കീഴടങ്ങും വിഷാദം

ഇന്ത്യയിലെ പേരുകേട്ട ഒരു ഐ.ഐ.ടിയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ശ്രദ്ധിക്കപ്പെട്ട ഒരു വാര്‍ത്തയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികവുറ്റ എഞ്ചിനീയറിങ്ങ് പഠനസ്ഥാപനങ്ങളാണ് ഐ.ഐ.ടികള്‍. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അവിടെ അഡ്മിഷന്‍ നേടാനുള്ള പരീക്ഷ എഴുതുന്നത്. ആ കടുത്ത മത്സരപ്പരീക്ഷയെന്ന കടമ്പ കടന്ന് പ്രവേശനം നേടുന്നവര്‍ തീര്‍ച്ചയായും ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണല്ലോ. പക്ഷേ ഈ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുവാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് അതിശയം തോന്നിയത്. അവള്‍ക്ക് അവിടെ നടത്തപ്പെട്ട ഇന്റേണല്‍ പരീക്ഷയില്‍ ഒരു പേപ്പറിന് പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല. അതിനെത്തുടര്‍ന്ന് അവള്‍ കടുത്ത വിഷാദത്തിന് അടിമയാകുകയും ജീവനൊടുക്കുകയും ചെയ്തു.

ആധുനിക തലമുറയെ ഗ്രസിച്ചിരിക്കുന്ന ഒരു പ്രധാന രോഗമാണ് വിഷാദം. ജീവിതത്തില്‍ അപ്രതീക്ഷിതവും എന്നാല്‍ അനിവാര്യവുമായ പ്രതിസന്ധികളും പരാജയങ്ങളും തിരിച്ചടികളും ഉണ്ടാകുമ്പോള്‍ അതിനെ നേരിടുവാനുള്ള മനക്കരുത്ത് ഇല്ലാത്തതാണ് ഇതിന് കാരണം. ദുര്‍ബലമനസ്‌കരുടെ എണ്ണം ഇന്ന് വളരെ വര്‍ധിച്ചുവരുകയാണ്.

ഇതിനൊരു പ്രധാന ഉറവിടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ‘ഹെലികോപ്റ്റര്‍ പേരന്റിംഗ്’ ആണ്. ഇന്ന് അണുകുടുംബങ്ങളാണ് അധികവും. കുടുംബത്തില്‍ മിക്കവാറും ഒന്നോ രണ്ടോ കുട്ടികളേ ഉണ്ടാവുകയുള്ളൂ. അതിനാല്‍ മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്ക്കണ്ഠമൂലം അവരുടെ മുകളില്‍ എപ്പോഴും ഒരു ഹെലികോപ്റ്റര്‍പോലെ മാതാപിതാക്കള്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങള്‍പോലും എങ്ങനെ ചെയ്യണമെന്ന് നിരന്തരം പറഞ്ഞുകൊടുക്കുകയാണ് ഇത്തരത്തിലുള്ള മാതാപിതാക്കളുടെ രീതി. അതിനാല്‍ കുട്ടികള്‍ക്ക് സ്വയം ചിന്തിക്കുവാനോ തീരുമാനമെടുക്കുവാനോ ഉള്ള കഴിവ് വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുന്നില്ല. തല്‍ഫലമായി ഭാരിച്ച ശരീരവും എന്നാല്‍ ശോഷിച്ച മനസുമായി കുട്ടികള്‍ വളര്‍ന്നുവരുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ തൊട്ടാവാടിപോലെ അവര്‍ ചുരുണ്ടുപോവുകയും എളുപ്പത്തില്‍ വാടുകയും ചെയ്യുന്നത് സ്വാഭാവികംതന്നെ.

എന്നാല്‍ പണ്ടുകാലത്ത് അങ്ങനെ ആയിരുന്നില്ല. കുടുംബത്തില്‍ കുട്ടികള്‍ കൂടുതലുണ്ടായിരുന്നു. അവരുടെ കാര്യത്തില്‍ അമിതമായി ശ്രദ്ധിക്കുവാനുള്ള സമയമോ സാഹചര്യമോ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. കുട്ടികള്‍ അടിച്ചും കളിച്ചും പഠിച്ചും വളര്‍ന്നുവന്നു. തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ല എന്ന ചൊല്ല് അര്‍ത്ഥപൂര്‍ണമാക്കുന്ന വിധത്തില്‍ അവര്‍ പ്രതികൂലസാഹചര്യങ്ങളെ കീഴടക്കി. ഇതിനുള്ള ഒരു പ്രധാന കാരണം മാതാപിതാക്കള്‍ നല്കിയ ദൈവാശ്രയബോധമായിരുന്നു. ‘ദൈവം തരും, ദൈവം നോക്കും’ എന്നവര്‍ നിരന്തരം മക്കളോട് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. മക്കളെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്ന കുടുംബപ്രാര്‍ത്ഥന ഒരിക്കലും അവര്‍ മുടക്കിയിരുന്നില്ല. അതിനാല്‍ ദൈവത്തിന്റെ തണലില്‍, ദൈവത്തെ നോക്കിയാണ് കുട്ടികള്‍ വളര്‍ന്നുവന്നത്.

എന്നാല്‍ കാലം മാറിയപ്പോള്‍, ജീവിതസാഹചര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ദൈവത്തിന്റെ സഹായം ഇല്ലെങ്കിലും തങ്ങള്‍ക്ക് കുഴപ്പമില്ല എന്ന ഒരു സ്വാശ്രയബോധം ആധുനിക മാതാപിതാക്കളില്‍ വളര്‍ന്നുവന്നു. ദൈവം പണ്ട് ഒരു സഹയാത്രികന്‍ ആയിരുന്നുവെങ്കില്‍ ഇന്ന് ആവശ്യത്തിനുമാത്രം അന്വേഷിക്കുന്ന വഴിപോക്കനായി മാറി. നമ്മുടെ കുട്ടികളുടെ ഭാവി യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാകണമെങ്കില്‍ പഴയതിലേക്കുള്ള ഒരു തിരിച്ചുപോക്ക് അത്യന്താപേക്ഷിതമത്രേ. മക്കളെ തങ്ങളിലേക്ക് ആകര്‍ഷിച്ച് വളര്‍ത്തുന്നതുപോലെയുള്ള ശുദ്ധമണ്ടത്തരമാണ് മക്കള്‍ ഞങ്ങളെ വാര്‍ധക്യകാലത്ത് സംരക്ഷിക്കും എന്ന് പ്രത്യാശ വയ്ക്കുന്നതും. മക്കള്‍ ദൈവോന്മുഖരായി വളരട്ടെ. അവരുടെയും മാതാപിതാക്കളുടെയും പ്രത്യാശ മാറ്റമില്ലാത്തവനായ ദൈവത്തില്‍ത്തന്നെ ആകട്ടെ.

ആധുനിക മാധ്യമങ്ങളിലൂടെ ദൈവനിഷേധത്തിന്റെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ദൈവവിചാരത്തിന്റെ വിത്തുകള്‍ കുട്ടികളുടെ മനസുകളില്‍ വിതക്കപ്പെടണം. അപ്പോള്‍ കളയും വിളയും ഒരുമിച്ച് വളരും. എന്നാല്‍ തക്കസമയത്ത് കളകളെ തിരിച്ചറിയുവാനുള്ള ജ്ഞാനവും വിവേകവും ദൈവം അവര്‍ക്ക് നല്കും.

ദുരിതങ്ങളുണ്ടാകുമ്പോള്‍ വിളിച്ചപേക്ഷിക്കാവുന്ന, വിളികേള്‍ക്കുന്ന ഒരു ദൈവമുണ്ടെന്നുള്ള ബോധ്യം അവരുടെ മനസുകളില്‍ നിക്ഷേപിക്കപ്പെട്ടാല്‍, ദുരിതങ്ങളില്‍ അവര്‍ പതറിപ്പോവുകയില്ല. ആ ദൈവത്തെ വിളിച്ചപേക്ഷിച്ച് അവര്‍ ശക്തി സ്വീകരിക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്യും. സങ്കീര്‍ത്തകന്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: ”ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു, എന്റെ പ്രാര്‍ത്ഥന കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 118:5).

ആധുനികശാസ്ത്രം മനുഷ്യന്റെ പല വ്യഥകള്‍ക്കും പരിഹാരവും പ്രതിവിധിയും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അതിന് പരിഹരിക്കുവാന്‍ പറ്റാത്ത ഒന്നാണ് മനുഷ്യനെ പലപ്പോഴും ഗ്രസിക്കുന്ന ഭയം. മനുഷ്യന്റെ ഭയത്തെ ദൂരീകരിക്കുവാന്‍ ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന് മാത്രമേ സാധിക്കൂ. ദൈവം എന്റെ കൂടെയുണ്ട് എന്ന് തിരിച്ചറിയുന്ന മനസാണ് നിര്‍ഭയമായ മനസ്. ”കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്. ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 118:6). അദൃശ്യനാണെങ്കിലും എന്നും എല്ലായ്‌പ്പോഴും കൂടെയുള്ള ദൈവത്തിന്റെ പ്രകാശത്തില്‍ വസിക്കുവാനുള്ള കൃപക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം:

സ്‌നേഹനിധിയായ ദൈവമേ, ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയുടെ പ്രകാശത്താല്‍ നിരന്തരം പ്രഭാപൂര്‍ണമാക്കണമേ. ഞങ്ങളും ഞങ്ങളുടെ തലമുറയും എന്നും അങ്ങയെ കാണട്ടെ. മനസിനെ ഛിന്നഭിന്നമാക്കുവാന്‍ പോകുന്ന പ്രശ്‌നങ്ങളില്‍പ്പോലും അങ്ങയുടെ സാന്നിധ്യം ഞങ്ങള്‍ക്ക് ശക്തിയും കോട്ടയും ആകട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, പ്രത്യാശ നിറഞ്ഞവരായി ജീവിതം നയിക്കുവാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചാലും, ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *