ലണ്ടന്‍ ടവറിലെ പ്രാര്‍ത്ഥന

തന്റെ കത്തോലിക്കാ നിലപാടുകളെപ്രതി രക്തസാക്ഷിയാകേണ്ടിവന്ന ധീരനാണ് വിശുദ്ധ തോമസ് മൂര്‍. വിവാഹിതനും നാലു മക്കളുടെ പിതാവുമായ അല്മായനായിരുന്നു അദ്ദേഹം. അഭിഭാഷകനായും സത്യസന്ധതയും ആത്മാര്‍ത്ഥതയും വൈദഗ്ധ്യവുമുള്ള പൊതുപ്രവര്‍ത്തകനായും അദ്ദേഹം പേരെടുത്തു. ഇംഗ്ലണ്ടില്‍ ഹെന്റി എട്ടാമന്‍ രാജാവിന്റെ ചാന്‍സലറായിത്തീര്‍ന്ന വിശുദ്ധ തോമസ് മൂര്‍ അക്കാലത്ത് വളരെയധികം സ്വാധീനമുള്ള വ്യക്തിയായിരുന്നു. രാജാവിന്റെ വിശ്വസ്തസേവകനായിരുന്നെങ്കിലും രാജാവ് ഭാര്യ കാതറിനെ ഉപേക്ഷിച്ച് ആനി ബോളിനെ വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ ആ തീരുമാനത്തെ മൂര്‍ പിന്തുണച്ചില്ല. ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരി മാര്‍പാപ്പയല്ല രാജാവാണെന്ന നിലപാട് അംഗീകരിക്കാനും മൂര്‍ തയാറായില്ല.

ഈ നിലപാടുകളുടെ പേരില്‍, ചാന്‍സലര്‍ എന്ന സ്ഥാനത്തുനിന്ന് രാജിവയ്‌ക്കേണ്ടിവന്നു. ഇതിനെയെല്ലാം തുടര്‍ന്ന് രാജ്യദ്രോഹകുറ്റത്തിന് തടവിലാക്കപ്പെടുകയും വധശിക്ഷ നല്കപ്പെടുകയും ചെയ്തു. 57-ാം വയസിലായിരുന്നു ആ രക്തസാക്ഷിത്വം. ലണ്ടന്‍ ടവറില്‍ തടവിലായിരുന്നപ്പോള്‍ രചിച്ച പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ പുണ്യജീവിതത്തിന്റെ അടയാളമാണ്. ഈ പ്രാര്‍ത്ഥന നമ്മുടെ ആത്മീയജീവിതത്തിലും പ്രകാശം വിതറും.

നല്ല ദൈവമേ, ലോകത്തെ നിസാരമായി കാണുവാനുള്ള കൃപ എനിക്ക് നല്‍കണമേ. മനുഷ്യന്റെ വാക്കുകളെക്കാള്‍ ഉപരിയായി നിന്നില്‍മാത്രം ശ്രദ്ധ വയ്ക്കുവാന്‍ കൃപയേകിയാലും. ഏകാന്തതയില്‍ സംതൃപ്തി കണ്ടെത്താന്‍ എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ. ലൗകിക സുഖങ്ങളോടുള്ള ആസക്തിയില്‍നിന്നും മോചനം നേടാനും ക്രമേണ ലോകത്തെയും അതിന്റെ വ്യാപാരങ്ങളെയും എന്റെ മനസില്‍നിന്ന് പൂര്‍ണമായി അകറ്റുവാനും കൃപ തന്നാലും. ലോകകാര്യങ്ങളെക്കുറിച്ച് കേള്‍ക്കാനുള്ള ആഗ്രഹം ഇല്ലാതാകുന്നതിനും ലൗകിക കൗതുകങ്ങളെക്കുറിച്ചുള്ള കേള്‍വി എനിക്ക് സന്തോഷം തരാതിരിക്കുന്നതിനും ഇടയാക്കണമേ. സന്തോഷത്തോടെ ദൈവത്തെക്കുറിച്ചോര്‍ക്കാനും ഭക്തിയോടെ അവിടുത്തെ സഹായം അപേക്ഷിക്കാനും അനുഗ്രഹിക്കണമേ.

ദൈവം നല്‍കുന്ന ആശ്വാസത്തില്‍ ആശ്രയിക്കുന്നതിനും അവിടുത്തെ സ്‌നേഹിക്കാനായി നിരന്തരം പരിശ്രമിക്കുന്നതിനും കൃപയേകിയാലും. എന്റെ ഉള്ളിലെ തിന്മയും ഹീനതയും തിരിച്ചറിയാനും ദൈവത്തിന്റെ ശക്തമായ കരത്തിനു കീഴില്‍ സ്വയം എളിമപ്പെടുത്തുന്നതിനും കൃപ തരണമേ. പാപങ്ങള്‍ ഓര്‍ത്ത് വിലപിക്കുന്നതിനും എന്റെ ശുദ്ധീകരണത്തിനായി പ്രതികൂലങ്ങള്‍ ക്ഷമയോടെ സഹിക്കുന്നതിനും അനുഗ്രഹിച്ചാലും. എന്റെ ശുദ്ധീകരണസ്ഥലം ഈ ഭൂമിയില്‍ത്തന്നെ ആയിരിക്കുന്നതില്‍ സന്തോഷിക്കാന്‍ കൃപ നല്കണമേ.

ക്ലേശങ്ങളില്‍ ആനന്ദിക്കാനും ജീവനിലേക്ക് നയിക്കുന്ന ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കാനും അനുഗ്രഹിച്ചാലും. മരണത്തെക്കുറിച്ച് ഓര്‍മിക്കാനും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന മരണം എപ്പോഴും മുമ്പില്‍ കാണാനും കൃപയേകണമേ. അതുവഴി മരണത്തോടുള്ള അപരിചിതത്വം ഇല്ലാതാകട്ടെ. നിത്യാഗ്നിയായ നരകത്തെക്കുറിച്ച് വിഭാവനം ചെയ്യുവാനും ധ്യാനിക്കുവാനും കൃപ തന്നാലും. വിധിയാളന്‍ വരുന്നതിന് മുമ്പ് മാപ്പപേക്ഷിക്കുന്നതിന് അതിനാല്‍ എനിക്കു കഴിയുമല്ലോ.

എനിക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ പീഡാസഹനങ്ങള്‍ എപ്പോഴും മനസില്‍ സൂക്ഷിക്കാനും അവിടുന്ന് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ഇടവിടാതെ നന്ദി പറയുവാനും എനിക്ക് സാധിക്കട്ടെ. നഷ്ടപ്പെട്ടുപോയ സമയം വീണ്ടെടുക്കാനും വ്യര്‍ത്ഥസംഭാഷണങ്ങളില്‍നിന്ന് അകന്നിരിക്കാനും മൂഢമായ സന്തോഷങ്ങളും ആഘോഷങ്ങളും ഉപേക്ഷിക്കുവാനും അതുവഴി എനിക്കു കഴിയുമല്ലോ. അനാവശ്യമായ വിനോദങ്ങള്‍ ഉപേക്ഷിക്കുവാന്‍ അനുഗ്രഹിക്കണമേ. ക്രിസ്തുവിനെ നേടുന്നതിനായി നഷ്ടപ്പെടുത്തേണ്ടി വരുന്ന ഭൗതികസമ്പത്തും സുഹൃത്തുക്കളും സ്വാതന്ത്ര്യവും ജീവനുമെല്ലാം നിസാരമായി കണക്കാക്കുവാന്‍ കൃപ തന്നാലും.

ഏറ്റവും വലിയ ശത്രുക്കളെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി കാണാന്‍ എന്നെ അനുഗ്രഹിക്കണമേ. ജോസഫിന്റെ സഹോദരങ്ങള്‍ അവനെ സ്‌നേഹിച്ചിരുന്നെങ്കില്‍ ചെയ്യാമായിരുന്നതില്‍ കൂടുതല്‍ നന്മ അവരുടെ വിദ്വേഷത്തിന്റെയും ദുഷ്ടതയുടെയും ഫലമായി അവന് വേണ്ടി അങ്ങ് ചെയ്തുവെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു.
സകല രാജാക്കന്‍മാരുടെയും സര്‍വ്വസമ്പത്തിനുമുപരിയായി ഈ മനസ്സാണല്ലോ ഓരോ മനുഷ്യനിലും ഉണ്ടാകേണ്ടത്, ആമേന്‍.

Leave a Reply

Your email address will not be published. Required fields are marked *