തികച്ചും വ്യത്യസ്തമായ ഒരു പുസ്തകം

‘ലോകത്തിനുവേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം’ സാധാരണഗതിയിലുള്ള ഒരു പുസ്തകമല്ല. നിങ്ങളുടെ ആത്മാവിന്റെ നവീകരണത്തിനും ഓരോ ദിവസത്തെയും ജീവിതത്തിനാവശ്യമായ മാര്‍ഗദര്‍ശനത്തിനും ഇത് സഹായിക്കും. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തില്‍നിന്നും ഒഴുകുന്ന കരുണയാല്‍ നമ്മുടെ ആത്മീയജീവിതം പുഷ്ടിയുള്ളതായിത്തീരും. ഈ സന്ദേശങ്ങള്‍ വായിച്ച നിരവധി പേരുടെ ജീവിതങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ അയര്‍ലണ്ടിലെ ഡബ്ലിനടുത്തുളള റഹേനിയില്‍ ‘പാവപ്പെട്ട ഒരു ആത്മാവിന്’ പരിശുദ്ധ ദൈവമാതാവ് നല്‍കിയ സന്ദേശങ്ങളാണിത്. ‘കരുണയുടെ നാഥ’ എന്ന നാമധേയത്തിലാണ് ദൈവമാതാവ് ഇവിടെ തന്നെ വെളിപ്പെടുത്തിയത്. ആ സന്ദേശങ്ങള്‍ മാതാവ് ആവശ്യപ്പെട്ടപ്രകാരം ക്രമീകരിച്ചതാണ് ഈ പുസ്തകം. ഇതിന്റെ പ്രത്യേകത ഓരോ ആത്മാവിനും അപ്പപ്പോള്‍ ആവശ്യമായ സന്ദേശം വ്യക്തിപരമായി ലഭിക്കുന്നു എന്നതാണ്. പ്രാര്‍ത്ഥനാപൂര്‍വം ഈ പുസ്തകം തുറക്കുമ്പോള്‍ ഇടതുഭാഗത്തെ പേജില്‍ നിങ്ങള്‍ക്കുള്ള സന്ദേശത്തിലെ ‘മുത്ത്’ (സാരാംശം) കാണാന്‍ കഴിയും. വലതുവശത്തെ പേജില്‍ ആ സന്ദേശത്തിന്റെ വിശദാംശങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.

ലാളിത്യത്തിലേക്കും വിശുദ്ധിയിലേക്കും ദൈവവുമായുള്ള ആഴമായ സ്‌നേഹബന്ധത്തിലേക്കും നയിക്കുന്ന സന്ദേശങ്ങളാണ് ഈ ഗ്രന്ഥം മുഴുവനും. ഇത് തുടക്കം മുതല്‍ അവസാനംവരെ ഒന്നിച്ചു വായിക്കാനുള്ളതല്ല. മാതാവിന്, ഓരോ ദിവസവും ഓരോ ആത്മാവിനും വ്യക്തിപരമായി നല്‍കാനുള്ള സന്ദേശങ്ങളാണിത്. അതിനാല്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചൊരുങ്ങി പുസ്തകം വിടര്‍ത്തുക. നിങ്ങള്‍ക്ക് ലഭിക്കുന്ന പേജിലൂടെ പരിശുദ്ധ അമ്മ നിങ്ങളോട് സംസാരിക്കും. ആ സന്ദേശം ഹൃദയപൂര്‍വം സ്വീകരിച്ച് ധ്യാനിക്കുക. ഈ ഗ്രന്ഥം നിരവധി പേരുടെ ആത്മീയജീവിതത്തില്‍ ഏറെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിട്ടുണ്ട്.

അവതാരികയിലെ ഈ വാക്കുകള്‍ അക്ഷരംപ്രതി സത്യമാണെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ബോധ്യമാകും.

സെപ്റ്റംബര്‍ 8, 1996ലെ സന്ദേശം
പ്രിയപ്പെട്ട കുഞ്ഞേ,

…. എന്റെ വരവുകളിലൂടെ ദൈവം നിങ്ങള്‍ക്ക് സമൃദ്ധമായി ചൊരിയുന്ന അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ എന്നും അവിടുത്തോട് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ ഇവിടെ ആയിരിക്കുന്നതിന് അനുവദിച്ച ആ പരിശുദ്ധ ദൈവപരിപാലനത്തിന് നന്ദി പറയുവിന്‍. എന്റെ കുഞ്ഞേ, ഈ ലോകം അപക്വമെങ്കിലും എന്റെ പരിശുദ്ധ ഹൃദയം വഴിയുള്ള നിന്റെ പൂര്‍ണ്ണസമര്‍പ്പണം ദൈവത്തോടുചേര്‍ത്ത് കാര്യങ്ങള്‍ നേരെയാക്കുകയും ചെയ്യും. ഫാത്തിമയില്‍ നല്കിയതുപോലെ ഇവിടെയും ഈ ഭക്തി പാപികളുടെ രക്ഷയ്ക്കുവേണ്ടി സ്വര്‍ഗ്ഗസ്ഥനായ പിതാവും ആഗ്രഹിക്കുന്നു. അപ്പോള്‍മാത്രമല്ല എപ്പോഴും ഞാന്‍ വിളിക്കുന്നത് സുവിശേഷസന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നതിനാണ്. ആശങ്കപ്പെടാതെ ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക. ഈ ലോകത്തിന് നികത്താന്‍ കഴിയാത്ത നിന്നിലെ ശൂന്യതയിലേക്ക് അവിടുന്ന് കടന്നുവരികയും നിന്നെ അനുഗ്രഹത്താല്‍ നിറയ്ക്കുകയും ചെയ്യട്ടെ. ഇത് നിനക്ക് സാധിക്കുന്നതിന് നീ അവിടുത്തോട് പ്രാര്‍ത്ഥിക്കുക. ഇല്ലെങ്കില്‍ ശക്തനായ ദൈവം കൂടെയുള്ളപ്പോള്‍ത്തന്നെ നീ വിശ്വാസത്തിന്റെ മന്ദതയില്‍ ജീവിക്കേണ്ടിവരും. ഈ യാഥാര്‍ത്ഥ്യമാണ് ഞാന്‍ നിനക്ക് വെളിപ്പെടുത്തിത്തരുന്നത്. വിശുദ്ധി എല്ലാവര്‍ക്കുമായി നല്കപ്പെട്ടതാണെങ്കിലും അത് നിലനിര്‍ത്തുന്നതിനുള്ള ഉപാധികളായ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ശരിയായി പ്രയോജനപ്പെടുത്തുക എന്നത് നിങ്ങളുടെ കൈകളിലാണ്. ദൈവത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്കിയാല്‍ അവിടുന്ന് നിന്നെ നിശ്ചയമായും അനുഗ്രഹിക്കും. അതിനായാണ് അവിടുന്ന് നിനക്ക് ജന്മം നല്കിയതുതന്നെ….
നീ വന്നതിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *