റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് ആദ്യദിവസങ്ങളില്‍ ജോലിത്തിരക്കുനിമിത്തം എനിക്ക് പോകാന്‍ കഴിഞ്ഞില്ല. തിരക്ക് അല്പം കുറഞ്ഞ ഒരു ദിവസം വൈകുന്നേരം ഞാന്‍ റേഷന്‍ കടയിലേക്കു പോയി. പിറ്റേന്നുമുതല്‍ കുറച്ച് ദിവസത്തേക്ക് ഒരു യാത്രപോകേണ്ടതിനാല്‍ അന്നുമാത്രമേ എനിക്ക് അത് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. വഴിയില്‍വച്ച് എന്നെ കണ്ട ഒരു പരിചയക്കാരന്‍ പറഞ്ഞു, ”അങ്ങോട്ട് പോയിട്ട് കാര്യമൊന്നുമില്ല, ഒന്നും ശരിയാവുന്നില്ല.” അതു കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെങ്കിലും ഞാന്‍ മുന്നോട്ടു നടന്നു. റേഷന്‍ കടയിലെത്തിയപ്പോള്‍ അവിടെ കാര്‍ഡ് പുതുക്കല്‍ ചെയ്യുന്ന ജീവനക്കാരന്‍ പറയുകയാണ്, കുറച്ച് മണിക്കൂറുകളായി ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയാവാത്തതുകാരണം ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന്.
പെട്ടെന്നാണ് മാതാവിനോട് മാധ്യസ്ഥ്യപ്രാര്‍ത്ഥന ചോദിക്കാമെന്നു തോന്നിയത്. മൂന്നു തവണ ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലി പ്രാര്‍ത്ഥിച്ചു. പിന്നെ എന്റെ റേഷന്‍ കാര്‍ഡ് നല്കിയിട്ട് അതുപയോഗിച്ച് ശരിയാവുമോ എന്ന് നോക്കാന്‍ പറഞ്ഞു, സാധ്യതയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ജീവനക്കാരന്‍ ചെയ്തുനോക്കി. പെട്ടെന്നുതന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ ശരിയായി. എനിക്ക് കാര്‍ഡ് പുതുക്കാനും കഴിഞ്ഞു. അപ്പോള്‍ അവിടെ നിന്നിരുന്ന ആള്‍ക്കും പുതുക്കാന്‍ കഴിഞ്ഞു. പിന്നെ എത്ര ശ്രമിച്ചിട്ടും കണക്ഷന്‍ ശരിയായതുമില്ല. എന്റെ നിസ്സഹായതയില്‍ സഹായമായെത്തിയ മാതാവിനോട് നന്ദി പറഞ്ഞ് ഞാന്‍ തിരികെപ്പോന്നു.
ഡൊമിനിക്, കൊയിലാണ്ടി