പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പോസ്‌തോലന്‍മാര്‍ യേശുവിനെ പ്രഘോഷിക്കുന്നതിനായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും യാത്രയായി. വിശുദ്ധ യാക്കോബ് സ്ലീഹാ സ്‌പെയിനിലേക്കാണ് പോയത്. പരിശുദ്ധ ദൈവമാതാവിന്റെ നിര്‍ദ്ദേശാനുസാരമായിരുന്നു ആ യാത്ര. അവിടത്തെ വിജാതീയസമൂഹത്തില്‍ യേശുവിനെ പരിചയപ്പെടുത്തിയിട്ടും വളരെ കുറച്ചുപേര്‍മാത്രമേ അവിടുത്തെ സ്വീകരിച്ചുള്ളൂ. തന്റെ സുവിശേഷപ്രഘോഷണം വൃഥാവിലായെന്നു കരുതി യാക്കോബ് ശ്ലീഹാ അത്യന്തം സങ്കടത്തിലായി.
ആ സങ്കടത്തോടെ ഇന്നത്തെ സരഗോസായില്‍ എബ്രോ നദിയുടെ തീരത്ത് ശിഷ്യന്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് പരിശുദ്ധ മാതാവ് പ്രത്യക്ഷയായി. മാലാഖമാരാല്‍ സംവഹിക്കപ്പെടുന്ന ഒരു സ്തൂപത്തില്‍ ഉണ്ണിയേശുവിനെയും കൈയിലേന്തി നില്ക്കുന്ന രൂപത്തിലായിരുന്നു പ്രത്യക്ഷയായത്. അവിടെ തന്റെ നാമത്തില്‍ ഒരു ദൈവാലയം നിര്‍മ്മിക്കാനും പരിശുദ്ധ കന്യക അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. അവിടെ അനേകര്‍ തന്റെ പുത്രനായ യേശുവിനെ സ്വീകരിക്കുമെന്നും സ്തൂപംപോലെ ഉറപ്പുള്ള വിശ്വാസത്തിലേക്ക് കടന്നുവരുമെന്നും ദൈവമാതാവ് പറഞ്ഞു. എ.ഡി. 40-ല്‍ നടന്ന ഈ പ്രത്യക്ഷീകരണത്തിന്റെ സമയത്ത് പരിശുദ്ധ മാതാവ് ജറുസലെമില്‍ ജീവിക്കുകയായിരുന്നു. യാക്കോബ് ശ്ലീഹായോട് വാഗ്ദാനം ചെയ്തിരുന്ന പ്രകാരം വിഷമസന്ധിയില്‍ ധൈര്യപ്പെടുത്താന്‍വേണ്ടിയാണ് മാതാവ് ഈ പ്രത്യക്ഷീകരണം നല്കിയത്. പിന്നീട് ജറുസലെമിലേക്കു മടങ്ങിയ യാക്കോബ് ശ്ലീഹാ അവിടെവച്ച് രക്തസാക്ഷിയായി.
സരഗാസോയില്‍ ശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക സ്തൂപമാതാവ് എന്ന് അറിയപ്പെടുന്നു. ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണമായിരുന്നു അത്; പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണത്തിനു മുമ്പ് നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏകപ്രത്യക്ഷീകരണവും. വൈകാതെതന്നെ യാക്കോബ് ശ്ലീഹാ സരഗോസായില്‍ ഒരു കൊച്ചുദൈവാലയം പണിതു. ചരിത്രത്തിലെ ആദ്യ മരിയന്‍ ദൈവാലയമാണ് അതെന്ന് കരുതപ്പെടുന്നു. പില്‍ക്കാലത്ത് അത് വലിയൊരു ദൈവാലയമായി മാറ്റപ്പെട്ടു. 17-ാം നൂറ്റാണ്ടിലാണ് ഇന്ന് സരഗോസായില്‍ കാണുന്ന സ്തൂപമാതാവിന്റെ കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെട്ടത്. സ്പാനിഷ് സമൂഹത്തിന്റെ പ്രത്യേകമധ്യസ്ഥയായി സ്തൂപമാതാവ് വണങ്ങപ്പെടുന്നു.