പാപിനിയെ വിജയിച്ച വിശുദ്ധന്‍ വിശുദ്ധ വിറ്റസ്

സിസിലിയിലെ കുലീനമായ വിജാതീയ കുടുംബത്തില്‍ എഡി 291-ലാണ് വിശുദ്ധ വിറ്റസിന്റെ ജനനം. പിതാവായ ഹൈലാസ് വിറ്റസിനെ ക്രൈസ്തവദമ്പതികളായ മൊഡസ്റ്റസിന്റെയും ക്രെസന്‍ഷ്യയുടെയും പക്കല്‍ വളര്‍ത്താനേല്പിച്ചു. വളര്‍ത്തച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൈസ്തവജീവിതം ആ കുഞ്ഞിനെ വളരെയധികം സ്വാധീനിച്ചു. അവരുടെ ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ കണ്ടെത്തിയ വിറ്റസ് അവിടുന്നിലുള്ള വിശ്വാസത്തില്‍ പടിപടിയായി ഉയര്‍ന്നുകൊണ്ടിരുന്നു. 12-ാമത്തെ വയസില്‍ പിതാവായ ഹൈലാസിന്റെ കൂടെ മടങ്ങിപ്പോരുന്ന സമയമായപ്പോഴേക്കും ആ കുട്ടി മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറിയിരുന്നു.

വിറ്റസ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചെന്ന് മനസിലാക്കിയ പിതാവ് വിശ്വാസം ഉപേക്ഷിക്കാന്‍ അവനെ നിര്‍ബന്ധിച്ചു. എന്നാല്‍ വിറ്റസ് വഴങ്ങിയില്ല. അതിനാല്‍ ചാട്ടവാറുകൊണ്ട് അടിപ്പിച്ച് മകന്റെ മനസ്സു മാറ്റിയെടുക്കാം എന്നു ഹൈലാസ് തീരുമാനിച്ചു. എന്നാല്‍ ആ മനസില്‍ കുഞ്ഞുനാളിലേ പാകപ്പെട്ടിരുന്ന വിശ്വാസത്തിന്റെ വിത്തുകള്‍ പീഡനങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ് ചെയ്തത്. നാളുകള്‍ കടന്നുപോയി. ഒന്നുകൊണ്ടും മകനെ ക്രിസ്തുവിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ തനിക്കു സാധിക്കില്ലെന്ന് മനസിലാക്കിയ ഹൈലാസ് വിറ്റസിനെ ഗവര്‍ണറായിരുന്ന വലേരിയന്റെ പക്കലേക്ക് അയച്ചു.

യുവാവായിക്കഴിഞ്ഞിരുന്ന വിറ്റസിനെ ക്രിസ്തുവില്‍നിന്ന് അകറ്റാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും വലേരിയന്‍ പ്രയോഗിച്ചു നോക്കി. ഒന്നിനും വിറ്റസിന്റെ മനം മാറ്റാന്‍ സാധിക്കുന്നില്ലെന്ന് കണ്ട് കുപിതനായപ്പോള്‍ വിശുദ്ധനെ ചാട്ടവാറുകൊണ്ട് അടിക്കുവാന്‍ രണ്ട് പട്ടാളക്കാരെ നിയോഗിച്ചു. എന്നാല്‍ ആ പട്ടാളക്കാര്‍ പ്രഹരിക്കാനായി കൈകള്‍ ഉയര്‍ത്തിയപ്പോള്‍ അവ മരവിച്ച് അനക്കാന്‍ പറ്റാത്ത അവസ്ഥയിലാവുകയാണുണ്ടായത്. ഇത് വിറ്റസിന്റെ ഏതോ മാന്ത്രികശക്തിയാലാണെന്ന് ധരിച്ച വലേരിയന്‍ അവരെ സുഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന സ്വീകരിച്ച വിറ്റസ് കരങ്ങള്‍ നീട്ടി കുരിശടയാളം വരച്ചപ്പോള്‍ അവരുടെ കരങ്ങള്‍ സുഖപ്പെട്ടു. എന്നാല്‍ ഈ അത്ഭുതം കണ്ടിട്ടും വലേരിയനോ വിറ്റസിന്റെ പിതാവിനോ മാനസാന്തരം ഉണ്ടായില്ല.

തുടര്‍ന്ന് മകന്റെ ക്രൈസ്തവവിശ്വാസത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ ശാരീരിക പീഡനങ്ങള്‍ പോരെന്നു തോന്നി ഹൈലാസിന്. അതിനാല്‍ പാപകരമായ ജീവിതം നയിക്കുന്ന ഒരു സ്ത്രീയെ വിറ്റസിന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു. ശരീരത്തിനേറ്റ പ്രഹരങ്ങളെ വിശ്വാസതീക്ഷ്ണതയാല്‍ അതിജീവിച്ച വിറ്റസ് പ്രാര്‍ത്ഥനകൊണ്ടാണ് ഈ പ്രലോഭനത്തെ നേരിട്ടത്. കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിറ്റസിന്റെ പക്കലേക്ക് സ്വര്‍ഗീയ പ്രഭാവമുള്ള ഒരു മാലാഖ കടന്നുവന്നു. ഇതു കണ്ട് ഭയപ്പെട്ട ആ സ്ത്രീ ഓടി പോവുകയാണ് ചെയ്തത്.

പിന്നീട് തന്റെ വളര്‍ത്തുമാതാപിതാക്കളായ മോഡസ്റ്റസിനും ക്രെസന്‍ഷ്യയ്ക്കുമൊപ്പം ഇറ്റലിയിലേക്ക് രക്ഷപെട്ട വിറ്റസ് നേപ്പിള്‍സിലെത്തി. സാധ്യമായ സ്ഥലങ്ങളിലെല്ലാം സുവിശേഷം പ്രസംഗിച്ച വിറ്റസിന്റെ വചനപ്രഘോഷണത്തെ കര്‍ത്താവ് അത്ഭുതങ്ങളാല്‍ സ്ഥിരീകരിച്ചുകൊണ്ടിരുന്നു. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരെ ഉഗ്രമായ മതമര്‍ദ്ദനം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. വിറ്റസിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് കേട്ടറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ വിചാരണ ചെയ്യുവാന്‍ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.

ആദ്യം അദ്ദേഹം വിറ്റസിനോട് അനുഭാവപൂര്‍വമാണ് പെരുമാറിയത്. എന്നാല്‍ ക്രിസ്തുവിശ്വാസത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുവാന്‍ സാധ്യമല്ലെന്ന് മനസിലാക്കിയപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും വിശ്വാസം ത്യജിക്കാന്‍ തയാറാകാതിരുന്ന വിറ്റസിനെ ചക്രവര്‍ത്തിയുടെ നിര്‍ദേശാനുസരണം സിംഹത്തിന്റെ മുമ്പിലേക്ക് എറിഞ്ഞുകൊടുത്തു. എന്നാല്‍ സിംഹം ആ ക്രിസ്തുദാസനെ ഉപദ്രവിക്കാന്‍ തയാറായില്ല. തുടര്‍ന്ന് തിളയ്ക്കുന്ന എണ്ണയില്‍ ഇട്ടെങ്കിലും അതിനെയും ആ പുണ്യാത്മാവ് അതിജീവിച്ചു. ഒടുവില്‍ ക്രൈസ്തവവിശ്വാസികള്‍ക്കായി നിര്‍മ്മിക്കപ്പെട്ട പീഡനയന്ത്രത്തിലെ പീഡനങ്ങള്‍ സഹിച്ചുകൊണ്ടാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. അദ്ദേഹത്തോടൊപ്പം രക്തസാക്ഷിത്വം വരിക്കാന്‍ വളര്‍ത്തുമാതാപിതാക്കളുമുണ്ടായിരുന്നു.

എഡി 303-ല്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വിറ്റസ് നര്‍ത്തകരുടെ പ്രത്യേക മധ്യസ്ഥനാണ്. ഏതാണ്ട് പത്താം നൂറ്റാണ്ടിനുശേഷമുള്ള കാലത്ത് ജര്‍മ്മനിയിലും മറ്റു പലയിടങ്ങളിലും വിശുദ്ധ വിറ്റസിന്റെ തിരുനാളിന് അദ്ദേഹത്തിന്റെ രൂപത്തിനു മുന്നില്‍ ജനങ്ങള്‍ നൃത്തം ചെയ്യുമായിരുന്നു. അതിനാലാണ് ഈ പുണ്യവാന്‍ നര്‍ത്തകരുടെയും അഭിനേതാക്കളുടെയുമെല്ലാം പ്രത്യേകമധ്യസ്ഥനായി വണങ്ങപ്പെടുന്നത്.

വിജാതീയ കുടുംബത്തില്‍ ജനിച്ചെങ്കിലും ചെറുപ്പത്തില്‍ തന്നെ വിശുദ്ധരായ ക്രൈസ്തവദമ്പതികളുടെ സാന്നിധ്യത്തില്‍ വളരാന്‍ ലഭിച്ച അവസരം വിറ്റസ് എന്ന വിശുദ്ധന്‍ രൂപപ്പെടാന്‍ കാരണമായി മാറി. ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷണവും മാതൃകയുമാണ് മുമ്പോട്ടുള്ള അവരുടെ വിശ്വാസജീവിതത്തിന്റെ പിന്‍ബലമെന്ന് മൊഡസ്റ്റസിന്റെയും ക്രെസന്‍ഷ്യയുടെയും ജീവിതം എല്ലാ മാതാപിതാക്കളെയും അധ്യാപകരെയും ഓര്‍മിപ്പിക്കുന്നു.


രഞ്ജിത് ലോറന്‍സ്‌

Leave a Reply

Your email address will not be published. Required fields are marked *