കരുണക്കൊന്തയുടെ മറുവശം

സമയം മൂന്നുമണിയായി. ഞാന്‍ വേഗം കൊന്തയെടുത്ത് കരുണയുടെ ജപമാല ചൊല്ലുവാന്‍ തുടങ്ങി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഈശോ എന്റെ അടുത്തുവന്ന് ചോദിച്ചു, നീ എന്തെടുക്കുകയാ? ഞാന്‍ പറഞ്ഞു, ഞാന്‍ കരുണക്കൊന്ത ചൊല്ലുകയാ. എന്തിനാ നീ കരുണക്കൊന്ത ചൊല്ലുന്നത്? ദൈവത്തിന്റെ കരുണ ലഭിക്കാന്‍. ദൈവത്തിന്റെ കരുണ ലഭിക്കാന്‍ കരുണക്കൊന്ത ചൊല്ലുന്നത് നല്ലതാണ്. പക്ഷേ, ദൈവത്തില്‍നിന്ന് ലഭിച്ച കരുണ പിന്‍വലിക്കപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളണം എന്നു പറഞ്ഞുകൊണ്ട് ബൈബിള്‍ എടുത്ത് മത്തായി 18:23-35 വായിക്കാന്‍ ആവശ്യപ്പെട്ടു.

അത് ഇതാണ്: സ്വര്‍ഗരാജ്യം തന്റെ സേവകന്മാരുടെ കണക്കുതീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിന് സദൃശം. കണക്ക് തീര്‍ക്കാനാരംഭിച്ചപ്പോള്‍ പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അത് വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളെയും വിറ്റ് കടം വീട്ടാന്‍ യജമാനന്‍ കല്പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു, പ്രഭോ എന്നോട് ക്ഷമിക്കണമേ. ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനന്‍ മനസലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചു കൊടുക്കുകയും ചെയ്തു.

അവന്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നൂറു ദനാറ നല്കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ച് ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു, എനിക്ക് തരാനുള്ളത് തന്നു തീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ വീണപേക്ഷിച്ചു, എന്നോട് ക്ഷമിക്കണമേ. ഞാന്‍ തന്നുവീട്ടിക്കൊള്ളാം. എന്നാല്‍ അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ കാരാഗൃഹത്തിലിട്ടു. സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്മാര്‍ വളരെ സങ്കടപ്പെട്ടു.

അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു, ദുഷ്ടനായ സേവകാ, നീ എന്നോട് കേണപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്പിച്ചുകൊടുത്തു. ഇത്രയും വായിച്ച് ബൈബിള്‍ മടക്കിവച്ച് ഞാന്‍ യേശുവിന്റെ മുഖത്തേക്ക് നോക്കി. ”നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” (ലൂക്കാ 6:36) എന്ന് പറഞ്ഞുകൊണ്ട് യേശു അപ്രത്യക്ഷനായി.

നമുക്ക് ദൈവത്തില്‍നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എല്ലാംതന്നെ നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു അല്ലെങ്കില്‍ മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവം എന്ത് എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. എന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടണമെങ്കില്‍ ഞാന്‍ മറ്റുള്ളവരുടെ പാപങ്ങള്‍ ക്ഷമിക്കണം. ”തന്നെപ്പോലുള്ളവനോട് കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ?” (പ്രഭാഷകന്‍ 28:4). ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും.

വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്, നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല (ലൂക്കാ 6:37). മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോട് പെരുമാറുവിന്‍ – ലൂക്കാ 6:31. തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം അവിടുന്ന് നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. (ലൂക്കാ 6:35).

പ്രാര്‍ത്ഥന

ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെ ഓര്‍ത്ത് പരിശുദ്ധാത്മാവേ, പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ തന്നെ ഞങ്ങളെയും കരുണയുള്ളവരാക്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *