1951 ഒക്‌ടോബര്‍ 21-ന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ ലക്കോണിയിലെ (ഇറ്റലി) വിശുദ്ധ ഇഗ്നേഷ്യസ് കപ്പൂച്ചിന്‍ സഭയിലെ ഒരു ബ്രദര്‍ ആയിരുന്നു. നാല്പതു വര്‍ഷത്തോളം ആശ്രമത്തിനുവേണ്ടി ഭക്ഷണവും പണവും ഭിക്ഷ തേടി സമാഹരിക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. പോകുന്ന വഴികളില്‍ കാണുന്നവര്‍ക്കെല്ലാം അദ്ദേഹം സ്‌നേഹവും സന്തോഷവും പകരും. രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ശത്രുതയില്‍ കഴിയുന്നവരെ രമ്യപ്പെടുത്തും. ഓരോ ഭവനത്തിലും എത്തി പ്രാര്‍ത്ഥിക്കുന്ന ആ സന്യാസിയെ നഗരവാസികള്‍ ഒരു വിശുദ്ധനായി പരിഗണിച്ച് ആദരിച്ചു. അദ്ദേഹം വീട്ടില്‍ വരുന്നതും അദ്ദേഹത്തിന് ഭിക്ഷ കൊടുക്കുന്നതും ഒരു അനുഗ്രഹമായിട്ടാണ് ജനങ്ങള്‍ കരുതിയത്.
എന്നാല്‍ പട്ടണത്തിലെ ഒരു ഭവനത്തില്‍ മാത്രം വിശുദ്ധ ഇഗ്നേഷ്യസ് പോവുകയില്ലായിരുന്നു. കൊള്ളപ്പലിശക്ക് പണം കടം കൊടുത്ത് പാവപ്പെട്ടവരെ ചൂഷണം ചെയ്തിരുന്ന ആ ധനാഢ്യനായ മനുഷ്യന് ഇത് അവഹേളനയായി തോന്നി. അയാള്‍ ആശ്രമാധികാരികള്‍ക്ക് പരാതി അയച്ചു. ആശ്രമത്തിലേക്ക് ധാരാളം ധാന്യം നല്കാന്‍ തയാറാണ്. പക്ഷേ ഇഗ്നേഷ്യസ് സന്യാസി തന്റെ വീട്ടിലെത്തി അതു സ്വീകരിക്കുന്നില്ല.
ധനാഢ്യന്റെ ജീവിതത്തെക്കുറിച്ച് ഒന്നും അറിവില്ലാത്ത ആശ്രമാധികാരി വിശുദ്ധ ഇഗ്നേഷ്യസിനോട് പലിശക്കാരന്റെ വീട്ടിലെത്തി ഭിക്ഷ സ്വീകരിക്കാന്‍ ആജ്ഞാപിച്ചു. അദ്ദേഹം അനുസരിക്കുകയും ചെയ്തു. ധനാഢ്യനായ മനുഷ്യന്‍ കൊടുത്ത ഒരു ചാക്ക് ധാന്യവും മറ്റു ഭക്ഷണസാധനങ്ങളും വിശുദ്ധ ഇഗ്നേഷ്യസ് ആശ്രമത്തിലെത്തി ആശ്രമശ്രേഷ്ഠന്റെ മുന്നില്‍ കുടഞ്ഞിട്ടു. അപ്പോള്‍ ചാക്കില്‍നിന്നും രക്തത്തുള്ളികള്‍ ഇറ്റിറ്റായി വീഴാന്‍ തുടങ്ങി. അതു കണ്ട് നിന്നിരുന്ന എല്ലാ സന്യാസികളോടുമായി വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞു:
”ഇത് പാവപ്പെട്ടവരുടെ ചോരയാണ്. അതുകൊണ്ടാണ് ഞാനാ ഭവനത്തില്‍ പോയി സംഭാവനകള്‍ സ്വീകരിക്കാതിരുന്നത്.”