കുഞ്ഞായാല്‍ നേട്ടമുണ്ട് !

സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആരാണെന്ന ചോദ്യത്തിനുത്തരമായി നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്ന് യേശു ശിഷ്യന്‍മാരോട് പറഞ്ഞു. അത് പഠിപ്പിക്കുമ്പോള്‍ ഒരു ശിശുവിനെ വിളിച്ച് അവരുടെ നടുവില്‍ നിര്‍ത്തുകയും ചെയ്തതായി സുവിശേഷത്തില്‍ നാം വായിക്കുന്നു. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍ എന്നും അവിടുന്ന് വിശദമാക്കുന്നു (മത്തായി 18: 1-4). സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവനായ കുഞ്ഞായിരിക്കുകയെന്നാല്‍ എന്താണ്?

ചരിത്രമില്ല

കുഞ്ഞിന് ചരിത്രമില്ല. അമ്മയുടെ ഉദരവും ജനനകാലവുമല്ലാതെ കുഞ്ഞിന് എന്ത് ചരിത്രം. ചരിത്രമില്ലാത്തതിനാല്‍ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഥകളില്ല. സൗഖ്യത്തിന്റെയും മുറിവിന്റെയും ഓര്‍മകളില്ല. വമ്പുപറയാന്‍ അംഗീകാരങ്ങളോ വീര്‍പ്പുമുട്ടാന്‍ തിരസ്‌കരണങ്ങളോ കുഞ്ഞിനില്ല. വലിയവന് അങ്ങനെയല്ല. യേശുവിനെ സന്ദര്‍ശിച്ച നിക്കൊദേമൂസിനെ കാണുക. ഫരിസേയപ്രമാണിയാണ് ഇയാള്‍. പ്രമാണവും നിയമവും എല്ലാം കൂട്ടിനുണ്ട്. അതിലാണ് ജീവിതം.

എന്നിട്ടും ഒരു ആന്തരികശൂന്യത അയാളെ വേട്ടയാടി. ക്രിസ്തുവെന്ന സത്യം അയാളെ ഒരുപാട് മോഹിപ്പിച്ചു. അവന്റെ ആശങ്കകള്‍ക്കും ആകുലതകള്‍ക്കുമുള്ള മറുപടി ശ്രദ്ധിക്കുക: വീണ്ടും ജനിക്കണം, കുഞ്ഞാകണം. നിയമത്തിനും പ്രമാണത്തിനുമിടയില്‍ നഷ്ടമായ ആദ്യസ്‌നേഹത്തിന്റെ നിഷ്‌കളങ്കത നീ വീണ്ടെടുക്കുക. അതുമാത്രം മതി. ക്രിസ്തുവാകുന്ന ജലത്തിലും ആത്മാവിലും വീണ്ടും ജനിച്ചാല്‍ മതി.

ചരിത്രം കൂട്ടിനുള്ളപ്പോള്‍ ചിലതു ഒളിപ്പിക്കാനും മറ്റു ചിലത് പ്രകടമാക്കാനും തിടുക്കം കൂട്ടും. നിക്കൊദേമൂസ് രാത്രിയാണ് ഈശോയെ കാണാനെത്തുന്നത്. പകല്‍ വന്നാല്‍ മറ്റുള്ളവര്‍ കാണും. അവര്‍ പലതും ചിന്തിച്ചേക്കും. ഓര്‍ത്തുവയ്ക്കാന്‍ അധികമൊന്നുമില്ലാത്ത കുഞ്ഞിന് നാണിക്കാന്‍ എന്തിരിക്കുന്നു. അതെന്താണോ അത് പ്രകടമാക്കും. രാത്രിയും പകലും ഒരുപോലെ സുതാര്യമാണ് ഒരു കുഞ്ഞിന്.

മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്ന് കരുതി ഒരു നക്ഷത്രവും അധികം തിളങ്ങാറില്ല. മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് പുഷ്പം ഇതള്‍ പൊഴിക്കാന്‍ കാത്തുനില്ക്കാറുമില്ല. അവയുടെ സ്വാതന്ത്ര്യമാണത്. സ്രഷ്ടാവ് നല്കിയ സ്വാതന്ത്ര്യം ആയിരിക്കുന്നതുപോലെ പ്രകടിപ്പിക്കും; മൂടുപടങ്ങളില്ല. എന്നാല്‍ നമ്മളോ?

നിഷ്‌കളങ്കത ആരും നമ്മില്‍നിന്ന് അപഹരിച്ചതല്ല. വലുതാകാനുള്ള ആസക്തിക്കിടയില്‍ നാം തട്ടിനശിപ്പിച്ചതാണ്. പൗലോസിന്റെ വാക്കുകള്‍

ശ്രദ്ധേയം: ക്രിസ്തുവിലാകുന്നവന്‍ പുതിയ സൃഷ്ടിയാണ് (2 കോറിന്തോസ് 5:17). ക്രിസ്തുവിലാകുന്നവന്‍ പുതിയ കുഞ്ഞെന്നു നമുക്ക് വായിക്കാം. ആരെയും കൊതിപ്പിക്കുന്ന നിഷ്‌കളങ്കതയും സ്വാതന്ത്ര്യവുമുള്ള കുഞ്ഞ്.

വിസ്മയങ്ങളുണ്ട്

കുഞ്ഞിന് എന്നും വിസ്മയങ്ങളുണ്ട്. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും പുഷ്പം ഇതള്‍ വിരിയിക്കുന്നതും കൊഴിഞ്ഞു വീഴുന്നതുമെല്ലാം വിസമയമാണ്, കുഞ്ഞിന്. നിരന്തരമായ കാഴ്ചകളും കേള്‍വികളും വിസ്മയലോകത്തുനിന്നു നമ്മെ അടര്‍ത്തിമാറ്റും. പിന്നെ എല്ലാം ബോറിങ്ങാണ്, ആവര്‍ത്തനമാണ്. പ്രാര്‍ത്ഥനയും ദൈവവിഷയങ്ങളുമൊക്കെ വിരസമാകുന്നത് അവിടെയാണ്. വിസ്മയം അവസാനിച്ചാല്‍ ആത്മീയത ഭാരമാകും. ഉന്നതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍ കുഞ്ഞിനെപ്പോലെയുള്ളവര്‍ക്ക് മാത്രമേ വെളിപ്പെടുത്തൂ എന്ന് ഈശോ വാശിപിടിക്കാന്‍ കാരണമെന്താണ്?

വലിയവന് വിസ്മയങ്ങളില്ല. അവന്‍ പെട്ടെന്ന് മടുക്കും. ഉന്നതമെന്ന് ദൈവം ചിന്തിക്കുന്നത് സ്വീകരിക്കാന്‍ അവന് കഴിയില്ല. ദൈവത്തിന്റെ സ്‌നേഹവും കരുതലും ഓരോ ദിനത്തിലും പുതിയതെന്ന് അറിയാന്‍ ശിശുമനസുതന്നെ വേണം. എന്നു മുതലാണ് നിനക്ക് വിസ്മയങ്ങള്‍ നഷ്ടമായത്? അതിശയകരമായ ചെയ്തികളെ ഒരു വിലയും കല്പിക്കാതെ നോക്കിക്കണ്ട ദിനംമുതല്‍. വചനം തീയായിരുന്നു, ആദ്യനാളുകളില്‍. ഓരോ വചനത്തിലും പുതിയ ഉള്‍ക്കാഴ്ചകള്‍. പിന്നെ അതിസാധാരണത്തംകൊണ്ട് ഒരു കാഴ്ചയും കിട്ടാത്ത അവസ്ഥ. ഏറെ അത്ഭുതങ്ങള്‍ കണ്ടുമടുത്ത ശിഷ്യരെ ഇനിയെന്ത് കാണിച്ച് ക്രിസ്തു അതിശയിപ്പിക്കും? അതുതന്നെ ഇന്നും.

ജനത്തെ എങ്ങനെ അതിശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ പറ്റും എന്ന് ചിന്തിക്കുന്ന പ്രഘോഷകന്‍ പുതിയ നമ്പറുകള്‍ കാണിക്കാന്‍ കഷ്ടപ്പെടുന്ന സര്‍ക്കസുകാരനെപ്പോലെയാകും. വിസ്മയം കുഞ്ഞിന് മാത്രമേ ഉണ്ടാകൂ. വിശ്വാസജീവിതം ആസ്വദിക്കാന്‍ കുഞ്ഞാകണം.

ആശ്രയത്വമുണ്ട്

കുഞ്ഞിന് അപാരമായ ആശ്രയത്വമുണ്ട്. തന്റെ നിസഹായതയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്, കുഞ്ഞിന്. ഈശോയുടെ നിസഹായത കാണുക. ആബാ പറയാത്തതൊന്നും ചെയ്യാനാവില്ല. അവിടുന്ന് പറയുന്നതുമാത്രം ചെയ്യും; പറയും. എന്നാല്‍ നാം വലുതാകുമ്പോള്‍ ആശ്രയത്വം തന്നില്‍ത്തന്നെയാകും. ലോകം എപ്പോഴും അവനോടു പറയും, ആശ്രയിക്കുന്നത് ഒരു കുറവാണെന്ന്. ദൈവത്തിനാകട്ടെ സകല പുണ്യങ്ങളും അതിലാണ്. മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്ക് ഫലം നല്കാനാവില്ല എന്ന് പറഞ്ഞതോര്‍ക്കുക.

പിതാവിന്റെ മാറില്‍ ചാഞ്ഞിരുന്ന പുത്രാണ് ക്രിസ്തു. കാലിത്തൊഴുത്തിലും കാല്‍വരിയിലും വ്യത്യാസങ്ങളില്ലാതെ. കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ മതപുരോഹിതര്‍ അവനെ പരിഹസിച്ചു, ഒപ്പം പടയാളികളും: അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. അവനെത്തന്നെ രക്ഷിക്കാന്‍ അവനാകുന്നില്ല…. അവന്‍ ദൈവത്തെ ആശ്രയിച്ചല്ലോ. ദൈവമവനെ രക്ഷിക്കട്ടെ (മത്തായി 27:42-43). സത്യത്തില്‍ അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥമിതാകണം: കുഞ്ഞിനെപ്പോലെ നീ അപ്പന്റെ മാറില്‍ ചാഞ്ഞിരുന്നു. കണ്ടില്ലേ, നിന്റെ അപ്പന്‍ നിന്നെ മറന്നു. ദൈവാശ്രയത്വത്തിന് പോയവന്റെ ഗതികേട്! പക്ഷേ, മൂന്നാംനാള്‍ ദൈവാശ്രയത്തിന്റെ വില ലോകം അറിഞ്ഞു. കുഞ്ഞിനെപ്പോലെയുള്ളവന് പിതാവ് കരുതിവച്ചിരിക്കുന്നത് ക്രിസ്തുവിന് കിട്ടി.

അനുഭവങ്ങളുടെ സമ്പത്ത് എന്നൊരു കാര്യമുണ്ട്, പ്രായമുള്ളവര്‍ക്ക്. കുഞ്ഞിന് അതില്ല. അതുകൊണ്ട് ഇന്നലെയിലെ അനുഭവത്തില്‍

കാര്യങ്ങള്‍ ചെയ്യാനാവില്ല കുഞ്ഞിന്. ഇന്നത്തേക്കുള്ള വെളിച്ചം ഇന്നു കിട്ടണം. ഒന്നും ശേഖരിച്ചുവച്ചിട്ടില്ല. നമ്മുടെ ശേഖരണങ്ങള്‍ നമുക്കുതന്നെ ആപത്തായി തോന്നാറുണ്ടോ? സ്വാതന്ത്ര്യം കൂടുതല്‍ കിട്ടും പരാശ്രയമില്ലാതെ ജീവിക്കുമ്പോള്‍ എന്നൊരു സങ്കല്പത്തിലായിരുന്നു എല്ലാം ചെയ്തത്. പക്ഷേ ഇപ്പോള്‍ സ്വാതന്ത്ര്യം കുരുക്കായതുപോലെ.

എല്ലാത്തിനെയും തള്ളിമാറ്റി വളരാന്‍ ശ്രമിക്കുന്ന കുഞ്ഞാണ് ഇന്നും നമ്മള്‍. അപ്പനെ, അമ്മയെ, പരിസരത്തെ എല്ലാം മാറ്റിനിര്‍ത്തി വളരാന്‍ ശ്രമിക്കുന്ന കുഞ്ഞ്. വീഴുന്ന നേരത്ത് വീണ്ടും ആശ്രയത്തിനായെത്തും. ഏറെ വളര്‍ന്നാല്‍ അതിനും കഴിയാതെ പോകും. ആശ്രയം വിടുമ്പോള്‍ വീഴും. എല്ലാം തനിയെ ചെയ്യാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ശ്രമിക്കുമ്പോള്‍ നമ്മിലെ കുഞ്ഞ് മുങ്ങിപ്പോകും.

ഉത്ക്കണ്ഠയില്ല

കുഞ്ഞിന് ഉത്ക്കണ്ഠയില്ല. ആശ്രയത്വം ഉത്ക്കണ്ഠ മാറ്റും. ഉച്ചയ്ക്ക് വിളമ്പിയവന്‍ ഇന്ന് അത്താഴവും തരുമെന്ന ഉറപ്പ്. ജീവിതത്തിന് അടിസ്ഥാനമിട്ടവന്‍ ദൈവമെങ്കില്‍, പണിതുയര്‍ത്താതെ കരം പിന്‍വലിക്കില്ലെന്ന ബോധ്യം.
അനേകരെ ആത്മീയജീവിതത്തില്‍നിന്നും അടര്‍ത്തി മാറ്റിയത് ഉത്ക്കണ്ഠയും ജീവിതവ്യഗ്രതയുമാണ്. ദൈവം മാത്രം ശരണമായി നടന്നിട്ട് നിനക്ക് എന്ത് കിട്ടി? മറ്റുള്ളവരൊക്കെ ഓരോ സ്ഥാനത്തായി, നീയോ? ഉത്ക്കണ്ഠപ്പെടാന്‍ പിന്നെ കാരണങ്ങള്‍ ഒന്നും വേണ്ട, ഇത്തരം ചോദ്യങ്ങള്‍ക്കുമുമ്പില്‍ നില്ക്കുമ്പോള്‍. മറ്റുള്ളവര്‍ എയ്യുന്ന ശരങ്ങള്‍ ശരിക്കും തകര്‍ക്കുന്നുണ്ട് നമ്മുടെ സ്വസ്ഥതയെ.

നീ ഇന്ന് ഉത്ക്കണ്ഠപ്പെടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കാന്‍ ശ്രമിക്കുക. രണ്ടാവര്‍ത്തി വായിക്കുമ്പോള്‍ ഒരു കാര്യം പിടികിട്ടും. നീ ഒരുപാട് മാറിപ്പോയിരിക്കുന്നു. ആത്മീയത ആഘോഷമായിരുന്ന കാലത്ത് തെല്ലും ഭയപ്പെടാതെയും ഉത്ക്കണ്ഠ കൂടാതെയും നേരിട്ട കാര്യങ്ങള്‍ ഇന്ന് നിന്നെ ഏറെ ഞെരുക്കുന്നുണ്ട്. വലുതാകുന്ന ലോകത്ത് ചെറുതാകാനുള്ള ഭയമാണത്. പ്രതിസന്ധികളുടെ ഭീകരതയല്ല, പ്രതിരോധിക്കാനുള്ള ആത്മീയകരുത്താണ് ഇല്ലാതെ പോയത്. അപ്പായുടെ കൈവിട്ടുപോയ കുഞ്ഞിന്റെ വെപ്രാളമാണത്. തിരികെ ചെന്ന് ഒരു കുഞ്ഞിനെപ്പോലെ ആ കരം പിടിക്കുക. അതുമാത്രം മതി.

തിരുത്താം

കുഞ്ഞിനെ നിങ്ങള്‍ക്ക് തിരുത്താം. വലുതായപ്പോള്‍ തിരുത്തപ്പെടാന്‍ ഇഷ്ടപ്പെടാത്തവരായി നാം. തിരുത്തിയാല്‍ സ്വീകരിക്കില്ല എന്ന തോന്നലുള്ളതുകൊണ്ട് തിരുത്തേണ്ടവരും അതിന് മടിക്കും. ആത്മീയമണ്ഡലത്തില്‍ ഈ പ്രതിസന്ധി ഏറെയാണ്. നാട്ടിലെത്തുമ്പോള്‍ ഇന്നും എന്റെ അമ്മ സൂക്ഷിച്ച് റെയിലും റോഡും ക്രോസ് ചെയ്യേണ്ട കാര്യം പറയും. രാത്രിയില്‍ ടോര്‍ച്ചില്ലാതെ നടക്കരുതേ എന്ന് ഉപദേശിക്കും. അമ്മയ്‌ക്കെന്നും ഞാന്‍ കുഞ്ഞാണ്. സ്വര്‍ഗത്തിലെ പപ്പയ്ക്ക് എന്നും നീ കുഞ്ഞായിരിക്കണം. അല്ലെങ്കില്‍ നിന്നോടൊന്നും പറയാന്‍ കഴിയില്ല.

തിരുത്തലിന് വിധേയമാകാത്തവിധം പരിശുദ്ധരല്ല നാം. മാര്‍ത്തായുടെ ഉത്ക്കണ്ഠയെക്കാള്‍ മറിയത്തിന്റെ ധ്യാനമാണ് ശ്രേഷ്ഠമെന്ന് ഈശോ അവളെ തിരുത്തി. അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്ന ചിലരെ വിലക്കാന്‍ ശിഷ്യര്‍ മുറവിളി കൂട്ടിയപ്പോള്‍, ക്രിസ്തു അവരെ തിരുത്തി. കാരണം അവരെ കൃത്യമായി അവനറിയാമായിരുന്നു. രോഷവും അസൂയയുമല്ലേ ഈ പരാതിയുടെ കാരണം! മനുഷ്യരെ പിടിക്കാന്‍ വിളിക്കപ്പെട്ടവര്‍ വിളിച്ചവനെ ഉപേക്ഷിച്ച് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ക്രിസ്തു അവരെ തിരുത്തി. കുഞ്ഞുങ്ങളേ, നിങ്ങളുടെ കൈയില്‍ മീന്‍ വല്ലതും ഉണ്ടോ? കുഞ്ഞേ എന്നു വിളിച്ചപ്പോള്‍ അവര്‍ക്ക് കാര്യം പിടികിട്ടി. വലുതായിപ്പോയതാണ് പ്രശ്‌നം. ശിഷ്ടകാലം കുഞ്ഞായിത്തന്നെ ജീവിച്ചു.

ശിശുവിന്റെ പരിശുദ്ധി പലയിടത്തും നമുക്ക് നഷ്ടമാകുന്നുണ്ട്. അതു തേടിപ്പിടിക്കുക. കുഞ്ഞായിരുന്നാലേ ഞാന്‍ ന്യായീകരിക്കപ്പെടുകയുള്ളൂ. എന്തു തെറ്റുചെയ്താലും കുഞ്ഞിന് അനുകൂലമായല്ലേ മാതാപിതാക്കള്‍ സംസാരിക്കൂ. കാരണം കണ്ടെത്തി കുഞ്ഞിനെ വെറുതെ വിടും. പാപിയായ എന്നെ ന്യായീകരിക്കാന്‍ ദൈവം കണ്ടെത്തിയ കാരണമാണ് ക്രിസ്തു. എന്നെ തല്ലിക്കോ, എന്റെ മകനെ വെറുതെ വിട് എന്നു പറയുന്ന ഒരു ക്രിമിനലിന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചുനോക്കിയാല്‍ മതി. കുഞ്ഞിനെ ന്യായീകരിക്കുന്ന അമ്മയാണ് കുരിശിലെ ക്രിസ്തു.

ജയാളിയായ ക്രിസ്തുവിനെ മുഖം ധ്യാനിക്കുന്നതിനൊപ്പം ഉണ്ണിയായി പിറന്നവന്റെ മുഖംകൂടി ധ്യാനിക്കാം, കുഞ്ഞാകാം.


റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *