വീണുപോകുന്നവര്‍ക്ക് സാധ്യതകളുണ്ടണ്ട്

യേശു യൂദാസിനെ ശിഷ്യനായി തിരഞ്ഞെടുത്തപ്പോള്‍ അവന്‍ ഒറ്റുകാരന്‍ യൂദാസല്ലായിരുന്നു. യേശു പത്രോസിനെ തിരഞ്ഞെടുത്തപ്പോള്‍ പത്രോസ് മാര്‍പ്പാപ്പയായ വിശുദ്ധ പത്രോസും ആയിരുന്നില്ല. യൂദാസും പത്രോസും തിരഞ്ഞെടുത്ത വഴികളാണ് അവരെ ഇന്ന് അവരായിരിക്കുന്ന അവസ്ഥകളിലേക്ക് നയിച്ചത്. യൂദാസിനെ നാശത്തിന്റെ പുത്രനാക്കിയത് അവനിലെ ‘പണക്കൊതി’ എന്ന ഒരു ബലഹീനതമാത്രമാണോ? പണക്കൊതിയെക്കാള്‍ വലിയ ബലഹീനതകള്‍ ഉണ്ടായിരുന്നവര്‍ വാഴ്ത്തപ്പെട്ടവരായി മാറിയപ്പോള്‍ യൂദാസ് എന്നെന്നേക്കും നഷ്ടപ്പെട്ടവനായി മാറി. ദൈവപുത്രനായ യേശുവിനോടുകൂടെ ജീവിച്ചിട്ടും ഈ അവസ്ഥ വന്നു എന്നത് ഭീതിജനകമാണ്. നമ്മിലും യൂദാസ് എന്ന സാധ്യത ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അവസരമാണ് യൂദാസിനെ ഒറ്റുകാരന്‍ യൂദാസാക്കിത്തീര്‍ത്ത വഴികളെക്കുറിച്ചുള്ള ധ്യാനം.

ഗുരോ, സ്വസ്തി!

യൂദാസിന്റെ ചുംബനം സ്‌നേഹം വറ്റിപ്പോയ, കാപട്യത്തിന്റെ ചുംബനമായിരുന്നു. എവിടെയാണ് യൂദാസ് എന്ന ക്രിസ്തുശിഷ്യന്റെ സ്‌നേഹം വറ്റിപ്പോയത്? മൂന്നുവര്‍ഷം യേശുവിന്റെ കൂടെ നടന്ന വ്യക്തിയാണ് യൂദാസ്. ദൈവരാജ്യപ്രഘോഷണത്തിനായി യേശു അയച്ച ശിഷ്യരില്‍പെട്ടവനായിരുന്നിരിക്കാം അവന്‍. ഏതൊരു സംഘത്തിലോ സ്ഥാപനത്തിലോ ഏറ്റവും വിശ്വസ്തനായവനെയാണ് പണസഞ്ചി ഏല്‍പിക്കുന്നത്. പണകാര്യങ്ങള്‍ കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തായിരുന്നു ഈശോയുടെ അളവുകോല്‍ എങ്കില്‍ ആ ഉത്തരവാദിത്വം, മുമ്പ് ചുങ്കക്കാരനായിരുന്ന മത്തായിയെ ഏല്‍പിക്കാമായിരുന്നു. എന്നാല്‍ യേശു തനിക്ക് ഏറ്റവും വിശ്വസ്തനായ യൂദാസിനെ പണസഞ്ചി ഏല്‍പിച്ചു. ആ വിളി ലഭിച്ചപ്പോള്‍, യൂദാസ് ഒറ്റുകാരനായിരുന്നില്ല. പതിയെ പതിയെ യൂദാസ് എവിടെയൊക്കെയോ ചെറിയ വിട്ടുവീഴ്ചകള്‍ സ്വാര്‍ത്ഥലാഭത്തിനായി ചെയ്തുതുടങ്ങിയിട്ടുണ്ടാവണം. സ്വയമറിയാതെതന്നെ ഉത്തരവാദിത്വം ഏല്‍പിച്ച ഗുരുവിനെക്കാള്‍ ഗുരുവേല്‍പിച്ച പണസഞ്ചിയെ യൂദാസ് കൂടുതല്‍ സ്‌നേഹിച്ചുതുടങ്ങി. അതായിരുന്നിരിക്കാം യൂദാസിന്റെ വീഴ്ചയുടെ ആദ്യപടി. വിളിച്ചവനെ മറന്ന് വിളിച്ചവന്‍ ഏല്‍പിച്ച ചുമതലകളെ, വിളിച്ചവന്‍ ദാനമായി നല്കിയ സ്ഥാനങ്ങളെ കൂടുതല്‍ സ്‌നേഹിക്കുമ്പോള്‍ വിളിച്ചവനെ ഒറ്റിക്കൊടുക്കാന്‍ അധികസമയം വേണ്ടിവരില്ല.

ഈ ഒരു സാധ്യത ഓരോ ക്രിസ്തുശിഷ്യന്റെയും മുമ്പിലുണ്ട്. യേശുവിനെക്കാള്‍ ഉപരിയായി യേശു എന്നെ ഭരമേല്‍പിച്ചിരിക്കുന്ന വ്യക്തികളെ, ഉത്തരവാദിത്വങ്ങളെ, ചുമതലകളെ, സ്ഥാനങ്ങളെ ഞാന്‍ സ്‌നേഹിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍, ഞാന്‍ ഓര്‍ക്കണം യൂദാസ് എന്ന സാധ്യത എന്റെ മുമ്പില്‍ ആര്‍ത്തിയോടെ തലപൊക്കി നില്ക്കുകയാണെന്ന്. വിളിച്ച് ഉത്തരവാദിത്വം ഏല്‍പിച്ചുതന്ന ഈശോയ്‌ക്കൊപ്പം ഇരിക്കാന്‍, സംസാരിക്കാന്‍ എനിക്ക് സമയം ഇല്ലാതെ വരുമ്പോള്‍ സ്‌നേഹം വറ്റിപ്പോയ കാപട്യത്തിന്റെ ചുംബനങ്ങള്‍ നല്കി യേശുവിനെ ഒറ്റിക്കൊടുക്കാന്‍ ഞാനും യൂദാസിനൊപ്പം നില്ക്കുകയാണ്!

യൂദാസിന്റെ അജണ്ട

വെറും 33 വെള്ളിനാണയങ്ങള്‍ ആയിരുന്നോ യൂദാസിന്റെ ലക്ഷ്യം? ഈശോയുടെ ശിഷ്യര്‍ അജ്ഞതയുടെ നാളുകളില്‍ ഈശോയെ കണ്ടത് ഇസ്രായേല്‍രാജ്യത്തിന് റോമാക്കാരില്‍നിന്നും സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കാന്‍ സാധ്യതയുള്ള ഒരു വിപ്ലവനേതാവായിട്ടാണ്. ”ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു” (ലൂക്കാ 24:21) എന്നാല്‍ അതിനുള്ള സാധ്യതകള്‍ തെളിഞ്ഞപ്പോഴൊക്കെ ഈശോ അതില്‍നിന്നും ഓടിയകന്നു. ”അവര്‍ വന്ന് തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നുവെന്ന് മനസിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്ക് പിന്‍മാറി” (യോഹന്നാന്‍ 6:15). തീര്‍ച്ചയായും യൂദാസിനൊരു അജണ്ട ഉണ്ടായിരുന്നിരിക്കാം. എങ്ങനെയും യേശുവിനെ ഒരു വിപ്ലവകാരിയായി മാറ്റുക, അതിലൂടെ റോമാ ആധിപത്യത്തില്‍നിന്നും യഹൂദ ജനതയെ പുറത്തുകൊണ്ടുവരിക. അങ്ങനെ യേശു ഒരു വിപ്ലവനേതാവായി വാഴ്ത്തപ്പെടുമ്പോള്‍ തനിക്കും തന്റെ കൂടെയുള്ള ശിഷ്യന്മാര്‍ക്കും സമുന്നത സ്ഥാനങ്ങള്‍ ലഭിക്കും. ഈ ഒരു അജണ്ടയിലേക്ക് യേശുവിനെ എങ്ങനെയും വലിച്ചിഴക്കാന്‍ ഉള്ളില്‍ സ്‌നേഹം വറ്റിപ്പോയ യൂദാസ് കാത്തിരുന്നപ്പോഴായിരുന്നിരിക്കണം ഒറ്റിക്കെടുക്കലിനുള്ള സമ്മതപദ്ധതിയെക്കുറിച്ച് യൂദാസ് കേട്ടത്. യൂദാസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരു വെടിക്ക് രണ്ടുപക്ഷി. തനിക്ക് പണവും ലഭിക്കും, യേശു തന്റെ ദിവ്യശക്തി വെളിവാക്കി ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

യൂദാസിന്റെ ഒറ്റിക്കൊടുക്കലിനുശേഷം പത്രോസ് വാള്‍ എടുത്ത് വെട്ടിയപ്പോള്‍ ഈശോ പത്രോസിനെ ശാസിച്ചുകൊണ്ട് പറഞ്ഞു ”എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍തന്നെ എനിക്ക് തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചു തരുകയില്ലെന്നും നീ വിചാരിക്കുന്നുവോ” (മത്തായി 26:53). ഒരുപക്ഷേ യൂദാസ് ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. യേശു തന്റെ ദൈവികശക്തി വെളിവാക്കി, ശത്രുകരങ്ങളില്‍നിന്നും പുറത്തുവന്ന് ഒരു രാജാവായിത്തീരണം.

സ്വന്തം അജണ്ടയിലേക്ക്, സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങളിലേക്ക് യേശുവിനെ വലിച്ചിഴക്കാന്‍ യൂദാസ് നടത്തിയ ശ്രമമാണ് അവനെ ഒരു ഒറ്റുകാരനാക്കിയത്. ക്രിസ്തുശിഷ്യനായ ഞാനും മാനുഷികബുദ്ധിയുടെ പിന്‍ബലത്തില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി യേശുവിനെ, യേശുവിന്റെ തിരുസഭയെ, യേശു സ്ഥാപിച്ച കൂദാശകളെ, യേശു സ്ഥാപിച്ച സംവിധാനങ്ങളെ വലിച്ചിഴക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കണം – ഒറ്റുകാരന്‍ യൂദാസ് എന്ന സാധ്യത ആര്‍ത്തിയോടെ എന്റെ പിന്‍പില്‍ ഉണ്ട്. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകളില്‍പ്പോലും ദൈവത്തിനോട് എന്തു ചെയ്യണം എന്ന് നാം പറഞ്ഞുകൊടുക്കുമ്പോള്‍ യൂദാസിന്റെ മനോഭാവം എന്നില്‍ വളര്‍ന്നു നില്‍ക്കുന്നു എന്നു നാം തിരിച്ചറിയണം.

മുന്നറിയിപ്പുകളെ അവഗണിക്കരുത്!

യോഹന്നാന്‍ 13:21-ല്‍ നാം കാണുന്നു, യേശു ആത്മാവില്‍ അസ്വസ്ഥനായി പറഞ്ഞു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. കൂടെ നടന്നിട്ടും വിളിച്ചവന്റെ ചങ്ക് പൊട്ടുന്ന വേദന കാണുവാനോ ഗുരുവിന്റെ മുന്നറിയിപ്പുകള്‍ കേള്‍ക്കാനോ യൂദാസിന് കഴിയാതെ പോയി. അവനെ പാപത്തില്‍നിന്നും പിന്‍തിരിപ്പിക്കാനുള്ള യേശുവിന്റെ അവസാന ശ്രമമായിരുന്നു വീണ്ടും വീണ്ടും നല്കിയ മുന്നറിയിപ്പുകള്‍.

ഹൃദയാഘാതം സംഭവിച്ച് ഏതാണ്ട് മരിച്ചുകഴിഞ്ഞ രോഗിയുമായി ഹോസ്പിറ്റലില്‍ എത്തിയ ബന്ധുവിനോട് ഡോക്ടര്‍ പറഞ്ഞു: അവസാന ശ്രമമായി മൂന്ന് ഷോക്കുകള്‍ നല്കുകയാണ്. ശ്വാസം തിരിച്ചുകിട്ടിയാല്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ പോയി… ഷോക്ക് 1, ഷോക്ക് 2, ഷോക്ക് 3. പാതാളത്തിന്റെ ആര്‍ത്തി വര്‍ധിച്ചിരിക്കുന്നുവെന്നും സീമാതീതമായി അത് യൂദാസിനെ നോക്കി വായ് പിളര്‍ന്നിരിക്കുന്നുവെന്നും (ഏശയ്യാ 5:14) മനസിലാക്കിയ യേശുനാഥന്‍ ഹൃദയവേദനയോടെ അവസാന ശ്രമം നടത്തി. മുന്നറിയിപ്പ് ഒന്ന് – മത്തായി 26:21, മുന്നറിയിപ്പ് രണ്ട് – മര്‍ക്കോസ് 14:21, മുന്നറിയിപ്പ് മൂന്ന് – മത്തായി 26:23.

മാനുഷിക ബുദ്ധി ഉപയോഗിച്ച് ദൈവം വചനത്തിലൂടെ, വചനപ്രഘോഷണത്തിലൂടെ, കുമ്പസാരക്കാരനിലൂടെ, മാതാപിതാക്കളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ നല്കുന്ന മുന്നറിയിപ്പുകള്‍ ഞാന്‍ അവഗണിക്കുമ്പോള്‍ എന്റെ യാത്ര യൂദാസിനൊപ്പമല്ലേ? സുഭാഷിതങ്ങള്‍ 29:1: ”കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്ടി പിടിക്കുന്നവന്‍ രക്ഷപ്പെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്ന് പതിക്കും.”

പശ്ചാത്തപിക്കാത്ത പാപി

മത്തായി 26:24: ”മനുഷ്യപുത്രന്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍ മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവന് നന്നായിരുന്നു.”

എന്തുകൊണ്ടാണ് യേശു യൂദാസിനെക്കുറിച്ച് ഇങ്ങനെ വിലപിച്ചത്? അവന്‍ ഒറ്റിക്കൊടുക്കുന്നത് ഓര്‍ത്തോ അതോ അവന്‍ പശ്ചാത്തപിക്കാതെ ജീവിതം അവസാനിപ്പിക്കുന്നത് ഓര്‍ത്തോ. യൂദാസിന്റെ ഒറ്റിക്കൊടുക്കലും പത്രോസിന്റെ തള്ളിപ്പറച്ചിലും ചേര്‍ത്തുവയ്ക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, പത്രോസ് ചെയ്തത് യൂദാസിന്റെ വീഴ്ചയെക്കാള്‍ വലുതായിരുന്നുവെന്ന്. എന്നാല്‍ പത്രോസ് ഇന്ന് വിശുദ്ധ പത്രോസാണ്. പത്രോസ് ആദ്യത്തെ മാര്‍പാപ്പയായി. കാരണം അവന്‍ യേശുവിന്റെ കണ്ണുകളിലെ ആര്‍ദ്രസ്‌നേഹം കണ്ട് മനംനൊന്ത് കരഞ്ഞ് പശ്ചാത്തപിച്ചു (ലൂക്കാ 22:62). യൂദാസ് അനുതപിക്കാത്തതിനാലാണ് അവന്‍ നാശത്തിന്റെ പുത്രനായി മാറിയത്. യൂദാസിന്റെ ഏറ്റവും വലിയ പാപം അവന്റെ ധനമോഹമോ ഒറ്റിക്കൊടുക്കലോ ആയിരുന്നില്ല, അവന്‍ പശ്ചാത്തപിച്ചില്ല എന്നതാണ്. തിരിച്ചുവന്നാല്‍ കൈ നീട്ടി ആലിംഗനം ചെയ്യാന്‍ കാത്തിരുന്ന ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയാനാകാതെ അവന്‍ സ്വയം നശിച്ചു.

വരുവിന്‍ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1:18). ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹം ഹൃദയത്തില്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഞാനും യൂദാസിനെപ്പോലെ നാശത്തിന്റെ വഴിയിലേക്ക് വീഴുകയാണ്.

നമുക്ക് പ്രാര്‍ത്ഥിക്കാം

കുരിശില്‍ എന്നോടുള്ള സ്‌നേഹത്തെപ്രതി സ്വയം യാഗമായിത്തീര്‍ന്ന ഈശോയേ, നിത്യതയിലേക്കുള്ള എന്റെ ജീവിതയാത്രയില്‍ നന്മയുടെ മാര്‍ഗം പിന്‍തുടരാന്‍ എനിക്ക് നിന്റെ തിരുരക്തത്തിന്റെ സംരക്ഷണം നല്കണമേ. ആത്മാര്‍ത്ഥതയോടെ നിന്നെ സ്‌നേഹിക്കാന്‍, എന്റെ ആഗ്രഹങ്ങളെക്കാള്‍ ഉപരിയായി നിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ജീവിതം നയിക്കാന്‍, നിന്റെ സ്‌നേഹപൂര്‍വകമായ മുന്നറിയിപ്പുകള്‍ ശ്രവിക്കുവാന്‍, വീണുപോകുമ്പോള്‍ പശ്ചാത്താപത്തോടെ നിന്റെ സ്‌നേഹത്തിലേക്ക് തിരിച്ചുവരാന്‍ എന്നെ നീ കൃപകളാല്‍ നിറയ്ക്കണമേ, ആമ്മേന്‍.


ഫാ. ജോണ്‍ മസിയാസ് ഓത്തിക്കല്‍ ഒ.പി.

Leave a Reply

Your email address will not be published. Required fields are marked *