”നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ച് കളയരുത്. അതിന് വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു” (ഹെബ്രായര്‍ 10:35). ഒരു വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന സവിശേഷമായ ദാനമാണ് ആത്മധൈര്യം. ഒരുവനെ മൂടിക്കളയുവാന്‍ പോരുന്ന വിനാശത്തിന്റെ ജലപ്രളയത്തിന് മുകളില്‍ നടക്കുവാന്‍ അത് അവനെ ശക്തനാക്കുന്നുണ്ട്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ സധൈര്യം നേരിടുവാന്‍ അവനെ പ്രാപ്തനാക്കുന്നതും ഇതുതന്നെയാണ്. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലായിരിക്കുമ്പോള്‍ ദൈവസ്തുതികളുയര്‍ത്തുവാന്‍ അവന്റെ അധരങ്ങള്‍ക്ക് ബലം നല്കുന്നതും ഈ കൃപയാണ്.
കര്‍ത്താവ് കൂടെയുള്ള വ്യക്തിക്ക്, ആ തിരുസാന്നിധ്യംകൊണ്ട് ലഭിക്കുന്നതാണ് ആത്മധൈര്യം. കാരണം മനുഷ്യന്‍ സ്വഭാവത്താല്‍ത്തന്നെ ഭയത്തിനടിമയാണ്. എത്ര ശക്തനാണെന്ന് അഹങ്കരിച്ചാല്‍ത്തന്നെയും പ്രതികൂലസാഹചര്യം വരുമ്പോള്‍ ധൈര്യമെല്ലാം പെട്ടെന്ന് ചോര്‍ന്നുപോകും. എന്നാല്‍ ദൈവം കൂടെ വസിക്കുന്നവനെ കീഴ്‌പ്പെടുത്തുവാന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. പഴയനിയമത്തില്‍ തിളങ്ങി നില്ക്കുന്ന കഥാപാത്രമാണല്ലോ ജോസഫ്. ഉല്പത്തിയുടെ പുസ്തകം മുപ്പത്തൊമ്പതാം അധ്യായത്തില്‍ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. അതിതാണ്: കര്‍ത്താവ് ജോസഫിന്റെ കൂടെയുണ്ടായിരുന്നു (ഉല്പത്തി 39:2,3,21). ജോസഫിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ അവനെ കാത്തുസൂക്ഷിച്ചത് അവന്റെ കൂടെയുണ്ടായിരുന്ന ദൈവസാന്നിധ്യവും അത് പകര്‍ന്നു നല്കിയ ആത്മധൈര്യവുമത്രേ.
ആത്മധൈര്യത്താല്‍ നിറഞ്ഞ ഒരു ദൈവമനുഷ്യന്റെ മനസ് എപ്പോഴും പ്രത്യാശാനിര്‍ഭരമായിരിക്കും. ‘ഇതും കടന്നുപോകും’ എന്ന് ഓരോ ഒഴുക്കിനെയും നോക്കി പറയുവാന്‍ അവന് സാധിക്കുന്നുണ്ട്. വരുംനാളുകളില്‍ താന്‍ പ്രാപിക്കുവാന്‍ പോകുന്ന മഹത്വത്തെക്കുറിച്ചുള്ള ചിന്തകളാണ് പ്രത്യാശ അവന് പകര്‍ന്നു നല്കുന്നത്. അതിനാല്‍ അവന്‍ തന്നോടുതന്നെ ഇപ്രകാരം പറയും: ”എന്നെ സഹായിക്കുവാന്‍ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്” (സങ്കീര്‍ത്തനങ്ങള്‍ 118:7). ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കനല്‍വഴിയില്‍ നടക്കുമ്പോള്‍ കാലുകള്‍ വേവുന്നുണ്ടെങ്കിലും അവന്റെ മനസ് വേവുന്നില്ല.
പരാജയങ്ങളുടെയും അപമാനങ്ങളുടെയും കയ്പ് നിറഞ്ഞ കാസാ കുടിക്കാത്തവര്‍ ആരുണ്ട് ഈ ജീവിതത്തില്‍? പക്ഷേ അവിടെയും ഒരു ദൈവപൈതലിന്റെ മനസ് ദൈവത്തില്‍ത്തന്നെയായിരിക്കും. അവന്‍ ഒരിക്കലും ദൈവത്തെ ശപിക്കുകയോ സ്വയം പഴിക്കുകയോ ഇല്ല. 2018-ലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഇതിനൊരു ചേതോഹരമായ ഉദാഹരണം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള ടീമാണ് ബ്രസീല്‍.
അവരുടെ കളിയുടെ താളം മാത്രമല്ല, ആഴമായ ദൈവാശ്രയബോധവും കാണികളുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. എല്ലാവരും പ്രതീക്ഷയര്‍പ്പിച്ച ഒരു ടീമായിരുന്നു ബ്രസീല്‍. സുമനസുകളില്‍നിന്ന് അവരുടെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥനകളും ആശംസകളും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ അവരെയെല്ലാം സങ്കടത്തിലാഴ്ത്തി ബ്രസീല്‍ പരാജയപ്പെട്ടു. അതും അത്രതന്നെ ശക്തന്മാരല്ലാതിരുന്ന ബെല്‍ജിയത്തോട്. ‘താന്‍ പ്രതീക്ഷയര്‍പ്പിച്ച ദൈവം തന്നെ കൈവിട്ടുവോ?’ നെയ്മര്‍ ഇങ്ങനെ ചിന്തിച്ചുകാണുമെന്നാണ് നാമൊക്കെ കരുതുന്നത്. കാരണം നെയ്മറിന്റെ കര്‍ത്താവിലുള്ള വിശ്വാസം അത്ര ശക്തമായിരുന്നുവല്ലോ. ഫിഫയുടെ വിലക്കുകളെ അവഗണിച്ചുതന്നെ യേശുവിന്റെ നാമത്തെ ഉയര്‍ത്തുവാന്‍ അദ്ദേഹത്തിന് ഒരു മടിയും ലജ്ജയും ഇല്ലായിരുന്നുവെന്ന് ഓര്‍ക്കണം. നൂറുശതമാനം ജീസസ് എന്ന ബാനര്‍ തലയില്‍ കെട്ടി ആ വിശ്വാസം ഉറക്കെ പ്രഘോഷിച്ച വ്യക്തിയാണദ്ദേഹം. നെയ്മര്‍ എങ്ങനെ ഈ അപമാനഭാരത്തെ നേരിടും എന്ന് ലോകം നോക്കിക്കൊണ്ടിരിക്കുകയാണ്.
വിശ്വാസികള്‍ എന്ന് അഭിമാനിക്കുകയും എന്നാല്‍ ഒരു ചെറിയ ചുവട് പിഴയ്ക്കുമ്പോള്‍പോലും പതറുകയും ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ധീരമായ ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു: ”വേദനാജനകമായിരുന്നു ബെല്‍ജിയത്തിനെതിരായ തോല്‍വി. എന്തിനെയും നേരിടാനുള്ള കരുത്ത് ദൈവം എനിക്ക് തരുമെന്നാണ് പ്രതീക്ഷ. ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല, പരാജയത്തിനിടയിലും…”
ബ്രസീലിന്റെ പരാജയത്തെക്കാള്‍ ലോകം ശ്രദ്ധിച്ചത് നെയ്മറുടെ ഈ സവിശേഷമായ പ്രതികരണമായിരുന്നു. അത് സെക്കുലര്‍ മാധ്യമങ്ങളെപ്പോലും ആകര്‍ഷിച്ചു. ഞാന്‍ ഇത് വായിച്ചത് ഒരു സെക്കുലര്‍ പ്രസിദ്ധീകരണത്തിലാണ്. അതെ, ഇങ്ങനെയുള്ള വിളക്കുകളാണ് ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. പരാജയവും സാക്ഷ്യംവഹിക്കുവാനുള്ള അവസരമാക്കി മാറ്റാം എന്ന് നെയ്മര്‍ നമ്മെ ഓര്‍മിപ്പിക്കുന്നില്ലേ? തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കാണികളുടെ മുമ്പില്‍ വേദനയോടെ ശിരസ് കുനിച്ച് നില്ക്കുമ്പോഴും മനസ് ദൈവത്തിലേക്ക് ഉയര്‍ത്തി പരാജയത്തിനിടയിലും ദൈവത്തിന് നന്ദി പറയുന്ന ആ യുവാവിന്റെ ചിത്രം നമുക്ക് പുത്തന്‍ തിരിച്ചറിവുകള്‍ നല്കട്ടെ. കൃപയ്ക്കായി സദയം പ്രാര്‍ത്ഥിക്കാം:
സ്‌നേഹനിധിയായ ദൈവമേ, അവിടുന്നാണ് എന്റെ സങ്കേതം എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ ഓര്‍ക്കാത്തപ്പോഴും അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ. നിതാന്തമായ ജാഗ്രതയാല്‍ എന്നെ കാത്തുസൂക്ഷിക്കുന്ന അങ്ങേക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന തിരിച്ചറിവ് എനിക്ക് നല്കിയാലും. പരാജയത്തിനിടയിലും സ്തുതി പാടുവാന്‍ എന്നെ പഠിപ്പിച്ചാലും നാഥാ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവകൃപയില്‍ ആനന്ദിക്കുവാന്‍, ആത്മധൈര്യത്തോടെ ജീവിതപ്രശ്‌നങ്ങളെ നേരിടുവാന്‍ എനിക്കായി പ്രാര്‍ത്ഥിച്ചാലും, ആമ്മേന്‍.
കെ.ജെ. മാത്യു