പാറമേല്‍ വീടുപണിതവര്‍

ഉദരത്തില്‍ ശിശുവായ യേശുവിനെയും പേറിക്കൊണ്ട് തന്നെ ശുശ്രൂഷിക്കാനെത്തിയ മറിയത്തെ നോക്കി പരിശുദ്ധാത്മാവില്‍ നിറഞ്ഞ ആനന്ദത്തോടെ എലിസബത്ത് പറഞ്ഞു ”കര്‍ത്താവ് അരുള്‍ച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1:45). ദൈവപിതാവിലും അവിടുത്തെ വചനങ്ങളിലുമുള്ള പാറപോലുള്ള വിശ്വാസം! അതായിരുന്നു യേശുവിന്റെ അമ്മയായ മറിയത്തിന്റെ ഏറ്റവും വലിയ ധന്യത. ഏറ്റവും സൗഭാഗ്യകരമായ അവസ്ഥയില്‍ ദൈവത്തെയും അവിടുത്തെ വചനങ്ങളെയും അവിശ്വസിച്ചുകൊണ്ട് ആദിമാതാവായ ഹവ്വ ചെയ്ത തെറ്റിന് കുരിശിന്റെ വഴികളിലൂടെ നിരന്തരം നടന്നുകൊണ്ട് രണ്ടാമത്തെ ഹവ്വയായ മറിയം പരിഹാരം ചെയ്തു.

മനുഷ്യന്റെ ആദ്യപാപം അനുസരണക്കേടായിട്ടാണ് നാം ചെറുപ്പം മുതല്‍ പഠിച്ചുവരുന്നത്. എന്നാല്‍ അല്പംകൂടി ഗാഢമായി ചിന്തിക്കുമ്പോള്‍ അസരണക്കേടല്ല അവിശ്വാസമാണ് മനുഷ്യകുലത്തിന്റെ ആദിപാപമെന്ന് തോന്നിപ്പോകും. ദൈവത്തിലും അവിടുത്തെ വചനങ്ങളിലും തോന്നിയ അവിശ്വാസമാണ് അനുസരണക്കേടിലേക്ക് മനുഷ്യനെ നയിച്ചത്. ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. അവന് അനുരൂപയായ ജീവിതപങ്കാളിയെ നല്കി, എല്ലാവിധ സൗഭാഗ്യങ്ങളോടുംകൂടെ ഏദനില്‍ പാര്‍പ്പിച്ചു. മനുഷ്യനും അവന്റെ സഖിയും നിത്യകാലം തന്നോടൊപ്പം സര്‍വസൗഭാഗ്യങ്ങളും ആസ്വദിച്ച് പറുദീസയില്‍ വസിക്കണം എന്നതായിരുന്നു ദൈവത്തിന്റെ തിരുവിഷ്ടം. അതുകൊണ്ട് വലിയ സ്‌നേഹത്താല്‍ പ്രേരിതനായി ദൈവം മനുഷ്യനോട് ഇപ്രകാരം കല്പിച്ചു ”തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.

എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. അതു തിന്നുന്ന ദിവസം നീ മരിക്കും” (ഉല്പത്തി 2:17). മനുഷ്യനും സഖിയും ആദ്യമാദ്യം ദൈവത്തെയും അവിടുത്തെ വചനങ്ങളെയും പൂര്‍ണമായി വിശ്വസിക്കുകയും അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. എന്നാല്‍ തിരുവചനത്തില്‍ പറയുന്നു, സാത്താന്റെ അസൂയ നിമിത്തം ”ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു” (റോമാ 5:12). മനുഷ്യന് ദൈവം കല്പിച്ചരുളിയ അനന്തമായ സൗഭാഗ്യത്തിലും മഹത്വത്തിലും അസൂയ പൂണ്ട സാത്താന്‍ അതു തകര്‍ക്കുന്നതിനും തന്റെ നിത്യദാസ്യത്തിലേക്ക് മനുഷ്യനെ അടിച്ചുവീഴ്ത്തുന്നതിനും വേണ്ടി ഒരു വഞ്ചന നടത്തി. അവന്‍ പാമ്പിന്റെ രൂപത്തില്‍ വൃക്ഷത്തിന്മേല്‍ കയറിക്കൂടി.

ഹവ്വയോടു വളരെ ഇമ്പമായി ഇപ്രകാരം മൊഴിഞ്ഞു. ഈ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ നിങ്ങള്‍ ഒരിക്കലും മരിക്കില്ല. ഈ പഴം തിന്നുന്ന മാത്രയില്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കും. നന്മയും തിന്മയും തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകും. അത് ദൈവത്തിനറിയാം. നിങ്ങള്‍ ദൈവത്തെപ്പോലെ ആകുന്നത് ദൈവത്തിനിഷ്ടമില്ല. അതുകൊണ്ടാണ് ഈ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്ന് ദൈവം നിങ്ങളോട് കല്പിച്ചത്.

സാത്താന്റെ ഇമ്പമുള്ള വാക്കുകള്‍ കേട്ട മനുഷ്യന്‍ തങ്ങളെ സൃഷ്ടിച്ച് സൗഭാഗ്യകരമായ രീതിയില്‍ പരിപാലിച്ചുകൊണ്ടിരിക്കുന്ന ദൈവത്തെയും അവിടുത്തെ വചനങ്ങളെയും അവിശ്വസിച്ചു. മാത്രമല്ല സാത്താനെയും അവന്റെ വാക്കുകളെയും വിശ്വസിച്ചു. സാത്താന്‍ പറഞ്ഞതുപോലെ തന്നെ ആ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യവും കണ്ണിന് കൗതുകകരവും ആണെന്നുകണ്ട് ഹവ്വ അത് പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു. ദൈവകല്പന ലംഘിച്ച അവര്‍ പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. സാത്താന്റെ അടിമത്തത്തിലേക്ക് വഴുതിവീണു.

”എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു” (ജറെമിയ 2:13) എന്ന ദൈവപിതാവിന്റെ നൊമ്പരംപൂണ്ട വാക്കുകള്‍ വ്യക്തമാക്കുന്നത് മനുഷ്യന്റെ ഈ അധഃപതനത്തെയാണ്.ദൈവത്തിലുള്ള അവിശ്വാസംമൂലം സാത്താന്റെ അടമത്തത്തിലേക്ക് വഴുതിവീണ് ദുരിതപൂര്‍ണനായിത്തീര്‍ന്ന മനുഷ്യനെ രക്ഷിക്കുവാനും അവന്‍ ചെയ്ത തെറ്റിന് പരിഹാരം ചെയ്യാനും വേണ്ടിയാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്.

”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹന്നാന്‍ 3:16). അവനെ (യേശുവിനെ) സ്വീകരിച്ചവര്‍ക്കെല്ലാം അവന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവിടുന്ന് കഴിവു നല്കി (യോഹന്നാന്‍ 1:12-13).
ഏറ്റവും അനുകൂലവും സൗഭാഗ്യപൂര്‍ണവുമായ അവസ്ഥയില്‍ ദൈവത്തെ അവിശ്വസിച്ചുകൊണ്ട് ആദവും ഹവ്വയും ചെയ്ത തെറ്റിന് ഏറ്റവും പ്രതികൂലവും സഹനപൂര്‍ണവുമായ അവസ്ഥകളില്‍ ദൈവത്തിലും അവിടുത്തെ വചനങ്ങളിലും വിശ്വസിച്ചുകൊണ്ട് യേശുവും തന്റെ അമ്മയായ മറിയവും തങ്ങളുടെ സഹനബലിയിലൂടെ പരിഹാരം ചെയ്തു.

രക്ഷ വിശ്വാസത്തിലൂടെ

മനുഷ്യന്റെ അധഃപതനവും സാത്താന്യ അടിമത്തവും ദൈവത്തിലുള്ള അവിശ്വാസത്തില്‍നിന്നും ഉടലെടുത്തതാണെങ്കില്‍ മനുഷ്യന്റെ രക്ഷയും സാത്താന്റെ അടിമത്തത്തില്‍നിന്നുള്ള വിമോചനവും യേശുവിലുള്ള വിശ്വാസത്തില്‍നിന്നുമാണ് ഉടലെടുക്കുന്നത്. ”നീതിമാന്‍ വിശ്വാസംവഴി ജീവിക്കും” (റോമാ 1:17) എന്ന ദൈവവചനം നമ്മോട് പറയുന്നതും ഇതാണ്. വീണ്ടും ദൈവവചനം നമ്മെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: ”ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്. എന്തെന്നാല്‍ നീതിമാന്‍ വിശ്വാസംവഴിയാണ് നീതീകരിക്കപ്പെടുക” (ഗലാത്തിയാ 3:11).

ഏതു വിശ്വാസംവഴിയാണ് പാപിയായ ഒരു മനുഷ്യന്‍ നീതീകരിക്കപ്പെടുന്നത് എന്നും തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അത് മറ്റൊന്നല്ല, പിതാവായ ദൈവം മനുഷ്യരക്ഷയ്ക്കായി ഭൂമിയിലേക്കയച്ച തന്റെ ഏകജാതനായ യേശുവിലുള്ള വിശ്വാസമാണ് ഒരു പാപിയെ രക്ഷിക്കുകയും നീതീകരിക്കുകയും ചെയ്യുന്നത്. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16:31) എന്ന ദൈവവചനത്തിന്റെ അര്‍ത്ഥവും മേല്‍പറഞ്ഞതുതന്നെ. വിശ്വാസംവഴി രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവന്നവരോട് പൗലോസ്ശ്ലീഹാ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു, ”വിശ്വാസംവഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല” (എഫേസോസ് 2:8-9).

വിശ്വാസസ്ഥിരത രക്ഷയ്ക്ക് അനിവാര്യം

ഏതെങ്കിലും ഒരു നിമിഷനേരത്തേക്കുമാത്രം ദൈവത്തില്‍ വിശ്വസിക്കുകയും പിന്നീട് ആ വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യുന്നവന് നിത്യരക്ഷ സ്വന്തമാക്കാന്‍ കഴിയുകയില്ല. ആദ്യവിശ്വാസത്തെ അന്ത്യംവരെ മുറുകെ പിടിക്കുന്നവനാണ് നിത്യജീവനും നിത്യരക്ഷയും സ്വന്തമാക്കാന്‍ കഴിയുക. തിരുവചനം ഇപ്രകാരം നമ്മളോട് പറയുന്നു ”ജീവിക്കുന്ന ദൈവത്തില്‍നിന്നും നിങ്ങളാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയം മൂലം അകന്നുപോകാതിരിക്കുവിന്‍…. എന്തെന്നാല്‍ നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെ പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളൂ” (ഹെബ്രായര്‍ 3:12-14).

ജീവിതത്തില്‍ എല്ലാം സുഖകരമായി മുമ്പോട്ടു പോകുമ്പോള്‍ യേശുക്രിസ്തുവിലും അതുവഴി പിതാവായ ദൈവത്തിലും വിശ്വസിക്കുക വളരെ എളുപ്പമാണ്. എന്നാല്‍ താന്‍ പ്രാപിച്ച വിശ്വാസത്തെപ്രതി ഞെരുക്കങ്ങളും അഗ്നിശോധനകളും ഉണ്ടാകുമ്പോഴും ലോകമോഹങ്ങള്‍ നമ്മെ മാടി വിളിക്കുമ്പോഴും വിശ്വാസം ഉപേക്ഷിച്ച് താന്താങ്ങളുടെ വഴിക്ക് പോകുന്നവന് വിശ്വാസത്തിലൂടെയുള്ള നിത്യരക്ഷ സ്വന്തമാക്കാന്‍ കഴിയുകയില്ല. പൗലോസ് ശ്ലീഹാ ഹെബ്രായ സഭയോട് പറയുന്നത് കേള്‍ക്കുക ”എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്മാറുന്നെങ്കില്‍ എന്റെ ആത്മാവ് അവനില്‍ പ്രസാദിക്കുകയില്ല. പിന്മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം” (ഹെബ്രായര്‍ 10:38-39).

വിശ്വാസമന്ദത എന്ന വന്‍ ഭീഷണി

ഇന്ന് സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് സഭാമക്കളുടെ വിശ്വാസമന്ദതയും വിശ്വാസപരിത്യാഗവുമാണ്. ഇതിന് കാരണക്കാരനാകട്ടെ സാത്താനും. ആദിമാതാപിതാക്കന്മാരുടെ കാലം മുതലേ സാത്താനും അവന്റെ സേനകളുമാണ് വിശ്വാസജീവിതത്തിന്റെ ശത്രുക്കള്‍. ഇത് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയുന്നില്ല എന്നതിലാണ് ഏറ്റവും വലിയ വിശ്വാസപ്രതിസന്ധി നിലകൊള്ളുന്നത്. വിശ്വാസത്തിനെതിരെയുള്ള സാത്താന്റെ തീവ്രയജ്ഞപരിപാടികള്‍ സഭയുടെ തുടക്കം മുതല്‍ ഇന്നേവരെയുള്ള ചരിത്രത്തില്‍ പല ഘട്ടങ്ങളിലും പ്രതികൂലങ്ങള്‍ വിതച്ചിട്ടുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും.

യേശു ഈ ഭൂമിയില്‍ ശിഷ്യന്മാരോടൊപ്പം ആയിരുന്ന കാലഘട്ടത്തില്‍പോലും സാത്താന്‍ ശിഷ്യന്മാരെ വിശ്വാസത്തില്‍നിന്നും അകറ്റാന്‍ നന്നായി പരിശ്രമിച്ചുകൊണ്ടിരുന്നു. യേശു തന്റെ ശിഷ്യപ്രമുഖനായിരുന്ന ശെമയോന്‍ പത്രോസിനോട് പറഞ്ഞ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അവിടുന്ന് പറയുന്നു ”ശിമയോന്‍, ശിമയോന്‍, സാത്താന്‍ നിന്നെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം” (ലൂക്കാ 22:31-32). ഈ ശിമയോന്‍ പത്രോസിനെക്കുറിച്ചാണ് യേശു ഇപ്രകാരം പറഞ്ഞത് ”നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല” (മത്തായി 16:18) എന്ന്. അങ്ങനെയുള്ള ഉറച്ച വിശ്വാസത്തിനുടമയായ ശിമയോന്‍ പത്രോസിനുപോലും വിശ്വാസക്ഷയം സംഭവിക്കാതിരിക്കുവാനും പിടിച്ചുനില്ക്കുവാനും യേശുവിന്റെ മുന്നമേകൂട്ടിയുള്ള പ്രാര്‍ത്ഥന ആവശ്യമായി വന്നു.

അങ്ങനെയെങ്കില്‍ വിശ്വാസസ്ഥിരതക്കുവേണ്ടി അല്പവിശ്വാസികളായ നമ്മള്‍ എത്രയധികം പ്രാര്‍ത്ഥിക്കണം? സഭയുടെ മക്കള്‍ വിശ്വാസപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസസംരക്ഷണത്തിനുവേണ്ടി കരങ്ങള്‍ വിരിച്ച് നാമും പ്രാര്‍ത്ഥിക്കേണ്ടവരായിരുന്നില്ലേ? വിശ്വാസപ്രതിസന്ധികളുടെ പിന്നിലുള്ള സാത്താനെ പ്രാര്‍ത്ഥനയിലൂടെ ചെറുത്തു തോല്പിക്കുവാന്‍ നാമൊട്ടു പഠിച്ചതുമില്ല, പഠിപ്പിക്കേണ്ടവരെ പഠിപ്പിച്ചുമില്ല.

തിരുവചനങ്ങള്‍ പറയുന്നു ”പിശാചിനെ ചെറുത്തുനില്ക്കുവിന്‍. അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്നും ഓടി അകന്നുകൊള്ളും” (യാക്കോബ് 4:7). പക്ഷേ എങ്ങനെയാണ് വിശ്വാസത്തിന്റെ ശത്രുവായ സാത്താനോട് ചെറുത്തുനില്ക്കുന്നത്? അതിനും ഉത്തരം തിരുവചനംതന്നെ തരുന്നുണ്ട്. ”പ്രാര്‍ത്ഥനകൊണ്ടണ്ടല്ലാതെ അല്ലാതെ മറ്റൊന്നുകൊണ്ടണ്ടും വര്‍ഗം പുറത്തു പോവുകയില്ല” (മര്‍ക്കോസ് 9:29).

യേശുവിന്റെ വ്യക്തിജീവിതത്തില്‍

തന്റെ ശിഷ്യന്മാരുടെയും സഭയുടെയും വിശ്വാസം ക്ഷയിക്കാതിരിക്കുവാന്‍വേണ്ടി മാത്രമല്ല യേശു പ്രാര്‍ത്ഥിച്ചത്. തന്റെ തന്നെയും വിശ്വാസം സംരക്ഷിക്കപ്പെടുവാനും വിശ്വാസത്തിന്റെ അഗ്നിശോധനകളില്‍ തനിക്കുതന്നെ സ്ഥൈര്യം ലഭിക്കാനുംവേണ്ടിയാണ് തന്റെ ഈലോക ജീവിതകാലഘട്ടത്തില്‍ അനേകവട്ടം യേശു സ്വര്‍ഗസ്ഥനായ പിതാവിനോട് കരഞ്ഞു പ്രാര്‍ത്ഥിച്ചിരുന്നത്. തിരുവചനങ്ങള്‍ ഇതിന് സാക്ഷ്യം നല്കുന്നു. ”തന്റെ ഇഹലോകജീവിതകാലത്ത് ക്രിസ്തു മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളവന് കണ്ണുനീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു” (ഹെബ്രായര്‍ 5:7).

‘എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു’ എന്ന് കുരിശില്‍ കിടന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന യേശുവിനെ പീഡാനുഭവ ലിഖിതങ്ങളില്‍ നമുക്ക് കാണാനാകും. യേശുവിന്റെ കുരിശിലെ സഹനത്തിന്റെ ഏറ്റവും തീവ്രതയേറിയ ഘട്ടത്തില്‍ അതായത് ഒമ്പതാം മണിക്കൂറില്‍ പിതാവായ ദൈവത്തിന്റെ സ്‌നേഹിക്കുന്ന മുഖം യേശുവില്‍നിന്നും മറയ്ക്കപ്പെട്ടു. ലോകപാപങ്ങളുടെ മുഴുവന്‍ ശിക്ഷ പേറിക്കൊണ്ട് കുരിശിലായിരുന്ന ആ ഘട്ടത്തില്‍ ഒരു മഹാപാപിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ദൈവത്തിന്റെ മുഖം തന്നില്‍നിന്നും തീര്‍ത്തും മറയ്ക്കപ്പെടുക എന്നത്. അതു താങ്ങാന്‍ ആവുന്നതില്‍ അധികമായിരുന്നു യേശുവിന്. അതുകൊണ്ടാണ് അവിടുന്ന് എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് നിലവിളിക്കുനനത്.

യേശു തന്റെ പരസ്യജീവിതകാലത്തും പീഡാനുഭവവേളകളില്‍ ഉടനീളവും ദൈവത്തെ പിതാവേ എന്നാണ് സംബോധന ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ മാത്രം യേശു പിതാവായ ദൈവത്തെ ‘എന്റെ ദൈവമേ, എന്റെ ദൈവമേ’ എന്ന് വിളിച്ച് നിലവിളിക്കുന്നു. ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട നിസഹായനും നിരാശ്രയനുമായ ഒരു മനുഷ്യന്റെ ഏറ്റവും ദയനീയമായ വിലാപമാണ് ഇവിടെ നമുക്ക് കേള്‍ക്കാന്‍ കഴിയുക. എന്നാല്‍ ആ ദീനരോദനത്തിന് അപ്പോള്‍ത്തന്നെ ഫലമുണ്ടായി. അടുത്ത നിമിഷത്തില്‍ യേശുവിന്റെ വിശ്വാസപ്രതിസന്ധി മാറുന്നതായി നാം കാണുന്നു.

ഏതൊരു ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് യേശു വിലപിച്ചുവോ ആ ദൈവത്തിന്റെ കരങ്ങളിലേക്ക് ആ ദൈവത്തെ എന്റെ പിതാവേ എന്നുതന്നെ വിളിച്ചുകൊണ്ട് തന്റെ ആത്മാവിനെ അവിടുന്ന് സമര്‍പ്പിക്കുന്നു. അവിടുന്ന് നിലവിളിച്ച് പറഞ്ഞു ”പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” (ലൂക്കാ 23:46). ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ഈ വിശ്വാസവീരത്വം യേശുവിന് ലഭിച്ചത് കുരിശില്‍ കിടന്നുകൊണ്ടുള്ള എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു എന്നുള്ള കരഞ്ഞുള്ള പ്രാര്‍ത്ഥനയിലാണ്.

ഇന്നുമുതല്‍ കുടുംബപ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയിലും നമ്മള്‍ ചെലവഴിക്കുന്ന മറ്റു പ്രാര്‍ത്ഥനകളിലും നമ്മുടെ കുടുംബാംഗങ്ങളുടെ പ്രത്യേകിച്ചും തങ്ങളുടെ മക്കളുടെയും ജീവിതപങ്കാളികളുടെയും സഭാമക്കള്‍ ഏവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടുവാന്‍വേണ്ടി കൂടി നമുക്ക് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങാം. അപ്പോള്‍ ഗോതമ്പുപോലെ വിശ്വാസികളെ പാറ്റിക്കൊഴിക്കുവാന്‍ സാത്താന് കഴിയാതെ പോകും. അവന്‍ സഭയെ വിട്ട് ഓടിപ്പൊയ്‌ക്കൊള്ളും.


സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *