ദൈവം നിശബ്ദനാകുന്ന നാളുകളില്‍….

ജീവിതത്തില്‍ ഉരുണ്ടുകൂടുന്ന ഒരു പ്രതിസന്ധി ഉണ്ട്. തീക്ഷ്ണമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ലഭിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുകയും ചെയ്യുന്ന കാര്യം ദൈവം സാധിച്ചു തരാത്തപ്പോഴാണ് അത് സംഭവിക്കുന്നത്. ആ നാളുകളില്‍ മനസ് വല്ലാതെ ഉലയുകയും തളര്‍ന്നുപോവുകയും ചെയ്‌തേക്കാം. എന്തുകൊണ്ട് ദൈവം എന്നോട് ഇങ്ങനെ ചെയ്തു എന്ന നീറ്റലോടുകൂടിയ ഒരു ചിന്ത മനസിനെ വിടാതെ പിന്തുടരുകയും ചെയ്യും. ആഗ്രഹം നിഷേധിക്കപ്പെട്ട വ്യക്തി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍ തന്നെ.

ദൈവത്തിനുവേണ്ടി ജീവിക്കുകയും ദൈവഹിതം അന്വേഷിക്കുകയും ചെയ്യുന്നവന്‍. എന്നിട്ടും എന്തേ ഇങ്ങനെ? ചുറ്റുമുള്ളവര്‍ മൂക്കത്ത് വിരല്‍വയ്ക്കുകയും രഹസ്യമായി ചിരിച്ച് പരിഹസിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്ന ദൈവം എന്തുകൊണ്ട് ഈ വ്യക്തിയുടെ ജീവിതത്തില്‍ ഇടപെട്ടില്ല? ഈ ചോദ്യം പുതിയതൊന്നുമല്ല. കാലാകാലങ്ങളായി കാഴ്ചക്കാരായി നില്ക്കുന്ന ആളുകള്‍ ചോദിക്കുന്ന ചോദ്യംതന്നെയാണിത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പും ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു. ”അന്ധന്റെ കണ്ണ് തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍നിന്ന് രക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ലേ?” (യോഹന്നാന്‍ 11:36).

ചോദ്യശരം എയ്യപ്പെടുന്നത് ദൈവപുത്രന്റെ നേര്‍ക്കാണ്. ലാസറിന്റെ ശവകുടീരമാണ് പശ്ചാത്തലം. ലാസറിന്റെ വേര്‍പാടില്‍ മനംനൊന്ത് കരയുകയാണ് സഹോദരിമാര്‍. അവരുടെ കണ്ണീര്‍ പൊഴിക്കാന്‍ യേശുവിന്റെ ഹൃദയത്തെ ചലിപ്പിച്ചു. യേശു കണ്ണീര്‍ പൊഴിച്ചു. ഇത് കണ്ട യഹൂദര്‍ക്ക് ഒരു കാര്യം മനസിലായി യേശു ലാസറിനെയും സഹോദരിമാരെയും അത്യധികം സ്‌നേഹിച്ചിരുന്നു. യേശു ഇത്രയധികം ലാസറിനെ സ്‌നേഹിച്ചിട്ടും എന്തുകൊണ്ട് അവനെ മാരകമായ രോഗത്തില്‍നിന്ന് രക്ഷിച്ചില്ല? ഇതാണ് അവരുടെ ചോദ്യം.

മനുഷ്യന്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതും അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ മെനയുന്നതും ഇന്നിന്റെ പശ്ചാത്തലത്തിലാണ്. അവന് നാളെയെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. അതിനാല്‍ അവന്റെ വിലയിരുത്തലുകളും വിധികല്പിക്കലും അപൂര്‍ണവും അപക്വവുമായേക്കാം. അതിന്റെ ഫലമായിട്ടാണ് ദൈവം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്.

മനുഷ്യന്‍ ആഗ്രഹിച്ച സമയത്ത് ദൈവം വന്നില്ലായെന്നും പ്രവര്‍ത്തിച്ചില്ലായെന്നും ശരിയാണ്. ‘അങ്ങ് സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു’ എന്ന് പറഞ്ഞ് ലാസറിന്റെ സഹോദരിമാര്‍ അവന് രോഗം ഗുരുതരമായപ്പോള്‍ ആളെ അയച്ചതാണ്. എങ്കിലും അത് അറിഞ്ഞശേഷവും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്ത് രണ്ടുദിവസവും കൂടി താമസിച്ചു. മനഃപൂര്‍വമായ ഒരു കാലതാമസം. പക്ഷേ അതിനുള്ള കാരണവും അവിടുന്ന് വ്യക്തമാക്കുന്നുണ്ട്: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനുംവേണ്ടിയാണ് (യോഹന്നാന്‍ 11:4).

നിങ്ങളുടെയും എന്റെയും ജീവിതത്തില്‍ ദൈവം കടന്നുവരുവാന്‍ എപ്പോഴെങ്കിലും വൈകുന്നുണ്ടെങ്കില്‍ തിരിച്ചറിയുക – അതിന് ഒരു വ്യക്തമായ ലക്ഷ്യമുണ്ട്: പിതാവായ ദൈവത്തിന്റെ തിരുനാമം ഈ ലോകത്തില്‍ ഉയര്‍ത്തപ്പെടണം. അതുവഴി ദൈവപുത്രനായ യേശുനാമവും മഹത്വപ്പെടണം. പക്ഷേ, ദൈവം നിശബ്ദനായിരിക്കുന്ന ഈ നാളുകളെ കടന്നുപോവുക അത്ര എളുപ്പമല്ല. രാത്രി നീളുമ്പോള്‍, പ്രകാശം അകലെയാണെന്ന് തോന്നുമ്പോള്‍, ദൈവംപോലും കൈവിട്ടു എന്ന ചിന്ത നമ്മെ മഥിക്കാം.

ഏത് ശക്തനായ പ്രാര്‍ത്ഥനാമനുഷ്യന്റെയും മനസ് ദുര്‍ബലമായിത്തീരാവുന്ന ഈ നാളുകളില്‍ മനസിന്റെ ബലം ചോര്‍ന്നുപോകാതെ സൂക്ഷിക്കുക അനിവാര്യമത്രേ. ഈ പ്രതിസന്ധിയിലും കര്‍ത്താവേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു എന്ന് കൂടെക്കൂടെ ഏറ്റുപറയുക. ദൈവം ഇടപെടുവാന്‍ വൈകുന്നതിനെപ്രതി ദൈവത്തിന് നന്ദി പറയുന്നതും ആവശ്യമാണ്. ഒരുപക്ഷേ നമ്മുടെ ചില അബദ്ധങ്ങളായിരിക്കാം ഈ പ്രതിസന്ധിക്ക് കാരണം. അതുവഴിയായും നന്മ ഉണ്ടാക്കുവാന്‍ സാധിക്കുന്ന ദൈവത്തിന് സ്‌തോത്രം അര്‍പ്പിക്കുമ്പോള്‍ മനസിലെ ഭാരങ്ങളെല്ലാം വിട്ടുപോകും. ദൈവം സാഹചര്യങ്ങളെ പൂര്‍ണമായും ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകും.

എങ്കിലും നമ്മുടെയൊക്കെ ഉള്ളില്‍ ഒരു മര്‍ത്താ വസിക്കുന്നുണ്ട്. ”കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്” (യോഹന്നാന്‍ 11:39). ഇത്രയും വഷളായ സാഹചര്യത്തില്‍ ഇനി പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന സംശയവാദിയുടെ മനോഭാവമാണിത്.

ഇതിനൊരു മറുപടി മാത്രമേയുള്ളൂ: ”വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് ഞാന്‍ നിന്നോട് പറഞ്ഞില്ലേ?” (യോഹന്നാന്‍ 11:40). ഇവിടെ സ്‌നേഹപൂര്‍വമായ ഒരു ശാസനയുടെ ശബ്ദമില്ലേ? തന്റെ പ്രിയപ്പെട്ടവരുടെ അവിശ്വാസം കര്‍ത്താവിനെ വേദനിപ്പിക്കുന്നുണ്ട്. എങ്കിലും അവിടുന്ന് അത് പരിഗണിക്കാതെ തന്നെ സ്‌നേഹിക്കുന്നവരെ അനുഗ്രഹിക്കുവാന്‍ കാത്തുനില്ക്കുകയാണ്. അതിനാല്‍ ദൈവം സര്‍വശക്തനാണെന്ന് മനസുകൊണ്ട് വിശ്വസിക്കുകയും അധരങ്ങള്‍കൊണ്ട് ഏറ്റുപറയുകയും ചെയ്യാം. നിശ്ചയമായും ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തി ദര്‍ശിക്കുവാന്‍ നമ്മുടെ കണ്ണുകള്‍ക്ക് ഭാഗ്യം ലഭിക്കുകതന്നെ ചെയ്യും.

കര്‍ത്താവേ, ജീവിതത്തില്‍ ഇരുട്ട് നിറയുന്ന നാളുകളില്‍ എന്റെ ജീവിതത്തിലേക്ക് അങ്ങ് പ്രകാശമായി കടന്നുവരണമേ. എന്റെ മനസിനെ പ്രകാശിപ്പിച്ചാലും. ദൈവമഹത്വം ദര്‍ശിക്കുന്ന വിധത്തിലുള്ള വിശ്വാസത്താലും ശരണത്താലും എന്നെ നിറയ്ക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, അന്ധകാരം നിറഞ്ഞ നാളുകളില്‍ തളരാതെ മുന്നോട്ടുപോകുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *