എഴുന്നേല്‍ക്കാം, പിതാവിനരികില്‍ ചെല്ലാം

”അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു” (ലൂക്കാ 15:17-20).

അനുതാപത്തിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചാണ് ധൂർത്തപുത്രന്റെ ഉപമ നമ്മോട് സംസാരിക്കുന്നത്. പാപം ചെയ്തു നാം ദൈവത്തെയും സഹമനുഷ്യരെയും വേദനിപ്പിച്ചു എന്നതിലുള്ള ദുഃഖം മാത്രമല്ല അനുതാപം. പശ്ചാത്താപം തോന്നുന്നതും കണ്ണീർ പൊഴിക്കുന്നതും അനുതാപത്തിന്റെ ആദ്യ പടി മാത്രമാണ്. പന്നിക്കൂടിന്റെ നിസഹായാവസ്ഥയിൽ ആയിരുന്നപ്പോഴാണ് ധൂർത്തപുത്രന് പശ്ചാത്താപം ഉണ്ടായത്. എന്നാൽ ധൂർത്തപുത്രന്റെ കഥ അവിടം കൊണ്ട് അവസാനിക്കുന്നില്ല. അവൻ എഴുന്നേറ്റ് പിതാവിന്റെ പക്കലേക്ക് പോകാൻ തീരുമാനിക്കുന്നു, സ്വഭവനത്തിലേക്ക് മടങ്ങിയെത്തുന്നു. ഇതാണ് അനുതാപം.

അയർലണ്ടിലെ ഡബ്ലിനിൽ ജീവിച്ചിരുന്ന ഒരു മദ്യപനായിരുന്നു മാറ്റ് ടാൽബട്ട്. ചെറുപ്പത്തിൽത്തന്നെ സ്‌കൂൾ ജീവിതം അവസാനിപ്പിച്ച മാറ്റ് 13-ാം വയസായപ്പോഴേക്കും ഒരു തികഞ്ഞ മദ്യപനായി മാറി. 1884-ൽ മാറ്റിന് 28 വയസ് പ്രായമുള്ള സമയത്ത്, ഒരു ദിവസം പണമില്ലാത്തതിനാൽ മദ്യപിക്കാനായില്ല. പന്നിക്കൂട്ടിലെ ധൂർത്തപുത്രനെപ്പോലെ ഏറെ ദുഃഖിതനായി മാറ്റ് അന്ന് വീട്ടിലേക്ക് മടങ്ങി.

ആ ദുഃഖത്തിന്റെ ഫലമായി മദ്യം പൂർണമായി ഉപേക്ഷിച്ചവരുടെ കൂട്ടായ്മയിൽ മാറ്റ് അംഗമായി. ആദ്യം മൂന്ന് മാസക്കാലത്തേക്കും പിന്നീട് ആറു മാസക്കാലത്തേക്കും അവസാനം ജീവിതകാലം മുഴുവനും മദ്യം പൂർണമായി ഉപേക്ഷിക്കാനുള്ള പ്രതിജ്ഞ മാറ്റ് എടുത്തു. അത് എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല. പ്രാർത്ഥനയും ഉപവാസവും അനുദിന ബലിയും ബൈബിൾ പാരായണവുമാണ് പ്രതിജ്ഞയിൽ ഉറച്ചു നിൽക്കുവാനുള്ള ശക്തി മാറ്റിന് നൽകിയത്. 1890-ൽ മാറ്റ് ഫ്രാൻസിസ്‌ക്കൻ മൂന്നാം സഭയിൽ അംഗമായി. ഒരിക്കൽ മാറ്റിന്റെ മുൻസുഹൃത്തുക്കൾ അദ്ദേഹത്തെ ബലമായി പബ്ബിലേക്ക് കൂട്ടിക്കൊïുപോയെങ്കിലും അവരുടെ നിർബന്ധത്തെ തുടർന്ന് നാരങ്ങാവെള്ളം കുടിച്ച് അദ്ദേഹം തിരികെപ്പോന്നു.

തഴക്കദോഷങ്ങൾ അഥവാ കുമ്പസാരിച്ചിട്ടും ആവർത്തിക്കപ്പെടുന്ന പാപങ്ങളുടെ അടിമത്വം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അടിക്കടി കുമ്പസാരം നടത്തിയതു കൊണ്ട് മാത്രം പരിഹാരമാകില്ല. മാറ്റ് ടാൽബട്ടിനെപ്പോലെ ഇനി പാപം ചെയ്യുകയില്ലെന്ന് നാം തീരുമാനമെടുക്കണം. പാപം ചെയ്തു കഴിയുമ്പോൾ എല്ലാ പാപിക്കും ദുസ്സഹമായ അവസ്ഥ അനുഭവപ്പെടും, പന്നിക്കുഴി അനുഭവത്തിലൂടെ കടന്നുപോകും. പാപത്തിൽ നിന്ന് പുറത്തുവരുവാനും ദൈവത്തിന്റെ ഹൃദയത്തിലേക്ക് മടങ്ങാനുമുള്ള ദൈവത്തിന്റെ വിളിയാണത്.

ആ വിളിക്ക് ഉത്തരമായി ഉണ്ടാകേണ്ടത്‌ യഥാർത്ഥ അനുതാപമാണ്. ഇനി പാപം ചെയ്യുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ പാപത്തോട് വിടപറഞ്ഞുകൊണ്ട് ദൈവത്തിലേക്ക് നടത്തുന്ന മടക്കയാത്രയാണത്. ഈ തീരുമാനം ഇല്ലെങ്കിൽ എത്ര കുമ്പസാരം നടത്തിയാലും രക്ഷപെടാൻ സാധിക്കില്ല. ധൂർത്തപുത്രനെപ്പോലെ, എഴുന്നേറ്റ്, ദൈവകരുണയിലാശ്രയിച്ചുകൊണ്ട് ദൈവപിതാവിനരികിലേക്ക് തിരിച്ചുനടന്നാൽ പാപത്തിന്റെ ചങ്ങല പൊട്ടിച്ചുകൊണ്ട് ദൈവമകന്റെ സ്വാതന്ത്ര്യം അനുഭവിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *