സ്വയം രചിച്ച ഒരു പ്രാര്‍ത്ഥന വൈദികര്‍ക്കായി വിശുദ്ധ അനുദിനം ചൊല്ലിയിരുന്നു
പിതാവായ ലൂയി മാര്‍ട്ടിന്റെയും മൂത്ത സഹോദരിമാരിലൊരാളായ സെലിന്റെയുമൊപ്പം ഒരു തീര്‍ത്ഥാടകസംഘത്തോടു ചേര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യ ഒരിക്കല്‍ റോമായാത്ര നടത്തി. അക്കാലത്തെ പതിവില്‍നിന്നു വ്യത്യസ്തമായി പതിനഞ്ചു വയസ്സില്‍ത്തന്നെ കര്‍മ്മലമഠത്തില്‍ ചേരുന്നതിന് മാര്‍പ്പാപ്പയില്‍നിന്ന് പ്രത്യേക അനുമതി നേടുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ആ യാത്രയ്ക്കിടയിലാണ് വിശുദ്ധ വളരെയധികം വൈദികരെ കണ്ടത്. ദൈവഭക്തിയില്‍ തീക്ഷ്ണതയുള്ള വൈദികരെമാത്രം കണ്ട് പരിചയിച്ച അവള്‍ക്ക് മന്ദഭക്തരായ വൈദികരുണ്ടെന്ന് മനസ്സിലായതും അപ്പോഴാണ്.
എത്രയും ഉന്നതമായ പൗരോഹിത്യം മാലാഖമാരെക്കാളുമുപരിയായി അവരെ ഉയര്‍ത്തുന്നുവെങ്കിലും ദുര്‍ബലരും തെറ്റുപറ്റാവുന്നവരുമായ മനുഷ്യര്‍തന്നെയാണ് അവരും എന്ന് വിശുദ്ധ മനസ്സിലാക്കി. ഈ ബോധ്യത്തിന്റെ വെളിച്ചത്തില്‍, വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനായി കര്‍മ്മലമഠത്തിലേക്കുള്ള തന്റെ ദൈവവിളി എത്ര മനോഹരമാണ് എന്നും വിശുദ്ധ തന്റെ ആത്മകഥയായ നവമാലികയില്‍ എഴുതുന്നു. വൈദികര്‍ തങ്ങളുടെ വചനങ്ങളിലൂടെയും അതിനെക്കാളുപരി മാതൃകയിലൂടെയും ആത്മാക്കളെ സുവിശേഷമറിയിക്കുമ്പോള്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിലാണ് ഈ മനോഹാരിത അടങ്ങിയിരിക്കുന്നതെന്ന് അവള്‍ ചിന്തിച്ചു. ഇക്കാരണങ്ങളാലായിരിക്കാം പില്ക്കാലത്ത് വൈദികര്‍ക്കായി സ്വയം രചിച്ച വളരെ ലളിതമായ ഒരു പ്രാര്‍ത്ഥന വിശുദ്ധ എല്ലാ ദിവസവും ചൊല്ലിയിരുന്നു.
വൈദികര്‍ക്കായുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ പ്രാര്‍ത്ഥന
ഓ ഈശോയേ, വിശ്വസ്തരും തീക്ഷ്ണതയുള്ളവരുമായ അങ്ങേ വൈദികര്‍ക്കായും
അവിശ്വസ്തരും മന്ദോഷ്ണരുമായ അങ്ങേ വൈദികര്‍ക്കായും
സ്വന്തദേശത്തോ വിദൂരസ്ഥമായ മിഷന്‍ മേഖലകളിലോ സേവനം ചെയ്യുന്ന അങ്ങേ വൈദികര്‍ക്കായും
പ്രലോഭനങ്ങള്‍ നേരിടുന്ന അങ്ങേ വൈദികര്‍ക്കായും
ഏകാന്തതതയും ശൂന്യതയും അനുഭവിക്കുന്നവരുമായ അങ്ങേ വൈദികര്‍ക്കായും
അങ്ങേ യുവവൈദികര്‍ക്കായും
മരണാസന്നരായ അങ്ങേ വൈദികര്‍ക്കായും
ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന അങ്ങേ വൈദികര്‍ക്കായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇതിനെല്ലാം ഉപരിയായി എനിക്ക് ഏറ്റം പ്രിയപ്പെട്ട വൈദികര്‍ക്കായി-
എനിക്ക് മാമ്മോദീസാ നല്കിയ വൈദികന്‍,
എനിക്ക് പാപമോചനം നല്കിയ വൈദികര്‍,
ഞാന്‍ പങ്കാളിയായ ദിവ്യബലികള്‍ അര്‍പ്പിച്ചവരും എനിക്ക് അങ്ങേ തിരുശരീരവും തിരുരക്തവും നല്കിയവരുമായ വൈദികര്‍,
എന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത വൈദികര്‍
മറ്റേതെങ്കിലും രീതിയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്ന (പ്രത്യേകിച്ച്…..) വൈദികര്‍- എന്നിവര്‍ക്കായി ഞാന്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു.
ഓ ഈശോയേ, അവരെയെല്ലാം അങ്ങേ തിരുഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയും ഇപ്പോഴും നിത്യതയിലും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ,
ആമ്മേന്‍