ദൈവഹിതത്തിന്റെ പാതകളില്‍…

ലോകത്തിന്റെ മനസിന് ദൈവഹിതം തിരിച്ചറിയുക ക്ലേശകരമാണ്. അതുകൊണ്ട് ആദ്യമേ ദൈവത്തിന്റെ മനസ് തേടണം. ഈശോയുടെ പരസ്യകാല ജീവിതം കാണുക. മൂന്നു വർഷം. യാത്ര ചെയ്തതോ മുന്നൂറു മൈലിൽതാഴെ. കണ്ടുമുട്ടിയതോ ഏതാനും പേരെ മാത്രം. എന്നിട്ടും ദൈവഹിതം പൂർണമായി അവൻ നിറവേറ്റി. പോകാൻ സമയമായപ്പോൾ പറഞ്ഞു: ”അവിടുന്ന് എന്നെ ഏല്പിച്ച ജോലി ഞാൻ പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി” (യോഹന്നാൻ 17:4). ജീവിതത്തിന്റെ ദൈർഘ്യമോ പ്രവൃത്തികളുടെ വലുപ്പമോ ഒന്നും ദൈവഹിതത്തിന്റെ മാനദണ്ഡങ്ങളല്ല. ഒരാത്മാവിന്റെ മൂല്യം നിശ്ചയിക്കുന്നത് ദൈവം പറഞ്ഞത് ചെയ്‌തോ എന്നതിലാണ്.
വചനത്തിലെ നാലു കഥാപാത്രങ്ങളെ പരിശോധിക്കാം.

ആദ്യത്തെ കഥാപാത്രം

സക്കേവൂസ് (ലൂക്കാ 19). ക്രിസ്തുവിനെ കണ്ടുമുട്ടിയ മാത്രയിൽ അവൻ രണ്ടു തീരുമാനങ്ങൾ എടുത്തു. ആരുടെയെങ്കിലും മുതൽ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി മടക്കിക്കൊടുക്കുന്നു. സ്വത്തിന്റെ പകുതി ദരിദ്രർക്കും നല്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വന്നപ്പോൾ പിന്നെ വസ്തുവകകൾക്ക് അവന്റെ ലഹരിയാകാൻ കഴിയില്ല. ഭവനത്തിന്റെ അടിസ്ഥാനമിളകി, ഈ തീരുമാനങ്ങളിൽ. കാരണം ശേഷിച്ചത് അധികമൊന്നുമില്ലെന്ന് അവനറിയാം. ക്രിസ്തുവിൽ ജീവിതം ആരംഭിക്കാൻ പഴയ അടിസ്ഥാനം ഇളക്കിയേ തീരൂ. ക്രിസ്തുവെന്ന പുതുവീഞ്ഞ് സക്കേവൂസിന്റെ പഴയ തോൽക്കുടത്തിൽ ഇണങ്ങില്ല. പുതിയ അടിസ്ഥാനത്തിന്മേൽ അവൻ പിന്നീടവന്റെ ജീവിതഭവനം പണിതുയർത്തി.

രണ്ടാമത്തെ കഥാപാത്രം

ധനികനായ യുവാവ് (മത്തായി 19). ഉന്നതമായ ലക്ഷ്യമുണ്ടവന്. നിത്യജീവൻ അവകാശമാക്കണം. അവന്റെ പ്രായത്തിലുള്ള ചെറുപ്പക്കാർ വീഴുന്ന പാപത്തിലൊന്നും അവൻ വീഴുന്നില്ല. കല്പനകൾ നന്നേ ചെറുപ്പംമുതലേ അവന്റെ കാവലാളാണ്. പിഴച്ച വഴികളിലൊന്നും അവൻ യാത്ര ചെയ്തിട്ടില്ല. അത്രമേൽ കൃപയുള്ളവനോട് ക്രിസ്തു കുറെക്കൂടി ഉന്നതമായത് ആവശ്യപ്പെട്ടു. പൂർണനാകാൻ ഇഷ്ടമെങ്കിൽ സകലതും കൊടുത്തിട്ട് വെറുംകൈയോടെ വരുക.

അതവനെ തകർത്തുകളഞ്ഞു. ലക്ഷ്യം ശരിയായിട്ടുണ്ടവന്. വില കൊടുക്കാൻ മനസില്ല. ഉന്നത ആദർശങ്ങളോ ശ്രേഷ്ഠരുമായുള്ള കണ്ടുമുട്ടലുകളോ നിങ്ങളെ ഒന്നുമാക്കില്ല, അവൻ പറയുന്നത് ചെയ്യാൻ ആകില്ലായെങ്കിൽ. വിശുദ്ധിയെന്നാൽ കല്പനകൾ എന്നുമാത്രം തെറ്റിദ്ധരിച്ചവന് പറ്റിയ അബദ്ധമാണിത്. ചിലപ്പോഴെങ്കിലും ജീവിതത്തിന്റെ തൊണ്ണൂറ്റിയെട്ടു ശതമാനവും സമർപ്പിക്കാൻ നമുക്ക് എളുപ്പമാണ്. ശേഷിക്കുന്ന രണ്ടുശതമാനമാണ് പ്രശ്‌നം. അത് കൊടുക്കാൻ നിങ്ങളേറെ ക്ലേശിക്കേണ്ടിവരും. അവൻ ചോദിക്കുന്നതോ ആ ശേഷിക്കുന്നതും.

മൂന്നാമത്തെ കഥാപാത്രം

പിതാവിനെ സംസ്‌കരിക്കാൻ അനുവാദം ചോദിക്കുന്ന ചെറുപ്പക്കാരൻ (ലൂക്കാ 9). ഗുരുവിന്റെ പിന്നാലെ പോകാൻ വലിയ താല്പര്യമാണവന്. തല ചായ്ക്കാൻ ഇടമില്ലെങ്കിലും അവൻ കൂടെ നടക്കാം എന്നു തീരുമാനിച്ചു. പക്ഷേ അപ്പനെ അടക്കാൻ പോയിട്ട് വരണം. സുവിശേഷം ഒരുവന്റെ മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി സ്വീകരിക്കുക അത്ര എളുപ്പമല്ല. പൂർണമനസോടും പൂർണ ഹൃദയത്തോടും സർവശക്തിയോടുംകൂടി സ്‌നേഹിക്കുന്നുവെന്ന് ആത്മാർത്ഥമായി പറയുന്നവൻ വീടിനെ മറന്നും ഉടയവനെ പിഞ്ചെല്ലേïതല്ലേ. അവന്റെ തിടുക്കമാർന്ന ശിഷ്യത്വത്തിന് ക്രിസ്തു ചോദിക്കുന്ന കപ്പം വളരെ ഉയർന്നതാണ്. ആ ചെറുപ്പക്കാരൻ അതിൽ പരാജയപ്പെട്ടു. ആവേശത്തിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ദൈവഹിതം നിറവേറ്റാൻ ആവേശം മാത്രം പോരാ. പാട്ടു പാടാൻ സംഗീതവും താളവും ശബ്ദവും മതിയാകും. പക്ഷേ, ക്രിസ്തു പറയുന്ന ജീവിതം പാടിത്തീർക്കാൻ നമ്മുടെ ജീവിതമൂല്യങ്ങളുടെ ക്രമങ്ങളെ ഏറെ തെറ്റിക്കേണ്ടി വന്നേക്കാം. ഒന്നാം സ്ഥാനം ദൈവത്തിനാകണം എന്നും എവിടെയും.

നാലാമത്തെ കഥാപാത്രം

ലെഗിയോൻ ബാധിച്ച മനുഷ്യൻ (മർക്കോസ് 5). മരിക്കുംമുമ്പേ ജീവിതം ശവകുടീരങ്ങൾക്കിടയിൽ തളയ്ക്കപ്പെട്ട ഈ ചെറുപ്പക്കാരനെ ജീവന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് ക്രിസ്തുവാണ്. ഒട്ടേറെ നാടകീയമായ കാര്യങ്ങൾ അരങ്ങേറിയതിനുശേഷമാണ് അവന് നിർമലജീവിതത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകുന്നത്. ഏറെ പേർക്ക് അവനെ പരിചയമുണ്ട്. ശവകുടീരങ്ങൾക്കിടയിൽ ജീവിക്കുന്നവൻ. ക്രിസ്തു അവനെ രക്ഷിച്ചു, അവൻ ആവശ്യപ്പെടാതെതന്നെ. എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് അവനിൽ ആവസിച്ചിരുന്ന അരൂപി വിളിച്ചു പറഞ്ഞിട്ടും ക്രിസ്തു ഇടപെട്ടു. കാരണം അവൻ ലെഗിയോന്റെ അടിമയാണിന്ന്. അവനെ വിടുവിക്കാതെ തരമില്ല.

ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവൻ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. ക്രിസ്തുവിനെ അനുഗമിക്കാനുള്ള അവസരം. സുബോധത്തോടെ അവൻ നടത്തുന്ന ആദ്യ അപേക്ഷയാണത്. ശവകുടീരങ്ങൾക്കുമപ്പുറം ഒരു ജീവിതമുണ്ടെïങ്കിൽ അത് ക്രിസ്തുവിനൊപ്പംമാത്രം. ഇവിടെ ക്രിസ്തു അവനോട് പറയുന്നത്, ആദ്യം വീട്ടിൽ പോയി സൗഖ്യം സാക്ഷ്യപ്പെടുത്താനാണ്. അവൻ പോയി തനിക്കായി ക്രിസ്തു ചെയ്തതൊക്കെ വിളിച്ചുപറഞ്ഞു. അവന്റെ നിയോഗം കൂടെ നടക്കാനല്ല, വീട്ടിലേക്ക് പോകാനാണ്. അവനൊരു അത്ഭുതമായി എന്നും ലോകത്തിന്റെ മുമ്പിൽ നില്ക്കണം എന്നവൻ മനസ്സിലാക്കിയിരിക്കണം.

ഇനി ചോദിക്കട്ടെ, ഈ നാലുപേരും ക്രിസ്തു പറഞ്ഞത് അതേപടി അനുസരിച്ചു എന്നു കരുതുക. നിങ്ങൾക്ക് ആരോടായിരിക്കും കൂടുതൽ താല്പര്യം? എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്ത് നിസ്വനായി ക്രിസ്തുവിനെ അനുഗമിച്ച ചെറുപ്പക്കാരൻ, എല്ലാം നല്കാതിരുന്ന സക്കേവൂസിനെക്കാൾ കേമനാണ് എന്നു നിങ്ങൾ ചിന്തിച്ചേക്കാം. സ്വന്തം പിതാവിനെ സംസ്‌കരിക്കാൻ നിൽക്കാതെ ക്രിസ്തുവിനെ പിഞ്ചെന്നവൻ, ലെഗിയോൻ ബാധയിൽനിന്ന് സൗഖ്യം കിട്ടി വീട്ടിലേക്ക് പോയവനെക്കാൾ മുന്നിലായിരിക്കും!

ഇവിടെയാണ് നമ്മുടെ പ്രശ്‌നം. നാം ഒരാത്മാവിന്റെ മൂല്യം നിശ്ചയിക്കുന്നത് അവർ ചെയ്യുന്ന പ്രവൃത്തിയുടെ വെളിച്ചത്തിലാണ്. ദൈവഹിതം നടത്തുന്നുണ്ടോ
എന്ന് നാം ചിന്തിക്കില്ല. ലോകത്തിന്റെ മനസ് അങ്ങനെയാണ്. പ്രവൃത്തികളുടെ ശ്രേഷ്ഠതയിലാണ് അതിന്റെ മതിപ്പ്. അതുകൊണ്ടാണ് പൗലോസ് അപ്പസ്‌തോലൻ പറഞ്ഞത്: ”നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത മനസിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവും ആയത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും” (റോമാ 12:2). മായാസ്തുതികളിലും സ്വാർത്ഥ സ്‌നേഹത്തിലും ദൈവഹിതത്തിന്റെ വഴികളെ മാറ്റുരച്ചു നോക്കുക സാധ്യമല്ല.

ശ്രേഷ്ഠമായ ജീവിതം തേടി പൗരോഹിത്യത്തിലും സന്യാസത്തിലും ചേരുന്നവരുണ്ട്, നല്ലതുതന്നെ. ലോകം മോശമായതുകൊണ്ടല്ല അവർ അങ്ങനെ ചെയ്യുന്നത്. തങ്ങളെക്കുറിച്ചുള്ള ദൈവിതം അതായതുകൊണ്ടായിരിക്കണം. പൗരോഹിത്യവൃത്തിയിൽ ജീവിച്ച്, ഒരു ബിസിനസുകാരനായാൽ അത് മഹാ അപരാധമാകും. കാരണം അത് ബിസിനസിനുള്ളതല്ല. ബിസിനസുകാരൻ ദൈവത്തെ മഹത്വപ്പെടുത്തി ബിസിനസ് ചെയ്താൽ മതി. നിങ്ങൾ ജനിച്ച ദിവസവും എന്തിന് ജനിച്ചുവെന്ന് കണ്ടെത്തുന്ന ദിവസവുമായിരിക്കും നിങ്ങളുടെ ജീവിതത്തിലെ മനോഹരദിനങ്ങൾ. വിവാഹജീവിതം പൗരോഹിത്യമെന്നതുപോലെതന്നെ ശ്രേഷ്ഠമാണ്. രണ്ടും ക്രിസ്തു സ്ഥാപിച്ച കൂദാശകൾതന്നെ. ഒന്നിന് മറ്റൊന്നിനെക്കാൾ മൂല്യം കല്പിക്കുന്നത് മനുഷ്യനാണ്, ദൈവമല്ല. നിന്റെ വിളി നീ ജീവിക്കുക. എന്റേത് ഞാനും. ആരും ആരെയും അനുകരിക്കേïതില്ല. അവൻ പറയുന്നത് ചെയ്താൽ മാത്രം മതിയാവും.

ധനികനായ യുവാവിനെ നോക്കി സക്കേവൂസ് എല്ലാം ഉപേക്ഷിച്ചാൽ തെറ്റു പറ്റും. സ്വന്തം പിതാവിനെ അടക്കം ചെയ്യാതെ ക്രിസ്തുവിനെ അനുഗമിച്ചവനെ നോക്കി വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞവൻ ചെയ്താൽ തെറ്റുപറ്റും. ഓരോരുത്തന്റെയും ദൗത്യവും വിളിയും വ്യത്യസ്തമാണ്. ”നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ. ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും” (2 പത്രോസ് 1:10-11).


റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *