ഉടമസ്ഥനെ അറിയുന്നവര്‍

എല്ലാവരുടെയും പരിഹാസവിഷയമാണ് കഴുത. കഴുതയെക്കൊണ്ടുള്ള ഏറ്റം വലിയ ഉപയോഗം മനുഷ്യനെ വിലയിരുത്തുക എന്നുള്ളതാണ്. ‘അവന്‍ ഒരു കഴുതയാണ്’ എന്നു പറഞ്ഞാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. എന്നാല്‍ കഴുതകള്‍ക്കുള്ള ചില നന്മകള്‍പോലും മനുഷ്യനില്ല എന്നാണ് വചനം പറയുന്നത്. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ”കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു, കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല” (ഏശയ്യാ 1:3). കാളയെ ഏതിലേ അഴിച്ചുവിട്ടാലും അതിന്റെ യജമാനനെ തിരിച്ചറിയാനുള്ള കഴിവുണ്ട്. കഴുതയ്ക്ക് യജമാനന്റെ തൊഴുത്തും തിരിച്ചറിയാം. നാം കഴുതയെക്കാള്‍ അധഃപതിക്കുന്നത് യജമാനനായ ദൈവത്തിന്റെ തൊഴുത്ത് തിരിച്ചറിയാതെ പുറത്തുകൂടി മേഞ്ഞു നടക്കുമ്പോഴാണ്.

കാളയ്ക്കും കഴുതയ്ക്കും യജമാനന്‍ തൊഴുത്തില്‍ തയാറാക്കിയിരിക്കുന്നത് ഭക്ഷണവും വെള്ളവും പാര്‍പ്പിടവുമാണ്. എന്നാല്‍ ധൂര്‍ത്തപുത്രനെപ്പോലെ യജമാനന്റെ (പിതാവിന്റെ) തൊഴുത്ത് വിട്ട് പന്നികളുടെ തൊഴുത്ത് തിരഞ്ഞെടുത്ത് ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. ദൈവം വച്ചുനീട്ടുന്ന വിരുന്നും വിഭവങ്ങളും കൈവെടിഞ്ഞ് താല്‍ക്കാലിക സന്തോഷങ്ങളുടെ പിന്നാലെ പോകുന്നവര്‍ അസംതൃപ്തരും ദാഹാര്‍ത്തരുമാണ്. അങ്ങനെയുള്ളവരെ ദൈവം വീണ്ടും വീണ്ടും ക്ഷണിക്കുകയാണ്. ദൈവം വചനത്തിലൂടെ സംസാരിക്കുന്നു: ”ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ദ്ധനര്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ. ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു?” (ഏശയ്യാ 55:1-2).

ദൈവത്തിന്റെ ക്ഷണം സ്വീകരിക്കണമെങ്കില്‍ പൂര്‍ണമായ ഒരു മാനസാന്തരമാണാവശ്യം. എന്നു പറഞ്ഞാല്‍ തിന്മകളില്‍നിന്നുള്ള പിന്തിരിയലും ദൈവത്തോടുള്ള കൂടിച്ചേരലും. അതു വചനം വളരെ വ്യക്തമായി എടുത്തു പറയുന്നു: ”ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്ക് തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും” (ഏശയ്യാ 55:7).

എന്നാല്‍ പലരും ദൈവത്തിന്റെ തൊഴുത്തിലേക്ക് തിരിഞ്ഞിട്ട് വീണ്ടും മൃഗങ്ങളുടെ തൊഴുത്തിലേക്കും മൃഗീയതയുടെ മേച്ചില്‍പ്പുറങ്ങളിലേക്കും തിരിയുന്നു. അവര്‍ ഇടയ്ക്കിടെ കുമ്പസാരിക്കും. എന്നിട്ട് വീണ്ടും അതേ പാപങ്ങളിലേക്കുതന്നെ വീഴുന്നു. അവരെക്കുറിച്ച് വചനം പറയുന്നത് വളരെ ശ്രദ്ധേയമാണ്: ”മൃതശരീരത്തില്‍ തൊട്ടിട്ട് കൈകഴുകിയവന്‍ വീണ്ടും അതിനെ സ്പര്‍ശിച്ചാല്‍ കഴുകല്‍കൊണ്ട് എന്തു പ്രയോജനം? പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടും അതു ചെയ്താല്‍ അവന്റെ പ്രാര്‍ത്ഥന ആരു ശ്രവിക്കും?” (പ്രഭാഷകന്‍ 34:25-26).

അതുകൊണ്ട് ദൈവം നല്കാത്ത ഒരു ഫലവും നമുക്ക് പറിച്ചു തിന്നാതിരിക്കാം. ദൈവം നല്കാത്ത ഒരു സന്തോഷവും നമുക്ക് പിന്തുടരാതെയിരിക്കാം. ഉടമസ്ഥനെ തിരിച്ചറിയുന്ന കാളയെയും അവന്റെ തൊഴുത്തറിയുന്ന കഴുതയെയും നോക്കി നമുക്ക് ദൈവത്തെ മനസ്സിലാക്കുന്ന ദൈവജനമായി മാറാം.

Leave a Reply

Your email address will not be published. Required fields are marked *