വിശ്വാസതലത്തിലേക്ക് ഉയരുക

”അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” (യോഹന്നാന്‍ 2:5).
യേശുവിന്റെ പരസ്യജീവിതകാലത്ത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയുണ്ട് എന്ന് ഏറ്റവും ഉറച്ച് വിശ്വസിച്ച സ്ത്രീയായിരുന്നു പരിശുദ്ധ അമ്മ. അതിനാലാണ് അമ്മ തന്റെ പക്കല്‍ യാചിച്ചവരോട് യേശു പറയുന്നത് ചെയ്യാന്‍ കല്പിക്കുന്നത്. കാനായിലെ കല്യാണവീട്ടില്‍ യേശു ചെയ്ത അത്ഭുതത്തെ പരിശുദ്ധ അമ്മയ്ക്കായി ചെയ്ത അത്ഭുതമെന്ന് വിശേഷിപ്പിക്കാം. ഇന്നും അമ്മയ്ക്കുവേണ്ടി, അമ്മയുടെ മക്കള്‍ക്കുവേണ്ടി, യേശു അത്ഭുതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന വചനം നമ്മെ ബുദ്ധിയുടെ തലത്തില്‍നിന്നും വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ്. ആറ് കല്‍ഭരണികളിലെ വെള്ളം എത്ര വര്‍ഷം കാത്തിരുന്നാലും വീഞ്ഞാവുകയില്ല എന്നത് ബുദ്ധിയുടെ തലമാണ്. എന്നാല്‍ ദൈവത്തിന്റെ വചനത്തിന് പച്ചവെള്ളത്തെ വീഞ്ഞാക്കാനുള്ള ശക്തിയുണ്ട് എന്ന വിശ്വാസം അത്ഭുതത്തിലേക്ക് നയിക്കുന്നു. വെള്ളം കോരിയ പരിചാരകര്‍ തങ്ങളുടെ ബുദ്ധിയില്‍ ആശ്രയിക്കാതെ ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് കല്‍ഭരണികളില്‍ വക്കോളം വെള്ളം നിറച്ചത്. ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്നത് ഇത്തരത്തില്‍ വിശ്വാസത്തിന്റെ തലത്തിലേക്കുള്ള വളര്‍ച്ചയാണ്. ”കര്‍ത്താവില്‍ പൂര്‍ണ ഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്” (സുഭാഷിതങ്ങള്‍ 3:5).

പരിശുദ്ധ അമ്മ ദൈവവചനത്തില്‍ നൂറുശതമാനം വിശ്വാസം അര്‍പ്പിച്ചിരുന്നു. ”ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1:37-38). ഇപ്രകാരം ദൈവവചനത്തെ കണ്ണുംപൂട്ടി വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ നിരവധി ദൈവിക ഇടപെടലുകള്‍ കാണാന്‍ കഴിയും.

എല്ലാ അത്ഭുതങ്ങളിലും യേശു മാനദണ്ഡമായി പരിശോധിക്കുന്നത് വിശ്വാസമാണ് എന്നതും ശ്രദ്ധിക്കണം. ”അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു” (മര്‍ക്കോസ് 5:28). ഈ വിശ്വാസമാണ് രകതസ്രാവക്കാരിക്ക് സൗഖ്യത്തിന് കാരണമായത്. ദൈവവചനത്തില്‍ ആഴമായി വിശ്വാസമര്‍പ്പിച്ച പരിശുദ്ധ അമ്മ മക്കളായ നമ്മെയും വിശ്വാസത്തിന്റെ ആഴത്തിലേക്ക് നയിക്കുന്നു. ”കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1:45) എന്ന് എലിസബത്ത് മറിയത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ.

ഈശോയെ ആദ്യമായി സ്വീകരിച്ചത് പരിശുദ്ധ അമ്മയാണ്. അതുകൊണ്ട് ദൈവം നമ്മളോട് കല്പിക്കുന്നതെന്തെന്ന് തിരിച്ചറിയാന്‍ നമുക്ക് പരിശുദ്ധ അമ്മയുടെ അടുത്തേക്ക് ചെല്ലാം. അമ്മയോട് ചോദിച്ചാല്‍ അമ്മയുടെ ഉദരത്തിന്റെ ഫലത്തെ നല്കാതിരിക്കുകയില്ല. പരിശുദ്ധ അമ്മയെ ഒഴിവാക്കി ഈശോയെ സ്വന്തമാക്കാനാവില്ല എന്നതാണ് പ്രത്യേകത. യേശുവിന്റെ ജനനത്തിലും മുപ്പത് വര്‍ഷത്തെ പരസ്യജീവിതത്തിലും ആദ്യത്തെ അത്ഭുതത്തിലും കുരിശിലെ വലിയ അത്ഭുതത്തിലും നിറഞ്ഞുനിന്ന പരിശുദ്ധ അമ്മയെ മാറ്റിനിര്‍ത്തി ക്രൈസ്തവ ജീവിതമില്ല.

ജീവിതകാലത്തും മരണത്തിനുശേഷവും പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നമുക്ക് നടക്കാം. പരിശുദ്ധ രാജ്ഞീ എന്ന പ്രാര്‍ത്ഥനയില്‍ നാം ചൊല്ലാറുണ്ട് ”ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ” എന്ന്. നിത്യം ജപമാല ചൊല്ലുന്നവര്‍ക്ക് പരിശുദ്ധ അമ്മ നല്കുന്ന വാഗ്ദാനവും ഇതാണ്. അമ്മ നിര്‍ദേശിച്ചതു പോലെ, ഈശോ പറയുന്നതനുസരിച്ച് നമുക്കും ജീവിക്കാം.


ഫാ. ജോര്‍ജ് കുടുന്തയില്‍ ഒ. എസ്.എച്ച്

കാസര്‍ഗോഡ് കള്ളാര്‍ തിരുഹൃദയ
ധ്യാനാശ്രമത്തിന്റെ അസിസ്റ്റന്റ്
ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *