വന്‍മതിലും മധ്യസ്ഥപ്രാര്‍ത്ഥനയും

തങ്ങളുടെ പാപത്തെപ്രതി ദൈവം നശിപ്പിക്കുവാന്‍ പോകുന്ന സോദോം ഗൊമോറ നിവാസികള്‍ക്കുവേണ്ടിയുള്ള അബ്രാഹമിന്റെ പ്രാര്‍ത്ഥനയാണ് ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന ആദ്യത്തെ മധ്യസ്ഥപ്രാര്‍ത്ഥന. അവിടെ അബ്രാഹത്തിന്റെ യാചനാമനോഭാവം ശ്രദ്ധേയമാണ്. യഥാര്‍ത്ഥ മധ്യസ്ഥപ്രാര്‍ത്ഥനയെന്നാല്‍ മറ്റൊരാള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ മുമ്പിലുള്ള യാചനയാണ്. സോദോം ഗൊമോറ നിവാസികളെ തന്റെ സ്വന്തമെന്നപോലെ കരുതിയതിനാലാണ് അബ്രാഹം അവര്‍ക്കുവേണ്ടി യാചിക്കുന്നത്.

സ്വര്‍ണക്കാളക്കുട്ടിയെ ആരാധിക്കുകവഴി ദൈവത്തിന്റെ കോപം വിളിച്ചുവരുത്തിയ ഇസ്രായേല്‍ക്കാരെ നശിപ്പിക്കുന്നതിന് ഒരുങ്ങിയ ദൈവത്തിനും ഇസ്രായേല്‍ക്കാര്‍ക്കുമിടയില്‍ മധ്യസ്ഥനായി നിന്നത് മോശയായിരുന്നു. ഇവിടെ ദൈവവും ഇസ്രായേല്‍ ജനവും തമ്മിലുള്ള ബന്ധത്തില്‍, ഒരു വിടവ് നാം കാണുന്നു. അവരെ നശിപ്പിക്കുമെന്ന് അവിടുന്ന് അരുളിചെയ്തു; അവിടുന്ന് തിരഞ്ഞെടുത്ത മോശ ജനത്തിന് മറയായി മുമ്പില്‍നിന്ന് തടഞ്ഞില്ലായിരുന്നുവെങ്കില്‍ അവിടുത്തെ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു (സങ്കീര്‍ത്തനങ്ങള്‍ 106:23).

പാ-ഗാ

മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നയാള്‍ ഒരു മധ്യസ്ഥനാണ്. മാധ്യസ്ഥ്യം എന്നാല്‍, പരസ്പരം തെറ്റിനില്ക്കുന്ന രണ്ടുപേരുടെ ഇടയില്‍നിന്നുകൊണ്ട് അവരെ ഐക്യപ്പെടുത്തുവാന്‍ ശ്രമിക്കുക എന്നാണര്‍ത്ഥം. സഭാപരമായ തലങ്ങളില്‍ മധ്യസ്ഥപ്രാര്‍ത്ഥനയും മാധ്യസ്ഥ്യവും ഒരേ അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. ഇവയില്‍ ആദ്യം വരുന്നത് ക്രിസ്തുവിന്റെ മാധ്യസ്ഥ്യവും രണ്ടാമത്തേത് മാതാവും മാലാഖമാരും വിശുദ്ധരും മനുഷ്യവംശത്തിനുവേണ്ടി വഹിക്കുന്ന മാധ്യസ്ഥ്യവുമാണ്. ഈ പശ്ചാത്തലത്തില്‍ ക്രിസ്തുവിനെ സംബന്ധിച്ച് ‘മാധ്യസ്ഥ്യം’ എന്ന വാക്കും മാതാവിന്റെയും മാലാഖമാരുടെയും വിശുദ്ധരുടെയും പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നതിനായി ‘മധ്യസ്ഥപ്രാര്‍ത്ഥന’ എന്ന വാക്കും ഉപയോഗിക്കുന്നതായിരിക്കും ഉചിതം. കാരണം ക്രിസ്തുവാണ് യഥാര്‍ത്ഥ മധ്യസ്ഥന്‍. എന്തെന്നാല്‍ ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ – മനുഷ്യനായ യേശുക്രിസ്തു (1 തിമോത്തിയോസ് 2:5). ക്രിസ്തുവിന്റെ മാധ്യസ്ഥ്യം ദൈവവും മനുഷ്യരാശിയുമായുള്ള ബന്ധം വീണ്ടെടുക്കുക എന്ന ദൗത്യത്തില്‍ കേന്ദ്രീകൃതമാണ്.

‘പാ-ഗാ’ എന്ന ഹീബ്രുപദമാണ് ഇന്റര്‍സെഷന്‍ അഥവാ മാധ്യസ്ഥ്യം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ‘സ്ഥിരമായി ഇടയ്ക്കുവരിക’ എന്നാണ്. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല” (എസെക്കിയേല്‍ 22:30). ഇസ്രായേല്‍ ജനതയുടെ പാപം ദൈവം ക്ഷമിക്കുന്നില്ല, പക്ഷേ അവര്‍ക്കുവേണ്ടി അവനോട് മാധ്യസ്ഥ്യം യാചിക്കുവാന്‍ അവര്‍ക്കും തനിക്കുമിടയില്‍ മാധ്യസ്ഥ്യം യാചിക്കുവാന്‍ അവിടുന്ന് ആളെ അന്വേഷിക്കുന്നു. അവിടെ ആരുമില്ലെന്ന് അവിടുന്നു കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്ന് ആശ്ചര്യപ്പെട്ടു. ”സ്വന്തം കരം തന്നെ അവിടുത്തേക്ക് വിജയം നല്കി. സ്വന്തം നീതിയില്‍ അവിടുന്ന് ആശ്രയിച്ചു” (ഏശയ്യാ 59:16). പാ-ഗാ എന്ന വാക്ക് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇടപെടല്‍ എന്നാണ്.

ചൈനയിലെ വന്‍മതില്‍

ചൈനയിലെ വന്‍മതിലിനു മുകളില്‍ നില്ക്കുമ്പോള്‍ കര്‍ത്താവ് എനിക്ക് മധ്യസ്ഥപ്രാര്‍ത്ഥനയെക്കുറിച്ച് ഒരു പുതിയ ഉള്‍ക്കാഴ്ചയും ബോധ്യവും നല്കി. എസെക്കിയേല്‍ 22-ാമത്തെ അധ്യായത്തില്‍ ജറുസലേമിന്റെ പാപങ്ങളെയും അവരുടെമേല്‍ പാപത്തിന്റെ ഫലമായി നിപതിക്കാനിരിക്കുന്ന വിധിയെയും സൂചിപ്പിക്കുന്ന മൂന്ന് വ്യത്യസ്ത സന്ദേശങ്ങളുണ്ട്. ജറുസലേമിന്റെ മേല്‍ ചുമത്തിയിട്ടുള്ള പാപങ്ങള്‍ കൊലപാതകം, വിഗ്രഹാരാധന, മാതാപിതാക്കളോടുള്ള അനുസരണക്കേട്, അടിച്ചമര്‍ത്തല്‍, അപഹരണം, സാബത്തിനെയും മറ്റ് വിശുദ്ധ വസ്തുക്കളെയും അവഹേളിക്കല്‍ തുടങ്ങിയവയായിരുന്നു. പുരോഹിതര്‍, നേതാക്കന്മാര്‍, രാജാക്കന്മാര്‍, പ്രവാചകന്മാര്‍ എന്നിങ്ങനെ നാലുതരത്തിലുള്ളവരായിരുന്നു പാപം ചെയ്തത്.

ദൈവവും വഴിതെറ്റിപ്പോയ ഇസ്രായേല്‍ക്കാര്‍ക്കുമിടയില്‍ തീക്ഷ്ണതയോടെ മാധ്യസ്ഥം യാചിക്കുവാനും അവര്‍ക്കിടയില്‍ നില്‍ക്കുവാനും തയ്യാറുള്ളവരെ ദൈവം അന്വേഷിക്കുന്നുണ്ട് അവിടെ. ശത്രുക്കളില്‍നിന്നും തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ വന്‍മതില്‍ തീര്‍ത്ത ചൈനക്കാരെപ്പോലെയാണ് മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്ന വ്യക്തിയും. ഈ ലോകത്തിലെ ദൈവജനത്തിന്റെ ഹൃദയത്തിലും മനസിലുമുള്ള ദൈവരാജ്യം സംരക്ഷിക്കാനായി പ്രാര്‍ത്ഥനയുടെ വന്‍മതില്‍ തീര്‍ക്കുന്നു. ഈ വന്‍മതില്‍ ദൈവകോപത്തില്‍നിന്ന് ദൈവജനത്തെ രക്ഷിക്കുകയും ചെയ്യുന്നു.

കരുണയുടെ ജപമാല

ദൈവകരുണയുടെ ജപമാല (ഡിവൈന്‍ മേഴ്‌സി ചാപ്ലറ്റ്) വളരെ പ്രസിദ്ധമായ ഒരു ഭക്തിയാണ്. 1935 സെപ്തംബര്‍ 13-നാണ് വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയില്‍ ഈ പ്രാര്‍ത്ഥന കുറിച്ചിട്ടത്. ഒരു വൈകുന്നേരം തന്റെ മുറിയിലായിരുന്ന സമയത്ത് ദൈവകോപം നടപ്പാക്കുന്ന മാലാഖയെ സിസ്റ്റര്‍ ദര്‍ശിച്ചു. ആന്തരികമായി മാത്രം കേള്‍ക്കുവാന്‍ കഴിയുന്ന വാക്കുകളിലൂടെ ആ സമയത്ത് ഫൗസ്റ്റീന ലോകത്തിനുവേണ്ടി ദൈവത്തോട് യാചിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആ മലാഖയുടെ നിസ്സഹായത ഫൗസ്റ്റീന മനസ്സിലാക്കി. നമ്മുടെ പാപത്തിന് അര്‍ഹതപ്പെട്ട ശിക്ഷ നടപ്പാക്കുവാന്‍ മാലാഖയ്ക്ക് കഴിയുന്നില്ല.

ദൈവത്തോട് സിസ്റ്റര്‍ അപേക്ഷിച്ച വാക്കുകള്‍ ഇവയാണ്: നിത്യപിതാവേ, ഞാന്‍ അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുവിന്റെ ശരീരവും രക്തവും ആത്മാവും

ദൈവികത്വവും സമര്‍പ്പിക്കുന്നു. എന്റെയും ലോകത്തിന്റെയും പാപത്തിനുവേണ്ടി; അവിടുത്തെ അതിദാരുണമായ പീഡാനുഭവങ്ങളെ പ്രതി ഞങ്ങളോട് കരുണ തോന്നണമേ. പിറ്റേദിവസം രാവിലെ സിസ്റ്റര്‍ ചാപ്പലിലെത്തി, ഉള്ളില്‍ ഒരു ശബ്ദം കേട്ടു; ”ഓരോ പ്രാവശ്യവും നീ ദൈവാലയത്തില്‍ പ്രവേശിക്കുമ്പോള്‍, ഞാന്‍ ഇന്നലെ പഠിപ്പിച്ച ആ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക.” ആ പ്രാര്‍ത്ഥനയാണ് കരുണയുടെ ജപമാല. അത് ലോകവും ദൈവവുമായുള്ള ഉടമ്പടിയുടെ മധ്യത്തില്‍ നില്‍ക്കുവാനുള്ളതാണ്, അതുകൊണ്ട് തന്നെ വളരെയധികം ശക്തിയുള്ള മധ്യസ്ഥപ്രാര്‍ത്ഥനയാണ്.

മധ്യസ്ഥപ്രാര്‍ത്ഥനയുടെ മതില്‍

ഒരു മിനിസ്ട്രി എന്ന നിലയില്‍ വല്ലപ്പോഴും യാചനപ്രാര്‍ത്ഥന നടത്തുക എന്നതല്ല മധ്യസ്ഥപ്രാര്‍ത്ഥന. അതിനെക്കാളുപരി നിരന്തരമായി ഒരു കാര്യത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. അക്ഷരാര്‍ത്ഥത്തില്‍ അത് അര്‍ത്ഥമാക്കുന്നത് ‘മധ്യത്തില്‍ നിലകൊള്ളുക’ എന്നതാണ്. ദൈവജനത്തെ തിന്മയുടെ ആക്രമണത്തില്‍നിന്നും രക്ഷിക്കുക എന്നതാണ്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ദേശത്തിന്റെയോ ലോകം മുഴുവന്റെയോ പാപം മൂലം വന്നുചേര്‍ന്നിരിക്കുന്ന ദൈവകോപത്തില്‍ നിന്ന് അവരെ രക്ഷിക്കണമേയെന്ന അപേക്ഷയുമായി ദൈവത്തിനും മനുഷ്യനും ഇടയില്‍ നിലകൊള്ളുകയാണ്. ആവശ്യത്തിനും ദൈവകൃപയ്ക്കുമിടയില്‍ നിരന്തരമായി നിലകൊള്ളുക എന്നതാണത്. പ്രതിരോധം തീര്‍ക്കുന്നതിന് ആത്മീയമായ മതില്‍ തീര്‍ക്കുക എന്നതാണ് അതിനര്‍ത്ഥം.

സിറില്‍ ജോണ്‍


സിറില്‍ ജോണ്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ നാഷനല്‍ സര്‍വീസ് ടീമിന്റെയും ഇന്റര്‍നാഷനല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസ് സബ് കമ്മിറ്റി ഫോര്‍ ഏഷ്യ- ഓഷ്യാനിയയുടെയും ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു. Spurred by the Holy Spirit(മലയാള വിവര്‍ത്തനം: ദൈവാത്മാവിനാല്‍ ജ്വലിപ്പിക്കപ്പെട്ടവര്‍), Pray Lifting up the Holy Hands(മലയാള വിവര്‍ത്തനം: പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കുന്ന ദൈവം) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *