പെയ്ത്തുകാലം പ്രയോജനപ്പെടുത്താം

മഴക്കുഴികളും മഴവെള്ള സംഭരണികളും നാം നിര്‍മിക്കുന്നത് ഒരിക്കലും മഴക്കാലത്തിനുവേണ്ടിയല്ല. മഴയില്ലാത്ത കാലങ്ങള്‍ക്കും വരള്‍ച്ചയുടെ കാലങ്ങള്‍ക്കും വേണ്ടിയുള്ള ഒരു മുന്‍കരുതല്‍ കൂടിയാണത്. കടുത്ത വേനല്‍ച്ചൂടില്‍ കുടിവെള്ളമില്ലാതെ നമ്മുടെ കിണറുകളും കുളങ്ങളും വറ്റി വരളുമ്പോള്‍ നമ്മുടെ ജീവന്റെ നിലനില്പ്പിനുപോലും ഈ മഴവെള്ള സംഭരണികള്‍ ഒരു താങ്ങായി മാറുന്നു. ഇതുപോലെ നമ്മുടെ ആത്മീയ ജീവിതത്തിലും വരള്‍ച്ചയുടെ കാലങ്ങളും സമൃദ്ധിയുടെ കാലങ്ങളുമുണ്ട്.

അതിനാല്‍ത്തന്നെ സമൃദ്ധിയുടെ കാലങ്ങളില്‍ നമ്മുടെ ഹൃദയമാകുന്ന ജലസംഭരണികള്‍ കഴിയുന്നത്ര നിറച്ചുവച്ചാല്‍ നമ്മുടെ വിശ്വാസയാത്രയില്‍ നാം തളര്‍ന്നു വീഴുകയില്ല. ദൈവം തന്റെ മക്കള്‍ക്കായി വ്യത്യസ്ത രീതിയിലുള്ള ആത്മീയമഴ നല്കുമ്പോള്‍ (ധ്യാനങ്ങള്‍, കണ്‍വന്‍ഷനുകള്‍, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍, കൂദാശകള്‍, ആത്മീയ പുസ്തകങ്ങള്‍…) നമ്മുടെ ഹൃദയമാകുന്ന ജലസംഭരണികള്‍ തുറന്ന് ആവുന്നിടത്തോളം ദൈവകൃപ സംഭരിച്ചുവയ്ക്കുക ഓരോ ആത്മീയ മനുഷ്യന്റെയും കടമയാണ്.

യൂദിത്തിന്റെ പുസ്തകം എട്ടാം അധ്യായം 31-ാം വാക്യത്തില്‍ വായിക്കുന്നു: ”കര്‍ത്താവ് മഴ പെയ്യിച്ച് നമ്മുടെ ജലസംഭരണികള്‍ നിറയ്ക്കും. നാം തളര്‍ന്നു വീഴുകയില്ല.” ദൈവവചനം കേള്‍ക്കാനും ദൈവത്തെ അറിയാനും ആരാധിക്കുവാനും ബലിയര്‍പ്പിക്കാനും വായിക്കാനും പഠിക്കാനുമൊക്കെ നമുക്ക് എത്രയോ അവസരങ്ങളാണുള്ളത്. ദൈവം ദാനമായി നല്കുന്ന ഈ അവസരങ്ങളെ ഭയഭക്തിയോടെ സ്വീകരിക്കേണ്ടതായുണ്ട്. എന്തെന്നാല്‍ നാളെ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നമുക്കുണ്ടാകുമോ? ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ആരോഗ്യമുണ്ടാകുമോ എന്ന കാര്യം എങ്ങനെ അറിയാം?

ഇന്ന് കേരളസഭയില്‍ സമൃദ്ധമായ ആത്മീയമഴ പെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. വിവിധ ധ്യാനങ്ങളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പങ്കെടുത്ത് പങ്കെടുത്ത് ഒരുതരം യാന്ത്രികതയോ നിസംഗതയോ നമ്മില്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട് എന്ന വസ്തുത നമുക്ക് അവഗണിക്കാതിരിക്കാം. എപ്പോഴും എന്ത് ധ്യാനം? പ്രാര്‍ത്ഥന? എന്ന് ചിന്തിക്കുന്നവരും എല്ലാ ആഴ്ചയിലും എന്തിന് കൂട്ടായ്മകള്‍ക്ക് പോകണം എന്ന് കരുതുന്നവരും നമ്മുടെ ചുറ്റിലും ഇന്ന് ഏറിവരികയാണ്. ദൈവിക കാര്യങ്ങളെയും ആത്മീയ ശുശ്രൂഷകളെയും ലാഘവത്തോടെ കാണുന്ന മനോഭാവം നമ്മുടെ വിശ്വാസജീവിതത്തിന് അപകടകരമാണ്.

കരുത്ത് നേടുന്നവര്‍

ഏറെ വര്‍ഷങ്ങള്‍ ഒരുമിച്ച് ശുശ്രൂഷ ചെയ്ത ഒരു സഹോദരിയെ ഓര്‍ക്കുന്നു. അവര്‍ കുറച്ചു വര്‍ഷങ്ങളായി കാന്‍സര്‍ രോഗം ബാധിച്ച് വിശ്രമത്തിലും ചികിത്സയിലുമാണ്. എങ്കിലും ഇന്നുമവര്‍ ആന്തരികമായി വളരെ കരുത്തുള്ള ഒരു വിശ്വാസിയാണ്. അവരുടെ മുഖത്ത് എപ്പോഴും സന്തോഷവും വാക്കുകളില്‍ പ്രത്യാശയും നിറഞ്ഞു നില്ക്കുന്നു. അതിന്റെ കാരണം അവര്‍തന്നെ പങ്കുവച്ചത് ഓര്‍മിക്കുന്നു. ”ഈ രോഗക്കിടക്കയില്‍ എന്റെ മനസ് അല്പമെങ്കിലും തളരുമ്പോഴെല്ലാം ആരോഗ്യമുള്ള കാലങ്ങളില്‍ അനേകം ശുശ്രൂഷകളില്‍ പങ്കെടുത്തതും അന്നത്തെ ദൈവാനുഭവങ്ങളും ഞാന്‍ ഓര്‍ത്തെടുക്കും. പല ശുശ്രൂഷകരും പങ്കുവച്ച വചനങ്ങളും ഉള്‍ക്കാഴ്ചളും സന്ദേശങ്ങളും എന്നെ വീണ്ടും ശക്തിപ്പെടുത്തും. അന്ന് ഹൃദയത്തില്‍ സ്വീകരിച്ച രക്ഷാകര വചനങ്ങള്‍ വീണ്ടും അയവിറക്കുമ്പോള്‍, സകല നിരാശയും മാറി പുതിയ ആത്മീയസന്തോഷം എന്നില്‍ നിറയുന്നു.”

എന്താണ് ഈ പങ്കുവയ്ക്കലിന്റെ ശരിയായ അര്‍ത്ഥം? അത് മറ്റൊന്നുമല്ല – ആരോഗ്യമുള്ള സമയത്ത് അവസരം ലഭിച്ചപ്പോഴൊക്കെ തന്റെ ഹൃദയമാകുന്ന ജലസംഭരണികള്‍ തുറന്നുവച്ച് ആവോളം മഴ (കൃപ, വചനം) സ്വീകരിച്ചു. ഒരു ദൈവഭക്തയുടെ സാക്ഷ്യവും അനുഭവവുമാണത്. വചനം നമുക്ക് പറഞ്ഞുതരുന്നു, സഭാപ്രസംഗകന്‍ 12:1 ”ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുമ്പ് യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ സ്മരിക്കുക.” യൗവനകാലം എന്നതുകൊണ്ട് ബൈബിള്‍ അര്‍ത്ഥമാക്കുന്നത് ആരോഗ്യമുള്ള സമയം – അനുകൂലമായ സാഹചര്യം എന്നൊക്കെയാണ്.

കൈ ഉയര്‍ത്താന്‍ എനിക്ക് ഇന്ന് സാധിക്കുന്നുണ്ടെങ്കില്‍ കൈകള്‍ ഉയര്‍ത്തിത്തന്നെ നാം കര്‍ത്താവിനെ സ്തുതിക്കേണ്ടതുണ്ട്. അധരം തുറക്കാനും ശബ്ദമുയര്‍ത്താനും കഴിയുന്നടംവരെ ശബ്ദമുയര്‍ത്തി ദൈവത്തെ ആരാധിക്കണം. കണ്ണിന് കാഴ്ചയുള്ള ഈ സമയത്തുതന്നെ ധാരാളം വചനം വായിക്കാനും ആത്മീയ അറിവ് നേടാനും പരിശ്രമിക്കണം. കാതുകള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടുംമുമ്പ് സാധിക്കുന്നിടത്തോളം ധ്യാനങ്ങളിലും ദൈവശുശ്രൂഷകളിലും പങ്കെടുത്ത് വചനമഴയില്‍ നന്നായി കുളിക്കുക. നടക്കാന്‍ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെടുംമുമ്പ് കഴിയുന്നിടത്തോളം ദൈവാലയത്തില്‍ പോകുക. ഈശോയ്ക്കായി, ദൈവരാജ്യത്തിനായി നടക്കുക.

ഒരുവേള നാളെ സകല സാഹചര്യവും കീഴ്‌മേല്‍ മറിയാം. വചനം പറയുന്നു ”കര്‍ത്താവിങ്കലേക്ക് തിരിയാന്‍ വൈകരുത്. നാളെ നാളെ എന്ന് നീട്ടിവയ്ക്കരുത്” (പ്രഭാഷകന്‍ 5:7). കാരണം മറ്റൊന്നുമല്ല. നാളെ നമ്മുടെ ജീവിതത്തിലും നാം ജീവിക്കുന്ന ചുറ്റുപാടുകളിലും എന്തുതന്നെ സംഭവിക്കുമെന്ന് ആരറിഞ്ഞു. ആകയാല്‍ ഈ ദൂത് മറക്കാതിരിക്കാം – കര്‍ത്താവ് ഇന്നു തരുന്ന അവസരങ്ങളും ആത്മീയ മഴകളും ആവോളം സംഭരിച്ചാല്‍ വളര്‍ച്ചയുടെയും കണ്ണുനീരിന്റെയും കാലങ്ങളെ നമുക്ക് മറികടക്കാന്‍ കഴിയും.

പഴയ തലമുറയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി ഓര്‍ക്കാം ‘സമ്പത്തുകാലത്ത് തൈ പത്ത് വച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം.’ നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ ഇന്ന് അങ്ങ് ഞങ്ങള്‍ക്കായി നല്കുന്ന ആത്മീയ മഴയുടെ സമൃദ്ധിയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നല്ല ഈശോയേ അവിടുന്ന് ഞങ്ങള്‍ക്കേകുന്ന എല്ലാ അവസരങ്ങളും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.


മാത്യു ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *