വിനോദങ്ങളിലും ആഡംബരങ്ങളിലും ജീവിച്ച പ്രഭുകുമാരനെ സന്യാസത്തിലേക്കെത്തിച്ചത് ഒരു കൊലപാതകദൃശ്യം.
”എല്ലാറ്റിലും ഉപരിയായി നിങ്ങള്‍ ദൈവസാന്നിധ്യത്തിലാണ് വ്യാപരിക്കുന്നത് എന്ന ബോധ്യമുണ്ടായിരിക്കുക. തള്ളപ്പക്ഷി കൊണ്ടുവരുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കാത്ത പക്ഷിക്കുഞ്ഞിനെപ്പോലെ നിങ്ങളെത്തന്നെ ശൂന്യവല്ക്കരിച്ചുകൊണ്ട് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രം തൃപ്തിപ്പെടുക.” റാവന്നയിലെ വിശുദ്ധ റോമുവാള്‍ഡ് സന്യാസികള്‍ക്കായി എഴുതിയ ‘ലഘു നിയമ’ങ്ങളിലൊന്നാണിത്. സമ്പത്തിന്റെയും പ്രൗഢിയുടെയും അവസാനവാക്കായിരുന്ന ഹോണേസ്തി കുടുംബത്തില്‍ നിന്നാണ് മരുഭൂമിയിലെ താപസന്മാര്‍ക്ക് സമാനമായ താപസജീവിതം നയിക്കുകയും കമല്ദോലീസ് സഭ സ്ഥാപിക്കുകയും ചെയ്ത വിശുദ്ധ റോമുവാള്‍ഡിന്റെ ജീവിതകഥ ആരംഭിക്കുന്നത്.
ഇറ്റലിയില്‍, റാവന്നയിലെ പ്രഭുകുടുംബമായ ഹോണേസ്തിയില് 950-നോട് അടുത്ത കാലഘട്ടത്തില്‍ റോമുവാള്‍ഡ് ജനിച്ചു. ആ കാലഘട്ടത്തിലെ ഒരു പ്രഭുകുമാരന് ഏര്‍പ്പെട്ടിരുന്ന എല്ലാ വിനോദങ്ങളിലും ആഡംബരങ്ങളിലും മുഴുകിയാണ് തന്റെ ചെറുപ്പകാലം ചെലവഴിച്ചത്. എന്നാല്‍, ഒരിക്കല്‍ പിതാവായ സെര്‍ജിയസ് പോരാട്ടത്തിലൂടെ എതിരാളിയെ കൊലപ്പെടുത്തുന്നത് റോമുവാള്‍ഡ് കാണാനിടയായി. സ്ഥലസംബന്ധമായ ഒരു തര്‍ക്കം തീര്‍ക്കുന്നതിനിടെയായിരുന്നു വധം നടന്നത്. ആ സംഭവം റോമുവാള്‍ഡിന്റെ അന്തരാത്മാവില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഇതിന് പരിഹാരം ചെയ്യുവാനായി ആ യുവാവ് നാല്‍പ്പത് ദിവസം പരിഹാരപ്രവൃത്തികള്‍ ചെയ്തുകൊണ്ട് ക്ലാസിസിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ ചെലവഴിച്ചു. 20 വയസ് ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം.
ആശ്രമത്തില്‍ താമസിച്ചു ചെയ്ത പരിഹാരപ്രവൃത്തികള്‍ റോമുവാള്ഡിനെ ആശ്വസിപ്പിക്കുകയും ദൈവസ്നേഹവും ദൈവഭയവും ഹൃദയത്തില്‍ ആഴപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സന്യാസാര്‍ത്ഥിയായി അവിടെ ചേര്‍ന്ന റോമുവാള്‍ഡ് തന്റെ കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികളും ജീവിതചര്യകളും തുടര്‍ന്നുപോന്നു. എന്നാല്‍ റോമുവാള്‍ഡിന്റെ കഠിനമായ നിഷ്ഠകളെക്കുറിച്ച് പല സന്യാസിമാര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവുകയാണുണ്ടായത്.അതേ തുടര്‍ന്ന് അധികാരികളുടെ അനുവാദത്തോടെ വെനീസിന് സമീപം ജീവിച്ചിരുന്ന മാരിനസ് എന്ന സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസജീവിതത്തിന്റെ പുണ്യങ്ങള്‍ റോമുവാള്‍ഡ് അഭ്യസിക്കാന്‍ ആരംഭിച്ചു. വിശുദ്ധനായ ഒരു സന്യാസിയായിരുന്നു ഗുരുവായ മാരിനസ്.
മാരിനസിന്റെയും റോമുവാള്ഡിന്റെയും ഉപദേശം സ്വീകരിച്ച് വെനീസിലെ അധികാരിയായിരുന്ന പീറ്റര്‍ ഉര്സെലിയസ് അധികാരസ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് താപസജീവിതം തിരഞ്ഞെടുത്തു. ഈ കാലഘട്ടത്തില്‍ത്തന്നെ റോമുവാള്‍ഡിന്റെ പിതാവായ സെര്‍ജിയസും മകന്റെ പാത പിന്തുടര്ന്ന് താപസജീവിതത്തിലേക്ക് കടന്നു വന്നു. എന്നാല്‍ പിതാവ് താപസജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതായി മനസിലാക്കിയ വിശുദ്ധന് പിതാവിന് വേണ്ടി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. തന്റെ ശ്രമഫലമായി ആ ‘കണ്ണുനീരിന്റെ പിതാവ്’ സന്യാസസഭയില്‍ തുടരുകയും വിശുദ്ധമായ ജീവിതം നയിച്ച് മരണമടയുകയും ചെയ്തു.
ആത്മീയ ജീവിതത്തില്‍ പിശാചില്‍ നിന്ന് നേരിട്ടും അല്ലാതെയും നിരവധി പ്രലോഭനങ്ങള്‍ നേരിടേണ്ടി വന്ന റോമുവാള്‍ഡ് പിശാചിനെ ഇപ്രകാരം വെല്ലുവിളിച്ചിരുന്നുവത്രേ- ”നിന്റെ എല്ലാ ശക്തിയും അവസാനിച്ചുവോ? ഈ പാവം ദൈവദാസനെതിരെ പ്രയോഗിക്കാന്‍ ഇനി നിന്റെ കയ്യില്‍ ആയുധങ്ങളൊന്നുമില്ലേ?”1012 ആയപ്പോഴേക്കും ഇറ്റലിയുടെ നിരവധി ഭാഗങ്ങളില്‍ റോമുവാള്‍ഡ് സന്യാസ ഭവനങ്ങള്‍ സ്ഥാപിച്ചു. എങ്കിലും അവ തമ്മില്‍ പരസ്പരം ബന്ധമുണ്ടായിരുന്നില്ല. അരീസോ രൂപതയില്‍ ‘കാമല്ദോലിസ്’എന്ന പേരുള്ള സ്ഥലത്ത് സ്ഥാപിച്ച സന്യാസഭവനം കാരിസം കൊണ്ടും ചൈതന്യം കൊണ്ടും വ്യത്യസ്തത പുലര്‍ത്തി. പിന്നീട് കാമല്ദോലീസ് സന്യാസ സമൂഹത്തിന്റെ കേന്ദ്രമായി അവിടം മാറി. ഇന്ന് കാമല്ദോലീസ് സന്യാസസമൂഹം അഞ്ച് സന്യാസസമൂഹങ്ങളാണ്.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തന്റെ ശിഷ്യനായ വിശുദ്ധ ബോണിഫസിനെപ്പോല രക്തസാക്ഷിത്വം വരിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം വിശുദ്ധന്റെ ജീവിതത്തില്‍ ഉടലെടുത്തു. ഇതിനെ തുര്‍ന്ന് മാര്‍പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെ അദ്ദേഹം ഹംഗറിയില്‍ സുവിശേഷം പ്രസംഗിക്കാനായി യാത്രയായി. എന്നാല്‍ ഒരോ തവണ ഇതിനായി പുറപ്പെടുമ്പോഴും കഠിനരോഗബാധിതനായി തിരിച്ചുപോരേണ്ടി വന്നതിനാല്‍ അത് ദൈവഹിതമല്ലെന്ന് മനസിലാക്കി അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് 1027-ല്‍ കാസ്ട്രോ താഴ്വരയിലുള്ള ആശ്രമത്തില്‍ വച്ചാണ് വിശുദ്ധ റോമുവാള്‍ഡ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
രഞ്ജിത് ലോറന്‍സ്