കഷ്ടതകള്‍ അഭിമാനങ്ങള്‍

കഷ്ടതകളില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ വ്യക്തിയാണ് ക്രിസ്തുശിഷ്യനായിരുന്ന വിശുദ്ധ പൗലോസ്. മൂന്ന് കാരണങ്ങളാണ് ഈ അഭിമാനത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. ഒന്നാമത്തെ കാരണം നിഗളത്തിലും അഹന്തയിലും വീഴാതിരിക്കുവാന്‍ കഷ്ടത ഉപകരിക്കുന്നു എന്നതാണ്. ഞാന്‍ അധികമായി നിഗളിച്ചുപോകാതിരിക്കുവാന്‍ എനിക്ക് ജഡത്തില്‍ ഒരു മുള്ള് തന്നിരിക്കുന്നു എന്ന് വിശുദ്ധ പൗലോസ് പറയുന്നുണ്ടല്ലോ. സ്വന്ത കഴിവിലും നേട്ടങ്ങളിലും പ്രതാപങ്ങളിലും അഹങ്കരിക്കുന്ന ഒരുവന് കഷ്ടതയുടെ പാതയില്‍ ചരിക്കുമ്പോഴാണ് സ്വന്തം നിസാരതയും നിസഹായതയും ബോധ്യമാകുന്നത്. അത് അവനെ വിനയാന്വിതനാക്കും.

രണ്ടാമതായി, കഷ്ടതയില്‍ക്കൂടി സഹനശക്തി കൈവരിക്കാന്‍ സാധിക്കുമെന്ന് ശ്ലീഹാ പറയുന്നു. ഏതു വൈഷമ്യത്തെയും നേരിടുവാനുള്ള ചങ്കൂറ്റം അതുമൂലം ഉളവാകുന്നു. സര്‍ഗശക്തി പുഷ്ടിപ്പെടുവാനും പുഷ്‌കലമാകാനും ഇത് സഹായിക്കും. സംഗീതസാമ്രാട്ടായിരുന്ന ബീഥോവന്‍ ബധിരനായിത്തീര്‍ന്ന ദുരന്തം അനുസ്മരിക്കുക. ഒരു സംഗീതജ്ഞന് ഏറ്റവും ആവശ്യമായ ഒന്ന് ശ്രവണശക്തിയാണ്. അതു നഷ്ടപ്പെട്ടാലുള്ള ദുരവസ്ഥ എത്ര ദുര്‍വഹമായിരിക്കും! എന്നാല്‍ അദ്ദേഹം പ്രഖ്യാപിച്ചു: ”ജീവിതത്തെ കണ്ഠനാളംകൊണ്ട് നേരിടും.” എന്തൊരു നിശ്ചയദാര്‍ഢ്യം! അന്ധത ബാധിച്ച ഹെലന്‍ കെല്ലര്‍ തളര്‍ന്നുവീണുപോകാതെ കൂടുതല്‍ ശക്തി ആര്‍ജിച്ച് അനേകര്‍ക്ക് വെളിച്ചം നല്കുന്ന പ്രകാശഗോപുരമായിത്തീര്‍ന്നു.

മൂന്നാമത്, കഷ്ടതയിലൂടെ പക്വത വര്‍ധിക്കുന്നു. ലോഹം തീയിലിട്ട് ഉരുക്കിക്കഴിയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന കലര്‍പ്പും മാലിന്യവുമെല്ലാം നീങ്ങി അതു സ്ഫുടം ചെയ്യപ്പെടുന്നു. സ്ഫുടപാകം ചെയ്യപ്പെട്ട അനുഭവത്തില്‍ വ്യക്തിത്വം കൂടുതല്‍ തിളക്കമുള്ളതായിത്തീരുന്നു. ഇക്കാരണങ്ങളാല്‍ നാം ഒളിമങ്ങാതെ പ്രത്യാശയിലേക്ക് നയിക്കപ്പെടുമെന്നാണ് വിശുദ്ധ പൗലോസ് സമര്‍ത്ഥിക്കുന്നത്.

സര്‍ക്കസ് കൂടാരത്തില്‍, ഉയരത്തില്‍ വലിച്ചുകെട്ടിയ കമ്പിയില്‍ക്കൂടി മെലിഞ്ഞ ശരീരമുള്ള അഭ്യാസികള്‍ ചുവടുവച്ചു നടക്കുന്നതു കാണാം. അവരുടെ തോളില്‍ ഭാരമുള്ള കമ്പ് കുറുകെ വഹിക്കുന്നുണ്ടാവും. ആ മുളങ്കമ്പ് അവര്‍ക്ക് ഭാരമല്ല. കമ്പിയില്‍ക്കൂടിയുള്ള നടപ്പിന് ബാലന്‍സ് നല്കുന്ന സഹായിയാണ്. ഇതുപോലെ ആത്മീയജീവിതത്തില്‍ ഉയര്‍ന്നു ചരിക്കുവാന്‍ പ്രാപ്തരാക്കുന്ന അനവധി കമ്പുകള്‍ ദൈവം നമുക്ക് നല്കുന്നു, അവ നമ്മെ നിരാശപ്പെടുത്താനോ തളര്‍ത്തിക്കളയാനോ അല്ല.

നമ്മുടെ മാനസികവും ആത്മീയവുമായ ശക്തിവര്‍ധനയ്ക്കും പരിപോഷണത്തിനും ദൈവം നമുക്ക് നല്കുന്ന ചിറകുകളായി നമ്മുടെ ഭാരങ്ങളെ നാം ആക്കിത്തീര്‍ക്കണം. ആരംഭത്തില്‍ പ്രയാസകരമായി തോന്നിയാലും ഹൃദയത്തോട് ചേര്‍ത്തു മുന്നേറിയാല്‍ ആത്മീയ ആകാശത്ത് പറന്നുയരാനുള്ള ചിറകുകളായി അവ നമുക്കനുഭവപ്പെടും.


മെല്‍ പി. ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *