അഭിക്കുട്ടന്‍ ജയിച്ചേ!

ഭിഷേക് എന്ന അഭിക്കുട്ടന്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയത് സന്തോഷത്തോടെയല്ല എന്ന് അമ്മ ശ്രദ്ധിച്ചു. സങ്കടവും അരിശവുമെല്ലാം കലര്‍ന്ന മുഖഭാവമാണ് അവന്റേത്. അതിനാല്‍ അമ്മ പതുക്കെ അവനടുത്തേക്കു ചെന്നു.
”എന്തുപറ്റി മോനേ?” അമ്മയുടെ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞില്ല. പകരം തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത്, ”അമ്മേ, ആരെങ്കിലും അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ നമ്മള്‍ തോറ്റുപോകുമോ?”

”ഇല്ല മോനേ, തിരിച്ചടിക്കുമ്പോഴാണ് തോറ്റുപോകുന്നത്” അമ്മ ഉത്തരം നല്കിയപ്പോള്‍ അഭിക്കുട്ടന് സന്തോഷമായി. അതോടെ കളിസ്ഥലത്തുണ്ടായ സംഭവം അവന്‍ പറയാന്‍ തുടങ്ങി.
”അമ്മേ, ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. കളിക്കിടയില്‍ അജയ് എന്നെ തട്ടിയിട്ടു. എന്തിനാണ് തട്ടിയിട്ടതെന്നു ചോദിച്ചപ്പോള്‍ ഇടിക്കുകയും ചെയ്തു. തിരിച്ചടിക്കണമെന്ന് എനിക്കു തോന്നിയതാണ്. പക്ഷേ ആരെയെങ്കിലും ഉപദ്രവിച്ചാല്‍പ്പിന്നെ ഈശോയുടെ കുഞ്ഞാണെന്ന് പറയാന്‍ പറ്റില്ല എന്ന് അമ്മ പറഞ്ഞിട്ടില്ലേ. അതോര്‍ത്ത് ഞാന്‍ വേണ്ടെന്നുവച്ചു. കളി നിര്‍ത്തി പോരാമെന്നു വച്ച് ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ ജെറിന്‍ എന്നോട് പറയുകയാണ് ഞാന്‍ തോറ്റുപോയി എന്ന്. ആണ്‍കുട്ടികളാണെങ്കില്‍ അടിച്ചവനെ തിരിച്ചടിക്കണമെന്ന്.”
പെട്ടെന്ന് അമ്മ ചോദിച്ചു, ”എന്നിട്ട് മോന്‍ അജയിനെ അടിച്ചോ?”

”ഇല്ല… പക്ഷേ നല്ലൊരു അടി കൊടുക്കാമായിരുന്നു എന്നെനിക്ക് തോന്നി” അവന്‍ തല ചൊറിഞ്ഞു.
അമ്മ പതുക്കെ അവന്റെ മുഖം പിടിച്ചുയര്‍ത്തി, ”ഇപ്പോള്‍ എന്റെ മോന്‍ ജയിച്ചു എന്നു മാത്രമല്ല, മിടുമിടുക്കനുമായി കേട്ടോ. ഇനി അമ്മയൊരു ചോദ്യം ചോദിക്കട്ടെ. എല്ലാ ശക്തിയുമുള്ള ആളാരാണ്?”

”അത്… അറിയില്ല…. ബോക്‌സിംഗ് ചെയ്യുന്ന ആരെങ്കിലുമാണോ?”
”ബോക്‌സര്‍മാര്‍ക്ക് എന്തെങ്കിലും സങ്കടമുണ്ടായാല്‍ മാറ്റാനോ മഴ പെയ്യിക്കാനോ ഒക്കെ പറ്റുമോ?”
”ഏയ്, ഇല്ല. അത് ഈശോയ്ക്കുമാത്രമേ പറ്റൂ”’
”അതുതന്നെ! മിടുക്കന്‍. ഈശോയാണ് ഏറ്റവും ശക്തനായ ആള്‍. എന്നിട്ട് ഈശോ തന്നെ അടിച്ചവരെ തിരിച്ചടിച്ചോ?”

”ഇല്ല.”
”അപ്പോള്‍ ആരാ ജയിച്ചത്?”
”ഈശോതന്നെ”
”അതുപോലെ ഇപ്പോള്‍ മോനും ജയിച്ചില്ലേ?”
”ശരിയാ. ഹേയ്…. ഞാനും ജയിച്ചേ” അഭിക്കുട്ടന്‍ തുള്ളിച്ചാടി.

”ഇനി അജയിനോട് ദേഷ്യമൊന്നും തോന്നരുത് കേട്ടോ” അമ്മ ഓര്‍മ്മിപ്പിച്ചു.
”ഇല്ലമ്മേ, ഞാന്‍ ജയിച്ചില്ലേ. പിന്നെന്തിനാണ് ദേഷ്യം?”

”ദേഷ്യമുണ്ടെങ്കില്‍ ജയിക്കില്ല” അമ്മയുടെ വിശദീകരണത്തിന് അഭിക്കുട്ടന്റെ വക ഒരു ഉമ്മയായിരുന്നു സമ്മാനം.
”അതെനിക്കറിയാം അമ്മേ” അതും പറഞ്ഞ് അവന്‍ പിന്നെയും കളിക്കാനോടി.

Leave a Reply

Your email address will not be published. Required fields are marked *