”ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഒരു കൊച്ചുസന്യാസിയുടെ കുടിലില്‍ ഒരിക്കല്‍ എലിശല്യമുണ്ടായി. ഇതേപ്പറ്റി പറഞ്ഞപ്പോള്‍ ഭിക്ഷ നല്കാറുള്ള വീട്ടുകാര്‍ ചേര്‍ന്ന് എലിയെ പിടിക്കാനായി ഒരു പൂച്ചയെ നല്കി. പിന്നെ പൂച്ചയ്ക്കു പാല്‍കൊടുക്കാനായി പശുവിനെ കൊടുത്തു. തുടര്‍ന്ന് പശുവിനായി പറമ്പ്, പറമ്പു നിമിത്തം പിന്നെയും പശുക്കള്‍, ജോലിഭാരം കൂടിയപ്പോള്‍ സഹായത്തിനായി ഭാര്യ ഇതെല്ലാം ഗ്രാമവാസികള്‍ സന്യാസിക്കു നല്കി. കുടുംബമായി സന്യാസി ജീവിക്കുന്ന സമയത്ത് അതുവഴി വന്ന ഗുരു കൊച്ചുസന്യാസിയോട് അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് ‘നീ നശിച്ചുപോയി’ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.” ശാലോം ടിവിയില്‍ ബിഷപ് മാര്‍ ജോസഫ് പാപ്ലാനി പ്രസംഗത്തിനിടെ ഈ കഥ പറഞ്ഞിട്ട് ചോദിച്ചു, ഇതില്‍ കൊച്ചുസന്യാസി ചെയ്ത തെറ്റ് എന്താണ്?
സ്വയം ചോദിച്ചിട്ട് ഉത്തരം കിട്ടാഞ്ഞതിനാല്‍ ഈ ചോദ്യം ഞാന്‍ മാതാവിനോടു ചോദിച്ചു. മാതാവ് പറഞ്ഞു, ”സന്യാസി ദൈവത്തോട് ആലോചന ചോദിച്ചില്ല. പകരം മനുഷ്യരോടാണ് അഭിപ്രായം ചോദിച്ചത്.”
”പക്ഷേ അമ്മേ, സന്യാസി പ്രാര്‍ത്ഥിച്ചിരുന്ന വ്യക്തിയായിരുന്നല്ലോ.”
മാതാവ് പറഞ്ഞു, ”വളരെപ്പേര്‍ക്ക് പ്രാര്‍ത്ഥന ഒരു ആചാരാനുഷ്ഠാനം മാത്രമാണ്. പക്ഷേ, പ്രാര്‍ത്ഥനയുടെ ലക്ഷ്യം ദൈവവും മനുഷ്യനും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കുക എന്നതാണ്. എങ്ങനെയാണ് രണ്ടു വ്യക്തികള്‍ തമ്മില്‍ സൗഹൃദത്തിലാകുന്നത്? പരസ്പരമുള്ള സംസാരത്തിലൂടെയാണ്. ദൈവത്തോട് സംസാരിച്ചാല്‍മാത്രം പോരാ. ദൈവത്തിന്റെ സ്വരം കേള്‍ക്കുകയും ചെയ്യണം.”
”പക്ഷേ അമ്മേ, പലരുടെയും പരാതി അവര്‍ സംസാരിച്ചാലും ദൈവം അവരോട് ഒന്നും സംസാരിക്കുന്നില്ല എന്നതാണ്.” അമ്മ പറഞ്ഞു, ”ദൈവം എല്ലാവരോടും, പാപാവസ്ഥയില്‍പ്പോലും, സംസാരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ പറ്റാത്തത് അവിടുത്തെ സ്‌നേഹത്തിലുള്ള വിശ്വാസക്കുറവ് ഒന്നുകൊണ്ടുമാത്രമാണ്. നിനക്കുവേണ്ടി മരിക്കാന്‍ തയാറായ ദൈവം നിന്നോട് സംസാരിക്കാന്‍ വിമുഖത കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ? നിന്റെ കാര്യംതന്നെ എടുക്കൂ, നിന്റെ ഹൃദയത്തില്‍ ദൈവത്തെ പിതാവായി സ്വീകരിച്ചുകൊണ്ട് സ്‌നേഹിക്കാന്‍ തുടങ്ങിയതുതൊട്ടല്ലേ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ തുടങ്ങിയത്? ഹൃദയംകൊണ്ടേ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ പറ്റുകയുള്ളൂ.”
സ്‌നേഹനാഥന്‍ എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ ജോസഫായോട് ഈശോ വെളിപ്പെടുത്തുന്നു: ”അവര്‍ ദൈവാലയത്തില്‍വച്ചുമാത്രം എന്നോട് സംഭാഷണം ചെയ്യുന്നതില്‍ തൃപ്തിപ്പെട്ടാല്‍ പോരാ. പിന്നെയോ എല്ലാ സാഹചര്യങ്ങളിലും എന്നോട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതിലാണ് എന്റെ ആനന്ദം എന്ന് അവര്‍ ഓര്‍ക്കണം. അവര്‍ തങ്ങളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എന്നെ അറിയിച്ച് എന്റെ ആലോചന ചോദിക്കുകയും എന്നില്‍നിന്ന് കൃപകള്‍ യാചിക്കുകയും ചെയ്യട്ടെ. അപ്പോള്‍ നിങ്ങളില്‍ സദ്‌വിചാരങ്ങള്‍ ഉളവാകും. ജ്ഞാനം ലഭിക്കും. ക്രമേണ അത് ഏതു സാഹചര്യത്തിലും നിങ്ങളുടെ കുടുംബത്തോട് എങ്ങനെ വര്‍ത്തിക്കണമെന്നും നിങ്ങളുടെ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നും നിങ്ങളുടെ ആശ്രിതരെ എപ്രകാരം സ്‌നേഹിക്കണമെന്നും നിങ്ങളെ പഠിപ്പിക്കും.”
ഇവിടെ വേറൊരു കാര്യവുംകൂടി കുറിക്കട്ടെ. നാം ഒരിക്കലും പിശാചിനോട് സംസാരിക്കരുത്. അതായത് പിറുപിറുക്കരുത്. ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ എന്നോടുതന്നെ പറയുന്നതായിരിക്കും പിറുപിറുപ്പ് എന്നാണ്. പക്ഷേ, പിറുപിറുക്കുമ്പോള്‍ ഞാന്‍ പിശാചിനോടാണ് സംസാരിക്കുന്നത് എന്ന് ദൈവം എനിക്കു മനസ്സിലാക്കിത്തന്നു. ”കര്‍ത്താവിന് അനിഷ്ടമാകത്തക്കവിധം ജനം പിറുപിറുത്തു. അതു കേട്ടപ്പോള്‍ കര്‍ത്താവിന്റെ കോപം ജ്വലിച്ചു” (സംഖ്യ11:1) ”ഇസ്രായേല്‍ കുടുംബങ്ങള്‍ ഓരോന്നും സ്വന്തം കൂടാരവാതില്‍ക്കല്‍ ഇരുന്ന് വിലപിക്കുന്നത് മോശ കേട്ടു. കര്‍ത്താവിന്റെ കോപം ആളിക്കത്തി” (സംഖ്യ 11:10).
പിന്നെ സങ്കടവും വെറുപ്പും ദേഷ്യവുമൊക്കെ വരുമ്പോള്‍ ഞാന്‍ എന്തു ചെയ്യണമെന്ന് ദൈവത്തോടു ചോദിച്ചതിന് നീ ഹന്നായെപ്പോലെ ആകുക എന്നായിരുന്നു മറുപടി. ഹന്നാ തന്റെ ഹൃദയവികാരങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ പകരുന്നവളായിരുന്നു (1 സാമുവല്‍ 1: 15). അതിനാല്‍ നമ്മുടെ ഏതവസ്ഥയിലും നമുക്ക് ദൈവത്തിന്റെകൂടെ നടക്കാം. ദൈവത്തോട് സംസാരിക്കാം. വിശുദ്ധ ഫൗസ്റ്റീനയോട് ഒരിക്കല്‍ ഈശോ പറഞ്ഞു: ”നിന്നെ പ്രലോഭിപ്പിച്ചതിലൂടെ സാത്താന്‍ ഒന്നും നേടിയില്ല. കാരണം നീ അവനുമായി സംഭാഷണത്തിലേര്‍പ്പെട്ടില്ല.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, പേജ് 524)
പ്രാര്‍ത്ഥന
പിതാവേ, ഞാനെപ്പോഴും അങ്ങയുടേതാണ്, അങ്ങ് എന്റെയും. അതിനാല്‍ എപ്പോഴും അങ്ങയുടെ കൂടെ നടക്കാനും അങ്ങയോട് സംസാരിക്കാനും അങ്ങയുടെ സ്വരം കേള്‍ക്കാനുമുള്ള കൃപ എനിക്കു നല്കണമേ. അങ്ങനെ ഞാന്‍ അങ്ങയുടെ സ്‌നേഹം നുകരട്ടെ, അങ്ങ് എന്റെയും.