എമിയുടെ പേടി മാറിയതെങ്ങനെ?

എല്ലാവരും ശ്വാസം പിടിച്ചിരിക്കുകയാണ്. ഗൗരി ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരം കിട്ടിയില്ലെങ്കില്‍ വഴക്കും ഇംപോസിഷനും ഉറപ്പ്. എമി കണ്ണടച്ചിരിക്കുകയാണ്. തന്റെ ഊഴമെത്തും മുന്‍പ് ടീച്ചറിന് ചോദ്യം ചോദിക്കല്‍ നിര്‍ത്താന്‍ തോന്നണേ എന്നാണവളുടെ പ്രാര്‍ത്ഥന. പെട്ടെന്ന് ടീച്ചറിന്റെ സ്വരം അവളുടെ കാതില്‍ മുഴങ്ങി, എമി മാര്‍ട്ടിന്‍!

എമി പതിയ എഴുന്നേറ്റു നിന്നു, അവള്‍ക്ക് ഉത്തരം അറിയാം. പക്ഷേ പേടി കാരണം പറയാന്‍ പറ്റുന്നില്ല. അവളുടെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നോണം ടീച്ചര്‍ വഴക്കൊന്നും പറഞ്ഞില്ല. പത്തു പ്രാവശ്യം ഉത്തരം ഇംപോസിഷനായി എഴുതണം എന്നു പറഞ്ഞ് ഇരുത്തി. എമിക്ക് അപ്പോഴും സങ്കടമാണ് തോന്നിയത്, പേടി കാരണം പലപ്പോഴും ഉത്തരം പറയാന്‍ കഴിയുന്നില്ലല്ലോ. എമിയുടെ മുഖഭാവം ഗൗരിടീച്ചര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം അവളറിഞ്ഞില്ല.

അന്നുച്ചയ്ക്ക് ഊണുകഴിഞ്ഞ് കളികളിലായിരുന്ന എമിയ്ക്കടുത്തേക്ക് ഗൗരി ടീച്ചര്‍ ചെന്നു. പതുക്കെ അവളെ ചേര്‍ത്തു നിര്‍ത്തി. എമിക്ക് അപ്പോഴും ഭയമാണെന്നു മനസ്സിലാക്കിയ ടീച്ചര്‍ പറഞ്ഞു, ”പേടിക്കേണ്ട എമീ, ടീച്ചര്‍ ഒരു കാര്യം പറഞ്ഞുതരാന്‍ വന്നതാ”
”എന്താ ടീച്ചര്‍?”
”മോള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ?”
”ഉവ്വ്, ഈശോയോട് ഞാനെന്നും പ്രാര്‍ത്ഥിക്കും”
”എപ്പോഴെങ്കിലും പേടി മാറ്റിത്തരാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ?”
”ഇല്ല”

”എങ്കില്‍ ഇനിമുതല്‍ അതുംകൂടി പ്രാര്‍ത്ഥിക്കണം കേട്ടോ. അപ്പോള്‍ പേടി മാറി മോള്‍ മിടുക്കിയാകും.”
ടീച്ചറുടെ വാക്കുകള്‍ കേട്ടപ്പോള്‍ എമിക്ക് ധൈര്യമായി. ഈശോയോട് പ്രാര്‍ത്ഥിച്ചാല്‍ എല്ലാം ശരിയാകും എന്നവള്‍ക്കും തോന്നി. പേടി മാറണമെന്നുകൂടി തന്റെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ചേര്‍ത്തുവച്ചതോടെ എമി കൂടുതല്‍ മിടുക്കിയായിക്കൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തു ചോദ്യം ചോദിച്ചാലും ധൈര്യത്തോടെ എഴുന്നേറ്റുനിന്ന് ഉത്തരം പറയുന്ന കുട്ടിയായി എമി മാറി.

അങ്ങനെയിരിക്കേ ഒരു ദിവസം ഗൗരിടീച്ചര്‍ പതിവുപോലെ ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. തലേന്ന് പഠിപ്പിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍തന്നെയാണ്. പക്ഷേ തന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ എത്ര ആലോച്ചിട്ടും എമിക്ക് കഴിഞ്ഞില്ല. എങ്കിലും പരിഭ്രമമില്ലാതെ അവള്‍ പറഞ്ഞു: ”സോറി ടീച്ചര്‍, എനിക്കുത്തരം അറിഞ്ഞുകൂടാ” ഗൗരി ടീച്ചര്‍ ഒന്നു ചിരിച്ചിട്ട് എല്ലാവരോടുമായി പറഞ്ഞു, ”കണ്ടോ, ഇപ്പോള്‍ ചോദിച്ചത് വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമായിരുന്നു.

എന്നാല്‍ പേടിക്കാതെ എഴുന്നേറ്റുനിന്ന് തനിക്ക് ഉത്തരം അറിയില്ലെന്നു പറഞ്ഞ എമിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇങ്ങനെയാണ് എല്ലാവരും ചെയ്യേണ്ടത്. പഠിക്കേണ്ടതെല്ലാം പഠിക്കുക, പിന്നീടുള്ള കാര്യങ്ങള്‍ ധൈര്യത്തോടെ നേരിടുക. ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളുമെല്ലാം പറഞ്ഞ് പ്രാര്‍ത്ഥിക്കാനും മറക്കരുത്. എങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും.”

അന്നത്തെ ക്ലാസ് എല്ലാവര്‍ക്കും വളരെ സന്തോഷം നല്കി. പിറ്റേന്ന് അവരെല്ലാവരുംകൂടി ഒരു തീരുമാനമെടുത്തു. വരുന്ന ‘ടീച്ചേഴ്‌സ് ഡേ’യ്ക്ക് ഗൗരിടീച്ചറിനും മറ്റ് ടീച്ചേഴ്‌സിനുമെല്ലാം കുഞ്ഞുസമ്മാനങ്ങള്‍ കൊടുക്കണം.
”അതുമാത്രം പോരാ, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം” എമിയുടെ നിര്‍ദ്ദേശവും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ചെയ്യാമെന്നു തീരുമാനിച്ച് അവര്‍ സന്തോഷത്തോടെ ടീച്ചേഴ്‌സ് ഡേയ്ക്കായി കാത്തിരിപ്പ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *