ഒരു ദിവസം രാവിലെ സ്‌കൂളിലേക്ക് ചെന്നപ്പോള്‍ അറിഞ്ഞു, നഴ്‌സറി ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് അപകടത്തില്‍പെട്ട് മരിച്ചുവെന്ന്. വളരെ ദുഃഖം തോന്നി. ആ കുട്ടിയുടെ വീട്ടില്‍പോയി പ്രാര്‍ത്ഥിച്ചുവരാമെന്ന് വിചാരിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നവരായതിനാല്‍ എല്ലാവരും സ്വന്തം ഗ്രാമത്തിലേക്ക് മൃതസംസ്‌കാരത്തിനായി പോയിരിക്കുകയാണെന്ന് അറിഞ്ഞു.
രണ്ടാഴ്ചകള്‍ക്കുശേഷം നിറകണ്ണുകളോടെ രണ്ട് യുവതികള്‍ ഓഫീസിലേക്ക് കടന്നുവന്നു. പിതാവ് മരിച്ച കുട്ടിയുടെ അമ്മയും സഹോദരിയുമായിരുന്നു അവര്‍. കണ്ണുനീരോടെ യുവതിയായ അമ്മ പറഞ്ഞു, മരിച്ചുപോയ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ മകനെ പത്താം ക്ലാസുവരെ ഈ സ്‌കൂളില്‍ പഠിപ്പിക്കണമെന്നും അതിനുശേഷം ഉന്നതവിദ്യാഭ്യാസം നല്കണമെന്നും. അതിനുവേണ്ടിയാണ് വാടകയ്ക്ക് മുറിയെടുത്ത് സ്വന്തം ഗ്രാമത്തില്‍നിന്നും ഈ സ്ഥലത്തേക്ക് വന്നത്. എന്റെ ഭാഗത്തുനിന്ന് അവര്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്ത്രീയുടെ ജോലിയുടെ കാര്യത്തിലും സഹായിക്കാമെന്നേറ്റു.
എന്നാല്‍ അവര്‍ പറഞ്ഞു, യുവതിയായ അവര്‍ക്ക് തനിച്ച് രണ്ട് കുട്ടികളുമായി ജീവിക്കുവാന്‍ സാധ്യമല്ല. ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങളില്ല, നല്ല സ്‌കൂള്‍ ഇല്ല. എന്നാല്‍ സ്വന്തം വീടിനടുത്ത് നല്ല സ്‌കൂള്‍ ഉണ്ട്. പക്ഷേ രോഗിയായ മാതാപിതാക്കളും വിവാഹം കഴിക്കാത്ത രണ്ട് സഹോദരിമാരുമുള്ള വീട്ടിലേക്ക് ചെന്നാല്‍ അവര്‍ക്കത് വലിയ ഭാരമാകും. എന്നാല്‍ മാതാപിതാക്കള്‍ അവരോടൊപ്പം താമസിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ കണ്ണീരൊഴുക്കി നില്ക്കുന്ന ആ മകളുടെ മുന്നില്‍ ഒരു നിമിഷം ഞാന്‍ പതറി. പരിശുദ്ധാത്മാവേ, എന്നെ സഹായിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
പെട്ടെന്ന് ഒരു പ്രകാശരശ്മി മനസിലൂടെ കടന്നുപോയി. ഞാന്‍ പറഞ്ഞു, ”ദൈവം എല്ലാ വാതിലുകളും ഒരുമിച്ച് അടക്കുന്നില്ല. ഒരു വാതില്‍ അവിടുന്ന് അടക്കുമ്പോള്‍ മറ്റൊരു വാതില്‍ നമുക്കായി അവിടുന്ന് തുറക്കുന്നു.” യാതൊരു വിശ്വാസവും ഇല്ലാതെ ആ സഹോദരി എന്നെ നോക്കി. ഞാന്‍ വീണ്ടും പറഞ്ഞു, ”നമ്മുടെ ശക്തിക്ക് അതീതമായി അവിടുന്ന് സഹനങ്ങള്‍ തരില്ല. സഹനസമയത്ത് അത് സഹിക്കുവാനുള്ള ശക്തിയും അവിടുന്ന് തരുന്നു.”
അതിനുശേഷം ദൈവം അവള്‍ക്കായി തുറന്ന ഏതാനും വാതിലുകളെക്കുറിച്ച് ഞാന്‍ പറഞ്ഞു. സ്വന്തം മാതാപിതാക്കള്‍ തുറന്ന മനസോടെ അവരെ സ്വീകരിക്കുവാന്‍ തയാറായത് ദൈവം തുറന്ന ഒരു വാതിലാണ്. വിവാഹശേഷം വളരെ കരുതലോടെ ഭര്‍ത്താവ് അവരെ ബി.എഡ് പഠിപ്പിച്ചത് ദൈവം തുറന്നിട്ടിരിക്കുന്ന മറ്റൊരു വാതിലാണ്. ഇനിയും സാവധാനം ഈ ദിവസങ്ങളില്‍ ദൈവം തുറക്കുന്ന വേറെ വാതിലുകള്‍ നിങ്ങള്‍ കാണും, ഉറച്ച വിശ്വാസത്തോടെ ഞാന്‍ അവരോട് പറഞ്ഞു. അതോടൊപ്പം എന്റെയും സമൂഹാംഗങ്ങളുടെയും പ്രാര്‍ത്ഥനയും അവര്‍ക്ക് വാഗ്ദാനം ചെയ്തു. നിറകണ്ണുകളോടെ അവര്‍ തിരികെ പോയി.
ഏകദേശം ഒരാഴ്ചയ്ക്കുശേഷം നിറപുഞ്ചിരിയോടെ ഹൈന്ദവയായ ആ യുവതി തന്റെ മകനുമൊത്ത് എന്നെ കാണാന്‍ വന്നു. അവള്‍ പറഞ്ഞു, സിസ്റ്റര്‍ പറഞ്ഞത് വളരെ ശരിയാണ്. ”ദൈവം ഒരു വാതില്‍ അടയ്ക്കുമ്പോള്‍ വേറെ വാതിലുകള്‍ തുറക്കുന്നുവെന്ന് എനിക്ക് അനുഭവവേദ്യമായി.” വളരെ സന്തോഷത്തോടെ ആ സഹോദരി തുടര്‍ന്നു, വീടിനടുത്ത് ഒരു നല്ല സ്‌കൂളില്‍ മക്കള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു. ആ സ്‌കൂളില്‍തന്നെ ഒരു ടീച്ചിംഗ് എക്‌സ്പീരിയന്‍സും ഇല്ലാത്ത അവര്‍ക്ക് പഠിപ്പിക്കുവാന്‍ അവസരം ലഭിച്ചു. ആ സ്‌കൂളിലെ പ്രധാനാധ്യാപിക സ്വന്തം മകളെപ്പോലെ അവരെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. അവളുടെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചു. അവളുടെ കണ്ണുകളില്‍ ദൈവത്തിന്റെ പദ്ധതികളോടുള്ള വിധേയത്വത്തിന്റെ സമാധാനവും സന്തോഷവും തിളങ്ങുന്നത് കണ്ടു.
ജീവിതത്തിലെ അനിശ്ചിത സാഹചര്യങ്ങളിലൂടെയും അതികഠിനമായ സഹനങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ദൈവം നമുക്കായി തുറക്കുന്ന വാതിലുകള്‍ ഉള്‍ക്കണ്ണുകളിലൂടെ ദര്‍ശിക്കാം, കാര്‍മേഘങ്ങള്‍ക്കിടയിലെ വെള്ളിരേഖകള്‍പോലെ. സൂസന്ന തന്റെ ജീവിതത്തിലെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ട അവസ്ഥയില്‍ (ദാനിയേല്‍ 13:42-49) ദൈവത്തോട് നിലവിളിച്ചപ്പോള്‍ ദാനിയേല്‍ എന്ന ബാലനിലൂടെ ദൈവം അവള്‍ക്കായി ഒരു വാതില്‍ തുറന്നു.
38 വര്‍ഷം ബേത്‌സഥാ കുളത്തിനരികെ എല്ലാ വാതിലുകളും അടഞ്ഞ് തളര്‍വാതം ബാധിച്ച് കിടന്നവന്റെ മുമ്പില്‍ സൗഖ്യത്തിന്റെ നാഥന്‍ വാതില്‍ തുറന്നു (യോഹന്നാന്‍ 5:1-15). പൗലോസും സീലാസും അര്‍ദ്ധരാത്രിയില്‍ കീര്‍ത്തനം പാടി തടവറയില്‍ ദൈവത്തെ സ്തുതിച്ചപ്പോള്‍ ബന്ധിച്ചിരുന്ന എല്ലാ വാതിലുകളും തുറക്കപ്പെട്ടു (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16:25-34). ജീവിതത്തില്‍ വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നുവെന്നു തോന്നുന്ന നിമിഷങ്ങളില്‍ വചനത്തിലൂടെയും വിവിധ അനുഭവങ്ങളിലൂടെയും വാതില്‍ തുറക്കുന്നവന്റെ മുമ്പില്‍ താഴ്ന്ന മനോഭാവത്തോടെയായിരിക്കാം. അവന്‍ പറയുന്നു: ”ഞാനാണ് ആടുകളുടെ വാതില്‍” (യോഹന്നാന്‍ 10:7).
സിസ്റ്റര്‍ ലീന സി.എം.സി