ഞങ്ങളുടെ വികാരിയച്ചന് സ്ഥലംമാറിപ്പോകുന്നതിനോടനുബന്ധിച്ച് വൈദികമന്ദിരത്തിലെ മുറിയിലെ ഫയലുകളൊക്കെ വൃത്തിയാക്കിവയ്ക്കാന്‍ ഭര്‍ത്താവിനെയും എന്നെയും വിളിച്ചു. നിലം അടിച്ചുവാരിയപ്പോള്‍ ഒരു ക്രൂശിതരൂപം എനിക്ക് ലഭിച്ചു. അച്ചനോട് അനുവാദം വാങ്ങി ഞാന്‍ അത് വീട്ടിലേക്ക് കൊണ്ടുപോന്നു.
ഈശോയുടെ ഒരു കൈയില്‍ തറച്ചിരുന്ന മുള്ളാണി ഇളകിപ്പോയിരുന്നു. ഞാനത് മക്കളെ കാണിച്ചപ്പോള്‍ ഇളയ മോന് അത് അവന്റെ പഠനമുറിയില്‍ വച്ചുകൊള്ളാം എന്നു പറഞ്ഞ് അത് എന്നോടു വാങ്ങി. ഈശോയുടെ കൈയിലെ ഇളകി മാറിയ ആണി ഉറപ്പിച്ചുവയ്ക്കാന്‍ അവന് ചെറിയ ചുറ്റിക എടുത്തുകൊണ്ടുവന്നു. എന്നിട്ട് എന്നോടു പറഞ്ഞു, ‘ഈശോയുടെ കൈകളില്‍ ആണി അടിക്കാന്‍ എനിക്ക് കഴിയില്ല അമ്മേ. അതുകൊണ്ട് ഒരു സെല്ലോടേപ്പുകൊണ്ട് ഞാനത് ഒട്ടിച്ചുവയ്ക്കാം.
‘മിടുക്കന്’ എന്നു പറഞ്ഞു ഞാനവനെ അഭിനന്ദിച്ചു. എന്റെ കുഞ്ഞിന്റെ ഉള്ളില്‍ ഈശോ നിറഞ്ഞുനില്ക്കുന്നത് ഞാനറിഞ്ഞു.യഥാര്‍ത്ഥത്തില്‍ ഈശോയെ സ്നേഹിക്കുന്നെങ്കില് എങ്ങനെ ഈശോയെ വേദനിപ്പിക്കാനാവും?
ജിയോ ബെന്നി