ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലം. ഞാനും റൂംമെയ്റ്റും പലപ്പോഴും ദൈവികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കല്‍ വിശുദ്ധരോടുള്ള മധ്യസ്ഥപ്രാര്ത്ഥനയായി പ്രധാനവിഷയം. അവള് വളരെ നിഷ്കളങ്കമായിത്തന്നെ പറഞ്ഞു: ”എനിക്കതില്‍ വിശ്വാസമില്ല. കര്‍ത്താവിനോട് നേരിട്ട് കാര്യങ്ങള്‍
പറഞ്ഞാല്പോരേ?”
അതെന്നെ വല്ലാതെ ചിന്തിപ്പിച്ചു. കാരണം എനിക്കു വിശുദ്ധരെ വളരെ ഇഷ്ടമാണ്. മറവിയുള്ളതുകൊണ്ട് പലപ്പോഴും കാണാതായ വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന അന്തോണീസിന്റെ മാധ്യസ്ഥ്യം യാചിക്കാറുണ്ട്. കണ്ടുകിട്ടിയ അനുഭവങ്ങള്‍ ധാരാളം. എനിക്കൊരിക്കല്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ ഒരു ചിത്രം ലഭിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ പുഞ്ചിരിക്കുന്ന ആ മുഖത്തേക്കു നോക്കി, ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്നാല്‍ പോരാ, എന്നെ ഒന്ന് സഹായിക്കാന്‍ ഈശോയോടു പറയാന്‍ ഞാന്‍ പലപ്പോഴും പറയാറുണ്ട്. സഹായം ലഭിച്ച അനുഭവങ്ങള്‍ അനവധിയാണ്. അങ്ങനെ ഞാന്‍ എവുപ്രാസ്യാമ്മയെ സ്നേഹപൂര്‍വം ‘സ്മൈലി’ എന്നു വിളിക്കാനും തുടങ്ങി. ഈ വിശുദ്ധസൗഹൃദങ്ങള് എന്നെ സഹായിക്കുന്നുണ്ട് എന്നെനിക്കറിയാമെങ്കിലും ബുദ്ധിയുടെ തലത്തില്‍ വരുമ്പോള്‍ എന്റെ കൂട്ടുകാരിക്ക് ഒരുത്തരം നല്കാന് സാധിക്കുന്നില്ലായിരുന്നു.
കര്‍ത്താവിന്റെ വെളിച്ചം എന്നില്‍ പ്രകാശിച്ചപ്പോള്‍ എന്റെ കുഞ്ഞുബുദ്ധിക്ക് മനസ്സിലാക്കാന്പാകത്തിന് കാര്യങ്ങളില്‍ വ്യക്തത ലഭിച്ചു. ആദ്യം മനസ്സില്‍ ഉണര്‍ന്നത് ഒരു ചോദ്യമായിരുന്നു. അതില്‍ ഉത്തരവുമുണ്ടായിരുന്നു. ചോദ്യം ഇതാണ്: ‘എന്റെ വീട്ടില്‍/കുടുംബത്തില്‍ ഞാനും എന്റെ അപ്പനും മാത്രം മതിയോ?’ അതോടെ എനിക്കു കാര്യങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങി.നമ്മുടെയൊക്കെ വീടുകളില്‍ ഒരുപക്ഷേ അമ്മയായിരിക്കും അപ്പനോട് നമ്മുടെ ആവശ്യങ്ങളും സ്നേഹവും നന്ദിയുമെല്ലാം അറിയിക്കുക. മറ്റു ചിലപ്പോള്‍ സഹോദരങ്ങള്‍ ചേര്‍ന്ന് അപ്പനോട് കാര്യം പറയുന്നു. എല്ലാവരും ഒന്നിച്ച് അധ്വാനിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. മറ്റൊന്ന,് ഇളയ കുട്ടികള്‍ അവരുടെ മൂത്ത സഹോദരങ്ങളെ കണ്ടാണ് പഠിക്കുക.
ചേട്ടന്മാരും ചേച്ചിമാരും ചെയ്യുന്നതെല്ലാം അതേപടി ചെയ്യാന്‍ അവര്‍ക്ക് വലിയ ഉത്സാഹമാണ്. എത്ര മനോഹരവും സന്തോഷപ്രദവുമാണ് ഈ സഹവാസം! സ്വര്‍ഗ്ഗവാസികളും ഭൂവാസികളുമടങ്ങുന്ന കുടുംബമാണ് സഭ. അവിടെ അപ്പനും ഞാനും മാത്രമല്ല, അമ്മയുണ്ട്, സഹോദരങ്ങളുണ്ട്, എല്ലാവരുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഭൂസ്വര്‍ഗ്ഗങ്ങള്‍ ഒന്നുചേരുന്ന സ്നേഹപിതാവായ ദൈവത്തിന്റെ ഈ കുടുംബം ഏകമായിരിക്കാതെ തരമില്ല. ദൈവം ഏകനായതിനാല്‍ ഇതുപോലെ ഒരുപാട് കുടുംബങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ല. അതിനാലായിരിക്കാം തിരുസഭ ഏകമാണ് എന്നു പറയുന്നത്.
ഇവിടെ, എനിക്ക് എന്റെ പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം യാചിക്കാം. എന്റെ പ്രിയസഹോദരങ്ങളായ വിശുദ്ധാത്മാക്കളുടെയും മരിച്ചുപോയ പ്രിയപ്പെട്ടവരുടെയും സഹായം ചോദിക്കാം. ഇളയ കുട്ടികള്‍ മൂത്തവരെ മാതൃകയാക്കുന്നതുപോലെ വിശുദ്ധരെക്കുറിച്ചു കേള്‍ക്കുമ്പോഴും വായിക്കു മ്പോഴും അവരെ പുണ്യങ്ങളില്‍ അനുകരിക്കുകയും ചെയ്യാം. മാത്രമല്ല എന്റെ അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും പക്കലുള്ള പുണ്യങ്ങള്‍ എന്റെയും സ്വന്തമാണ്. അപ്പന് ഒരു സര്‍പ്രൈസ് ഒരുക്കണമെന്നു കരുതുക. എന്റെ കൈയിലുള്ളത് തികയാതെ വരുമ്പോള്‍ എനിക്ക് അമ്മയുടെയും സഹോദരങ്ങളുടെയും അപ്പന്റെയും പക്കലുള്ളത് മേടിക്കാമല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അപ്പന്റെ പൂന്തോട്ടത്തിലെ പൂക്കള്കൊണ്ടുതന്നെ അപ്പന് ഒരു സര്‍പ്രൈസ് ഒരുക്കാം.
എനിക്ക് സ്നേഹമാണോ കുറവുള്ളത്, ശാന്തതയാണോ കുറവുള്ളത്, സാരമില്ല… എന്റെ അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും പക്കല്‍നിന്ന് അവ മേടിക്കാമല്ലോ. ഈ സ്നേഹവീടിന്റെ സന്തോഷത്തിലേക്ക്, സ്നേഹനിധിയായ അപ്പന്റെ വാത്സല്യത്തിന്റെ ചൂടിലേക്ക് കുടുംബത്തില്‍നിന്നും അകന്നുകഴിയുന്ന പ്രിയപ്പെട്ടവരെക്കൂടി കൊണ്ടുവരാനായി, അഥവാ ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്ത് അധ്വാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എന്റെ കുടുംബമാകുന്ന സഭയിലെ സഹവാസം, ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ… ‘എത്രയോ ആനന്ദപ്രദം, മനോഹരം!’ (സഭ – ദൈവത്തിന്റെ കുടുംബം വസിക്കുന്ന അവിടുത്തെ ആലയം – CCC)
സ്നേഹ ജോസ്