വിറകും ഞാനും തീയും

തൊളേദോയിലെ തടവറയില്‍ അടയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു കുരിശിന്റെ വിശുദ്ധ യോഹന്നാന്‍. കഠിനമായ ഏകാന്തതയുടെയും മാനസികവും ശാരീരികവുമായ സഹനങ്ങളുടെയും കയ്‌പേറിയ അവസ്ഥകളിലൂടെ കടന്നുപോകേണ്ടിവന്നു അദ്ദേഹത്തിന്. എങ്കിലും ആ കാരാഗൃഹത്തില്‍ അദ്ദേഹം ദൈവത്തിന്റെ സ്‌നേഹസാന്നിധ്യം അനുഭവിച്ചു. വിശുദ്ധബലി അര്‍പ്പിക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ട വിശുദ്ധന്‍ തന്റെ ജീവിതംതന്നെ ഒരു സ്‌നേഹബലിയായി ദൈവത്തിന് അര്‍പ്പിച്ചപ്പോള്‍ ദൈവത്തിന്റെ സ്‌നേഹം മധുരിക്കുന്ന അഗ്നിയായി അദ്ദേഹത്തെ പൊതിഞ്ഞു. ”നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്” (ഹെബ്രായര്‍ 12:29) എന്ന തിരുവചനം വിശുദ്ധനെ ആ തടവറയ്ക്കുള്ളില്‍ ദൈവസ്‌നേഹാഗ്നിജ്വാലയാക്കി മാറ്റി. ദൈവസ്‌നേഹത്തില്‍ നിമഗ്നരാകാന്‍ ആഗ്രഹിക്കുന്ന ആത്മാക്കള്‍ക്ക് ദൈവം നല്കുന്ന തന്റെ സ്‌നേഹത്തിന്റെ എരിയിക്കുന്ന അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.

വിറക് തീയായി മാറുന്നതിനോടാണ് വിശുദ്ധന്‍ ദൈവസ്‌നേഹാഗ്നിയില്‍ എരിയപ്പെടുന്ന ആത്മാവിനെ ഉപമിക്കുന്നത്. വിറക് തീയില്‍ വയ്ക്കുമ്പോള്‍ അതില്‍ തീ പിടിക്കുന്നതിന്റെ ആദ്യപടിയായി വിറകിനെ ഉണക്കുന്നു. അതായത്, വിറകിലുള്ള ഈര്‍പ്പവും ജലാംശവും പുറംതള്ളും, തീ പിടിക്കാന്‍ തടസമായ പശയോ കറകളോ ഉïെങ്കില്‍ അവയെല്ലാം തീയുടെ ചൂടില്‍ എരിയിക്കും. പിന്നീട് ശ്രദ്ധിച്ചാല്‍, തീയുടെ ചൂടില്‍ വിറക് കറുത്ത് വിരൂപമാകുകയും ചിലപ്പോള്‍ ദുര്‍ഗന്ധം വമിക്കുകയും ചെയ്‌തേക്കാം. ക്രമേണ വിറകില്‍ തീ പിടിച്ചുതുടങ്ങുകയും വിറക് തീതന്നെ ആയി മാറുകയും ചെയ്യും. അപ്പോള്‍ അതിന്റെ ആദ്യത്തെ വൈരൂപൃമെല്ലാം നീങ്ങി അഗ്നിയുടെ സൗന്ദര്യവും ആകര്‍ഷകത്വവും കൈവരിക്കും. അങ്ങനെ തീയായി മാറിയ വിറകിന് പിന്നെ സ്വന്തമായ പ്രത്യേകതകളൊന്നും ഇല്ല, അഗ്നിയുടെ സ്വഭാവം മാത്രം. തീ ഈ വിറകിനെ തീയായി മാറ്റിയതുപോലെ തീയായി മാറിയ ഈ വിറകിനു മറ്റു വസ്തുക്കളെ കത്തിച്ച് തീയാക്കാനും ചൂടുപിടിപ്പിക്കാനും സാധിക്കും. സകലതിനുമുപരി, പ്രകാശിക്കുകയും പ്രകാശിപ്പിക്കുകയും പ്രകാശം പ്രസരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ആ വിറക് രൂപപ്പെടുന്നു.

വെറും വിറകുസമാനമായ ആത്മാവിനെ ദൈവം തന്റെ സ്‌നേഹമാകുന്ന അഗ്നിയായി രൂപാന്തരപ്പെടുത്തുമ്പോഴും ആദ്യം അതിന്റെ കുറവുകളും വൈരൂപ്യങ്ങളും പുറത്തുവന്ന്, അനാകര്‍ഷകമായിത്തീരും. അപ്പോള്‍മാത്രമായിരിക്കും തന്നില്‍ ഇത്രമാത്രം കുറവുകളും അശുദ്ധിയും ഉïെന്ന് ആ വ്യക്തി തിരിച്ചറിയുക. തന്നില്‍നിന്ന് നിര്‍ഗമിക്കുന്ന മാലിന്യങ്ങള്‍ കï് സ്വയം വെറുപ്പുപോലും തോന്നിപ്പോയേക്കാം. എങ്കിലും ക്രമേണ ദൈവസ്‌നേഹാഗ്നിയായിത്തന്നെ അത് രൂപാന്തരപ്പെടുകയും ദൈവികശോഭ കൈവരിക്കുകയും ചെയ്യും. ജീവിച്ചിരിക്കെ ദൈവവുമായി ഐക്യത്തിലാവുന്നവരിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളിലും സംഭവിക്കുന്നത് ഇപ്രകാരമാണെന്ന് വിശുദ്ധന്‍ വെളിപ്പെടുത്തുന്നു, ”ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്, അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കില്‍!” (ലൂക്കാ 12:49) എന്ന് ഈശോ തന്റെ ഹൃദയാഭിലാഷം അറിയിക്കുമ്പോള്‍ നാമെല്ലാവരും അവിടുത്തെ സ്‌നേഹമാകുന്ന അഗ്നിയാല്‍ കത്തിജ്വലിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം ആസ്വദിച്ച്, ആ സ്വര്‍ഗീയ ആനന്ദം അനുഭവിച്ച് ജീവിക്കണമെന്നതാണ് അവിടുത്തെ തിരുഹിതം. അതിന് നാം നമ്മെത്തന്നെ ദൈവസ്‌നേഹാഗ്നിയിലേക്ക് വിറകുസമാനം വച്ചുകൊടുക്കണം. നമ്മിലുള്ളതെല്ലാം കത്തിച്ചാമ്പലാക്കാന്‍ അനുവദിക്കണം. നിശബ്ദമായി, ശാന്തമായി ഉപരി സ്‌നേഹത്തോടെയും സന്തോഷത്തോടെയും ദൈവത്തിന് ഇഷ്ടമുള്ളതുപോലെ ചെയ്യാന്‍ നിന്നുകൊടുക്കണം. അപ്പോള്‍ അവിടുന്ന് പ്രവര്‍ത്തിച്ചുകൊള്ളും. അതിനുള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം.

ദൈവമേ അങ്ങേ സ്‌നേഹാഗ്നി ജ്വാലയാല്‍ എന്നെ എരിയിക്കണമേ. അവിടുത്തേക്കു യോജിക്കാത്തതായി എന്നിലുള്ള സകലതും ആ തീയില്‍ കത്തിച്ചുകളഞ്ഞാലും. അങ്ങനെ അവിടുത്തെ സ്‌നേഹാഗ്നിയായി ഞാന്‍ രൂപാന്തരപ്പെടട്ടെ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *