ഊഷ്മളമാക്കാം ബന്ധങ്ങള്‍

വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ബാല്യകാലം വളരെ ദുരിതപൂര്‍ണമായിരുന്നു. രണ്ടു വയസാകുന്നതിനുമുന്‍പേ പിതാവ് മരിച്ചു. പിന്നീട് വലിയ കഷ്ടപ്പാടിലാണ് ജോണ്‍ ബോസ്‌കോ (പിന്നീടാണ് ഡോണ്‍ ബോസ്‌കോ ആയത്)യുടെ കുടുംബം കഴിഞ്ഞുപോന്നത്. അതീവ ബുദ്ധിശാലിയും സൗമ്യനും ശാന്തനുമായിരുന്ന ജോണിനെ ദാരിദ്ര്യദുഃഖത്തെക്കാള്‍ ഏറെ സങ്കടപ്പെടുത്തിയിരുന്നത് പിതാവിന്റെ ആദ്യഭാര്യയിലുണ്ടായ സഹോദരന്‍ ആന്റണിയുടെ അസൂയയും അതില്‍നിന്നുളവായ ക്രൂരതയുമായിരുന്നു.

വിദ്യാവിഹീനനായിരുന്ന ആന്റണി, പഠനത്തില്‍ സമര്‍ത്ഥനായിരുന്ന ജോണിനെ പലവിധത്തില്‍ ദ്രോഹിച്ചുകൊണ്ടിരുന്നു. ജോണിന് പന്ത്രണ്ടു വയസായിരുന്ന സമയത്ത് ഒരിക്കല്‍ അവന്‍ സ്‌കൂളില്‍ പോകുന്നതിനെയും പുസ്തകം വായിക്കുന്നതിനെയും എതിര്‍ത്ത പതിനെട്ടുകാരന്‍ ആന്റണി അവനെ പൊതിരെ തല്ലി. ജോണിന് നിസഹായനായി കരയുവാനേ കഴിഞ്ഞുള്ളൂ. അസൂയ മൂത്ത ആന്റണി ജോണിനെ അപായപ്പെടുത്തിയേക്കുമോയെന്ന് ഭയന്ന്, അമ്മ മാര്‍ഗരറ്റ് നിവൃത്തിയില്ലാതെ കണ്ണുനീരോടെ ജോണിനെ വീട്ടില്‍നിന്നകറ്റി അകലെയുള്ള മോളിയ എന്ന കൃഷിക്കാരന്റെ ഫാമില്‍ ജോലിക്കയച്ചു. അങ്ങനെ 1827 ഫെബ്രുവരി മുതല്‍ 1829 നവംബര്‍ വരെ മൂന്നു വര്‍ഷക്കാലം പഠിക്കാന്‍പോലും കഴിയാതെ കോമോണ്‍ ഫെറാറ്റോ കുന്നിന്റെ താഴ്‌വരയില്‍ പശുക്കളെ മേയ്ക്കുന്ന ജോലി ചെയ്ത് ജോണ്‍ ജീവിച്ചു.

യാക്കോബ് ശ്ലീഹാ മുന്നറിയിപ്പ് നല്കുന്നു: ”എവിടെ അസൂയയും സ്വാര്‍ത്ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌ക്കര്‍മങ്ങളും ഉണ്ട്” (യാക്കോബ് 3:16). ആദാമിന്റെ മക്കളുടെ കാലംമുതല്‍ ഇന്നുവരെ വ്യാപകമായി കണ്ടുവരുന്ന ഒരു മഹാതിന്മയാണ് അസൂയ. ഏതെങ്കിലും തരത്തില്‍ നമ്മെക്കാള്‍ ഉയരുന്നവരോട് തോന്നുന്ന നീരസം അഥവാ വെറുപ്പാണ് അസൂയ. സമൂഹത്തിലും സഹോദരങ്ങള്‍ക്കിടയിലും ആത്മീയമേഖലയിലും ശുശ്രൂഷാരംഗങ്ങളിലുമെല്ലാം അസൂയക്കാര്‍ നിരവധിയാണ്. പ്രഭാഷകന്‍ അറിയിക്കുന്നു:

”അസൂയാലുവിന്റെ കണ്ണ് കുടിലമാണ്. അവന്‍ മറ്റുള്ളവരെ അവഗണിച്ച് മുഖം തിരിച്ച് കളയുന്നു” (പ്രഭാഷകന്‍ 14:8). അപവാദങ്ങള്‍ പറഞ്ഞു പരത്തുവാനും മാനഹാനി ഉണ്ടാക്കുവാനും കലഹം ഇളക്കി വിടുവാനും മടിക്കാത്ത ഇക്കൂട്ടര്‍ വ്യക്തികള്‍ക്കിടയില്‍ ഭിന്നതകള്‍ സൃഷ്ടിക്കുകയും ചെയ്യും. സഭാപിതാവായ വിശുദ്ധ ഹെസിക്കിയോസ് എഴുതിയിരിക്കുന്നു: ”സര്‍പ്പത്തിന്റെ വിഷത്തെക്കാള്‍ മാരകമായ മറ്റൊരു വിഷവുമില്ല എന്നതുപോലെ സ്വാര്‍ത്ഥസ്‌നേഹത്തെക്കാള്‍ അപകടകരമായി മറ്റൊരു ദൂഷ്യവുമില്ല. അവനവനോടുള്ള സ്‌നേഹത്തിന്റെ സന്തതിയാണ് അസൂയ” (ഫിലോകാലിയ).

ഓര്‍ക്കേണ്ടത്

യാക്കോബ്ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു: ”ഉത്തമവും പൂര്‍ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു” (യാക്കോബ് 1:17). നമുക്ക് ലഭിച്ചിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം പിതാവായ ദൈവമാണ്. മഹാസമ്പന്നനും അനന്ത ജ്ഞാനിയുമായ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന വരദാനങ്ങള്‍ നമ്മിലേക്ക് ചൊരിയുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. ദൈവഹിതമനുസരിച്ച് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന പരിശുദ്ധാത്മാവ്, തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്കുന്നു (1 കോറിന്തോസ് 12:11). ഓരോരുത്തര്‍ക്കും ലഭിക്കുന്നത് നന്ദിപൂര്‍വം സ്വീകരിക്കുവാനല്ലാതെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ ലഭിച്ചതില്‍ പരാതിപ്പെടുവാനോ അവരോട് നീരസം പ്രകടിപ്പിക്കുവാനോ ആര്‍ക്കും യാതൊരവകാശവുമില്ല.

അനുഗ്രഹങ്ങള്‍ കൂടുതല്‍ ലഭിച്ച വ്യക്തിയെ വെറുക്കുകയും അവര്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ദൈവികസ്വാതന്ത്ര്യത്തിനും ദൈവേഷ്ടത്തിനുമെതിരായി നാം പോരാടുകയാണ് ചെയ്യുന്നത്. അപ്രകാരമുള്ള പ്രവൃത്തികള്‍ ആത്മാവിനെ വേദനിപ്പിക്കുന്നു. ആത്മാവിനെതിരായ ദൂഷണങ്ങള്‍ ക്ഷമിക്കപ്പെടുകയില്ലെന്ന് തിരുവചനം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അസൂയ പരിശുദ്ധാത്മാവിനെതിരായ പാപമാകുന്നു. അസൂയാലുവിനെ നയിക്കുന്നത് സാത്താനാണ്. താലന്തുകള്‍ സ്വീകരിക്കുവാനുള്ള വ്യക്തികളുടെ യോഗ്യതയും ശേഷിയും അനുസരിച്ച് ലഭിച്ച താലന്തുകളില്‍ വൈവിധ്യവും ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം. എന്നാല്‍ എല്ലാ അനുഗ്രഹങ്ങളും ലഭിച്ചവരായിട്ടോ ഒന്നും കിട്ടാത്തവരായിട്ടോ ആരുമില്ല. അവനവന് ലഭിച്ചിരിക്കുന്ന കൃപകളെയും അനുഗ്രഹങ്ങളെയും നന്മകളെയും സ്വയം കണ്ടെത്തുവാനാണ് നാം ആദ്യമായി ശ്രമിക്കേണ്ടത്. സ്വന്തം ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ശക്തി എല്ലാവരിലും കുടികൊള്ളുന്നുണ്ട്.

മോചനം നേടാം

യേശുനാഥന്‍ പഠിപ്പിച്ചു: പരിശുദ്ധാരൂപി വന്നു കഴിയുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയുംകുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും (യോഹന്നാന്‍ 16:8). ഒന്നാമതായി ഈ തിന്മയില്‍നിന്ന് മോചനം നേടുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കണം. സ്‌നേഹത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവതൃക്കരങ്ങളില്‍ നമ്മെ പൂര്‍ണമായി സമര്‍പ്പിക്കണം. ഏതു പാപിയെയും വിശുദ്ധനാക്കാന്‍ കഴിയുന്ന അവിടുന്ന് നമ്മോട് കരുണ കാണിക്കാതിരിക്കുകയില്ല.

ഒരമ്മ സ്വന്തം മക്കളുടെ ഉത്ക്കര്‍ഷത്തില്‍ അസൂയപ്പെടുകയില്ലെന്നു മാത്രമല്ല, അളവറ്റ് സന്തോഷിക്കുകയും ചെയ്യും. സ്‌നേഹത്തിലധിഷ്ഠിതമായ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും സ്‌നേഹമാര്‍ഗം പരിശീലിച്ചാല്‍ ഹൃദയത്തില്‍ സ്‌നേഹമുണ്ടാകും. ”സ്‌നേഹം അസൂയപ്പെടുന്നില്ല” (1 കോറിന്തോസ് 13:4). യാക്കോബ്ശ്ലീഹാ ഉപദേശിക്കുന്നു: ”നിങ്ങള്‍ക്ക് കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ത്ഥമോഹവും ഉണ്ടാകുമ്പോള്‍, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിന് വിരുദ്ധമായി വ്യാജം പറയുകയോ അരുത്” (യാക്കോബ് 3:14).

കുയില്‍ മനോഹരമായി പാടും, സ്വരമാധുരി അവര്‍ണനീയം. പക്ഷേ കാണാന്‍ ചന്തം തീരെ കുറവ്. മയിലിനാണെങ്കില്‍ ഏഴഴക്. പക്ഷേ ശബ്ദം കര്‍ണകഠോരം. റോസാപ്പൂ എത്ര മനോഹരം. പക്ഷേ ചെടിയില്‍ നിറയെ മുള്ളുകള്‍. ആന്തൂറിയംപൂവിന് ആയുസ് കൂടുതലുണ്ട്. കാഴ്ചയ്ക്ക് നല്ല ഭംഗിയുമുണ്ട്. പക്ഷേ വാസന ഒട്ടുമില്ല. മുല്ലപ്പൂവിനാണെങ്കില്‍ നല്ല വാസന. പക്ഷേ ആയുസ് വളരെ കുറവ്. ചന്ദനമരം ചുറ്റുവട്ടത്തെ സുഗന്ധപൂരിതമാക്കും. പക്ഷേ ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍ നല്കുന്നില്ല.

ലോകത്തില്‍ പൂര്‍ണതയുള്ളതായി ഒന്നുമില്ല. മനുഷ്യന്റെ അവസ്ഥയും ഭിന്നമല്ല. ആരും പൂര്‍ണരല്ല. എന്നാല്‍ എല്ലാവരിലും ഈശ്വരാംശം കുടികൊള്ളുന്നതിനാല്‍ നന്മയുടെ അംശം എല്ലാവരിലുമുണ്ട്. കുപ്പയില്‍നിന്ന് മാണിക്യത്തെ കണ്ടെത്തുന്നതുപോലെ അല്ലെങ്കില്‍ ആഴക്കടലില്‍നിന്ന് മുത്തിനെ കണ്ടെത്തുന്നതുപോലെ ഏതു ദുഷ്ടനില്‍നിന്നും നന്മയെ കണ്ടെത്തി അവരെ ഉള്‍ക്കൊള്ളുവാനും അംഗീകരിക്കുവാനുമുള്ള മനസും മനോഭാവവും സ്വായത്തമാക്കുവാന്‍ ശ്രമിച്ചാല്‍ അസൂയ താനേ വിട്ടുപോകും. പിന്നെയുള്ള ജീവിതം ആനന്ദകരമായ അനുഭവമായിരിക്കും. ബന്ധങ്ങള്‍ ഊഷ്മളമാകും.

ആകയാല്‍ ജീവിതാന്ത്യം ഓര്‍ത്ത് പരസ്‌നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ് അസൂയയുടെ അന്ധകാരത്തെ നിര്‍മാര്‍ജനം ചെയ്ത് സ്വര്‍ഗോന്മുഖമായി ജീവിക്കാം. സങ്കീര്‍ത്തകനെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം: ”ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!” (സങ്കീര്‍ത്തനങ്ങള്‍ 51:10) ആമ്മേന്‍.


റോസമ്മ നടുത്തൊട്ടിയില്‍

Leave a Reply

Your email address will not be published. Required fields are marked *