ദൈവത്തെ സ്‌നേഹിക്കുന്നതെങ്ങനെ?

‘നിന്റെ വീട്ടില്‍നിന്ന് കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍നിന്ന് മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല… എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്റേതാണ്… (സങ്കീര്‍ത്തനങ്ങള്‍ 50:9-14) എന്ന് പറഞ്ഞ ദൈവംതന്നെയാണ് സമരിയാക്കാരി സ്ത്രീയോട് കുടിക്കാന്‍ വെള്ളം യാചിച്ചത്. ‘എനിക്കു കുടിക്കാന്‍ തരിക’ എന്നു പറഞ്ഞപ്പോള്‍ സ്രഷ്ടാവ് നിസ്സാരയായ സൃഷ്ടിയുടെ സ്‌നേഹമാണ് ആവശ്യപ്പെട്ടത്. അവിടുന്ന് നമ്മില്‍നിന്നാവശ്യപ്പെടുന്നത് എത്ര കുറവാണെന്നു നോക്കുക. വലിയ പ്രവൃത്തികളൊന്നുമല്ല അവിടുത്തേക്ക് വേണ്ടത് നമ്മുടെ സ്‌നേഹംമാത്രം മതി.”

വിശുദ്ധ കൊച്ചുത്രേസ്യ എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന ലിസ്യൂവിലെ വിശുദ്ധ തെരേസ നല്ല ദൈവത്തിനുമുന്നില്‍ സ്‌നേഹം എന്തുമാത്രം വിലയേറിയതാണെന്നു മനസ്സിലാക്കിയതിനാല്‍ തന്റെ ദൈവവിളിതന്നെ സ്‌നേഹമാണ് എന്നു പ്രഖ്യാപിച്ചു. ”സ്‌നേഹമാണ് സര്‍വോത്കൃഷ്ടം”എന്ന് പൗലോസ്ശ്ലീഹായ്ക്ക് ബോധ്യമായതുപോലെ കൊച്ചുത്രേസ്യായ്ക്ക് ലഭിച്ച ഉറച്ച ബോധ്യമായിരുന്നു അത്. അതിനാല്‍ത്തന്നെ ദൈവത്തെ സ്‌നേഹിക്കുന്നതെങ്ങനെയെന്ന് വിശുദ്ധ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

”നമ്മിലേക്കുതന്നെ നോക്കാതെ, നമ്മുടെ കുറവുകള്‍ കൂടുതല്‍ കൂടുതല്‍ പരിശോധിക്കാതെ, കേവലം ദൈവത്തെ സ്‌നേഹിക്കുക””ഈശോയെ സ്‌നേഹപൂര്‍വം ഒന്നു നോക്കുന്നതും നമ്മുടെ നിസ്സാരതയെക്കുറിച്ച് അറിവുണ്ടായിരിക്കുന്നതുംമതി എല്ലാ കുറവുകള്‍ക്കും പരിഹാരമാകാന്‍” ”നിങ്ങള്‍ സങ്കല്പിക്കുന്നതിനെക്കാള്‍ വളരെയധികം ദയാലുവാണ് നമ്മുടെ നല്ല കര്‍ത്താവ്. ഒരു നോട്ടം, സ്‌നേഹത്തിന്റെ ഒരു നിശ്വാസം… ഇത്രയൊക്കെമതി അവിടുന്ന് തൃപ്തനാവാന്‍. എന്നെ സംബന്ധിച്ചാണെങ്കില്‍, പൂര്‍ണത പരിശീലിക്കുന്നത് എളുപ്പമാണ് എന്നാണ് ഞാന്‍ കാണുന്നത്. കാരണം, ഈശോയിലേക്കുള്ള വഴി അവിടുത്തെ ഹൃദയത്തിലൂടെയാണ് എന്നു ഞാന്‍ പഠിച്ചിരിക്കുന്നു.

വാശിയോ അനുസരണക്കേടോ കാണിച്ച് അമ്മയെ ദേഷ്യം പിടിപ്പിച്ച ഒരു കുഞ്ഞിനെ നോക്കുക. ശിക്ഷ പേടിച്ച് ആ കുഞ്ഞ് ഒരു മൂലയില്‍ ഒളിച്ചിരിക്കുകയാണെങ്കില്‍ അമ്മ തന്നോട് ക്ഷമിക്കില്ലെന്നാണ് ആ കുഞ്ഞിന് തോന്നുക. അതിനു പകരം, ഒരു ചെറുപുഞ്ചിരിയോടെ തന്റെ കുഞ്ഞുകൈകള്‍ അമ്മയ്ക്കുനേരെ നീട്ടി ‘എന്നെ ഇഷ്ടമുണ്ടാകുമോ, എനിക്കൊരുമ്മ താ അമ്മേ, ഞാനിനി അങ്ങനെ ചെയ്യില്ല’ എന്നു പറയുന്ന തന്റെ കുഞ്ഞിനെ അമ്മ വാത്സല്യത്തോടെ നെഞ്ചോടു ചേര്‍ക്കുകയും കുഞ്ഞ് ചെയ്തതെന്താണെന്ന് മറക്കുകയും ചെയ്യുകയില്ലേ? അടുത്ത ഒരവസരം കിട്ടിയാല്‍ തന്റെ കുഞ്ഞ് വീണ്ടും തെറ്റു ചെയ്യുമെന്ന് അമ്മയ്ക്ക് നല്ലവണ്ണം അറിയാമെങ്കിലും തന്റെ ഹൃദയത്തോട് അപേക്ഷിച്ചാല്‍ അത് ആ അമ്മയ്ക്ക് പ്രശ്‌നമേയല്ല. ആ കുഞ്ഞിന് ഒരിക്കലും ശിക്ഷ കിട്ടുകയുമില്ല”

സ്‌നേഹം നഷ്ടപ്പെട്ടുപോയി എന്നു തോന്നുമ്പോള്‍ എന്തു ചെയ്യണമെന്നും വിശുദ്ധ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ”സ്‌നേഹത്തിന്റെ തീ കെട്ടുപോയെന്നു തോന്നിയാലും ഞാനതില്‍ വിറക് ഇട്ടുകൊണ്ടേയിരിക്കും. അപ്പോള്‍ ഈശോ അത് വീണ്ടും കത്തിച്ചുകൊള്ളും.”


അനു ജസ്റ്റിന്‍

Leave a Reply

Your email address will not be published. Required fields are marked *