുന്നത്. ഇതെങ്ങനെ നീതിയാകും?”
ദൈവം ഒരു ചെറുപുഞ്ചിരിയോടെ സാത്താനോട് ചോദിച്ചു: നീ എപ്പോഴെങ്കിലും എന്നോട് ക്ഷമ ചോദിച്ചിട്ടുണ്ടോ. ചെയ്തത് തെറ്റിപ്പോയി എന്ന് ഉള്ളില്‍ തിരിച്ചറിവുണ്ടായിട്ടുണ്ടോ. പിന്നെങ്ങനെയാണ് നിനക്കെന്റെ ക്ഷമ സ്വീകരിക്കാന്‍ കഴിയുക?

സാത്താന്‍ കുനിഞ്ഞ ശിരസുമായി ദൈവസന്നിധി വിട്ടു എന്നതാണ് കഥ. അഹങ്കാരമാണ് ലൂസിഫറിനെ സാത്താനായി മാറ്റിയത്. അഹങ്കാരംകൊണ്ടുതന്നെയാണ് അവന് ‘സോറി’ പറയാനും ദൈവത്തിന്റെ മുന്നില്‍ മുട്ടുമടക്കാനും കഴിയാതാകുന്നത്. ഈ തിന്മതന്നെയാണ് മനുഷ്യജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുന്നതും.
വാശി, മത്സരബുദ്ധി, എതിര്‍പ്പിന്റെ അരൂപി ഇതെല്ലാം സാത്താന്‍വഴി മനുഷ്യവര്‍ഗത്തിലേക്ക് കടന്നുവന്ന തിന്മകളാണ്. ഇതിന്റെയെല്ലാം അടിസ്ഥാന കാരണമായ ‘അഹങ്കാരം’ തന്നെയാണ് തെറ്റിപ്പോയി എന്ന് അംഗീകരിക്കാനും ക്ഷമ ചോദിക്കാനും കഴിയാത്തവിധം നമ്മെ ദുര്‍ബലരാക്കുന്നത്.
കുടുംബബന്ധങ്ങളിലും സൗഹൃദമേഖലയിലും സാമൂഹ്യജീവിതത്തിലും ക്ഷമ ചോദിക്കാന്‍ കഴിയാത്തവരും ക്ഷമ കൊടുക്കാന്‍ കഴിയാത്തവരും ജീവിതം നരകതുല്യമാക്കി മാറ്റും. എന്തെല്ലാം തെറ്റുകള്‍ സംഭവിച്ചാലും ന്യായീകരിക്കുന്ന സ്വഭാവം, എല്ലാ പ്രശ്‌നങ്ങളുടെയും കാരണം മറ്റുള്ളവരിലും സാഹചര്യങ്ങളിലും ആരോപിക്കുന്ന പ്രവണത ഇതൊക്കെ അഹങ്കാരത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

പാപമില്ലാതിരുന്നിട്ടും പാപികളോടൊപ്പം ജോര്‍ദാന്‍ നദിയില്‍ അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാന്‍ തയാറായ യേശുവിന്റെ എളിമ ധ്യാനിക്കുമ്പോള്‍ നമ്മുടെ അഹങ്കാരഭാവങ്ങള്‍ ഇല്ലാതാകും. ഒന്നു ‘സോറി’ പറയാന്‍ തയാറായാല്‍, തെറ്റിപ്പോയി എന്ന് അംഗീകരിക്കാന്‍ മനസുണ്ടായാല്‍ നിരവധി ദാമ്പത്യബന്ധങ്ങള്‍ സൗഖ്യപ്പെടും. ഒരുപാട് കുടുംബങ്ങളില്‍ സന്തോഷം നിറയും. പല വാശികളും കലഹങ്ങളും അപ്രത്യക്ഷമാകും. ഒന്നു ചെറുതാകാന്‍ മനസുണ്ടെങ്കില്‍ നമുക്ക് വലുതാകാന്‍ കഴിയും. യേശുവിന്റെ ജീവിതം അതാണ് നമ്മളെ പഠിപ്പിക്കുന്നത്. അവന്‍ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് കുരിശുമരണംവരെ സ്വയം താഴ്ത്തി. അതിനാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി (ഫിലിപ്പി 2:8-9). ഒരു സോറി പറയാന്‍ കഴിയാത്തവിധത്തിലുള്ള നമ്മുടെ ഞാന്‍ഭാവങ്ങളെല്ലാം യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ… എന്റെ അഹങ്കാരത്തിന്റെ ഫലമായുണ്ടായ എല്ലാ ന്യായീകരണങ്ങളെയും കുറ്റാരോപണങ്ങളെയും എതിര്‍പ്പിന്റെ പ്രവണതകളെയും ഞാനങ്ങേക്ക് സമര്‍പ്പിക്കുന്നു. എളിമയും ശാന്തതയുമുള്ള ഈശോയേ, എന്റെ ഹൃദയത്തെയും അങ്ങേ ഹൃദയംപോലെ ആക്കിത്തീര്‍ക്കേണമേ ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *