പപ്പയുടെ സ്‌നേഹവുമായ്…

ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഇടവകയില്‍ 42 കുട്ടികള്‍ ഉണ്ടായിരുന്നു. ദിവ്യകാരുണ്യ സ്വീകരണദിവസംതന്നെ എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് ഉണ്ണീശോയുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു സമ്മാനം കൊടുത്ത് വീട്ടുകാരെയും കണ്ടിട്ട് വരണമെന്ന് ഞാന്‍ തീരുമാനിച്ചു. വീടുകള്‍ തീരാറായപ്പോള്‍ ഞാന്‍ എത്തിച്ചേര്‍ന്നത്, ചെറുപ്പത്തിലേ അപ്പന്‍ മരിച്ചുപോയ, അമ്മ ജോലി ചെയ്ത് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തുന്ന ഒരു കുട്ടിയുടെ ഭവനത്തിലാണ്. ചെന്നപ്പോള്‍ത്തന്നെ ഞാന്‍ ശ്രദ്ധിച്ചു, ആ ആഘോഷദിവസത്തില്‍ ഈശോയെ സ്വീകരിച്ച കുട്ടി ഒരു സന്തോഷവുമില്ലാതെ ഇരിക്കുകയാണ്.

കാരണം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു: ഇന്നലെ മുതല്‍ തനിക്കുമാത്രം പപ്പയില്ലെന്നു പറഞ്ഞ് അവള്‍ക്ക് ഭയങ്കര സങ്കടമായിരുന്നുവെന്ന്. ആ മുഖത്തെ സങ്കടം വല്ലാതെ എന്നെയും ബാധിച്ചു. ഞാന്‍ ആ കൊച്ചുകുട്ടിയെ ചേര്‍ത്തുനിര്‍ത്തി അവിടെവച്ചുതന്നെ ഈശോയോട് പ്രാര്‍ത്ഥിച്ചു: ‘നല്ല ഈശോയേ, ഞങ്ങളുടെ ഇടവകയിലെ എല്ലാ കുട്ടികള്‍ക്കും ഈശോയെ സ്വീകരിക്കുന്ന ദിവസം ഇടവും വലവും നില്ക്കാന്‍ അപ്പനും അമ്മയും ഉണ്ട്. എന്നാല്‍ നിന്റെ അടുത്തേക്ക് നീ വിളിച്ച ഈ മകളുടെ പപ്പക്ക് പകരം ഈ സമയം ഇവളുടെ പപ്പയായി വന്നുനിന്ന് ഈ മകള്‍ക്ക് സന്തോഷം കൊടുക്കണമേ.’

അതിശയമെന്ന് പറയട്ടെ, അപ്പോള്‍ത്തന്നെ ഒരു പ്രകാശം ഈ കുഞ്ഞിനെ വലയം ചെയ്യുകയും ആ കുഞ്ഞിന്റെ ദുഃഖം മാറി ആഹ്ലാദം വര്‍ധിക്കുകയും ചെയ്യുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനുശേഷം 42 കുട്ടികളില്‍ മൂന്ന് പേരുടെ വീടുകള്‍കൂടി ശേഷിച്ചിരുന്നു എനിക്ക് സന്ദര്‍ശിക്കുവാന്‍. ബാക്കി മൂന്നു വീടുകളിലും ഒരു കുഞ്ഞുമാലാഖയെപ്പോലെ ഈ കുഞ്ഞ് എന്റെകൂടെ നടന്നുവന്നു.

”മക്കളായതുകൊണ്ട് ആബ്ബാ- പിതാവേ- എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു” (ഗലാത്തിയാ 4:6)


ഫാ. ജോര്‍ജ് നൂഴായ്ത്തടം

Leave a Reply

Your email address will not be published. Required fields are marked *