അറ്റകൈ എന്ന ഒരു പ്രയോഗം മലയാളഭാഷയില്‍ ഉണ്ട്. ഒരു പ്രശ്നം തീര്‍ക്കുവാന്‍ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചിട്ടും പ്രശ്നം തീരാതെ വരുമ്പോള്‍ ചെയ്യുന്ന കാര്യമാണ് അറ്റകൈപ്രയോഗം. ഇത്തരമൊരു അറ്റകൈപ്രയോഗത്തെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തില്‍ നാം വായിക്കുന്നു. ‘എന്റെ ജനത്തോട് ഞാന്‍ മറ്റെന്താണ് ചെയ്യുക?’ ജറെമിയ 9:7 എന്ന ചോദ്യവും തുടര്‍ന്നു നടക്കുന്ന കാര്യങ്ങളും നമ്മുടെ ജീവിതത്തിലും പ്രസക്തമാണ്.
ഈജിപ്തില്‍നിന്ന് വാഗ്ദാനനാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ മുതല്‍ ഇസ്രായേല്‍ജനം പരാതികളും കുറ്റങ്ങളും പറഞ്ഞു തുടങ്ങിയതാണ്. അത് കൂടിവന്നപ്പോള്‍ കര്‍ത്താവ് ഒരു തീരുമാനം എടുത്തു, ഈജിപ്തില്‍നിന്ന് പുറപ്പെട്ടവരില്‍ ജോഷ്വയും കാലെബും ഒഴികെ ആരെയും വാഗ്ദാനനാട്ടില്‍ പ്രവേശിപ്പിക്കുകയില്ല എന്ന്. അങ്ങനെ നാല്പതുവര്ഷം മരുഭൂമിയിലൂടെ അവര്‍ അലഞ്ഞു നടക്കാന്‍ ഇടയാക്കി.
ഈജിപ്തില്‍നിന്ന് പുറപ്പെട്ടവരുടെ മക്കളും കൊച്ചുമക്കളുമാണ് വാഗ്ദാനനാട്ടില്‍ പ്രവേശിച്ചത്. അവിടെ എത്തി താമസം തുടങ്ങിയിട്ടും സമൃദ്ധിയില്‍ ജീവിച്ചിട്ടും അവരുടെ ആവലാതികള്‍ തീര്‍ന്നില്ല. അതിലുപരി അവര്‍ എല്ലാ ദൈവകല്പനകളും ലംഘിക്കുവാന്‍ തുടങ്ങി. വിഗ്രഹാരാധന, വ്യഭിചാരം, അനീതി തുടങ്ങിയ നിരവധി തിന്മകള്ക്ക് രാജാക്കന്മാരും ജനങ്ങളും വിധേയപ്പെട്ടു. അപ്പോഴെല്ലാം പ്രവാചകന്മാര്വഴി കര്‍ത്താവ് അവരെ തിരുത്താന്‍ ശ്രമിച്ചു. ചിലപ്പോള്‍ ശിക്ഷിച്ചു. വരള്‍ച്ച, ക്ഷാമം, യുദ്ധം, യുദ്ധത്തില്‍ പരാജയം, അടിമത്വം, വിപ്രവാസം തുടങ്ങിയ ശിക്ഷകളെല്ലാം കിട്ടി. എന്നിട്ടും ജനത്തിന് മാനസാന്തരം ഉണ്ടായില്ല.
ജനത്തിന്റെ ഈ ദുരവസ്ഥ കണ്ട ജറെമിയ പ്രവാചകന് ഇങ്ങനെ പറഞ്ഞു: എന്റെ ശിരസ് ഒരു കണ്ണീര് തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, …. ഞാന്‍ രാപകല്‍ കരയുമായിരുന്നു. വഴിയരികില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ എന്റെ ജനത്തെവിട്ട് അകന്നുപോകുമായിരുന്നു. ജനത്തെക്കുറിച്ച് ഒടുവില്‍ കര്‍ത്താവ് പറയുന്നത് അതിക്രമത്തില്‍ മുഴുകിയ അവര്‍ അനുതപിക്കുന്നില്ല എന്നാണ്. മര്‍ദനത്തിനുമേല്‍ മര്‍ദനവും വഞ്ചനയ്ക്കുമേല്‍ വഞ്ചനയും കുന്നുകൂടുന്നു. അവര്‍ അവിടുത്തെ അറിയാന്‍ വിസമ്മതിക്കുന്നു.
അതിനാല്‍ കര്‍ത്താവ് ഒരു അറ്റകൈ പ്രയോഗിക്കുന്നതിനെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയാണ്: ഞാന്‍ അവരെ ചൂളയില്‍ ഉരുക്കി ശുദ്ധീകരിക്കും. എന്റെ ജനത്തോട് ഞാന്‍ മറ്റെന്താണ് ചെയ്യുക? (ജറെമിയ 9:7). ചൂളയില്‍ ഉരുക്കുക ഏറ്റവും വേദനാജനകമായ അനുഭവമാണ്. പക്ഷേ, വേറെ വഴിയില്ല എന്ന് കര്‍ത്താവ് പറയുകയാണ്. വലിയ സഹനങ്ങളിലൂടെ രാജ്യത്തെയും ജനങ്ങളെയും കടത്തിവിടും എന്നാണ് കര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയത്. അഗ്നിയില്‍ ഉരുക്കുന്നത് നശിപ്പിക്കാനും ഇല്ലാതാക്കാനുമല്ല; പ്രത്യുത ശുദ്ധീകരിക്കാനാണ്. അശുദ്ധി മാറ്റാനാണ്. ഗുണമേന്മ വര്‍ധിപ്പിക്കാനാണ്.
ഇതേ സാഹചര്യങ്ങള്‍ ഇന്നും ഇല്ലേ? കര്‍ത്താവ് ചൂളയില്‍ ഉരുക്കി ശുദ്ധീകരിക്കുന്നതിനു മുന്‍പേ അനുതപിക്കാനും അവിടുത്തെ വഴികളില്‍ ചരിക്കാനും നമുക്ക് തയാറാകാം.
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.