തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാന്‍…

വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജാവിയര്‍ ഒലിവേരയും മേരി ഡെ ലാ സാഗെസ്സിയും ക്രിസ്തുവിന്റെ പുരോഹിതനും സന്യാസിനിയുമായ സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ഒരുമിച്ചൊരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ഇവര്‍ എന്തുകൊണ്ട് പുരോഹിതനും സന്യാസിനിയുമായി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അവര്‍ നല്കുന്ന ഉത്തരം നമ്മെ അത്ഭുതപ്പെടുത്തും, അതിലേറെ സഹായിക്കും.

പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്ത സാഗെസ്സിയുടെ സഹോദരനെ സെമിനാരിയില്‍ എത്തിച്ചത് ജാവിയറും സാഗെസ്സിയും ചേര്‍ന്നാണ്. മടക്കയാത്രയില്‍, സമര്‍പ്പിത ജീവിതെത്തക്കുറിച്ച് സംസാരിച്ചെങ്കിലും ഒരിക്കലും ആ വഴിയേ ഇല്ല, നാം ഒരുമിച്ച് കുടുംബജീവിതം മാത്രം എന്ന് ഇരുവരും ഉറപ്പോടെ പറഞ്ഞു. എന്നാല്‍ സമര്‍പ്പിത ജീവിത ചിന്തകള്‍ ഉള്ളില്‍ തിരകളുയര്‍ത്തിക്കൊണ്ടിരുന്നു. രണ്ടും ദൈവവിളികള്‍.

എങ്കിലും ദൈവത്തിന് എന്നെക്കുറിച്ച് ഇഷ്ടവും, വിശുദ്ധി പ്രാപിക്കാനും എളുപ്പത്തില്‍ സ്വര്‍ഗം സ്വന്തമാക്കാനും എന്നെ കൂടുതല്‍ സഹായിക്കുന്നതും ഏതായിരിക്കും? പ്രാര്‍ത്ഥനാ പൂര്‍വം ആലോചിച്ചപ്പോള്‍ ഉത്തരം ഉടനെത്തി. അപ്രകാരം ഇരുവരും സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തു. ഫാ. ജാവിയര്‍ ഒലിവേര ഇന്ന് സാന്‍ റാഫേല്‍ രൂപതയിലെ വൈദികനും സിസ്റ്റര്‍ മേരി ഡെ ലാ സാഗെസ്സി സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സിഫുള്‍ ജീസസ് സഭയില്‍ സന്യാസിനിയുമാണ്.

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. വിശുദ്ധരാകുന്നതിനും സ്വര്‍ഗം പിടിച്ചടക്കുന്നതിനും തങ്ങള്‍ക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്തെന്ന് കണ്ടെത്തി ആ മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ പൗരോഹിത്യ സന്യാസ ദൈവവിളികള്‍ക്ക് ഫാ. ജാവിയറും സിസ്റ്റര്‍ സാഗെസ്സിയും കാരണമായത്.

ഓരോരുത്തര്‍ക്കും വ്യത്യസ്ത മാര്‍ഗവും പദ്ധതികളുമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ്, അപ്രകാരം തീരുമാനിച്ച് പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവത്തിന്റെ തീരുമാനവും നമ്മുടെ തീരുമാനവും ഓന്നായിത്തീരും. നമ്മുടെ സകല കാര്യങ്ങളിലും ദൈവത്തിന്റെ തീരുമാനമാണ് നമ്മുടെ തീരുമാനമാകേണ്ടത്.

കാരണം അവിടുന്നു വെളിപ്പെടുത്തുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്, നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി”-ജറെമിയ 29:11. അതിനാല്‍ നമ്മെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതിക്കനുസൃതമാകണം നമ്മുടെ തീരുമാനങ്ങള്‍. വിശുദ്ധ തോമസ് അക്കെമ്പിസ് പ്രാര്‍ത്ഥിച്ചു: ”ദൈവമേ അങ്ങ് ആഗ്രഹിക്കുന്നവ മാത്രം ആഗ്രഹിക്കാനും അങ്ങ് ഇച്ഛിക്കാത്തവ ഇച്ഛിക്കാതിരിക്കാനും എന്നെ അനുഗ്രഹിക്കണേ. മറിച്ചൊന്നിന് എനിക്ക് കഴിവില്ലാതാകട്ടെ”എന്ന്.

ജീവിതത്തിലെ സുപ്രധാനങ്ങളെന്നു തോന്നുന്ന ജീവിതാന്തസ്, പഠനം, ജോലി, ബിസിനസ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുംമുമ്പ് ദൈവഹിതം അന്വേഷിക്കാറുണ്ട് നാം. എന്നാല്‍ ഇവ കൂടാതെ ചെറുതും വലുതുമായ എത്രയെത്ര തീരുമാനങ്ങളാണ് ഓരോ നിമിഷവും എടുത്തുകൊണ്ടിരിക്കുന്നത്? ചിലപ്പോഴെങ്കിലും നാമവ ശ്രദ്ധിക്കുകയോ അറിയുകപോലുമോ ചെയ്യാറില്ല.

എന്തു ചിന്തിക്കണം, പറയണം, എങ്ങനെ പെരുമാറണം, എന്ത് എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങോട്ടു പോകണം, ഇരിക്കണമോ, എഴുന്നേല്ക്കണോ, കിടക്കണോ, ചാരി ഇരിക്കേണാ, പ്രാര്‍ത്ഥിക്കണോ, എന്ത്, എങ്ങനെ പ്രാര്‍ത്ഥിക്കണം, ഇരുന്നു പ്രാര്‍ത്ഥിക്കണോ, മുട്ടുകുത്തണോ, കൈവിരിക്കണോ, നില്ക്കണമോ എന്നിങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍ ഓരോ നിമിഷവും ശ്രദ്ധയോടെയോ അശ്രദ്ധമായോ നാം തീരുമാനിക്കുന്നുണ്ട്.

പലപ്പോഴും കൂടുതലൊന്നും ചിന്തിക്കാതെ, നമുക്കു തോന്നുന്നതുപോലെ, നമ്മുടെ ഇഷ്ടവും താല്പര്യവും അനുസരിച്ച് പെട്ടെന്ന് തീരുമാനിച്ച് ചെയ്യുകയാണ് പതിവ്. അത്തരം സാഹചര്യങ്ങളില്‍ അബദ്ധങ്ങള്‍ക്കും പിഴവുകള്‍ക്കും സാധ്യതയുണ്ട്. സംസാരത്തിലുണ്ടാകുന്ന വീഴ്ചകളും അബദ്ധങ്ങളും അത്തരത്തിലുള്ളതാണല്ലോ. ”വായാടിയായ ആത്മാവ് ഒരിക്കലും വിശുദ്ധി പ്രാപിക്കുകയില്ല. സംസാരിക്കുന്നത് ദൈവഹിതമാണോ എന്നു ചിന്തിക്കാതെ വേഗം പ്രതികരിക്കും” എന്ന് വിശുദ്ധ ഫൗസ്റ്റീന ഓര്‍മപ്പെടുത്തുന്നു! ”സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പരിപൂര്‍ണനാണ്”- യാക്കോബ് 3:2.

നമുക്കു പ്രധാനമെന്നു തോന്നുന്നവ മാത്രമല്ല, സകല തീരുമാനങ്ങളും വളരെ പ്രധാനപ്പെട്ടവ തന്നെ. നമ്മുടെ നന്മയും തിന്മയും ഭാവിയും ഉയര്‍ച്ചയും താഴ്ചയും നിര്‍ണയിക്കുന്നതില്‍ അവയ്ക്ക് അനിഷേധ്യ സ്ഥാനമുണ്ട്. തന്മൂലം തീരുമാനം വലുതോ ചെറുതോ ആയിക്കൊള്ളട്ടെ. അവ എടുക്കുംമുമ്പ് ഉറപ്പുവരുത്തണം – എന്റെ ദൈവം ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ആയിരിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന്. ”അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍”- 1കോറിന്തോസ് 10:31.

ചിലപ്പോഴെങ്കിലും തീരുമാനമെടുക്കാന്‍ വളരെ ക്ലേശിച്ചുപോകാറുണ്ട്. അപ്പോള്‍, ജാവിയറും സാഗെസ്സിയും ചെയ്തതുപോലെ, വിശുദ്ധ ജീവിതത്തിനും എളുപ്പത്തില്‍ സ്വര്‍ഗം സ്വന്തമാക്കാനും ഉപരി ദൈവത്തിന് ഇഷ്ടമുള്ളതുമായതെന്തെന്ന് ചിന്തിച്ചാല്‍ വളരെ പെട്ടെന്നു തീരുമാനം എടുക്കാന്‍ കഴിയും. വിശുദ്ധ ജീവിതത്തിന് സഹായകമായ തീരുമാനം സ്വര്‍ഗം സ്വന്തമാക്കല്‍ എളുപ്പമാക്കും. വേഗത്തില്‍ സ്വര്‍ഗത്തിലെത്താന്‍ എടുക്കുന്ന തീരുമാനം വിശുദ്ധ ജീവിതത്തെ ത്വരിതപ്പെടുത്തും.

ദൈവഹിതപ്രകാരം എടുക്കുന്ന തീരുമാനം വിശുദ്ധ ജീവിതത്തെയും സ്വര്‍ഗം കൈവശമാക്കുന്നതിനെയും വേഗത്തിലാക്കും. അതിനാല്‍, ഫാ.ജാവിയറിനെയും സിസ്റ്റര്‍ സാഗെസ്സിയെയുംപോലെ ദൈവഹിതപ്രകാരവും വിശുദ്ധ ജീവിതത്തിനും സ്വര്‍ഗരാജ്യം കൈയ്യടക്കുന്നതിനുമായിരിക്കട്ടെ നമ്മുടെ തീരുമാനങ്ങളെല്ലാം. അപ്പോള്‍ എല്ലാം മനോഹരങ്ങളും വേഗതയേറിയവയുമായിരിക്കും.

”കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്ന് നിനക്ക് വഴിതെളിച്ചുതരും’- സുഭാഷിതങ്ങള്‍ 3:56. നാം ‘ഇടംവലം തിരിഞ്ഞ് ക്ലേശിക്കാതെ, ഇതാണ് വഴി ഇതിലേ പോവുക’ എന്ന് പറഞ്ഞ് വഴിതെളിക്കുന്ന ഒരു ദൈവം നമുക്കുള്ളതിനാല്‍ (ഏശയ്യാ 30:21) തീരുമാനങ്ങളെടുക്കാന്‍ നാം ഒട്ടും ക്ലേശിക്കേണ്ടതില്ല. ”കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ, അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്നു കാണിച്ചുകൊടുക്കും”-സങ്കീര്‍ത്തനങ്ങള്‍ 25:12.

ദൈവത്തിനും വിശുദ്ധിക്കും സ്വര്‍ഗത്തിനുംവേണ്ടി സ്വന്തം തീരുമാനങ്ങളെയും ഇഷ്ടങ്ങളെയുമെല്ലാം മാറ്റിവച്ച് ദൈവത്തിന്റെ തീരുമാനം സ്വന്തം തീരുമാനമാക്കിയ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും പ്രാര്‍ത്ഥനയും നമ്മെ സഹായിക്കും. പരിശുദ്ധ അമ്മേ, അനുനിമിഷവും എന്റെ തീരുമാനങ്ങളെ ദൈവത്തിന് എന്നെക്കുറിച്ചുള്ള തീരുമാനമായി മാറ്റുവാന്‍ അമ്മ സഹായിക്കണമേ ആമ്മേന്‍.


ആന്‍സിമോള്‍ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *